മനസടങ്ങിയ മഹാമനുഷ്യന്‍
ഒരിക്കല്‍ ക്ലാസില്‍ വച്ച് ഈശ്വരനെ സംബന്ധിച്ച ഒരു വിദ്യാര്‍ത്ഥിയുടെ സംശയത്തിന് അദ്ദേഹം നല്‍കിയ മറുപടി ഈ വിഷയത്തിൽ തന്റെ ഉറച്ച നിലപാട് വ്യക്തമാക്കുന്ന വിധമായിരുന്നു. അദ്ദേഹം മറുപടി പറഞ്ഞു, ”പ്രായോഗിക തലത്തില്‍ മനുഷ്യബുദ്ധിക്കും മനുഷ്യമനസ്സിനും മനുഷ്യഹൃദയത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയാതെ അനന്തമായി നിലകൊള്ളുന്ന ഒന്നുണ്ട്. അത് അനന്തമായ ബ്രഹ്മം തന്നെ. ഈ പ്രപഞ്ചം മുഴുവന്‍ അനന്തമായ ബ്രഹ്മത്തില്‍ നിന്നും ഉത്ഭവിച്ചു. അനന്തമായ പ്രപഞ്ചം അനന്തമായ ബ്രഹ്മത്തില്‍ നിന്നും ഉത്ഭവിച്ചെങ്കിലും ബാക്കി അവശേഷിക്കുന്നതും അനന്തമായ ബ്രഹ്മം തന്നെ. ആ അനന്തതയുടെ അംശമാണ് നമ്മുടെ ഈശ്വരന്‍- മനുഷ്യന്‍ ആരാധിക്കുന്ന ഈശ്വരന്‍. ആ ഈശ്വരനില്‍ക്കൂടി നാം അനന്തതയെ പ്രാപിക്കുന്നു.
നിലനില്‍പ്പിന്റെ ശാസ്ത്രീയമായ പൊരുള്‍ അറിയാത്തതാണ് എവിടെയുമുള്ള എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ഒരിക്കല്‍ പറയുകയുണ്ടായി. ഈ പ്രസ്താവന ഇന്നും പ്രസക്തമാണ്. ഇതിനുത്തരം, അത്യന്തം ശാസ്ത്രീയമായി വെളിപ്പെടുത്തിത്തരുന്ന ഗ്രന്ഥങ്ങള്‍ ഏവര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ വ്യാഖ്യാനിച്ച് കൈരളിക്ക് നല്‍കിയെന്നുള്ളത് തന്നെയാണ് അദ്ദേഹത്തിന്റെ സമഗ്രസംഭാവന. പണ്ഡിതനും സന്യാസിയുമായ തപസ്യാനന്ദസ്വാമികള്‍ ഒരിക്കല്‍ പറഞ്ഞതാണ്, ”ബാലകൃഷ്ണന്‍നായര്‍ മനസ്സടങ്ങിയ ആളാണെന്ന്” . വാസ്തവത്തില്‍ എല്ലാ സാധനങ്ങളുടെയും ലക്ഷ്യം മനസ്സടങ്ങലാണ്. ഇതു സാധ്യമായാല്‍ ആത്മജ്ഞാനം തെളിയുന്നു. ഇഹലോകവാസം വെടിയുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ആത്മജ്ഞാനം കൈവന്ന മഹാനാണ് ശ്രീ.ബാലകൃഷ്ണന്‍ നായരെന്ന് അദ്ദേഹത്തിന്റെ ജീവിതവും രചനകളും വ്യക്തമാക്കുന്നു.
ഗൃഹസ്ഥനും ബ്രഹ്മജ്ഞാനം ലഭിക്കുമോ? എന്ന ചോദ്യം പലര്‍ക്കുമുണ്ടാകാം. ഇതിനുത്തരമാണ് പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍.
