മാറ്റത്തിന്റെ കാഹളം മുഴക്കിയ ആശാന്
കുമാരനാശാന്റെ 150 -ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ മഹാകവിയിലെ സാമൂഹിക പരിഷ്കര്‍ത്താവിന്റെ വിവിധ തലങ്ങള്‍ ഇഴപിരിച്ചു പരിശോധിക്കുകയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്
‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താന്’
ഈ ഒറ്റവരിയില്‍ കുമാരനാശാന്റെ ജീവിതസാരസര്‍വസ്വം അടങ്ങിയിരിക്കുന്നു.
താത്ത്വികവും ദാര്‍ശനികവുമായ നിരവധി ചിന്താശകലങ്ങള്‍ മുന്നോട്ട് വച്ചിട്ടുളള ആശാന് മലയാളം കണ്ട ഏറ്റവും വലിയ കവി എന്ന നിലയില്‍ ഇന്നും ആദരിക്കപ്പെടുന്നു. ജാതീയമായി പാര്‍ശ്വവത്കരിക്കാന്‍ ശ്രമിച്ചവര്‍ക്ക് കൂടി പില്ക്കാലത്ത് ആശാന്റെ മഹിമ അംഗീകരിക്കേണ്ടി വന്നു.
എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രഥമ സെക്രട്ടറി പദം അലങ്കരിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് എല്ലാവര്ക്കും അറിയാം. അതിനപ്പുറം നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുളള രോഷം അദ്ദേഹത്തിന്റെ രക്തത്തിലുളളതായിരുന്നു.
ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, ഗ്രാമവൃക്ഷത്തിലെ കുയില്‍ അടക്കം നിരവധി രചനകളില്‍ ഇതിന്റെ ബഹിര്സ്ഫുരണങ്ങള് നമുക്ക് കാണാന്‍ സാധിക്കും. സാമൂഹ്യവ്യവസ്ഥിതികളോട് അതിശക്തമായി പ്രതികരിക്കുമ്പോഴും സാഹിത്യമൂല്യവും സൗന്ദര്യബോധവും നിലനിര്‍ത്തി എന്നിടത്താണ് ആശാനിലെ കവിയുടെ കാതല്‍.
അതേ സമയം കവി എന്ന നിലയില്‍ നിര്‍ബാധം തന്റെ സാഹിത്യസപര്യ തുടരുമ്പോഴും സാമൂഹിക അനീതിക്കെതിരെയുളള പോരാട്ടവും അദ്ദേഹം തുടര്‍ന്നു.
യോഗത്തിന്റെ
പ്രഥമ സാരഥി
1903 ല്‍ യോഗം സെക്രട്ടറി പദത്തിലെത്തിയ അദ്ദേഹം നീണ്ട പതിനാറ് വര്‍ഷക്കാലം ആ തലത്തില്‍ തന്റെ ചുമതലകള്‍ നിര്‍വഹിച്ചു. 1904 ല്‍ യോഗത്തിന്റെ മുഖപത്രമായ വിവേകോദയം മാസിക ആരംഭിച്ചു. സാധാരണഗതിയില്‍ കവികളും കലാകാരന്മാരും പൊതുപ്രവര്‍ത്തനത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോള്‍ അമ്പേ പരാജയപ്പെടുന്നതായി കാണാം. എന്നാല്‍ ആശാന് അവിടെയും വിഭിന്നനായിരുന്നു. അദ്ദേഹം കേവലം സ്വപ്നജീവിയായ കവിയായിരുന്നില്ല. മറിച്ച് സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ട് അവയെ പുതുക്കിപ്പണിയാനുളള പരിശ്രമങ്ങളിലേര്‍പ്പെട്ടു. ഈ സാമൂഹികബോധം അദ്ദേഹത്തിന്റെ കവിതകള്‍ക്ക് പോലും കൂടുതല്‍ ശക്തി പകര്‍ന്നു. അങ്ങനെ കവിയെന്ന നിലയിലും സാമൂഹിക പരിഷ്കര്‍ത്താവ് എന്ന നിലയിലും അപാരമായ പാരസ്പര്യം നിലനിര്‍ത്തിയിരുന്നു ആശാന്. യോഗം സെക്രട്ടറി എന്ന നിലയില്‍ പിന്നാക്ക വിഭാഗത്തിന്റെ പുരോഗതിയിലും ക്ഷേമത്തിലും ആശാന് വഹിച്ച നിസ്തുലമായ പങ്ക് ഇവിടെ ആവര്‍ത്തിക്കുന്നില്ല. സാമാന്യമായ ചരിത്രബോധമുളള ഏതൊരു മലയാളിക്കും അത് മനഃപാഠമാണ്.
