നവോത്ഥാനത്തിന്റെ ഇടത്താവളങ്ങള്‍; ചരിത്രം കണ്ണാടി നോക്കുന്ന ആനന്ദാശ്രമം
ശ്രീനാരായണ ഗുരുവിന്റെ ചൈതന്യധാര പതിഞ്ഞ മണ്ണും സത്യവ്രതസ്വാമികളും, ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികളും ഉള്‍പ്പെടെ പ്രധാന ശിഷ്യന്മാരും ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ സംഘടനാപ്രമുഖരായ ആര്.ശങ്കറും ടി.കെ. മാധവനുമൊക്കെ പ്രകാശം പരത്തിയ ഇടവുമാണ് ആനന്ദാശ്രമം. കേരളത്തിലെ പൊതുസമൂഹം സാമൂഹികവിപ്ലവമാക്കി രൂപപ്പെടുത്തിയ വൈക്കം സത്യഗ്രഹത്തിന്റെ 100 ാം വര്‍ഷം അനുസ്മരിക്കുമ്പോള്‍ ആനന്ദാശ്രമം ഈ പ്രദേശത്ത് ശ്രീനാരായണ ഗുരുവിന്റെ പാദം പതിഞ്ഞതിന്റെ ശതാബ്ദിയും മഹാത്മാഗാന്ധിയുടെ സാന്നിദ്ധ്യത്തിന്റെ നവതിയും ആഘോഷിക്കുകയാണ്
നവോത്ഥാനകാലത്ത് ജാതിവിരുദ്ധപ്രവര്ത്തനങ്ങളും സാമുദായികവല്‍ക്കരണവും സാമൂഹ്യവികാസവുമൊക്കെ കൈകോര്‍ക്കുന്ന കീഴാള ഉയിര്‍പ്പുകളുടെ ഒരു മറുവായന കേരളചരിത്രത്തില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നുണ്ട്. അതില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തുകയും സ്വന്തമായി ഇരിപ്പിടം നേടുകയും സ്വതന്ത്രമായ ഏടുകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള ശ്രീനാരായണീയ പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തിന്റെ മാനവീക ചലനങ്ങള്‍ക്ക് വികാസം നല്കിയ സുപ്രധാന ആത്മീയധാരയായിട്ടാണ് നില്‍ക്കുന്നത്.
ജാതീയതയ്ക്കും ആത്മീയസ്വാതന്ത്ര്യത്തിനും സവര്ണമേല്ക്കോയ്മയ്ക്കും എതിരേയുളള വലിയ പോരാട്ടമായി വൈക്കം സത്യഗ്രഹവും ക്ഷേത്രപ്രവേശനവുമെല്ലാം അടയാളപ്പെടുമ്പോള്‍ ആധുനിക കേരളത്തില്‍ കോട്ടയം ജില്ലയുടെ ഭാഗമായ ചങ്ങനാശ്ശേരിയിലും അവിടെ സ്ഥിതിചെയ്യുന്ന ആനന്ദാശ്രമം എന്ന എസ്.എന്‍.ഡി.പി.യോഗം ശാഖയിലേക്കും ഇതിഹാസ സമരത്തിന്റെ വേരുകള്‍ നീളുന്നുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ചൈതന്യധാര പതിഞ്ഞ മണ്ണും സത്യവ്രതസ്വാമികളും, ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികളും ഉള്‍പ്പെടെ പ്രധാന ശിഷ്യന്മാരും ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ സംഘടനാപ്രമുഖരായ ആര്.ശങ്കറും ടി.കെ. മാധവനുമൊക്കെ പ്രകാശം പരത്തിയ ഇടവുമാണ് ആനന്ദാശ്രമം. കേരളത്തിലെ പൊതുസമൂഹം സാമൂഹികവിപ്ലവമാക്കി രൂപപ്പെടുത്തിയ വൈക്കം സത്യഗ്രഹത്തിന്റെ 100 ാം വര്‍ഷം അനുസ്മരിക്കുമ്പോള്‍ ആനന്ദാശ്രമം ഈ പ്രദേശത്ത് ശ്രീനാരായണ ഗുരുവിന്റെ പാദം പതിഞ്ഞതിന്റെ ശതാബ്ദിയും മഹാത്മാഗാന്ധിയുടെ സാന്നിദ്ധ്യത്തിന്റെ നവതിയും ആഘോഷിക്കുകയാണ്.
ഭൂമിശാസ്ത്രപരമായി കോട്ടയം ജില്ലയിലെ തെക്കന്‍ഭാഗത്ത് ചങ്ങനാശ്ശേരി നഗരത്തോട് ചേര്‍ന്നും എംസി റോഡിന് കിഴക്കുമാറിയും സമീപപ്രദേശമായിട്ടാണ് ആനന്ദാശ്രമം സ്ഥിതി ചെയ്യുന്നത്. 1923 ല്‍ ശ്രീനാരായണ ഗുരുദേവന് ശിഷ്യരുമൊത്ത് സഞ്ചരിക്കുമ്പോള്‍ ചങ്ങനാശ്ശേരിയ്ക്ക് സമീപത്ത് കരഭൂമിയും കൃഷിഭൂമിയും ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തേക്ക് വന്നു. മനോഹരമായ ഭൂപ്രകൃതിയും തണലും തണുപ്പും കാറ്റും നിറയെ മരങ്ങളുമുള്ള മാന്തോപ്പും അതിലെ സ്വച്ഛന്ദതയും ഗുരുവിനെ ഏറെ ആകര്‍ഷിച്ചു. വിശ്രമിക്കവേ ഇവിടം ആലുവ പോലെ ആനന്ദകരമാണെന്ന് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തിന് ‘ആനന്ദാശ്രമം’ എന്നു പേരിട്ടു. പ്രത്യേകം ഏതെങ്കിലും പേരോ വിലാസമോ ഇല്ലാതിരുന്ന പ്രദേശം അന്ന് മോര്കുളങ്ങരയുടെ ഭാഗമായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. പാദസ്പര്‍ശവും പുതിയ നാമകരണവും ആനന്ദാശ്രമത്തിന് ഊര്‍ജ്ജമായി. യോഗം പ്രവര്‍ത്തനങ്ങള്‍ക്ക് സമുദായംഗങ്ങളില്‍ നിന്നും വലിയ പിന്തുണ കിട്ടിയതോടെ പോകെപോകെ മദ്ധ്യതിരുവിതാംകൂറില്‍ എസ്.എന്‍.ഡി.പി യോഗപ്രവര്ത്തനത്തിന്റെ കേന്ദ്രമായി ആനന്ദാശ്രമം മാറി.