22-ാം വയസ്സില്‍ വിവാഹിതനായി. സംസ്‌കൃത കോളേജില്‍ വച്ച് കൂട്ടുകാരിയായിരുന്ന സരസ്വതിയമ്മയെ ബാലകൃഷ്ണന്‍നായര്‍ ജീവിതത്തിലേക്ക് കൂട്ടി.. ഈ ദമ്പതികള്‍ക്ക് 5 മക്കള്‍ ജനിച്ചു. അതില്‍ രണ്ടുപേര്‍ മരിച്ചു. ഡോ. ഗോപാലകൃഷ്ണന്‍, ബാലചന്ദ്രന്‍, ഡോ. സതി എന്നിവരാണ് മറ്റ് മക്കള്‍. സരസ്വതിയമ്മയ്ക്ക് അമ്മയില്ലാത്തതിനാല്‍ അവരുടെ സഹോദരങ്ങളായ ഗോപിനാഥന്‍നായര്‍, അയ്യപ്പന്‍പിള്ള, പ്രഭാകരന്‍നായര്‍, രാധാകൃഷ്ണന്‍നായര്‍ എന്നിവരുടെ വിവാഹം തുടങ്ങിയ കാര്യങ്ങള്‍ നടത്തിയത് പ്രൊഫസറുടെ മേൽനോട്ടത്തിലായിരുന്നു. 1923 ഫെബ്രുവരി 5നാണ് പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ ജനിച്ചത്. 2011 ഫെബ്രുവരി 5ന് ഇഹലോകവാസം വെടിഞ്ഞു. ജനനവും മരണവും ഫെബ്രുവരി 5നായിരുന്നുവെന്നത് ഒരു പ്രത്യേകതയായിരുന്നു. കുറുക്കണ്ണാല്‍ വീട്ടില്‍ ഗോവിന്ദപ്പിള്ളയുടെയും ഗൗരിയമ്മയുടെയും മകനായിട്ടാണ് ജനിച്ചത്. ബാല്യത്തില്‍ തന്നെ ആധ്യാത്മകൃതികള്‍ വായിക്കുക ഒരു ശീലമായിരുന്നു. അഞ്ചാമത്തെ വയസ്സില്‍ പിതാവ് മരിച്ചതിനു ശേഷം വളരെ കഷ്ടപ്പെട്ടാണ് ബാലകൃഷ്ണനും രുക് മിണി എന്ന ഇളയ സഹോദരിയുള്‍പ്പെടെ നാലു സഹോദരര്‍ ജീവിച്ചത്. പ്രശസ്തകവിയായ ഒ.എന്‍.വി. കുറുപ്പ് ഓര്‍മ്മിക്കുന്നത്, ”…..പക്വമതിയും പരിണത പ്രജ്ഞനുമായ അദ്ദേഹത്തിന്റെ അടുത്തിരിക്കുമ്പോള്‍ ഒരു സഹപാഠി എന്നതിനേക്കാള്‍ ഒരാചാര്യന്റെ സാന്നിദ്ധ്യമാണനുഭവപ്പെട്ടിരുന്നത്. മിതഭാഷിയും സൗമ്യപ്രകൃതിയുമായ അദ്ദേഹത്തിലെ സ്വാതന്ത്രേച്ഛവുമായ പ്രഭാഷകനെ കണ്ടെത്തുവാന്‍ അവസരമുണ്ടായത് 1947 ഓഗസ്റ്റ് 15ന് യൂണിവേഴ്‌സിറ്റി കോളേജിലെ കിഴക്കേ മാവിന്‍ചുവട്ടിലെ വിദ്യാര്‍ത്ഥി യോഗത്തില്‍ വച്ചായിരുന്നു. സര്‍.സി.പി. യുടെ സ്വതന്ത്ര തിരുവിതാംകൂറിനെതിരെ, സ്വതന്ത്രഇന്ത്യന്‍ യൂണിയനില്‍ ലയിക്കണമെന്നാവശ്യപ്പെടുന്ന യോഗത്തില്‍ ജി. ബാലകൃഷ്ണന്‍ നായരുടെ സുദീര്‍ഘവും സമുജ്ജ്വലവുമായ ഒരു പ്രഭാഷണമുണ്ടായിരുന്നു. ആ പ്രസംഗം ഇന്നും എന്റെ ഓര്‍മ്മയില്‍ പതിഞ്ഞു കിടക്കുന്നു” വെന്നാണ്.
തന്റെ അഭിരുചിക്കൊത്ത അധ്യാപകവൃത്തിയാണ് ജീവിതോപായമായി അദ്ദേഹം തെരഞ്ഞെടുത്തത്. കാലത്തിനു പോലും മാറ്റം വരുത്താനാവാത്ത ഭാവവും പ്രകൃതവുമായിരുന്നു അദ്ദേഹത്തിന്റേത്. യുവാവായിരുന്നപ്പോള്‍ തന്നെ ഒരു വല്യച്ഛന്‍ ഭാവമാണ് മുഖത്തെപ്പോഴും. 1955-ല്‍ ആണ് അദ്ധ്യാപകനായി യൂണിവേഴ്‌സിറ്റി കോളേജില്‍ ചേരുന്നത്. പാണ്ഡിത്യവും മിതഭാഷിത്വവും അന്തര്‍മുഖത്വവും സമന്വയിപ്പിച്ച ഉദാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ആ അദ്ധ്യാപകനെ വിദ്യാര്‍ത്ഥികള്‍ ഏറെ ബഹുമാനിച്ചിരുന്നു. ഒ.എന്‍.വി. കുറുപ്പ്, തിരുനെല്ലൂര്‍ കരുണാകരന്‍, ജി. കുമാരപിള്ള, അയ്യപ്പപണിക്കര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഹൃദയകുമാരി എന്നിവരൊക്കെ അദ്ദേഹത്തെ ആരാധനാപൂര്‍വം വീക്ഷിച്ചിരുന്നു.
ഒരിക്കല്‍ ക്ലാസില്‍ വച്ച് ഈശ്വരനെ സംബന്ധിച്ച ഒരു വിദ്യാര്‍ത്ഥിയുടെ സംശയത്തിന് അദ്ദേഹം നല്‍കിയ മറുപടി ഈ വിഷയത്തിൽ തന്റെ ഉറച്ച നിലപാട് വ്യക്തമാക്കുന്ന വിധമായിരുന്നു. അദ്ദേഹം മറുപടി പറഞ്ഞു, ”പ്രായോഗിക തലത്തില്‍ മനുഷ്യബുദ്ധിക്കും മനുഷ്യമനസ്സിനും മനുഷ്യഹൃദയത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയാതെ അനന്തമായി നിലകൊള്ളുന്ന ഒന്നുണ്ട്. അത് അനന്തമായ ബ്രഹ്മം തന്നെ. ഈ പ്രപഞ്ചം മുഴുവന്‍ അനന്തമായ ബ്രഹ്മത്തില്‍ നിന്നും ഉത്ഭവിച്ചു. അനന്തമായ പ്രപഞ്ചം അനന്തമായ ബ്രഹ്മത്തില്‍ നിന്നും ഉത്ഭവിച്ചെങ്കിലും ബാക്കി അവശേഷിക്കുന്നതും അനന്തമായ ബ്രഹ്മം തന്നെ. ആ അനന്തതയുടെ അംശമാണ് നമ്മുടെ ഈശ്വരന്‍- മനുഷ്യന്‍ ആരാധിക്കുന്ന ഈശ്വരന്‍. ആ ഈശ്വരനില്‍ക്കൂടി നാം അനന്തതയെ പ്രാപിക്കുന്നു. രൂപനാമമുള്ള ഏക ഈശ്വരനായി നമുക്കതിനെ ആരാധിക്കാം. രൂപനാമങ്ങളുള്ള ഈശ്വരനായും ആരാധിക്കാം. രൂപനാമങ്ങളില്ലാത്ത നിര്‍ഗുണ ബ്രഹ്മമായും ആരാധിക്കാം. കേവലം നാമമായി മാത്രം ആരാധിക്കാം. നമ്മുടെ ആരാധനയ്ക്ക് ഇന്ദ്രിയഗോചരമായ ഉപാധികള്‍- വിഗ്രഹങ്ങള്‍, പ്രതീകങ്ങള്‍ എന്നിവയെ ഉപയോഗിക്കാം. ഈശ്വരന്‍ അനന്തമാണ്. അനന്തതയെ പ്രതീകാത്മകമായി ഉള്‍ക്കൊള്ളാന്‍ കഴിയും” പ്രൊഫ. ജി. ബാലകൃഷ്ണന്‍നായരുടെ എല്ലാ രചനകളിലും ജീവിതത്തിലും നിറഞ്ഞു നിന്ന അറിവിന്റെ മുഴക്കം ഈപറഞ്ഞ വാക്കുകളില്‍ പ്രകടമാണ്.
തികഞ്ഞ ആധ്യാത്മിക ചിന്തകനായ പ്രൊഫ.ജി. ഒരിക്കല്‍ കമ്യൂണിസ്റ്റുകാരനായിരുന്നു. എം.എന്‍. ഗോവിന്ദന്‍നായരും കാട്ടായിക്കോണം ശ്രീധറുമായുള്ള ചങ്ങാത്തം കമ്യൂണിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍, 1954-ല്‍ തിരു.കോര്‍പ്പറേഷനിലെ പാല്‍ക്കുളങ്ങര വാര്‍ഡില്‍ നിന്ന് മത്സരിക്കുക വരെയെത്തി. പട്ടം താണുപിള്ളയുടെ പി.എസ്.പി. സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച് പരാജിതനായി എങ്കിലും പാര്‍ട്ടിയുടെ ശക്തനായ ഒരു പ്രാസംഗികനായിരുന്നു ബാലകൃഷ്ണന്‍നായര്‍. ഇതില്‍ നിന്നും അക്കാലത്തെ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ നയം കൂടി വ്യക്തമാവുകയാണ്. കമ്യൂണിസത്തിലെ സമത്വം എന്ന ആശയമാണ് ബാലകൃഷ്ണന്‍ നായരെ അതിലേക്കാകര്‍ഷിച്ചത്. മനുഷ്യര്‍ക്കെല്ലാം സമന്‍മാരായി ജീവിക്കാന്‍ കഴിയുമെങ്കില്‍ നിശ്ചയമായും ആ പ്രസ്ഥാനത്തില്‍ ഭാഗഭാക്കാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അത് കേവലം പ്രചരണത്തില്‍ മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കിയപ്പോള്‍ പ്രസ്ഥാനത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.
ബാലകൃഷ്ണന്‍നായരുടെ ജീവിതത്തില്‍ വളരെ യാദൃശ്ചികമായുണ്ടായ ഏഴര വയസ്സുള്ള മകന്‍ അരവിന്ദന്റെ മരണം ജീവിതത്തിന്റെ രണ്ടാംഘട്ടത്തിന്റെ തുടക്കമായിരുന്നുവെന്നു പറയാം. ആ മരണത്തെക്കുറിച്ച് അദ്ദേഹം തന്നെ ഓര്‍ക്കുന്നത് ഇപ്രകാരം . ”മരണസമയത്ത് ആശുപത്രിക്കിടയ്ക്കക്കരികില്‍ ഞങ്ങളെല്ലാം ഉണ്ടായിരുന്നു. കുട്ടി അച്ഛാ അച്ഛാ എന്നു വിളിച്ചു. പിന്നെ അമ്മാ അമ്മാ എന്നും. അതു കഴിഞ്ഞ് ചുറ്റും നിന്നവരൊക്കെ കേള്‍ക്കത്തക്കവണ്ണം ശിവശിവശിവ എന്നുച്ചരിക്കാന്‍ തുടങ്ങി. ഏതാണ്ട് അന്‍പത് മിനിറ്റ് അത് തുടര്‍ന്നു. അവസാന ശ്വാസത്തില്‍പ്പോലും ശിവ എന്നു പതുക്കെ ഉച്ചരിച്ചുകൊണ്ടാണ് അരവിന്ദന്‍ ദേഹം ഉപേക്ഷിച്ചത്. എന്റെ സത്യാന്വേഷണത്തിലെ ഏറ്റവും പ്രധാനമായ പ്രേരണ ഈ സംഭവമായിരുന്നു” ആ ആശുപത്രി കിടക്കയിലിരുന്നുകൊണ്ട് അദ്ദേഹം തീരുമാനിക്കുകയായിരുന്നു, ഇനിയുള്ള കാലം ജീവിതത്തിന്റെ പൊരുള്‍ എന്തെന്ന് അന്വേഷിക്കുവാനുള്ള ഒരു യാത്രയായിരിക്കണമെന്ന്. മകനായി ജനിച്ചുവെങ്കിലും ഗുരുവായി വന്ന ഈശ്വരനാണ് തന്റെ മകന്‍ അരവിന്ദനെന്ന് അദ്ദേഹത്തിന് താേന്നി.പിന്നീടങ്ങോട്ട് മകന്റെ വേര്‍പാടില്‍ ദുഃഖിച്ചതുമില്ല.
അതിന് ശേഷം ആധ്യാത്മകൃതികളിലേക്ക് ഒരു തപസ്സു പോലെ ആഴ്ന്നിറങ്ങുകയായിരുന്നു. 1990 ജൂലൈ 22ന് പ്രിയസഖിയും ഭാര്യയുമായ സരസ്വതിഅമ്മ അന്തരിച്ചു. അവരുടെ വേര്‍പാടിലും അദ്ദേഹം ദുഃഖിച്ചില്ലെന്നുമാത്രമല്ല അവരുടെ അന്ത്യത്തിലും അദ്ദേഹം അത്യന്തം ശാന്തനായിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനസപര്യയില്‍ പ്രധാനപങ്ക് വിജ്ഞാനരമണീയത്തിന് സ്വന്തം. രമണമഹര്‍ഷിയുടെ ഭക്തനായ ദാമോദരന്‍ നായരാണ് 1947, സെപ്തംബര്‍ മാസത്തില്‍ വിജ്ഞാന രമണീയാശ്രമം പാലക്കാട് ജില്ലയില്‍ കൊപ്പത്ത് സ്ഥാപിച്ചത്. ബാലകൃഷ്ണന്‍നായര്‍ തന്നെ അതേക്കുറിച്ച് ഇപ്രകാരം സ്മരിക്കുന്നു. “എന്നെ ഞാനാക്കിയത് സുരേശാനന്ദ സ്വാമിജിയും, വിജ്ഞാനരമണീയവുമാണ്. അഞ്ചുകൊല്ലം പാലക്കാട് രമണീയത്തില്‍ നടത്തിയ ക്ലാസുകളാണ് എന്നില്‍ തത്വബോധം ഉറപ്പിക്കാന്‍ സഹായിച്ചത്.”
ഗുരുദേവദര്‍ശനവും
ബാലകൃഷ്ണന്‍നായരും
ശ്രീനാരായണഗുരുവിന്റെ അനുജ്ഞയും അനുഗ്രഹവുമില്ലാതെ ഗുരുകൃതികളിലേക്ക് ആഴത്തിലേക്കിറങ്ങിച്ചെല്ലാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അത്തരത്തില്‍, ഗുരുവിന്റെ അനുജ്ഞ ലഭിച്ച ദാര്‍ശനികനായിരുന്നു പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍. ഗുരുദേവകൃതികള്‍ക്ക് അദ്ദേഹം രചിച്ച വ്യാഖ്യാനം ഗുരുദര്‍ശനത്തിന് വേദാന്തചിന്തയുടെ വാതില്‍ തുറന്നുവച്ചു. സാമൂഹിക പരിഷ്‌കര്‍ത്താവ്, നവോത്ഥാനനായകന്‍ എന്നു മാത്രം മലയാളി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഗുരുവിന്റെ മഹത്വം അദ്വൈതത്തിന്റെ സനാതനമായ ധര്‍മ്മത്തിലധിഷ്ഠിതമാണെന്ന് ബാലകൃഷ്ണന്‍ നായര്‍ സ്ഥാപിച്ചു. ഗുരുദേവകൃതികള്‍ പഠിക്കാനിടയായതിനും ഒരു സംഭവമുണ്ട്. 1963-ല്‍ പേട്ടയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് ‘വിവേകചൂഢാമണി’യെക്കുറിച്ച് ക്ലാസ്സെടുത്ത് തിരികെ വരുമ്പോള്‍ ‘അങ്ങ് ഇത് കണ്ടിട്ടുണ്ടോ?’എന്ന ചോദ്യവുമായി ലജപതിയെന്നൊരാള്‍ ഗുരുദേവകൃതികള്‍ വായിക്കാന്‍ കൊടുത്തു. ആ കൃതികളിലൂടെ കടന്നു പോയപ്പോള്‍ വേദാന്തത്തോടൊപ്പം ഗുരുവിന്റെ കവിഹൃദയത്തെയും ബാലകൃഷ്ണന്‍നായര്‍ തൊട്ടറിയുകയായിരുന്നു. അന്നുമുതലാണ് ഗുരുദേവകൃതികളില്‍ അദ്ദേഹം ആകൃഷ്ടനാകുന്നത്. അവയുടെ അവാച്യമായ ഭംഗിയും അതിലടങ്ങിയിരിക്കുന്ന അനശ്വര സത്യവും ലോകരെ അറിയിക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് അദ്ദേഹം ഗുരുദേവകൃതികള്‍ക്ക് വ്യാഖ്യാനം ചമച്ചത്. 1964ല്‍ ആത്മോപദേശ ശതകവും തുടര്‍ന്ന് ബ്രഹ്മവിദ്യാപഞ്ചകവും മുനിചര്യാപഞ്ചകവും പ്രസിദ്ധീകരിച്ചു. പിന്നീട് ദര്‍ശനമാലാ വ്യാഖ്യാനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരമ്പരയായിപ്രകാശിപ്പിച്ചു. നിരവധി വര്‍ഷത്തെ സാധനയുടെയും ഗുരുകൃതികളിലൂടെയുമുള്ള തപസ്സിന്റെയും ഫലമായാണ് ഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍ക്ക് അദ്ദേഹം വ്യാഖ്യാനമെഴുതിയത്. അദ്ദേഹത്തിന്റെ ഈ മഹത്കര്‍മ്മത്തെ ആദരിച്ചുകൊണ്ട്, അന്നത്തെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി ഗീതാനന്ദ പൊന്നാടയണിച്ച് അദ്ദേഹം ആദരിക്കുകയുണ്ടായി.
ശ്രീനാരായണഗുരു സ്ഥാപിച്ച പ്രശസ്തമായ ക്ഷേത്രങ്ങളിലെല്ലാം അദ്ദേഹം ക്ഷണിക്കപ്പെടുകയും പ്രഭാഷണപരമ്പര നടത്തുകയും ചെയ്തു.
ശിവഗിരി ബ്രഹ്മവിദ്യാലയവും ബാലകൃഷ്ണന്‍നായരും
1924-ല്‍ ആലുവായില്‍ വച്ച് നടന്ന സര്‍വമത സമ്മേളനത്തിലാണ് ഒരു മതമഹാപാഠശാല സ്ഥാപിക്കണമെന്ന് ഗുരു നിര്‍ദ്ദേശിച്ചത്. എല്ലാവരും എല്ലാ മതങ്ങളും സമബുദ്ധിയോടും സമഭക്തിയോടും പഠിക്കണമെന്ന് ഗുരു അരുളിച്ചെയ്തു. അതിനായി 5 ലക്ഷം രൂപ നീക്കിവയ്ക്കാനും ഗുരുദേവന്‍ കല്പിച്ചു. 1926-ല്‍ ഗുരു തന്നെ ഈ മതമഹാപാഠശാലയ്ക്ക് തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ 1970 ഡിസംബര്‍ 31നാണ് മതമഹാപാഠശാലയെന്ന ബ്രഹ്മവിദ്യാലയം ശിവഗിരി മഠാധിപതി ശങ്കരാനന്ദസ്വാമികള്‍ ഉദ്ഘാടനം ചെയ്തത്. നിരവധി പണ്ഡിതശേഷ്ഠന്മാര്‍ ഈ വിദ്യാലയത്തില്‍ അധ്യാപകരായിരുന്നു. ഈ വിദ്യാലയത്തിന്റെ പാഠ്യപദ്ധതികള്‍ തയ്യാറാക്കിയത് പ്രൊഫ. ബാലരാമപണിക്കരാണ്. 1971 മുതല്‍ 79 വരെ പ്രൊഫസര്‍ എം.എച്ച്. ശാസ്ത്രികള്‍ പ്രഥമമുഖ്യാചാര്യനായിരുന്നു. 1979 മുതല്‍ 90 വരെ ഇവിടുത്തെ മുഖ്യാചാര്യന്‍ പ്രൊഫ. ജി. ബാലകൃഷ്ണന്‍നായരായിരുന്നു. പ്രസ്ഥാനത്രയം, ശാങ്കരഭാഷ്യങ്ങള്‍, വേദാന്തത്തിലെ പ്രകരണഗ്രന്ഥങ്ങള്‍, ഷഡ് ദര്‍ശനങ്ങള്‍, വ്യാകരണം, തര്‍ക്കം, കാവ്യനാടകാലങ്കാരങ്ങളില്‍ വ്യുത്പത്തി എന്നിവയുള്ളവര്‍ക്കേ ബ്രഹ്മവിദ്യാലയത്തിലെ പാഠ്യപദ്ധതിക്കനുസരിച്ച് പഠിപ്പിക്കാനാകൂ. എം.എച്ച് ശാസ്ത്രികളെക്കൂടാതെ ആര്‍. രാഘവന്‍പിള്ള, ജി. മാധവന്‍പിള്ള,( സ്വാമി ചിദ്ഘനാനന്ദ) പുത്തൂര്‍ ദിവാകരന്‍, ചക്രപാണി, ഗോപാലപിള്ള തുടങ്ങിയ പണ്ഡിതശ്രേഷ്ഠരും, ബ്രഹ്മവിദ്യാലയത്തില്‍ ബാലകൃഷ്ണന്‍നായരോടൊപ്പം അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ശ്രീനാരായണ സാഹിത്യസരണിയിലൂടെയുള്ള തീര്‍ത്ഥയാത്രയാണ് അദ്ദേഹത്തെ പരിപൂര്‍ണ്ണവേദാന്തിയാക്കിയത്. ഗുരുദര്‍ശനം പൂര്‍ണ്ണമായും വേദാന്തത്തില്‍ അധിഷ്ഠിതമാണെന്നാണ് പ്രൊഫസറുടെ സുചിന്തിതമായ അഭിപ്രായം. അദ്വൈതത്തിന്റെ കേവല സൈദ്ധാന്തിക തലത്തില്‍ നിന്ന് അനുഭവമണ്ഡലത്തിലേക്ക് ഉണരുവാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത് ശ്രീനാരായണദര്‍ശനമാണ്.
ഒരു വ്യാഖ്യാനവും സമ്പൂര്‍ണ്ണമല്ല എന്ന കാര്യം ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനത്തിനും ബാധകമാണ്. ഓരോരുത്തരും സ്വാംശീകരിച്ച അറിവിന്റെ തലത്തില്‍ നിന്നുകൊണ്ടാണ് ഓരോ കൃതിയെയും സമീപിക്കുന്നത്. ആ അര്‍ത്ഥത്തില്‍ പ്രൊഫ. ജി. ബാലകൃഷ്ണന്‍നായരുടെ ഗുരുദേവകൃതികളുടെ സമ്പൂര്‍ണ്ണവ്യാഖ്യാനം ഭാരതീയ സനാതന ധര്‍മ്മഗ്രന്ഥങ്ങളോടൊപ്പം ചേര്‍ത്തു വയ്ക്കാവുന്നതാണ്. ആധുനിക ഋഷിയായ നാരായണഗുരുവിന്റെ കൃതികളിലെ തത്വചിന്താ-ശാസ്ത്ര സമന്വയം ഈ വ്യാഖ്യാനത്തിലില്ല എന്നത് ഇതിന്റെ ഒരു കുറവായി കാണാനാകില്ല. ബാലകൃഷ്ണന്‍നായര്‍ വേദാന്തചിന്തയുടെ കാന്‍വാസില്‍ ഗുരുദേവകൃതികളെ പ്രതിഷ്ഠിച്ചുകൊണ്ടാണ് പഠനം നടത്തിയിരിക്കുന്നത്. അതിലദ്ദേഹം സമുന്നതസ്ഥാനം നേടിയിരിക്കുന്നു. അറിവിന് മുഖ്യപ്രാധാന്യം നല്‍കുന്ന ഗുരുദേവ കൃതികള്‍ക്ക് ഇനിയും ധാരാളം വ്യാഖ്യാനങ്ങള്‍ ഉണ്ടായേക്കാം. അപ്പോഴും ബാലകൃഷ്ണന്‍നായരുടെ വ്യാഖ്യാനത്തിന് വേറിട്ടൊരു മഹിമയും സ്ഥാനവും ഉണ്ടാകും. ഗുരുദേവദര്‍ശനത്തിന് അദ്ദേഹം നല്‍കിയ ചിരസ്മരണീയ സംഭാവനകളെ കൃതജ്ഞതാപൂര്‍വം ഓര്‍ത്തുകൊണ്ടും നമസ്‌കരിച്ചുകൊണ്ടും നിര്‍ത്തട്ടെ…
കുറിപ്പ്
ഈ പഠനത്തിന് പ്രധാനമായും അവലംബമാക്കിയിരിക്കുന്നത്, പ്രൊഫ. ജെ. ലളിത രചിച്ച പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ ജീവചരിത്രം. കൂടാതെ ബാലകൃഷ്ണന്‍ നായരുടെ തന്നെ മറ്റ് കൃതികളായ ശ്രീമദ്ഭഗവത്ഗീത, ശിവാരവിന്ദം മഹാഭാഷ്യം, വേദാന്തദര്‍ശനം, ഉപനിഷത് സ്വാധ്യായം, ഭാഗം ഒന്ന്, ഭാഗം രണ്ട്, രണ്ടുമലയാളമാമറകള്‍, ഭാഗവതഹൃദയം, ഭാഗവത കഥാസന്ദര്‍ഭങ്ങള്‍-ശ്രീമദ്ഭാഗവത ഭഗവത്ഗീത.