ആശാന്റെ കൂടെ പരിശ്രമഫലമായി തിരുവിതാംകൂര്‍ നിയമസഭയില്‍ ഈഴവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചു. 1909 ല്‍ കൃത്യമായി പറഞ്ഞാല്‍ യോഗം രൂപീകരിച്ച് ആറ് വര്‍ഷത്തിനുളളില്‍ കുമാരനാശാന് നിയമസഭാംഗമായി. നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അധ:സ്ഥിതര്ക്കായുളള പേരാട്ടത്തിന്റെ രജതരേഖകളായിരുന്നു. അത് പിന്നീട് പുസ്തകരൂപത്തിലായി.
അക്കാലത്തും ഇന്നും ഏറെ പുകള്‍പെറ്റ മഹത്തരമായ രചനയാണ് ആശാന്റെ വീണപൂവ്. വീണപൂവിനെത്തുടര്ന്ന് ആശാന് രചിച്ച ‘തീയക്കുട്ടിയുടെ വിചാരം’ എന്ന രചന സാമൂഹിക ദു:സ്ഥിതികളോടുളള ആശാന്റെ ശക്തമായ പ്രതികരണത്തിന്റെ പ്രതിഫലനമായിരുന്നു. എന്നാല്‍ ഇതര കാവ്യകൃതികളെ അപേക്ഷിച്ച് അര്‍ഹിക്കുന്ന തലത്തില്‍ ഈ കൃതി ചര്‍ച്ച ചെയ്യപ്പെട്ടില്ല.
താരതമ്യേന ഹ്രസ്വമായ രചനകള്‍ മാത്രം നിര്‍വഹിച്ചിട്ടുളള ആശാന്റെ കാവ്യങ്ങളില്‍ ഏറ്റവും ദീര്‍ഘമായ രചനയാണ് ദുരവസ്ഥ. ഈ കൃതിയുടെ പേരില്‍ തന്നെ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനമുണ്ട്. അതിശക്തമായ സാമൂഹ്യവിമര്‍ശനം ഈ കൃതിയിലുടനീളം കാണാം.ജാതിവ്യവസ്ഥയുടെ രണ്ട് അറ്റങ്ങളിലുളള സാവിത്രി അന്തര്‍ജ്ജനവും ചാത്തനും നായികാ നായകന്മാരായ ഈ രചന സമൂഹത്തില്‍ നിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യത നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ്.
ബാഹ്യമായി ജാതീയമായ വേര്‍തിരിവുകള്‍ അകന്നു പോയി എന്ന് നാം സമാശ്വസിക്കുമ്പോഴും ആന്തരികമായി ഇന്നും കേരളീയ സമൂഹത്തില്‍ ജാതീയമായ അന്തരങ്ങള്‍ എല്ലാ ആസുരഭാവങ്ങളോടെയും നിലനില്‍ക്കുകയാണ്. പല ഘട്ടങ്ങളിലും അത് മറനീക്കി ബാഹ്യതലത്തിലേക്ക് കടന്നു വരുന്നുമുണ്ട്.
സാമൂഹ്യപരിഷ്കര്‍ത്താവായ
ആശാന്
പ്രസ്താവനകളിലുടെയും എഴുത്തിലുടെയുമുള്ള കേവലം ഉത്ബോധനങ്ങളായിരുന്നില്ല ആശാന്റെ സാമൂഹികപ്രതിബദ്ധത. അദ്ദേഹം ദൈനംദിന ജീവിതത്തിലെ വിലപ്പെട്ട സമയം ഏതാണ്ട് പുര്‍ണ്ണമായി തന്നെ സമുദായോദ്ധാരണത്തിനായി നീക്കി വച്ചു എന്നതിന് ഗുരുദേവന്റെ വാക്കുകള്‍ തന്നെ ഉത്തമദൃഷ്ടാന്തമാണ്. എസ്.എന്‍.ഡി.പി യോഗം ആരംഭിച്ച ഘട്ടത്തില്‍ സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ കഴിയുന്ന പൂര്‍ണ്ണസമയ പ്രവര്‍ത്തനത്തിന് സന്നദ്ധതയുള്ള ഒരു ഭാരവാഹിക്കായി ഗുരു ചര്‍ച്ചകള്‍ ആരംഭിച്ചു. ഔദ്യോഗിക തിരക്കുകള്‍ മൂലം ഡോ. പല്‍പ്പുവിന് അത് സാധിക്കില്ല. ആദ്ധ്യാത്മിക ജീവിതത്തിന് ഊന്നല്‍ നല്കുന്ന ഗുരുദേവനെ സംബന്ധിച്ചും അത് പ്രായോഗികമല്ല. അങ്ങനെ ആ ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി കുമാരനാശാന് തന്നെയാണെന്ന നിഗമനത്തില്‍ ഗുരു എത്തിച്ചേര്‍ന്നു. ആശാന് വിയോജിപ്പുകളോ തടസവാദങ്ങളോ ഉന്നയിക്കാതെ സസന്തോഷം ആ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. ഗുരു മനസില്‍ കണ്ട അതേ മികവോടെ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്ന ആശാനെയാണ് പിന്നീട് നാം കാണുന്നത്. ഇതൊക്കെ തന്നെ വളരെ ചെറുപ്രായത്തിലായിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്. ആശാന്റെ ജീവിതചക്രം അവസാനിക്കുന്നത് കേവലം 51 -ാം വയസിലാണ്. യൗവ്വനത്തിന്റെ പ്രാരംഭ ദിശയില്‍ തന്നെ അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
എസ്.എന്‍.ഡി.പി യോഗം എന്ന സംഘടന ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത് വളരെ മുന്‍പ് അരുവിപ്പുറത്തെ വാവൂട്ട്യോഗം എന്ന അനൗപചാരിക കൂട്ടായ്മയുടെ മുന്‍നിരയിലും ആശാനുണ്ടായിരുന്നു.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് മനുഷ്യരെ പോലെ ജീവിക്കാനും തല ഉയര്‍ത്തി നടക്കാനുമുളള സാമുഹികാന്തരീക്ഷം സൃഷ്ടിച്ചതില്‍ കുമാരനാശാനുളള പങ്ക് അദ്വിതീയമാണ്.