പുരോഗതിയുടേയും പ്രവര്‍ത്തനങ്ങളുടെയും നൂറു വര്‍ഷങ്ങളും ആദ്യശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച മഹാത്മാഗാന്ധിയുടെ ഈ മണ്ണിലേക്കുള്ള വരവിന്റെ 90 വര്‍ഷവും മഹാത്മാഗാന്ധിയുടെ പ്രതിമ ആശ്രമം വളപ്പില്‍ അനാഛാദനം ചെയ്തും എണ്ണമറ്റ പരിപാടികള്‍ സംഘടിപ്പിച്ചുമാണ് ശാഖ ആഘോഷിക്കുന്നത്. 2023 ഏപ്രില്‍ 24 ന് നടന്ന മഹാസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്ഥലം എംഎല്‍എ ജോബ് മൈക്കിള്‍ എന്നിവരും യൂണിയന്റെയും ശാഖയുടേയും മറ്റ് സംഘടനാപ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്തു. ഇവരുടെയെല്ലാം മഹനീയ സാന്നിദ്ധ്യത്തില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം നിര്‍വ്വഹിച്ചു. ശതാബ്ദി നിറവില്‍ കാര്‍ഷിക വിപണനമേള, വിജ്ഞാനോത്സവം, തൊഴില്‍മേള, മെഡിക്കല്‍ ക്യാമ്പുകള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, കലാമേള, യുവജനസമ്മേളനം എന്നിവയെല്ലാം ചേര്‍ന്ന് ഒരു വര്‍ഷത്തെ വിപുലമായ പരിപാടികളാണ് ശാഖ ആസൂത്രണം ചെയ്തിരിക്കുന്നത്.
ആനന്ദാശ്രമത്തിന്റെ
കേരളചരിത്രത്തിലെ ഇടപെടലുകള്‍
ശ്രീനാരായണീയ ശിഷ്യഗണങ്ങളില്‍ പ്രധാനികളായ സത്യവ്രത സ്വാമികള്‍, ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികള്‍, മാമ്പലം വിദ്യാനന്ദസ്വാമികള്‍, എന്നീ സന്യാസി ശ്രേഷ്ഠന്മാരുടെ അനേകം ശ്ളാഘനീയമായ പ്രവര്‍ത്തനങ്ങള്‍ ഈ മണ്ണില്‍ നടന്നു. എസ്.എന്‍.ഡി.പി.യോഗത്തിന്റെ സംഘടനാചരിത്രത്തില് സംഘാടകരായി ഇടം നേടിയ ടി.കെ. മാധവന്റേയും ആര്.ശങ്കറിന്റെയും അനേകം പ്രവര്‍ത്തനങ്ങള്‍ക്കും ആനന്ദാശ്രമം പശ്ചാത്തലമൊരുക്കിയിട്ടുണ്ട്.
ജാതിവിരുദ്ധതയുടേയും തുല്യാവസരങ്ങളുടേയും തുല്യനീതിയുടേയും അവകാശപ്രഖ്യാപനങ്ങളായി ചരിത്രം കോറിയിട്ട അനേകം പ്രക്ഷോഭങ്ങളുടെ ബീജാവാപത്തിന് ആനന്ദാശ്രമം സാക്ഷിയായിട്ടുണ്ട്. നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ആലോചനകളും ഹിന്ദുമഹാമണ്ഡലത്തിന്റെ രൂപീകരണത്തിനും ആനന്ദാശ്രമം സാക്ഷിയായി. വൈക്കം സത്യാഗ്രഹത്തിന് ഇടത്താവളമായി ഉപയോഗിക്കപ്പെട്ടു.
ആര്. ശങ്കറെ ജനറല്‍ സെക്രട്ടറിയാക്കി തെരഞ്ഞെടുത്തതിനും കുട്ടനാട് എസ്.എന്‍.ഡി.പി. യോഗം രൂപീകരിച്ചതിനും ആനന്ദാശ്രമം വേദിയായി. ടി.കെ. മാധവന്റെ നേതൃത്വത്തില്‍ മദ്യവര്‍ജ്ജനത്തിന്റെ ഭാഗമായി ഷാപ്പുകളുടെ ലേലം ബഹിഷ്ക്കരിക്കുന്നതിന് ആനന്ദാശ്രമത്തില്‍ വെച്ച് പ്രമേയം പാസ്സാക്കിയിരുന്നു.
ഗുരുവിന്റെ വരവും ആദ്യകാല പ്രവര്‍ത്തനങ്ങളും
1923ലും 1928 ലുമാണ് ഗുരു ശിഷ്യരുമൊത്ത് എത്തിയത്. ആനന്ദാശ്രമം എന്ന സ്ഥലനാമകരണത്തിന് കാരണമായ ആദ്യ വരവില്‍ നിറയെ മാവുകളുള്ള ഇവിടുത്തെ തോപ്പില്‍ വിശ്രമിച്ച ഗുരുവിനും ശിഷ്യന്മാര്ക്കും വടക്കുമാറി താഴെയായി സ്ഥിതി ചെയ്തിരുന്ന ‘കൊച്ചുവീട്’ എന്ന പുരയില്‍ നിന്നും പൊടിയരിക്കഞ്ഞിയും ചുട്ടപപ്പടവും പ്രസാദമായി നല്കി..ഈ ഓര്‍മ്മയ്ക്കായി എല്ലാ ഞായറാഴ്ചകളിലും രാവിലെയും വിശേഷദിവസങ്ങളിലും ആനന്ദാശ്രമത്തില്‍ പൊടിയരിക്കഞ്ഞി പ്രസാദമായി നല്കി വരുന്നുണ്ട്.
ശിവഗിരിയും ആലുവയും പോലെ ശ്രീനാരായണ ഗുരുവിന്റെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായി മാറിയ ആനന്ദാശ്രമത്തില്‍ ഗുരു സന്ദര്‍ശനം നടത്തുകയും താമസിക്കുകയും ചെയ്തു. രണ്ടാമത്തെ വരവില്‍ ആനന്ദാശ്രമത്തില്‍ ഗുരുവിന് താമസിക്കാന്‍ ഇടം പ്രിയപ്പെട്ട ശിഷ്യനായ ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികള്‍ പണികഴിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഗുരുക്ഷേത്രത്തിന്റെ ശ്രീകോവിലായി മാറിയിട്ടുള്ളത്. അന്ന് ഗുരു ഉപയോഗിച്ച പായയും തലയണയും ഉള്‍പ്പെട്ട ശയ്യോപകരണങ്ങള്‍ അമൂല്യനിധിയായി പവിത്രതയോടെ ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള ഗുരുവിന്റെ കടന്നുവരവ് സംഭവിച്ച കാലത്ത് ‘ഈഴവസമാജം’ എന്ന പേരില്‍ ഒരു സംഘടന ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്നതായി ചില രേഖപ്പെടുത്തലുകളുണ്ട്. വിവേകശാലികളായിരുന്ന ചില പ്രാദേശികപ്രമുഖര് നേതൃത്വം നല്‍കിയിരുന്ന ഈ ചെറിയ കൂട്ടായ്മ സമുദായത്തിലെ മതവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ ഈ ഭാഗത്ത് നടത്തിവന്നിരുന്നത്രേ. ഈ സംഘടനയ്ക്ക് 100 ല്‍ പരം അംഗങ്ങള്‍ ഉണ്ടായിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണത്തിനായി ഒരു കുറിച്ചിട്ടി ഇവര്‍ നടത്തിയിരുന്നു. സ്കൂള്‍ കെട്ടിടങ്ങളും മറ്റും പണികഴിക്കുകയും മത സംബന്ധവും വിദ്യാഭ്യാസ സംബന്ധവുമായ പ്രവര്‍ത്തനങ്ങളും നടത്തി വന്നു.
ഇത് പിന്നീട് ഗുരുവിന്റെ നിര്‍ദേശാനുസരണം ‘സദാചാരപ്രകാശിനി സഭ’ യായി രൂപം പ്രാപിച്ചു. തുടക്കത്തില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമായിരുന്ന കൂട്ടായ്മയിലേക്ക് പിന്നീട് കിഴക്കന്‍ ഭാഗമായ കറുകച്ചാല്‍ മുതല്‍ പടിഞ്ഞാറ് കിടങ്ങറ വരെയും തെക്ക് പൂവം മുതല്‍ വടക്ക് കുറിച്ചി നീലംപേരൂര്‍ വരെയുമുള്ള ആള്ക്കാര് വന്നുചേര്‍ന്നു. പില്ക്കാലത്ത് ഇവയെയെല്ലാം എസ്.എന്‍.ഡി.പി.യോഗത്തിൽ ലയിച്ചു.
ആലുവ സര്‍വ്വമത സമ്മേളനവും
സത്യവ്രതസ്വാമികളുടെ പങ്കും
1923 ല്‍ ആലുവാ അദ്വൈതാശ്രമം സെക്രട്ടറിയായി നിയോഗിക്കപ്പെട്ട സത്യവ്രതസ്വാമികള്‍ ശ്രീനാരായണഗുരുവിന്റെ പ്രിയശിഷ്യന്മാരില്‍ ഒരാളും, വാഗ്മിയും, സ്വതന്ത്രചിന്തകനും ആയിരുന്നു. ഹൃദയശുദ്ധി, ജാതിയില്ലായ്മ ഈ രണ്ട് കാര്യങ്ങളില്‍ സത്യവ്രതസ്വാമിപൂര്ണ്ണനായിരുന്നു. ”ജാതിയില്ലായ്മയില് ബുദ്ധനെക്കൂടി ജയിച്ചവന്” എന്നായിരുന്നു സത്യവ്രതസ്വാമികളെ ഗുരു വിശേഷിപ്പിച്ചിരുന്നത്. ഗുരുവിന്റെ നേതൃത്വത്തില്‍ ഏഷ്യയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട സര്‍വ്വമതസമ്മേളനത്തിന്റെ മുഖ്യ സംഘടകനായിട്ടാണ് അദ്ദേഹം ചരിത്രത്തിലേക്ക് നടന്നുകയറിയത്. വൈക്കം സത്യഗ്രഹം, കേരളത്തിലെ ആദ്യ തൊഴിലാളി യൂണിയന്റെ രൂപീകരണം എന്നിവയിലെല്ലാം ശ്രീനാരായണ ഗുരുവിന്റെ നിര്‍ദേശാനുസരണം സത്യവ്രത സ്വാമികളായിരുന്നു ഇടപെട്ടത്.
1924 ല്‍ ആലുവാ മണപ്പുറത്ത് ശിവരാത്രിദിനത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചത് സത്യവ്രത സ്വാമികളായിരുന്നു. സമ്മേളനത്തിന്റെ തലക്കെട്ട് ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും’ എന്നായിരുന്നു. ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി സത്യവ്രതസ്വാമികള്‍ വൈക്കം സത്യഗ്രഹത്തിലും പങ്കെടുത്തു.
കേരളത്തിലെ ആദ്യ തൊഴിലാളി
യൂണിയൻ
കേരളത്തിലെ ആദ്യ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചിത്രത്തിലും ശ്രീനാരായണ ഗുരുദേവന്റേയും സത്യവ്രതസ്വാമികളുടേയും കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ആലപ്പുഴക്കാരനും കയര്‍ഫാക്ടറി തൊഴിലാളിയുമായിരുന്ന വാടപ്പുറം പി.കെ. ബാവയില്നിന്നാരംഭിക്കുന്ന ഒരു കൈവഴിയാണ് ഈ ചരിത്രം. ഐക്യകേരളപ്പിറവിയ്ക്ക് 34 വര്‍ഷം മുമ്പായിരുന്നു ഈ തൊഴിലാളി യൂണിയന്റെ ഉദയം. കരുത്തായത് ശ്രീനാരായണ ഗുരുദേവന്റെ വാക്കുകളും പിന്തുണയും. വൈക്കം സത്യഗ്രഹത്തിന് തൊട്ടുമുമ്പ് 1922 മാര്‍ച്ച് 31 ന് രാത്രിയില്‍ ആലപ്പുഴയിലെ കളപ്പുര ക്ഷേത്രത്തിനടുത്ത വെളിമ്പറമ്പില്‍ കേരളത്തിലെ ആദ്യ തൊഴില്‍ യൂണിയന് പിറവിയെടുത്തപ്പോള്‍ അതിലേക്ക് സാമ്പത്തികമായുള്ള ആദ്യ സംഭാവന ശ്രീനാരായണ ഗുരുവിന്റെ കയ്യില്‍ നിന്നും നല്കിയ ഒരു രൂപ വെള്ളിക്കാശായിരുന്നു. ഗുരു കൊടുത്തുവിട്ട ഈ പണം സത്യവ്രതസ്വാമികളായിരുന്നു തൊഴിലാളി നേതാക്കള്‍ക്ക് കൈമാറിയത്.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ പ്രചരിപ്പിക്കാന്‍ ആനന്ദാശ്രമത്തില്‍ ഒരു കേന്ദ്രം സ്ഥാപിക്കുവാന്‍ തീരുമാനിക്കുമ്പോള്‍ ഗുരുവിന് രണ്ടാമത് ഒന്നുകൂടി ചിന്തിക്കേണ്ടിയിരുന്നില്ല. ശ്രീനാരായണ ഗുരുവിനെപോലെ ത്യാഗിവര്യനായിരുന്ന സത്യവ്രതസ്വാമികളെ ഗുരു അനുഗ്രഹിച്ച് ആനന്ദാശ്രമത്തിലേക്ക് അയച്ചു. ശിലാസ്ഥാപനവും പ്രാരംഭജോലികളും നിര്‍വ്വഹിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. പിന്നാലെ സത്യവ്രത സ്വാമികള്‍ ആനന്ദാശ്രമത്തില്‍ സമാധിയായി.
ശ്രീനാരായണ
തീര്‍ത്ഥര്‍സ്വാമികളുടെ പ്രവര്‍ത്തനം
സത്യവ്രതസ്വാമികളുടെ പിന്‍ഗാമിയായി ആനന്ദാശ്രമത്തിലേക്ക് ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമികള്‍ നിയോഗിക്കപ്പെട്ടു. മധ്യതിരുവിതാംകൂറില്‍ ഇതിനകം തന്റെ ശക്തമായ പ്രവര്‍ത്തനമേഖലയാക്കി മാറ്റിയിരുന്ന സ്വാമികള്‍ 1924 ലായിരുന്നു ആദ്യമായി ചങ്ങനാശ്ശേരിയില്‍ വന്നതെന്നാണ് രേഖകള്‍ നല്കുന്ന വിവരം. ഇക്കാലത്ത് കോട്ടയം പാമ്പാടി ശിവദര്ശനദേവസ്വം കേന്ദ്രീകരിച്ച് ചില പ്രവര്‍ത്തനങ്ങള്‍ തീര്‍ത്ഥസ്വാമി നടത്തിയിരുന്നു. ശിവദര്ശനദേവസ്വത്തെയും ക്ഷേത്രത്തേയും ഒരു വടവൃക്ഷമായി വളര്‍ത്തിയെടുത്ത സ്വാമി സദാചാരപ്രകാശിനി സഭയുടെ കാലത്താണ് ആനന്ദാശ്രമത്തിലേക്ക് വരുന്നത്. തീര്ത്ഥസ്വാമികളുടേത് ആനന്ദാശ്രമത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ചങ്ങനാശ്ശേരി, പാമ്പാടി, തിരുവല്ല, തുടങ്ങി, കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളായിരുന്നു പ്രവര്‍ത്തനപരിധി. കഠിനാദ്ധ്വാനിയും വിവേകശാലിയും സംഘാടകനുമായിരുന്നു സ്വാമികള്‍. സത്യവ്രതസ്വാമികള്‍ തുടങ്ങിവെച്ച് മുടങ്ങിയ പണികള്‍ പൂര്‍ത്തിയാക്കി. ഗൃഹസന്ദര്‍ശനങ്ങളിലൂടെ തീര്‍ത്ഥര്‍ സ്വാമികള്‍ സമുദായസ്നേഹികളെ ഒരുമിപ്പിച്ചു. വീടുകള്‍ തോറും സഞ്ചരിച്ച് സദാചാരനിഷ്ഠ, ഈശ്വരവിശ്വാസം സാത്വികമായ ജീവിതശൈലി എന്നിവ ശ്രീനാരായണീയരില്‍ ജീവിതവ്രതമാക്കി മാറ്റിയെടുത്തു. പിടിയരിയും മാസവരിയും പിരിച്ചെടുത്തും സംഭാവനകള്‍ സ്വീകരിച്ചും നിരന്തരം പരിശ്രമിച്ച് ഇപ്പോഴത്തെ മനോഹരമായ മന്ദിരം നിര്‍മ്മിച്ചു. ശ്രീനാരായണ ഗുരു രണ്ടാമത് വരുമ്പോള്‍ താമസത്തിന് ഇവിടെത്തന്നെ സൗകര്യം ഉണ്ടാക്കി. ഗുരു താമസിച്ച മുറിയാണ് ഇപ്പോള്‍ ആനന്ദാശ്രമത്തിലെ ശ്രീനാരായണീയ ക്ഷേത്രം.
ടി.കെ. മാധവന് യോഗത്തിന്റെ സംഘടനയുടെ സെക്രട്ടറിയായി ചുമതലയെടുക്കുമ്പോള്‍ തീര്‍ത്ഥര്‍ സ്വാമികള്‍ യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. 1935 വരെ ആനന്ദാശ്രമത്തില്‍ തീര്‍ത്ഥര്‍ സ്വാമികളുടെ പ്രവര്‍ത്തനം നടന്നു. കൂടെ താമസിച്ചുകൊണ്ടാണ് ടി.കെ. മാധവന് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ സംഘടനാപ്രവര്‍ത്തനം നടത്തിയിരുന്നത്. ഈ കാലഘട്ടത്തില്‍ ‘തിരുവിതാംകൂര്‍ മഹാസഭ’ എന്നൊരു പ്രസ്ഥാനവും ആനന്ദാശ്രമം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഉത്തര തിരുവിതാംകൂറില്‍ 100 ലധികം ശാഖകളുള്ള ഈ പ്രസ്ഥാനം പിന്നീട് ടി.കെ. മാധവന്റെ കാലത്ത് എസ്.എന്‍.ഡി.പിയോഗത്തിൽ ലയിച്ചു. 1935 ഓടെ ഇവിടെ നിന്നും പിന്‍വാങ്ങിയ തീര്‍ത്ഥര്‍ സ്വാമികള്‍ പിന്നീട് കുറിച്ചിയിലെ കേന്ദ്രത്തിലേക്ക് പോയി. സത്യവ്രതസ്വാമികള്ക്കും ശ്രീനാരായണീയ തീര്‍ത്ഥര്‍ സ്വാമികള്‍ക്കും പുറമേ ‘ദര്‍ശനമാല’ എന്ന കൃതി ഗുരുമുഖത്ത് നിന്നും നേരിട്ടു കേട്ട് പകര്‍ത്തിയെഴുതിയ മാമ്പലം വിദ്യാനന്ദ സ്വാമികളും ആനന്ദാശ്രമത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സത്യവ്രത സ്വാമികളുടെ സമാധിമണ്ഡപവും ശ്രീനാരായണീയ തീര്‍ത്ഥര്‍സ്വാമികളുടെ സ് മൃതിമണ്ഡപവും മാമ്പലം വിദ്യാനന്ദ സ്വാമികളുടെ സ് മൃതിസ്ഥാനവും ആനന്ദാശ്രമത്തില്‍ വിശുദ്ധിയോടെ പരിപാലിക്കുന്നു.
ടി.കെ. മാധവനും മഹാത്മാഗാന്ധിയുടെ ആഗമനവും
1926 ല്‍ മദ്ധ്യതിരുവിതാംകൂറില്‍ യോഗപ്രവര്‍ത്തനം നടത്തിയിരുന്ന കാലത്ത് ടി.കെ മാധവന് അനേകം തവണ തീര്ത്ഥര്സ്വാമികളോടൊത്ത് ആനന്ദാശ്രമത്തിന് സമീപത്തെ വീടുകളില്‍ താമസിച്ചിട്ടുണ്ട്. ഇവരുടെ കൂട്ടായിട്ടുള്ള പ്രവര്‍ത്തനം ആ കാലത്തെ എസ്.എന്‍.ഡി.പി.യോഗത്തിന്റെ പല നേതാക്കളെയും സന്യാസിമാരേയും ആനന്ദാശ്രമത്തിലേക്ക് എത്തിക്കാന്‍ കാരണമായിരുന്നു. കുമാരനാശാന്, ബോധാനന്ദ സ്വാമികള്‍, സഹോദരന് അയ്യപ്പന്, സി.ആര്. കേശവവൈദ്യര്, സിവി. കുഞ്ഞിരാമന് എന്നിവർ ആനന്ദാശ്രമം സന്ദര്‍ശിച്ച പ്രമുഖരില്‍ പെടുന്നു. യോഗത്തിന്റെ പല മീറ്റിംഗുകള്‍ക്കും ചങ്ങനാശ്ശേരി വേദിയാകാനും കാരണമായിരുന്നു. ഒരു പതിറ്റാണ്ട് നീണ്ട കാലത്ത് തീര്ത്ഥര്സ്വാമികള് ആനന്ദാശ്രമത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശ്രീനാരായണീയ ദര്‍ശനങ്ങള്‍ സ്വന്തം സമൂഹത്തില്‍ എത്തിക്കാന്‍ തീര്ത്ഥര്സ്വാമികള് നടത്തിയ ശ്രമങ്ങള്‍ ടി.കെ മാധവന് സംഘടനാപ്രവര്‍ത്തനത്തിന് ഏറെ സൗകര്യപ്രദമായി മാറിയിരുന്നു. കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആളുകളെ എസ്.എന്‍.ഡി.പി യോഗത്തിന്റെ പേരില്‍ സംഘടിപ്പിക്കപ്പെട്ടു.
മഹാത്മാഗാന്ധിയുമായി നല്ല ബന്ധം ടി.കെ. മാധവന് സൂക്ഷിച്ചിരുന്നു. വൈക്കം സത്യഗ്രഹത്തിന് മുമ്പ് തിരുനെല്‍വേലി കോണ്‍ഗ്രസില്‍ വെച്ചും മറ്റും വൈക്കത്തെ അയിത്തവും ഈഴവരുടെ സാമൂഹിക സ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും മഹാത്മാഗാന്ധിയുമായി ടി.കെ. മാധവന് സംസാരിച്ചിരുന്നതായി ചരിത്ര രേഖകളുണ്ട്. ഗുരുദേവനുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷമായിരുന്നു ടി.കെ. മാധവന് വൈക്കത്തെ പ്രശ്നം മഹാത്മാഗാന്ധിയെ ധരിപ്പിച്ചതും. വര്‍ഷങ്ങള്‍ക്ക് ശേഷം ഉദ്ഘാടനത്തിനായി ആനന്ദാശ്രമം സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിക്കാന്‍ മഹാത്മാഗാന്ധിയെ പ്രേരിപ്പിച്ചത് ടി.കെ. മാധവനുമായുള്ള സൗഹൃദ സ്മരണകളായിരിക്കാം. 1934 ജനുവരി 19 വെള്ളിയാഴ്ച പകല്‍ 10.35 ന് ആനന്ദാശ്രമത്തിന്റെ മുഖമണ്ഡപം മഹാത്മാഗാന്ധി ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിക്ക് അന്ന് ആനന്ദാശ്രമത്തില്‍ നിന്നും ഒരു പണക്കിഴി സമ്മാനം നല്കി.
ആനന്ദാശ്രമം 1 എ ശാഖായോഗം
എസ്.എന്‍.ഡി.പി യോഗവുമായി ബന്ധപ്പെട്ടുള്ള സംഘടന സമൂഹ്യപരിഷ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ചരിത്രപരമായും ജ്ഞാനപരമായും നിരന്തരം ഇടപെട്ടുകൊണ്ടിരുന്നതിനാല് ചങ്ങനാശ്ശേരിയും ആനന്ദാശ്രമവും ഒന്നാം കൂറുകാരായി ഉയര്‍ന്നുനിന്നു.
ആനന്ദാശ്രമം കേന്ദ്രസ്ഥാനമാക്കി നിന്നുകൊണ്ടായിരുന്നു ദേശാഭിമാനി ടി.കെ. മാധവന് കുട്ടനാട്ടിലും മറ്റും സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1927 ല്‍ എസ്.എന്‍.ഡി.പി യോഗം കുട്ടനാട് യൂണിയന് ടി.കെ. മാധവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചതും ആനന്ദാശ്രമത്തില്‍ വെച്ചായിരുന്നു. പിറ്റേവര്‍ഷം കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ഗുരു 108 ശാഖകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. അന്ന് പങ്കെടുത്ത 10 ശാഖകള്‍ ചങ്ങനാശ്ശേരി യൂണിയന് കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
1908 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഈഴവസമാജം ഗുരുവിന്റെ തന്നെ നിര്‍ദേശപ്രകാരമായിരുന്നു സദാചാരപ്രകാശിനിസഭയായത്. ഗുരുവായിരുന്നു അതിന്റെ പ്രവര്‍ത്തനം ആനന്ദാശ്രമത്തിലേക്ക് മാറ്റിയതും. ടി.കെ. മാധവന്റെ നേതൃത്വത്തില്‍ പിന്നീട് ശാഖാരൂപീകരണ പ്രക്രിയകള്‍ ആരംഭിച്ചപ്പോള്‍ ആനന്ദാശ്രമത്തിലെ ‘ സദാചാരപ്രകാശിനി സഭ’ ശാഖയായി പോകുവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. 1929 മെയ് 8 ന് ‘സദാചാരപ്രകാശിനി സഭ’ ആനന്ദാശ്രമം ശാഖായോഗമായി റജിസ്റ്റര്‍ ചെയ്തു. ഓര്‍മ്മകളെ നിലനിര്‍ത്തിക്കൊണ്ട് ആനന്ദാശ്രമത്തിന്റെ ഭൂമിസംബന്ധമായ രേഖകള്‍ ഇപ്പോഴും കിടക്കുന്നത് സദാചാരപ്രകാശിനിസഭയുടെ പേരിലാണ്. അഞ്ചുവര്‍ഷത്തിന് ശേഷം ഗാന്ധിജി പങ്കെടുത്ത ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട നോട്ടീസും സദാചാരപ്രകാശിനിസഭയുടെ പേരിലായിരുന്നു.ശാഖാ രജിസ്ട്രേഷന് നീലംപേരൂര്‍ ശാഖയും ആനന്ദാശ്രമവും ഒരുപോലെ വന്നു. ചങ്ങനാശേരി യൂണിയനിലായിരുന്നു ആനന്ദാശ്രമം. കുട്ടനാട് യൂണിയനിലായിരുന്നു നീലംപേരൂര്‍. ആദ്യം അപേക്ഷ നല്‍കിയത് നീലംപേരൂരായിരുന്നു. എന്നാല്‍ ആദ്യകാലം മുതല്‍ പ്രവര്‍ത്തനമുണ്ടായിരുന്ന ആനന്ദാശ്രമത്തിന് ഒന്നാം നമ്പര്‍ നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നു. തര്‍ക്കമുണ്ടായപ്പോള്‍ പരിഹരിക്കാനായി ഗുരു നീലംപേരൂരിന് ഒന്നാം നമ്പറും ആനന്ദാശ്രമത്തിന് 1 (എ)യും നല്കി.
എസ്.എന്‍.ഡി.പി.യോഗത്തിന്റെ 40-ാമത് പൊതുയോഗത്തിലായിരുന്നു ആര്. ശങ്കറെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ചങ്ങനാശേരി ന്യൂ തീയറ്റര്‍ ഹാളില്‍ നടന്ന യോഗത്തില്‍ ആര്. ശങ്കറെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് ഈ യോഗത്തിന് മുമ്പ് ആനന്ദാശ്രമത്തില്‍ നടന്ന ഉന്നതനേതാക്കളുടെ യോഗത്തില്‍ നേരത്തേ തന്നെ എടുത്ത തീരുമാനപ്രകാരം ആയിരുന്നു.
നിവര്‍ത്തനപ്രക്ഷോഭത്തിന്റെ
തീരുമാനം
തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഏറെ പ്രാധാനപ്പെട്ട നിവര്‍ത്തന പ്രക്ഷോഭം നടത്താനുള്ള നിര്‍ണ്ണായക തീരുമാനത്തിന് ആനന്ദാശ്രമം ഭൂമികയായി. 1933 ല്‍ ആനന്ദാശ്രമത്തില്‍ ഒരു വിശേഷാല്‍ പൊതുയോഗം വിളിച്ചുചേര്‍ത്തു. 1500 ല്‍ പരം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. ഈ യോഗത്തില്‍ നിവര്‍ത്തന പ്രക്ഷോഭ പ്രമേയം പാസ്സാക്കി. ഇവിടെ വെച്ചെടുത്ത തീരുമാനമാണ് പിന്നീട് നിവര്ത്തനപ്രക്ഷോഭമായി അലയടിച്ചത്.
നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ദിവാന് സി.പി. രാമസ്വാമി അയ്യര്‍ നടപ്പാക്കിയ ഭരണപരിഷ്കാരത്തില്‍ നിയമനിര്‍മ്മാണ സഭയില്‍ പ്രധാന സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നിഷേധിക്കപ്പെട്ടതിലെ അമര്‍ഷം പുകഞ്ഞു. അവകാശങ്ങള്‍ക്ക് വേണ്ടി കേരളത്തിലെ പ്രധാന സമൂഹങ്ങളില്‍ ചിലത് മതത്തിന്റെ വേലിക്കെട്ടു മറികടന്ന് പുറത്തേക്ക് ഇറങ്ങി. ക്രൈസ്തവ-ഈഴവ-മുസ്ലിം വിഭാഗങ്ങള്‍ ദിവാന്റെ ഭരണപരിഷ്ക്കാരത്തിനെതിരേ കൈകോര്‍ത്തു. സംയുക്ത രാഷ്ട്രീയസമിതി ഉണ്ടായി. ഇതോടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പിന്നോക്കസമുദായങ്ങള്‍ക്ക് പ്രാധിനിധ്യം കൂടി. പബ്ലിക് സര്‍വീസ് കമ്മീഷന് രൂപവത്കരിക്കപ്പെട്ടു. ഭൂസ്വത്തിന്റെ അടിസ്ഥാനത്തില്‍ സമ്മതിദാനാവകാശം വിപുലമായി. ഈഴവ – മുസ്ലിം – ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തി. ജനകീയമുന്നേറ്റങ്ങള്‍ക്ക് രാജകല്പ്പനകളേക്കാള് കരുത്തുണ്ടെന്ന് തെളിയിക്കപ്പെട്ട പ്രക്ഷോഭങ്ങളില്‍ ഒന്നായിരുന്നു ഇത്.
വൈക്കം സത്യഗ്രഹത്തിലെ
ഇടത്താവളം
ശ്രീനാരായണ ഗുരു പുതിയ പേരു നല്കിയ ആനന്ദാശ്രമം ജാതി അയിത്തത്തിനെതിരേ ഇന്ത്യ ശ്രദ്ധിച്ച ഒരു പോരാട്ടത്തിന് വളമിട്ടു കൊണ്ട് പിറ്റേവര്‍ഷം തന്നെ കേരളചരിത്രത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടുവര്‍ഷത്തോളം നീണ്ട സമരത്തില്‍ പങ്കെടുക്കാന്‍ ഇടത്താവളമായി ആനന്ദാശ്രമത്തെയും ഉപയോഗപ്പെടുത്തി. പൊതുവഴികള്‍ എല്ലാവരുടേയും സഞ്ചാരപഥമാക്കി മാറ്റാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം പിന്നീട് ക്ഷേത്രവും ദൈവവും എല്ലാവര്ക്കും തുല്യമാണെന്ന വിശാല മാനവികത സമൂഹത്തില്‍ സൃഷ്ടിച്ചു.
ജാതിക്കെതിരേയും അതിന്റെ വേലിക്കെട്ടുകള്ക്കെതിരേയും കേരളത്തിന് സ്വന്തമായി അനേകം പോരാട്ടങ്ങളുണ്ട്. 72 വര്‍ഷം മുമ്പ് ജാതിരഹിത ഹിന്ദുസമൂഹത്തിന്റെ സൃഷ്ടിക്കായി മന്നത്തു പത്മനാഭനും ആര്. ശങ്കറും ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലത്തിന് രൂപം നല്‍കിയത് ആനന്ദാശ്രമത്തില്‍ കൂടിയ മറ്റൊരു മഹാസമ്മേളനത്തിലായിരുന്നു.
ആനന്ദാശ്രമം
തീര്‍ത്ഥാടനം
ചങ്ങനാശ്ശേരി യൂണിയനിലെ ഏറ്റവും വലിയ ശാഖയായിരുന്നു ആനന്ദാശ്രമം. മൂവായിരത്തിലധികം കുടുംബങ്ങള്‍ അംഗങ്ങളായി ഉണ്ടായിരുന്നു. ഒട്ടേറെ ദേശങ്ങള്‍ പ്രത്യേകം ശാഖകളായി പരിണമിച്ചതോടെ 500 കുടുംബമായി ചുരുങ്ങി. ആനന്ദാശ്രമത്തില്‍ നിന്നും വേര്‍പിരിഞ്ഞ് പുതിയതായി രൂപപ്പെട്ട 10 ശാഖകളെ ബന്ധിപ്പിച്ച് ആനന്ദാശ്രമം തീര്‍ത്ഥാടനവും ശാഖ നടത്തുന്നുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ പാദങ്ങള്‍ പതിഞ്ഞതും താമസിച്ചതുമായ ക്ഷേത്രത്തിലേക്ക് ഉത്സവദിനമായ മകരച്ചതയത്തില് നടത്തുന്ന തീര്‍ത്ഥാടനമാണ് ഇത്. കഴിഞ്ഞ ആറു തവണയായി ഇത് നടന്നു വരുന്നുണ്ട്.
ഗുരു വരികയും സുപ്രധാന ശിഷ്യന്മാര് പ്രവര്‍ത്തനം നടത്തുകയും ചെയ്ത കെട്ടിടങ്ങളും അതിലെ സൂക്ഷിച്ചിരുന്ന വസ്തുക്കളും എന്നെന്നും സൂക്ഷിക്കാന്‍ ഇവിടം മ്യൂസിയമാക്കാനുള്ള പ്രാഥമിക നീക്കങ്ങളും ശാഖയുടെ പ്രവര്‍ത്തകര്‍ തുടങ്ങിക്കഴിഞ്ഞു. നൂറു വര്‍ഷമായി ശ്രീനാരായണ പ്രസ്ഥാനത്തിന്റെ കോട്ടയം ജില്ലയിലെ ശാഖാപ്രവര്ത്തനത്തിന്റെ പതാകവാഹകരായി ആനന്ദാശ്രമം ശാഖ ചങ്ങനാശ്ശേരി യൂണിയന് കീഴില്‍ അനസ്യൂതം പ്രവര്‍ത്തിക്കുകയാണ്. ചങ്ങനാശ്ശേരി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യൂണിയന് വൈസ്പ്രസിഡന്റ് പി.എം. ചന്ദ്രന്, യൂണിയന് സെക്രട്ടറി സുരേഷ് പരമേശ്വരന്, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്ബോര്ഡ അംഗം എന്‍. നടേശന്, ടി.ഡി. രമേശന് (ശാഖാ പ്രസിഡന്റ്), ടി.എസ്. സജിത് റോയി (വൈസ് പ്രസിഡന്റ്), ആര്. സന്തോഷ് (ശാഖാ സെക്രട്ടറി), വി.കെ. സുരേന്ദ്രന്, കെ.ജി. അജി, പി.എസ്. സത്യന്, കെ.പ്രസാദ്, എസ്. വാസവന്, എം.എന്‍ അനീഷ്, കെ.എസ്. അനില്‍കുമാര്‍, കെ.എന്‍.മോഹനന് (ശാഖാകമ്മറ്റിയംഗങ്ങള്), കെ.എസ്. രാജേഷ്, തങ്കമ്മ ദേവരാജന്‍ (പഞ്ചായത്ത് കമ്മറ്റിയംഗങ്ങള്‍) എന്നിവർ മുന്നില്‍ നിന്നും നയിക്കുന്നു. പി. ഷിബുരാജ് ഗുരുവിന്റെ വരവിന്റെ ശതാബ്ദിആഘോഷ കണ്‍വീനര്‍. ചങ്ങനാശ്ശേരി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട് ആഘോഷവേളയില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ ചെലവുകള്‍ വഹിച്ചു.