ഗുരുവിന് ആശാനിലുളള അപാരമായ വിശ്വാസം തന്നെയായിരുന്നു അതിന് അടിസ്ഥാനം. കവി എന്നതിലുപരി ആശാനില്‍ കുടികൊളളുന്ന സംഘാടകവൈഭവം ക്രാന്തദര്‍ശിയായ ഗുരു മുന്‍കൂട്ടി കണ്ടു. ഗുരുവിന്റെ കണ്ടെത്തല്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തു.
എഴുത്തിലൂടെയും സാമുഹ്യപ്രവര്ത്തനങ്ങളിലുടെയും സാമൂഹിക അസന്തുലിതാവസ്ഥയ്ക്ക് എതിരെ പോരാടിയ ആശാനെ ഇ.എം.എസ്. നമ്പൂതിരിപ്പാട് അടക്കമുളള പില്ക്കാല സൈദ്ധാന്തികര്‍ വിലയിരുത്തിയത് എങ്ങനെയെന്ന് ഗുരു നിത്യ ചൈതന്യയതി തന്റെ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
‘ദുരവസ്ഥയെ പുരോഗമന സാഹിത്യത്തിന്റെ മുന്നോടിയായിട്ടാണ് ഇ.എം.എസ് കാണുന്നത്.’
തുടര്‍ന്ന് ഇ.എം.എസിന്റെ വാക്കുകള്‍ തന്നെ അദ്ദേഹം ഉദ്ധരിക്കുന്നു.
‘ധാര്മ്മികവീക്ഷണത്തിന് സൗന്ദര്യബോധത്തെ അപേക്ഷിച്ച് കൂടുതല്‍ മൂന്‍തൂക്കം കൊടുക്കുന്ന കൃതികള്‍ രചിക്കുന്ന കാര്യത്തില്‍ ദുരവസ്ഥ മാര്‍ഗദര്‍ശിയായി’
യഥാര്‍ത്ഥത്തില്‍ ആശാന് തന്റെ കൃതികളില്‍ സാമൂഹിക പ്രതിബദ്ധതയ്ക്കൊപ്പം അതിന്റെ സൗന്ദര്യാത്മകതയ്ക്കും പ്രാധാന്യം നല്കി.
കവി എന്ന നിലയിലാണോ സാമുഹിക പരിഷ്കര്‍ത്താവ് എന്ന നിലയിലാണോ ആശാന്റെ വ്യക്തിത്വം കൂടുതല്‍ ശോഭിച്ചത് എന്ന് പരിശോധിച്ചാല്‍ തത്തുല്യം എന്നേ പറയാനാവൂ.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് മനുഷ്യരെ പോലെ ജീവിക്കാനും തല ഉയര്‍ത്തി നടക്കാനുമുളള സാമുഹികാന്തരീക്ഷം സൃഷ്ടിച്ചതില്‍ കുമാരനാശാനുളള പങ്ക് അദ്വിതീയമാണ്.
ആ തലത്തില്‍ ആശാനെ വിലയിരുത്തുന്ന പഠനങ്ങളും ചര്‍ച്ചകളും ചരിത്രരചനയും ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു.
കവി എന്ന നിലയില്‍ എല്ലാവരും വാഴ്ത്തുന്ന ആശാന് സാമൂഹിക പരിഷ്കര്‍ത്താവ്, നവോത്ഥാന നായകന് എന്നീ നിലകളിലും കേരളത്തിന്റെ വളര്‍ച്ചയ്ക്ക് നല്കിയ സംഭാവനകള്‍ക്ക് തലമുറകള്‍ എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു