വൈക്കം സത്യഗ്രഹത്തിലേക്കു നയിച്ച സഞ്ചാരസ്വാതന്ത്ര്യ സമരങ്ങള്‍

സഞ്ചാരസ്വാതന്ത്ര്യ പ്രക്ഷോഭം അജയ്യമാക്കിയ അയ്യങ്കാളിക്ക് തമിഴകത്തു നിന്ന് വില്ലുവണ്ടി വാങ്ങിവരുത്താന്‍ കഴിഞ്ഞു, പക്ഷേ അതു തിരുവിതാംകൂറില്‍ ഓടിക്കാന്‍ ജാതിവിലക്കായിരുന്നു. സാമ്പത്തികമല്ലായിരുന്നു വിവേചനവും അസമത്വവും അനീതിയും. തികച്ചും ജാതിയും വര്‍ണവുമായിരുന്നു അവര്‍ണരുടെ വിദ്യാഭ്യാസവും പുരോഗതിയും പ്രാതിനിധ്യവും മാനവികവികാസവും അധികാരപങ്കാളിത്തവും ജനായത്ത പ്രവേശവും തടഞ്ഞത്

കേരളത്തിലെ ആധുനിക കാലത്തു നടന്ന ജാതിവിരുദ്ധമായ സഞ്ചാര സ്വാതന്ത്ര്യസമരങ്ങളില്‍ ലോകശ്രദ്ധയാകര്‍ഷിച്ചതാണ് വൈക്കം സത്യഗ്രഹം. ജാതിബാഹ്യരായ അവര്‍ണരുടെ പൊതുവഴിനടപ്പിനായിട്ടായിരുന്നു ആ നീണ്ട സമരം. ജാതിഹിന്ദുത്വം അഥവാ സവര്‍ണത സ്വന്തമാക്കിയ അമ്പലങ്ങള്‍ക്കടുത്തുള്ള പൊതുവഴികളിലേക്ക് 1924ല്‍ പോലും അവര്‍ണര്‍ക്കു കടക്കാന്‍ വിലക്കായിരുന്നു. 2023ല്‍ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തിലേക്കു നാം കടക്കുമ്പോള്‍ അതില്‍ ഗുരുവും ടി. കെ. മാധവനെ പോലുള്ള ശിഷ്യരും നടത്തിയ ഇടപെടലുകള്‍ ഏറെ വിലപ്പെട്ടതും വിമര്‍ശവിചിന്തനം ചെയ്യേണ്ടതുമായി വിലയിരുത്തപ്പെടുന്നു. ഗുരു വൈക്കം സത്യഗ്രഹത്തില്‍ നേരിട്ടു നേതൃത്വമോ പങ്കാളിത്തമോ വഹിച്ചിട്ടില്ല.ദേശീയവാദവുമായി അദ്ദേഹം ഒരിക്കലും രാജിയായിട്ടില്ല. പാശ്ചാത്യ അധുനികതയെ നമ്മുടെ ഗുരുക്കളായി കണ്ട ഗുരുവാണ് കേരള ആധുനികതയുടെ വിധാതാവായത്. ദേശീയവാദ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ടി. കെ. മാധവനിലൂടെയാണ് ഗുരു വൈക്കം സത്യഗ്രഹത്തെ ആശീര്‍വദിച്ചത്. പൊതുമണ്ഡലപ്രവേശവും സാമൂഹ്യപങ്കാളിത്തവും പ്രാതിനിധ്യവാദവും ഊന്നുന്ന നിരവധി പ്രസ്താവനകള്‍ ഗുരുവില്‍ നിന്നുണ്ടായിട്ടുണ്ട്.

രാഷ്ട്രീയ പ്രാതിനിധ്യവും
സഞ്ചാര സ്വാതന്ത്ര്യവും ജനായത്തവും

ഗുരു വിഭാവനം ചെയ്ത കേരള നവോത്ഥാന ആധുനികതയുടെ കാതല്‍ ജനായത്തപരമായ സാമൂഹ്യ പങ്കാളിത്തവും സംതുലനവും പ്രാതിനിധ്യ ചിന്തയുമായിരുന്നു. പ്രവേശനം നിഷേധിക്കപ്പെടുന്നിടത്തെല്ലാം മനുഷ്യര്‍ എന്ന നിലയില്‍ കടന്നു കയറണമെന്നും അതിനായി എത്രയും അടിയും ചവിട്ടും പോലും കൊള്ളണമെന്നും ജീവന്‍ പോലും അര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാതിയാണതിനു കാരണമെങ്കില്‍ ആ ജാതിയെ ഇല്ലാതാക്കുകയും മതത്തെ വ്യക്തികാര്യമാക്കുകയും മതസ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും ചെയ്യണമെന്നദ്ദേഹം നിര്‍ദേശിച്ചു. വിലക്കപ്പെട്ട മൂടിവച്ചിരിക്കുന്ന പാല്‍പായസം എടുത്ത് യഥേഷ്ടം കുടിക്കണമെന്നദ്ദേഹം പ്രത്യേകം ഓര്‍മിപ്പിച്ചു. ജാതിഹിന്ദുക്കള്‍ കുത്തകയാക്കി വച്ചിരിക്കുന്ന രാഷ്ട്രീയാധികാരത്തെയാണ് ഗുരു പാല്‍പായസ രൂപകത്തിലൂടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനുമായി ദാഹിച്ച ജനതയുടെ ഉള്ളിലേക്കു കടത്തിവിട്ടത്.പ്രാതിനിധ്യത്തിന്റെ പുതുരാഷ്ട്രീയമായ ജനായത്തമായിരുന്നു ഗുരുവിനു പാല്‍പായസം. ബുദ്ധനിലാണതു തുടങ്ങുന്നത്. അംബേദ്കറും സഹോദരനുമാണത് ഇന്ത്യയിലും കേരളത്തിലും രാഷ്ട്രീയ ഭൗതികമൂര്‍ത്തമാക്കിയെടുത്തത് (ശേഖര്‍ 2012, 2015).

രാഷ്ട്രീയ പ്രാതിനിധ്യവും ഭരണപങ്കാളിത്തവുമുണ്ടായാലേ യഥാര്‍ത്ഥ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും തുല്യതയും ഉണ്ടാകൂ. ജനായത്തത്തിന്റെ അടിത്തറയാണ് സാമൂഹ്യ പ്രാതിനിധ്യം. അതു സാമ്പത്തികമല്ല. എല്ലാവരും കുബേരരായ സമുദായത്തിനും ജനായത്തത്തില്‍ രാഷ്ട്രീയ പ്രാതിനിധ്യം വേണം. തിരുവിതാംകൂറിലെ ഏറ്റവും വലിയ നികുതിദായകനായ ധനാഢ്യന്‍ ആലുമ്മൂട്ടില്‍ ചാന്നാര്‍ക്കും അവര്‍ണനായതിനാല്‍ തീണ്ടലായിരുന്നു. ഇറക്കുമതി ചെയ്ത കാറു പോലും അദ്ദേഹത്തിന് പൊതുവഴിയില്‍ പ്രത്യേകിച്ചും അമ്പലവഴികളില്‍ ഓടിക്കാനോ അതിലൂടെ സഞ്ചരിക്കാനോ സ്വാതന്ത്ര്യമില്ലായിരുന്നു. മാവേലിക്കരയിലെ പ്രാചീന ബൗദ്ധവിഹാരം അഥവാ പുത്തരുടെ അഥവാ പുത്തരച്ചന്റെ പള്ളിയായിരുന്ന കണ്ടിയൂര്‍ അമ്പലത്തിനയലത്തു വരുമ്പോള്‍ ചാന്നാര്‍ സ്വന്തം കാറില്‍ നിന്നും ആനപ്പുറത്തു നിന്നും ഇറങ്ങി തീണ്ടാപ്പാടു മാറി വയലും തോടും താണ്ടി വഴിമാറി വരണം. ശൂദ്രനോ മുസ്ലീമോ ആയ ഡ്രൈവര്‍മാര്‍ക്കും ആനപ്പാപ്പാന്മാര്‍ക്കും തീണ്ടലില്ലതാനും.

മൂടിവച്ച പാല്‍പ്പായസം
യഥേഷ്ടം എടുത്തു
കുടിക്കണം…


ശ്രീനാരായണഗുരു

സഞ്ചാരസ്വാതന്ത്ര്യ പ്രക്ഷോഭം അജയ്യമാക്കിയ അയ്യങ്കാളിക്ക് തമിഴകത്തു നിന്ന് വില്ലുവണ്ടി വാങ്ങിവരുത്താന്‍ കഴിഞ്ഞു, പക്ഷേ അതു തിരുവിതാംകൂറില്‍ ഓടിക്കാന്‍ ജാതിവിലക്കായിരുന്നു. സാമ്പത്തികമല്ലായിരുന്നു വിവേചനവും അസമത്വവും അനീതിയും. തികച്ചും ജാതിയും വര്‍ണവുമായിരുന്നു അവര്‍ണരുടെ വിദ്യാഭ്യാസവും പുരോഗതിയും പ്രാതിനിധ്യവും മാനവികവികാസവും അധികാരപങ്കാളിത്തവും ജനായത്ത പ്രവേശവും തടഞ്ഞത്. കേരളത്തേയും ഇന്ത്യയേയും ഇന്നും തകര്‍ക്കുന്നതും മാനവികമായ ക്ഷേമവും പുരോഗതിയും ഐക്യവും തടയുന്നതും ജാതിയും വര്‍ണവും തന്നെ. ഇതിനെ നൈതികമായും മാനവികമായും കാരുണികമായും ചെറുത്ത ധീരനായ പടനായകനായിരുന്നു സഹോദരഭാഷയില്‍ ഗുരു. അദ്ദേഹം ജാതിക്കും സനാതന വൈദിക വര്‍ണാശ്രമധര്‍മത്തിനും ഏതിരായി അണിനിരത്തിയ സമഗ്രമായ സാംസ്‌കാരിക സമരങ്ങളാണ് ഇന്ന് കേരളത്തിനും ഇന്ത്യക്കും മാതൃക. ജാതിഹിന്ദു അമിതാധികാരവും അമിത പ്രാതിനിധ്യവും സവര്‍ണ അധികാര കുത്തക ഇരട്ടിപ്പിക്കുന്ന സാമ്പത്തിക സംവരണവും മറ്റും ഇന്ത്യയുടെ നൈതിക ആധാരമായ ഭരണഘടനയെ അട്ടിമറിക്കുമ്പോള്‍ പ്രത്യേകിച്ചും.

അമിത പ്രാതിനിധ്യ ജാതിഹിന്ദു കുത്തകയും ഒളിഗാര്‍ക്കിയും

എട്ടാം നൂറ്റാണ്ടോടെ തുടങ്ങിയ ജാതിയുടെ ഇരുട്ടില്‍ നിന്നും ആധുനികതയുടെ സന്ദര്‍ഭത്തില്‍ കേരളത്തെ മോചിപ്പിച്ച ഗുരുവിന്റെ വണ്ടിക്കുപോലും ജാതിക്കുശുമ്പ് അള്ളുവച്ചു. അദ്ദേഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം പോലും ഒളിഗാര്‍ക്കിയുടെ ക്ഷുദ്രമായ കുത്തകയെ അലോസരപ്പെടുത്തി. വേഗതയുടെ ജനായത്തവും ബഹുജന ചാലകതയും ബ്രാഹ്മണ്യത്തിനും സനാതന വൈദിക വര്‍ണജാതി വ്യവസ്ഥയ്ക്കും എന്നും ഉള്‍ക്കിടിലമായിരുന്നല്ലോ. കടലു കടന്നാല്‍ ജാതിയില്ല. തീവണ്ടി വന്നപ്പോള്‍ ചണ്ഡാലര്‍ വൈക്കത്തമ്പലത്തിലേക്കു വരുമെന്നാണ് പല മലയാളി കുലീനരും പരിശുദ്ധപിതാക്കളും പറഞ്ഞത്.ഗുരുവിന്റെ കാറിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്ന ദുരവസ്ഥയും ഇടയ്ക്കുണ്ടായി. ഗുരുവിന്റെ റിക്ഷാവണ്ടി പോലും ജാതിക്കോമരങ്ങള്‍ തടഞ്ഞു .വൈക്കത്തെ അമ്പലവഴിയില്‍. കാരണം പതിനാറാം നൂറ്റാണ്ടുമുതല്‍ അവര്‍ണരായ പൂര്‍വബൗദ്ധരുടെ നിഴലുപോലും വീഴാതെ ബ്രാഹ്മണ്യത്തിന്‍ ശുദ്ധവരേണ്യരായ പാദജര്‍ പടജനങ്ങള്‍ വൈക്കത്തെ കാക്കുകയായിരുന്നല്ലോ.

ഗുരു വൈദിക പുരുഷസൂക്തത്തെ വിമര്‍ശിച്ചു പരിഹസിച്ചു ചോദിച്ചപോലെ മരംപൊട്ടിമുളച്ച് ബ്രഹ്മപുരുഷന്റെ പാദത്തില്‍ നിന്നല്ലോ അവരുടെ ജനനം. ദേവകളെന്നാണദ്ദേഹം പ്രബുദ്ധരായ ബഹുജനങ്ങളെ അവര്‍ണരെ വിളിച്ചത്. 1918 ല്‍ ശ്രീലങ്ക ആദ്യവട്ടം സന്ദര്‍ശിച്ചപ്പോള്‍ തന്നെ പ്രഖ്യാപിച്ചു നമ്മുടേതും ബുദ്ധമതം തന്നെ. അമരമുദ്ധരിച്ച് അദ്വയവാദിയായ വിനായകനായ ബുദ്ധന്റെ വഴിയിലാണു താനെന്നു വ്യക്തമായി പറഞ്ഞു. രണ്ടാം വട്ടം 1924ല്‍ മലയാളത്തിലേക്കു താനിനിയില്ല എന്നും പറഞ്ഞു. ശിഷ്യര്‍ കൈകാല്‍ പിടിച്ചു തിരികെ പോരുകയായിരുന്നു.

ഇവിടെ ബുദ്ധിസത്തെ തീര്‍ത്തുറപ്പിക്കപ്പെട്ട ജാതിഹിന്ദുത്വവും അതിന്‍ പാഠങ്ങളും തിരികെവരികയാണ്. സ്മൃതിശ്രുതിപുരാണ പട്ടത്താനങ്ങള്‍ നടമാടുകയാണ്, ശൂദ്രലഹള 2018ല്‍ ഭരണഘടനയും അട്ടിമറിച്ചു. ശൂദ്രമക്ഷരസംയുക്തം ദൂരത പരിവര്‍ജയേ എന്നു മനുസ്മൃതിയും ഈ ചാതുര്‍വര്‍ണ്യം മയാസൃഷ്ടമെന്നു ഗീതിയും പറയുന്നു. ഗുണകര്‍മങ്ങള്‍ അനുനിമിഷം മാറുമ്പോള്‍ എങ്ങനെ വര്‍ണം നിശ്ചയിക്കും എന്നു ഗുരു തിരിച്ചു ചോദിച്ചു, പക്ഷേ അദ്ദേഹത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ചിലര്‍ പിന്നീട് ഗീതാസ്വാധ്യായവും വേദാന്തവ്യഖ്യാനങ്ങളും വരെ എഴുതിക്കൊടുത്തു, സാമ്പത്തിക സംവരണത്തെയും ഇക്കൂട്ടര്‍ അനുകൂലിച്ചു പറഞ്ഞു. ഗുരുവിന്റെ പേരുപയോഗിച്ചു പേരെടുത്ത അല്‍പ്പര്‍ക്കു പറ്റിയ ഈ വീഴ്ച്ചകളാണ് ഇന്ന് ജാതിഹിന്ദുത്തത്തിന് മുതല്‍ക്കൂട്ടുന്നത്.

ഭരണിക്കുപോകല്ലേ
സോദരരേ…
ഭരണിക്കു പോകല്ലേ
നിങ്ങളാരും…


സഹോദരൻഅയ്യപ്പന്‍

ഇന്നത്തെ ദേവസ്വം ബോർഡിലും പൊതുസേവനരംഗത്തും എന്ന പോലെ ജാതിഹിന്ദു കുത്തക പ്രമാദമാകുന്നു.

മലയാളി മെമ്മോറിയലിലൂടെ പ്രാതിനിധ്യവാദം പറഞ്ഞ് അധികാരത്തിലേറിയവര്‍ അവര്‍ണര്‍ കടക്കാത്ത കോട്ടയായി അതിനെ കുത്തകയാക്കി. അധികാരം ഏതാനും മലയാളി കുലീനരിലേക്കു കേന്ദ്രീകരിക്കുകയാണിന്ന് വീണ്ടും. സവര്‍ണ സാമ്പത്തിക സംവരണത്തിലൂടെ നടക്കുന്ന വര്‍ത്തമാന അട്ടിമറി ഇന്ത്യന്‍ ഭരണഘടനയെ പോലും തരിപ്പണമാക്കുന്നു. ലോകത്തെ ജനായത്തത്തിനു തന്നെ ഭീഷണിയാണ് ഒളിഗാര്‍ക്കി. മാനവരാശിക്കു ഭീഷണിയായ ആ അന്തകവിത്തും അര്‍ബുദവുമാണ് ഭേദഗതി 103 ലൂടെ നമ്മുടെ ഭരണഘടനയിലേക്കു കുത്തിയിറിക്കിയിരിക്കുന്ന കഠാര. സാമൂഹ്യ നീതിയേയും സാമുദായിക പ്രാതിനിധ്യത്തേയും ഊന്നുന്ന അടിസ്ഥാന ഘടനയ്ക്കു കടകവിരുദ്ധമാണ് മുന്നാക്കമെന്ന അമിത പ്രാതിനിധ്യമുള്ളവര്‍ക്കുമാത്രം കൊടുക്കുന്ന സാമ്പത്തിക സംവരണം. കെ.ആര്‍. നാരായണന്‍ വിഷ്വല്‍ ആര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും എറണാകുളം ലോകോളേജിലും കാസർകോട് ഗവണ്‍മെന്റ് കോളേജിലുമെല്ലാം നടമാടിയ ജാതിക്കുത്തക ഭരണങ്ങള്‍ നാം 2022-23 കാലത്തു കണ്ടു. രാഷ്ട്രീയ പ്രാതിനിധ്യമെന്ന അടിസ്ഥാന ജനായത്ത പ്രക്രിയക്കും സംസ്‌കാരത്തിനും നീതിക്കും നിരക്കാത്തതാണീ അമിത പ്രാതിനിധ്യ കുത്തക. ജാതിഹിന്ദുക്കള്‍ എല്ലാ പൊതുസേവന വിദ്യാഭ്യാസ രംഗങ്ങളിലും അമിതപ്രാതിനിധ്യത്തിലിരിക്കവേയാണീ അമിതാധികാര കവര്‍ച്ച.

ഏതാനും വരേണ്യരുടെ രാഷ്ട്രീയാധികാര കുത്തകഭരണം എന്ന ഒളിഗാര്‍ക്കിയെയാണ് ഗുരു 1924ല്‍ തന്നെ ഇങ്ങനെ വിലക്കപ്പെട്ട പാല്‍പ്പായസ രൂപകത്തിലൂടെ വിമര്‍ശ വിചാരവും വിചാരണയും നടത്തിയത്. 1930 കളുടെ തുടക്കത്തില്‍ വട്ടമേശസമ്മേളനത്തിനായി തയ്യാറാക്കിയ കരടു ഭരണഘടനയിലാണ് അംബേദ്കര്‍ കേവല ഭരണമാറ്റം ഒളിഗാര്‍ക്കിയുടെ അഥവാ ജാതിഹിന്ദുവരേണ്യരിലേക്കുള്ള ഭരണക്കൈമാറ്റമാകുമെന്ന മുന്നറിയിപ്പു തന്നത്. അതിനും ശേഷം 1935 ഓടെയാണ് ഇറ്റാലിയന്‍ ചരിത്രവുമായി ബന്ധപ്പെടുത്തി അന്റോണിയോ ഗ്രാംഷി ഒളിഗാര്‍ക്കിയെ കുറിച്ച് വിശദീകരിച്ചത്. ലോകത്തെ ഫാഷിസത്തിന്റെ നിശിതവിമര്‍ശമാര്‍ന്ന, സ്ഥിതിസമത്വ ജനായത്തവുമായി ബന്ധപ്പെട്ട രാഷ്ട്രീയചിന്തയും രാഷ്ട്രമീമാംസയുമായി താരതമ്യം ചെയ്യുമ്പോഴും ഗുരുവിന്‍ ക്രാന്തദര്‍ശിത്തത്തെ അടയാളപ്പെടുത്തുന്നതാണ് രാഷ്ട്രീയപ്രാതിനിധ്യമെന്ന പാല്‍പ്പായസരൂപകം.

ഗുരുവിന്റെ ഇടപെടലുകളും
സഞ്ചാരസ്വാതന്ത്ര്യസമരങ്ങളുടെ
വംശാവലികളും

ശ്രീനാരായണഗുരു നേരിട്ട്‌ വൈക്കംസത്യഗ്രഹത്തില്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ ജാതിവിരുദ്ധമായ ധാര്‍മിക സമരത്തിന് എല്ലാവിധ പിന്തുണയും സഹായസഹകരണങ്ങളും നല്‍കിയ ദാര്‍ശനികബലമായിരുന്നു അദ്ദേഹം. വല്‍സലശിഷ്യനായ ടി. കെ. മാധവനിലൂടെയാണ്ഗുരു ഇതു സാധ്യമാക്കിയത്. മാധവനിലൂടെയുംകോണ്‍ഗ്രസിലൂടെയുംവികസിച്ച വൈക്കംസത്യഗ്രഹ സമരത്തിലേക്കുവഴിതെളിച്ച നിരവധി ബഹുജനസമരങ്ങള്‍ നമുക്കുമുന്നിലുണ്ട്. അതിലേറ്റവുംപ്രധാനമാണ്ദളവാക്കുളം സമരവുംകൂട്ടക്കൊലയും(ശേഖര്‍ 2016).

വൈക്കത്തെ ദളവാക്കുളം ഇന്നൊരു ബസ്‌സ്റ്റന്റാണ്. ഇന്നൊരുകുളം പോലും അവിടെശേഷിക്കുന്നില്ല. വൈക്കത്തമ്പലത്തിന്റെകിഴക്കേ നടയിലാണിത്. തിരുവിതാംകൂര്‍ ദളവാ അഥവാ ദിവാന്‍ ആയിരുന്ന വേലുത്തമ്പിയുടെ പേരുമായി ബന്ധപ്പെട്ടാണീസ്ഥലപ്പേരു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജാതിക്കും തീണ്ടലിനുമെതിരേ സമരം നടത്തി അമ്പലത്തില്‍ പ്രവേശിക്കാനായി സമരജാഥ നടത്തി വന്ന അവര്‍ണരെ കിഴക്കേ നടയിലിട്ട്കൂട്ടക്കൊല ചെയ്ത്ചവിട്ടിത്താഴ്ത്തിയ കുളമാണ്ദളവാക്കുളം. അന്നത്തെ ദളവായായിരുന്ന വേലുത്തമ്പിയുടെ കുത്സിതമായ ഉത്തരവിനെ തുടര്‍ന്ന് കിങ്കരൻമാരായ കുഞ്ഞുക്കുട്ടി പിള്ളയും വൈക്കം പപ്പനാവ (പദ് മനാഭ) പിള്ളയും കുതിരപ്പക്കിയും കൂടിയാണീകൊടുംകൊല നേരിട്ടു നടത്തിയത് (ദലിത്ബന്ധു 2006, 2016).

അയ്യങ്കാളി
അംബേദ് കർ
ടി.കെ. മാധവൻ

1924-25 കാലത്തെ വൈക്കംസത്യഗ്രഹത്തിലേക്കു നയിച്ച ചരിത്ര സംഭവങ്ങളില്‍ ഏറ്റവും നിര്‍ണായകമായ ദളവാക്കുളം വെട്ടിക്കൊലയെകുറിച്ച്, പ്രബലമാകുന്ന ഹിന്ദുബോധത്താല്‍ പ്രേരിതരായ പുതിയ തലമുറമറന്നു പോയിരിക്കുന്നു. മാധ്യമങ്ങളുടേയും അക്കാദമികളുടേയും മൗനവും ഈ വിനാശകരമായ പൊതുമറവിയ്ക്കും ചരിത്ര തമസ്‌കരണത്തിനും ആക്കംകൂട്ടുന്നു. വിദേശികളടക്കം വൈക്കം സത്യഗ്രഹത്തെ കുറിച്ചു പഠിച്ചിട്ടുള്ളവരൊക്കെയും സമ്മത അജ്ഞതയാല്‍ വിട്ടുപോവുകയോ മറക്കുകയോ ചെയ്യുന്ന കേരളചരിത്രത്തിലെ ഒരു നിര്‍ണായക സംഭവമാണ്ദളവാക്കുളം കൂട്ടക്കൊല (ശേഖര്‍ 2018). മേരികിങ്ങിന്റെ ഓക്‌സ്‌ഫോഡ് പുറത്തിറക്കിയ പുതിയ പുസ്തകത്തിലും വൈക്കം സമരത്തെ ഗാന്ധിയന്‍ സത്യഗ്രഹത്തിന്റെ വിശുദ്ധ തൊഴുത്തില്‍ തന്നെയാണ്ഒതുക്കിക്കെട്ടുന്നത്. (കിങ്ങ് 2015). 604 ദിവസം നീണ്ട ഈ സമരത്തിലേക്കു നയിച്ച നാള്‍വഴികളും സംഭവങ്ങളും വിമര്‍ശ ചരിത്രബോധത്തോടെ വീണ്ടെടുക്കേണ്ടതുണ്ട്.

രാഷ്ട്രീയ പ്രാതിനിധ്യവും ഭരണപങ്കാളിത്തവുമുണ്ടായാലേ യഥാര്‍ത്ഥ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും തുല്യതയും ഉണ്ടാകൂ. ജനായത്തത്തിന്റെ അടിത്തറയാണ് സാമൂഹ്യ പ്രാതിനിധ്യം. അതു സാമ്പത്തികമല്ല. എല്ലാവരും കുബേരരായ സമുദായത്തിനും ജനായത്തത്തില്‍ രാഷ്ട്രീയ പ്രാതിനിധ്യം വേണം. തിരുവിതാംകൂറിലെ ഏറ്റവും വലിയ നികുതിദായകനായ ധനാഢ്യന്‍ ആലുമ്മൂട്ടില്‍ ചാന്നാര്‍ക്കും അവര്‍ണനായതിനാല്‍ തീണ്ടലായിരുന്നു.

കേരളത്തിന്റേയും വൈക്കത്തിന്റെയും വെട്ടിമൂടപ്പെട്ട പ്രബുദ്ധ ചരിത്രങ്ങള്‍ കടലും കായലും വച്ചുണ്ടായ കരയാണ്‌ വൈക്കം. വെച്ചൂരും കുടവച്ചൂരുമെല്ലാം വൈക്കത്തിനു തെക്കുവശത്തായി വേമ്പനാട്ടുകായല്‍ക്കരയിലാണ്.സംഘകാലം മുതല്‍ അതായത്അശോകന്റെ മിഷനറിമാര്‍ ജലമാര്‍ഗം തെന്നിന്ത്യയിലും സിലോണിലുമെത്തിയ ബി. സി. മൂന്നാം നൂറ്റാണ്ടുമുതലെങ്കിലും തികച്ചും ബൗദ്ധവും ജൈനവുമായിരുന്നു തമിഴകത്തിന്റെ ഇതര ഭാഗങ്ങളും കടലോര, കായലോര പ്രദേശങ്ങളും പോലെ വൈക്കവും. ഇന്നത്തെ വൈക്കത്തമ്പലത്തിനുള്ളിലുള്ള പനച്ചിക്കല്‍ കാവ്അതൊരു ബുദ്ധവിഹാരവും സംഘാരാമവുമായിരുന്നു എന്നതിന്റെ നിലനില്‍ക്കുന്ന തെളിവാണ്. വട്ടശ്രീകോവില്‍ തേരാവാദരീതിയിലുള്ള മഹാസ്തൂപത്തിന്റെ വാസ്തുശില്പ പരിണാമമാണ്. വട്ടങ്ങളും (കുറ്റി, കോട്ടം എന്നും പറയും) മുക്കാല്‍ വട്ടങ്ങളെന്ന ഗജപൃഷ്ടവാസ്തു ശൈലിയും തികച്ചും ബൗദ്ധമായ പ്രതീകാത്മകാര്‍ഥങ്ങളുമാണ് പേറുന്നത്(ശേഖര്‍ 2018, 2021).

ദയാനദിക്കരയില്‍ ധൗലിഗിരിയില്‍ അശോകന്‍ സാക്ഷാത്കരിച്ച പോലെ ഗജോത്തമന്‍ അഥവാ വിനായകന്‍ എന്ന അര്‍ഥത്തിലുള്ള പുത്തരുടെ പ്രതിനിധാനമാണ് ഗജപൃഷ്ട അഥവാ മുക്കാല്‍വട്ട വാസ്തുശില്പം. അജന്തയിലും കലിംഗത്തും ഉള്ള തേരാവാദ പുരാവസ്തുക്കളില്‍ ഇതിന്റെ ഉത്ഭവം കാണാം. മാഹാബലിപുരത്തെ പഞ്ചരഥ സൈറ്റിലുംഗജോത്തമ ശില്പവും ഗജപൃഷ്ഠവാസ്തുശില്പവും അടുത്തടുത്തായി താരതമ്യം ചെയ്തു കാണാനുളള അവസരമുണ്ട്. ആദിപല്ലവര്‍ ബൗദ്ധരായിരുന്നു. ആറാം നൂറ്റാണ്ടില്‍ ചീനത്തേക്കു പോയ ബോധി ധര്‍മന്‍ ഇതിനു തെളിവാണ്. കേരളത്തിലും ഈഴത്തുമാണ് വട്ടഡാഗേ അഥവാ വട്ടക്കോവിലുകളുടെ പ്രചാരം ഏറ്റവും കൂടുതല്‍ കാണുന്നത്.
എട്ടാം നൂറ്റാണ്ടോടെ തമിഴകത്ത്അപ്പരും ജ്ഞാന സംബന്ധരും കൂടി തുടക്കമിട്ട ലിംഗപൂജയില്‍ കേന്ദ്രീകരിക്കുന്ന വമ്പിച്ച ശൈവഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായാണ്ചിത്തരുടെ അഥവാ വജ്രയാന സിദ്ധരുടെ അമ്പലമായിരുന്ന തില്ലൈയിലെ ചിത്തംബലത്തെ ചിദംബരമാക്കിയും പിന്നീട്‌ രാജരാജചോളന്റെ തഞ്ചാവൂരിലെ പെരുംകോവിലിനെ ശൈവമാക്കിയുമെല്ലാം പൗരോഹിത്യ ആണ്‍കോയ്മയായ ബ്രാഹ്മണിക ഹിന്ദുമതം തമിളകത്ത്ഹിംസാത്മകമായ നഖമാഴ്ത്തിയത്. ഇതിന്റെ ഭാഗമായി വ്യാഖ്രപാദനെന്ന പുലിക്കാല്‍ ഋഷിയും മറ്റും മധ്യകാലത്ത്‌ വൈക്കത്തെ വിഹാരത്തിലെ വട്ടത്തിനുള്ളിലുണ്ടായിരുന്ന പുത്തരെ പുറംതള്ളി വമ്പിച്ച ശിലാലിംഗംസ്ഥാപിക്കുന്നത്. ആദിയില്‍ഖരനെന്ന അസുരന്‍ (രാക്ഷസവല്‍ക്കരിക്കപ്പെട്ട ബൗദ്ധന്‍) നടത്തിയസ്തൂപ പ്രതിഷ്ഠയെ പുലിക്കാലനും പിന്നെ പരശുരാമനും സ്വായത്തമാക്കി ലിംഗമാക്കി ബ്രാഹ്മണര്‍ക്കു കൈമാറുന്നു എന്നാണ്ഔദ്യോഗിക ഐതീഹ്യവും. കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, എറണാകുളം അമ്പലങ്ങള്‍ക്കും ഇതു ബാധകമാണ്.

തൊട്ടുകൂടാത്തവരായ അവര്‍ണരെങ്ങനെയുണ്ടായി, ആരാണവരുടെ തുണിയഴിപ്പിച്ചത് അന്നുമുതല്‍ അമ്പലത്തിന്റേയും കാവിന്റേയുംയഥാര്‍ഥ ഉടമസ്ഥരായ ബൗദ്ധബഹുജനങ്ങളെ ബ്രാഹ്മണ്യത്തിനു കീഴ്‌വഴങ്ങാത്തവര്‍ എന്ന നിലയില്‍ അവര്‍ണരും തീണ്ടല്‍ക്കാരുമായി അമ്പല പരിസരങ്ങളില്‍ നിന്നു തന്നെ ആട്ടിയകറ്റുകയും അവരുടെ മനുഷ്യാവകാശങ്ങളും സഞ്ചാരസ്വാതന്ത്ര്യം തന്നെയും നിഷേധിക്കുകയും ചെയ്തു. അമ്പലത്തിന്റേയും കാവിന്റേയും ഉടയവര്‍ സംഘടിച്ചുവന്ന് തിരിച്ചു പിടിക്കാതിരിക്കാനായിരുന്നു അമ്പലത്തിലേക്കുള്ള പൊതുവഴികളില്‍ പോലും ഹിന്ദുമതം അവര്‍ണര്‍ക്കു പ്രവേശനം നിരോധിച്ചത്.

ദളവാക്കുളമെന്ന
ജാതിക്കൊലനിലവും വീരശൂരപരാക്രമവും

ഇരുനൂറോളം അവര്‍ണ ഇരകളുടെ ശവശരീരങ്ങള്‍ തൊട്ടടുത്തുള്ള ചളിനിറഞ്ഞ കുളത്തിലിട്ട്ചവിട്ടിയമര്‍ത്തി. അന്നു മുതലാണ് കിഴക്കേ നടയിലെ കുളത്തിന് ദളവാക്കുളം എന്ന പേരുണ്ടായത്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ വര്‍ണാശ്രമ ധര്‍മ സംസ്ഥാപനത്തിനായുള്ള കിരാതമായജാതിക്കൊലയാണ്ദളവാക്കുളംകൂട്ടക്കൊല എന്നറിയപ്പെടുന്നത്. ”തമ്പിയങ്ങുന്നായ” വേലുദളവായും നായര്‍ കുപ്പിണിയും തന്നെയാണ്അതിന്റെ ഉത്തരവാദികള്‍.
ഈ കിരാത ജാതി മര്‍ദ്ദനം വൈക്കത്തേയും തിരുവിതാം കൂറിലേയും അവര്‍ണരെയാകെ കിടിലം കൊള്ളിക്കുന്നതായിരുന്നു. പലരും ചേര്‍ത്തലയിലേക്കും കുറവിലങ്ങാട്ടേക്കും കുടിയൊഴിഞ്ഞു പോയി. കുറവിലങ്ങാട്ടേക്കു പോയവരാണ്കു റച്ചോവര്‍ എന്നറിയപ്പെട്ടത് (ദലിത്ബന്ധു 2006). മര്യാദാ പുരുഷോത്തമൻമാരായ രാമലക്ഷ്മണാദികള്‍ അസുര (ബൗദ്ധ) യായ രാവണസോദരിയോടു ചെയ്ത പോലെ അവര്‍ണരുടെ ചെവിയും മൂക്കും മുറിക്കുക എന്നതായിരുന്നു ദളവായുടേയും നായര്‍ ക്കുപ്പിണിയുടേയും മറ്റൊരു ക്രൂരവിനോദം (മുന്‍ സംഭാഷണം). ഇതിനു സമാനമായ മര്‍ദ്ദനങ്ങള്‍ തെക്കന്‍ തിരുവിതാംകൂറിലും വേലുത്തമ്പി നടത്തിപ്പോന്നിരുന്നു. പഴയവേണാട്ടിലെ അവര്‍ണ ബഹുജനങ്ങളിലെ ധീരരായ നാടാര്‍ സമുദായത്തിനെതിരായിരുന്നു തലക്കുളത്തു തമ്പിയുടെ പ്രമാദമായ പടവെടികള്‍. നാടാര്‍ സമുദായമാകെ കാടുകയറണ്ട ദുരവസ്ഥ വരെ ദളവാ വേലുത്തമ്പി ഉണ്ടാക്കിയിട്ടുള്ളതായി പ്രൊഫസര്‍ജെ. ഡാര്‍വിന്‍ തന്റെ ‘ഒരു നഷ്ടജനതയും രാജ്യവും ‘എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ഡാര്‍വിന്‍ 2015).
എത്രമാത്രം കിരാതമായ മര്‍ദ്ദനങ്ങളിലൂടെയാണ്ശൂ ദ്രപ്പടയാളി മാന്യൻമാര്‍ കേരളത്തിലും തമിഴകത്തിലും വര്‍ണാശ്രമധര്‍മപരമായ സനാതന വൈദിക ബ്രാഹ്മണമതമെന്ന ജാതി ഹിന്ദുമതത്തെ സംസ്ഥാപനം ചെയ്തതും ഗ്ലാനി തട്ടാതെ സംരക്ഷിച്ചതെന്നും മനസ്സിലാക്കാവുന്ന ചരിത്രസന്ദര്‍ഭവും പാഠവുമാണിത്. ആന്ധ്രയിൽനിന്നുള്ള നായ്ക്കൻമാര്‍ മധ്യകാലാരംഭം മുതല്‍ ശൈവ ഭക്തിയുമായി കലര്‍ന്ന് ബ്രാഹ്മണിസത്തിന്റെ നല്ലപിള്ള ചമഞ്ഞ്തികഞ്ഞ ദണ്ഡനീതിക്കാരായ ശൂദ്രസേനയായി തമിഴകത്തെ നാഗരിക സമൂഹമായ നാടാര്‍ സമുദായത്തിനെതിരേ നടത്തിയ ഹിംസാത്മകമായ അടിച്ചമര്‍ത്തലിനും അരും കൊലയ്ക്കും ജാതിമര്‍ദ്ദനത്തിനും സമാനമാണ്ജാതി വ്യവസ്ഥയുംവര്‍ണാശ്രമധര്‍മവും അടിച്ചുറപ്പിച്ച 14, 15 നൂറ്റാണ്ടുകളോടെ സംബന്ധത്തിലൂടെയും മരുമക്കത്തായത്തിലൂടെയും നമ്പാവുന്ന ”നല്ലവരായ” നായൻമാരായിഉയര്‍ന്ന മലയാളിശൂദ്രര്‍ ബ്രാഹ്മണിസത്തിന്റെ പാദസേവയ്ക്കും ലൈംഗിക കോളനിവല്‍ക്കരണത്തിനും പിതൃശാസനയ്ക്കും വഴങ്ങാത്ത അവര്‍ണരായ സ്വന്തം സോദരര്‍ക്കു നേരെചെയ്തകൊടുംകൊലകള്‍.
ദളവാക്കുളം കൂട്ടക്കൊല മനുസ്മൃതി അനുശാസിക്കുന്ന തികഞ്ഞ ഹൈന്ദവ ബ്രാഹ്മണ്യപരമായ ഈ ദണ്ഡനീതിക്ക് ഒരു തികഞ്ഞ ഉദാഹരണമാണ്. ഇത്തരം നിരവധി ജാതിക്കൊലകളിലൂടെയും നിരന്തര മര്‍ദ്ദനങ്ങളിലൂടെയുമാണ്ജാ തിക്കും ബ്രാഹ്മണ്യത്തിനും കീഴടങ്ങാതിരുന്ന അവര്‍ണരെ അവരിലെ എഴുത്തും വായനയും ബൗദ്ധിക വിചാരവുമുണ്ടായിരുന്ന ഈഴവരെ പ്രത്യേകിച്ചും ചവിട്ടിയമര്‍ത്തിയതും നാടാര്‍ സമുദായത്തെ പോലെതന്നെ ചിതറിച്ചതും. ഇഞ്ചത്തലയും ഈഴത്തലയും ഒരുപോലെ നന്നായി ചതയ്ക്കണം എന്ന വരേണ്യ പഴമൊഴി ഈ അവര്‍ണ മര്‍ദ്ദനത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്നു. 1923 ല്‍ വൈക്കത്തിനു തെക്കുവടയാറ്റില്‍ നടന്ന എസ്. എന്‍. ഡി. പി.യോഗത്തിന്റെ സമ്മേളനത്തില്‍ കുമാരനാശാന്‍ ദളവാക്കുളം സമരത്തെ കുറിച്ച്‌ സംസാരിച്ചതായും യോഗം പ്രാദേശിക നേതാവ് തലയോലപ്പറമ്പിലെ കെ. ആര്‍. നാരായണന്‍ അതച്ചടിച്ചു പ്രസിദ്ധീകരിച്ചതായും ദലിത്ബന്ധു രേഖപ്പെടുത്തുന്നു (2016: 28-29).

”അഹിന്ദുക്കളേയും നായ്ക്കളേയും” ചെറുക്കുന്ന ഇന്നത്തെ ബോർഡുകളും പഴയതീണ്ടല്‍പ്പലകകളുടെ പ്രഛന്നരൂപങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അധിനിവേശ ആധുനികത തുറന്ന വിമോചന സന്ദര്‍ഭത്തില്‍ വൈക്കത്തെ പ്രബുദ്ധ ധീരരായ അവര്‍ണര്‍ തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും തിരിച്ചുപിടിക്കാനായി തങ്ങളുടെ ബൗദ്ധപാരമ്പര്യമായ അഹിംസയിലും നൈതികതയിലും ഊന്നിത്തന്നെ ഒരു പൊതുസമരം നടത്തി. വൈക്കം വടക്കു, കിഴക്കുഭാഗത്തുള്ള ഇരുനൂറിലധികം ഈഴവയുവാക്കള്‍ ഒന്നുചേര്‍ന്ന് ഒരു പരസ്യ പ്രഖ്യാപനം നടത്തി. തങ്ങളുടേതായിരുന്ന കാവിലേക്ക്അവര്‍ പൊതുവായ ആരാധനയ്ക്കായി ഒരു ദിവസം ഒന്നിച്ചു പോകുന്നു എന്നതായിരുന്നു ആ ഐതിഹാസികമായ തീരുമാനവും പരസ്യ പ്രഖ്യാപനവും.

ദലിത്ബന്ധു എന്‍. കെ. ജോസ്‌ രേഖപ്പെടുത്തുന്നത് ഈ സംഭവം 1806 ലായിരുന്നു എന്നാണ് (ദലിത്ബന്ധു 2006, 2016). 1391 ല്‍ ഇന്നത്തെ ജട്ടിക്കും അമ്പലത്തിനും ഇടയില്‍ വൈക്കം ക്രൈസ്തവ പള്ളിസ്ഥാപിക്കപ്പെടുമ്പോള്‍ അമ്പലം ഒരു ഹിന്ദുക്ഷേത്രമായിരുന്നില്ല എന്നും അദ്ദേഹം വാദിക്കുന്നു. കാരണം ഹിന്ദു ക്ഷേത്രമായിരുന്നെങ്കില്‍ അത്രയും അടുത്ത് ഒരു ക്രൈസ്തവദേവാലയത്തിന് അനുമതി കിട്ടുകയില്ലായിരുന്നു (ദലിത്ബന്ധു 2016: 42-45). സ്റ്റെല്ല ക്രാംറിച്ച് എന്ന വിദേശ ഗവേഷകയുടെ വാദത്തെ അംഗീകരിച്ചുകൊണ്ട്‌ വൈക്കത്തമ്പലം ഒരു ഹിന്ദുക്ഷേത്രമായിമാറുന്നത് 1539 ലാണെന്ന് ദലിത്ബന്ധു എഴുതുന്നു (2016: 44). പുലിക്കാലന്റെ പഥസഞ്ചലനവും ശിലാന്യാസവും പതിനാറാം നൂറ്റാണ്ടിലാവാം നടന്നത്.

ജാതിയും തീണ്ടലും കീഴടങ്ങാത്ത
പൂര്‍വബൗദ്ധരോടുള്ള മതഹിംസ

ചാതുര്‍വര്‍ണ്യത്തെ അംഗീകരിക്കാത്ത വര്‍ണാശ്രമധര്‍മത്തിനു പുറത്തുള്ള അതിനാല്‍ ജാതിഹിന്ദുക്കള്‍ക്ക്അയിത്തക്കാരായ ഈഴവര്‍ അമ്പലത്തിലേക്കു വരുന്നു എന്ന വാര്‍ത്ത തിരുവിതാംകൂര്‍ തലസ്ഥാനമായ തിരുവനന്തപുരത്തുമെത്തി. വൈക്കം പപ്പനാവപിള്ള അതുതന്റെ തമ്പുരാനായ തമ്പിയുടെ ചെവിയിലെത്തിച്ചു. ജയന്തന്‍ നമ്പൂരിയെന്ന ഉപജാപക്കാരനായ കോഴിക്കോടന്‍ ബ്രാഹ്മണന്റെ പാവയായിരുന്നു അവിട്ടംതിരുനാള്‍ ബാലരാമവര്‍മ (1782-1810) എന്ന തിരുവിതാംകൂര്‍ രാജാവ്. ആധുനിക തിരുവിതാംകൂറിന്റെ വാസ്തുശില്പിയായ ദിവാന്‍ രാജാകേശവദാസരെ (1745-99)വീട്ടുതടവിലാക്കി വിഷം കൊടുത്തു കൊന്ന കൗടില്യ-നാരദനായിരുന്നു ജയന്തന്‍ നമ്പൂരി. തുടര്‍ന്നു ലഹളക്കാരനായി വന്നു ദളവയായി തിരുവിതാംകൂറിലെ സേനയിലെ അവര്‍ണരെ മുഴുവനായി പിരിച്ചുവിടുകയും നായര്‍പ്പടയുടെ കൂലി കുറയ്ക്കുകയും ചെയ്ത അവസരവാദിയായ അധികാരക്കൊതിയനായിരുന്നു നാഗര്‍കോവിലില്‍ നിന്നുള്ള വേലുത്തമ്പി (1765-1809).
തികഞ്ഞ ഇടപ്രഭുവും വര്‍ണാശ്രമത്തിലെ ”നല്ല” ശൂദ്രനും അതിനാല്‍ അവര്‍ണ മര്‍ദ്ദകനുമായിരുന്ന ദളവവേലുത്തമ്പി തന്റെവീറും ആണത്തവും ഉയര്‍ത്തിക്കാട്ടാനുള്ള അവസരമായി വൈക്കത്തെ അവര്‍ണരുടെ സമരത്തെ കാണുകയും വര്‍ണാശ്രമധര്‍മമെന്ന സനാതന ഹിന്ദുമതത്തേയും അതിന്റെ പരമപൗരോഹിത്യമായ ബ്രാഹ്മണിക ആണ്‍കോയ്മയേയും വെല്ലുവിളിക്കുന്ന ഈഴവയുവാക്കളെ ഒരു പാഠം പഠിപ്പിക്കാനുള്ള നിശിതമായ ഉത്തരവു തന്റെ കിരാത കിങ്കരൻമാർക്കു കൊടുക്കുകയും ചെയ്തു.

”പപ്പനാവന്റെ നാലുകാശു” വാങ്ങുന്ന ഒരു സൈനികദൂതന്‍ വൈക്കത്തെത്തി. വൈക്കം പപ്പനാവ പിള്ളയും കുഞ്ഞുക്കുട്ടി പിള്ളയും അവര്‍ണരുടെ തല നോക്കി പറന്നുവെട്ടുന്ന കുതിരപ്പക്കി നായകനും നായര്‍പ്പടയും തയ്യാറായി. 1806 ലെ മുന്‍കൂട്ടി പ്രഖ്യാപിച്ച ദിവസം രാവിലെ അമ്പലത്തിനു കിഴക്കു വശത്ത്ഒത്തു ചേര്‍ന്ന്ഈഴവ യുവാക്കള്‍ കിഴക്കേ നടയിലേക്കു നടന്നുവന്നു. പൂര്‍ണമായും നിരായുധരായും സമാധാനപരമായുമായിരുന്നു അവരുടെവരവ്. തങ്ങളുടേതായിരുന്ന കാവിലേക്ക്ആരാധനയ്ക്കായി പ്രവേശിക്കാന്‍ വേണ്ടിയാണവര്‍ വന്നതെന്ന് പഴമക്കാര്‍ഓര്‍ക്കുന്നു. തികച്ചും ന്യായവും മനുഷ്യാവകാശപരവും സഞ്ചാരസ്വാതന്ത്ര്യത്തേയും ആരാധനാ സ്വാതന്ത്ര്യത്തേയും ഉയര്‍ത്തിപ്പിടിച്ചതുമായ ഈ പൊതു സമരത്തില്‍ അണിചേര്‍ന്ന എല്ലാ ഈഴവയുവാക്കളേയും കുഞ്ഞുക്കുട്ടി പിള്ളയുടെ നേതൃത്വത്തിലുള്ള നായര്‍പ്പട വൈക്കം കിഴക്കേനടയിലിട്ട് നിഷ്‌കരുണം വെട്ടിത്തള്ളി അരുംകൊലചെയ്തു.
അപ്രതീക്ഷിതമായ ഈ അരുംകൊലയില്‍ വെട്ടുകൊണ്ടോടിയവരെ കുതിരപ്പക്കിയും ഇതര പടനായകൻമാരും പുറകേ പോയി വെട്ടി വീഴ്ത്തിയെന്നാണ് ദലിത്ബന്ധു പറയുന്നത് (ടെലിഫോണ്‍ സംഭാഷണം 2015 ഒക്‌റ്റോബര്‍ 3). പിന്നാലേ പോയി അവരെ വീടുകളില്‍ ചെന്നുവേട്ടയാടി രണ്ടുദിവസം കഴിഞ്ഞു തിരിച്ചെത്തിയപ്പോഴെക്കും ശരീരങ്ങള്‍ ദൂരേക്കെടുത്തു കൊണ്ടു പാകാനാവത്തവിധത്തിലായിരുന്നു (ദലിത്ബന്ധു 2016: 32). ഇത്രയധികം പേരെ പ്രത്യേകം കുഴികളെടുത്തു മനുഷ്യോചിതമായി മറവുചെയ്യുന്നതു നായര്‍പ്പട്ടാളത്തിനു മിനക്കേടും അധികപ്പറ്റുമായി തോന്നി. തങ്ങള്‍ വെട്ടിക്കൊന്ന അവര്‍ണരുടെ മൃതദേഹങ്ങളേയും അപമാനിച്ചുകൊണ്ട് ”നല്ലവരായ” ശൂദ്രൻമാര്‍ ശവത്തില്‍ കുത്തുന്ന കുപ്രസിദ്ധമായ ആ എളുപ്പപ്പണിചെയ്തു.വര്‍ണാശ്രമ ധര്‍മമെന്ന സനാതന ഹിന്ദുമതത്തോടും അതിന്റെ കാതലായ ബ്രാഹ്മണ പൗരോഹിത്യ ആണ്‍കോയ്മയോടുമുള്ള കൂറും ആജൻമദാസ്യവും കാട്ടി ചാരിതാര്‍ത്ഥ്യരായി.

ഗുരുവിന്റെ വണ്ടിയും
ആശാന്റെ വീരപുളകവും

കേട്ടാല്‍ വീരപുളകമുണര്‍ത്തുന്ന ധീരതയാണ് ദളവാക്കുളത്തിലുറങ്ങുന്ന യുവധീരരായ സോദരര്‍ ചെയ്തതെന്നായിരുന്നു ആശാന്‍ വടയാര്‍ പ്രസംഗത്തില്‍ പറഞ്ഞത്. വിശദാംശങ്ങള്‍ യുവഗവേഷകര്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ ദണ്ഡനീതിയും ജാതിമര്‍ദ്ദനവും ഇരുപതാം നൂറ്റാണ്ടിലുംതുടര്‍ന്നു. 1888 ലെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ബ്രാഹ്മണികമായ പ്രതിഷ്ഠാപനത്തേയും പൗരോഹിത്യക്കുത്തകയേയും അട്ടിമറിച്ച നാരായണഗുരു തന്റെ സൈക്കിള്‍റിക്ഷയില്‍ വൈക്കത്തു വന്നപ്പോള്‍ ശിഷ്യനും മഹാകവിയുമായ കുമാരനാശാനൊപ്പം അദ്ദേഹത്തെ ജാതിക്കോമരങ്ങള്‍ തടയുകയും തിരിച്ചുപോകാന്‍ അന്ത്യശാസനം കൊടുക്കുകയും ചെയ്തു.
അയ്യന്‍കാളിയേയും തന്റെ വില്ലുവണ്ടിയില്‍ നിന്നും ഇറങ്ങി തീണ്ടല്‍ക്കാരുടെ വളഞ്ഞവഴി നടന്നു പോകാന്‍ ഈ ശൂദ്രക്കോമരങ്ങള്‍ നിര്‍ബന്ധിക്കുകയുണ്ടായി. ജാതിക്കോമരങ്ങള്‍ തീണ്ടല്‍ക്ഷേത്ര മെന്ന പരശുരാമക്ഷേത്രഭൂമിയാക്കിയ കേരളത്തെ നവോത്ഥാന സാമൂഹ്യ വിപ്ലവത്തിലൂടെ വിമോചിപ്പിച്ച കേരളബുദ്ധനായിതാനും കറുപ്പന്‍മാഷും സഹോദരനും ചമല്‍ക്കാരം ചെയ്തിട്ടുള്ള ശ്രീനാരായണഗുരുവിനെ വഴിതടഞ്ഞ ജാതിയുടെ പൗരോഹിത്യ-പടയാളി ചങ്ങാതത്തിന്റെ കൊടിയ ഇരുട്ടിനെ കുറിച്ച്മൂലൂര്‍ ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്.

മൂലൂരിന്റെരാഷ്ട്രീയ കവിതകളും പുലവൃത്തങ്ങളും പാലിയില്‍ നിന്നു സഹോദര പ്രേരണയാല്‍ നേരിട്ടു നടത്തിയ പുത്തരുടെ ധർമ്മപദ വിവര്‍ത്തനവും സര്‍വകലാശാലാ പാഠപുസ്തകങ്ങളാകേണ്ടതുണ്ട്. സഹോദരനും കറുപ്പനും മൂലൂരും പാഠ്യപദ്ധതിയിലേക്കു വന്നാലേ കേരളം ഇനി രക്ഷപ്രാപിക്കൂ. ഇവയുടെ ആംഗല പരിഭാഷകളും ജനകീയ സര്‍ക്കാരുകളും അക്കാദമികളും സര്‍വകലാശാലകളും ഇന്ത്യക്കായി അടിയന്തിരമായി നല്‍കിയാലേ ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ അവസ്ഥയും നന്നാകൂ. ലോകത്തിനു തന്നെ വെളിച്ചം കൊടുക്കുന്ന നൈതിക രാഷ്ട്രീയ കാവ്യ പാഠങ്ങളാണിവ. ഗുരുവിന്റെ തിരുവള്ളുവരിലൂടെ തുടങ്ങുന്ന കാവ്യ വഴി ശിഷ്യരിലാണു പൂത്തുലയുന്നത്. ഗുരു തിരുക്കുറല്‍ മൊഴിമാറ്റിയപ്പോള്‍ മൂലൂര്‍ പുത്തരുടെ ധർമ്മപദം തന്നെ കേരള ഭാഷയിലാക്കി. ആശാന്റെ അന്ത്യരചനകളെല്ലാം തികച്ചും ബൗദ്ധമായിരുന്നു. കരുണയും ചണ്ഡാലഭിക്ഷുകിയും ബുദ്ധചരിതവും ഉദാഹരണങ്ങളാണ്. അമ്പത്തൊന്നില്‍ പൊലിഞ്ഞില്ലായിരുന്നെങ്കില്‍ ആശാന്‍ തിപിടകങ്ങളെല്ലാം മൊഴിമാറ്റിയേനെ. സഹോദരനിലാണ് 1934ല്‍ ഒരു ബുദ്ധകാണ്ഡം ആധുനിക കേരളമൊഴിയില്‍ ഉണ്ടാകുന്നത് (അയ്യപ്പന്‍ 2001).

ദളവാക്കുളത്തേയും നങ്ങേലിയേയും
മായിക്കുന്ന തീണ്ടാരികളുടെ ശൂദ്രലഹള

ഇരുപതാം നൂറ്റാണ്ടിലുംതുടര്‍ന്ന ബ്രാഹ്മണ-ശൂദ്ര ജാത്യാഭാസമാണ്അവര്‍ണ ബഹുജനങ്ങളെ വീണ്ടും സമരത്തീയിലേക്കിറക്കിയത്. നിര്‍ഭാഗ്യവശാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലോ അക്കാദമി ലക്ഷ്മീനായര്‍ സംഭവം 2017 ല്‍ വ്യക്തമാക്കിയപോലെ ഈ ജാത്യാഭാസങ്ങള്‍ പെരുകുകയാണ്. ഗുരുവിന്റെ ശിഷ്യനും കോണ്‍ഗ്രസ് നേതാവുമായ ടി. കെ. മാധവന്‍ കാക്കിനാഡയിലും മറ്റും പോയി കോണ്‍ഗ്രസ്‌ ദേശീയ നേതാക്കളേയും ഗാന്ധിജിയേയും മറ്റും നിരവധി തവണ കണ്ടു സംസാരിച്ചാണ്അഹിംസയിലൂന്നിയ സത്യഗ്രഹ സമരത്തിലേക്കു വൈക്കത്തെ വഴിനടത്തിയത്. അതിന്റെ പരിമിതികളും തിരിച്ചടികളും തീര്‍ച്ചയായും അതിന്റെ നടുനായകത്വം കയ്യാളിയ ഗാന്ധിജിക്കും കോണ്‍ഗ്രസിലെ ജാതിഹിന്ദു നേതാക്കള്‍ക്കുമാണുള്ളത് എന്ന കാര്യത്തില്‍ മേരികിങ്ങിനെ പോലെ ആര്‍ക്കും ഇന്നു സംശയമില്ല. എന്നാല്‍ ജാതിയേയും തീണ്ടലിനേയും അവസാനിപ്പിക്കണം എന്ന നിശ്ചയവും ആശയവും സമരവും അനിഷേധ്യമാക്കിയത്അവര്‍ണരായ ബഹുജനങ്ങളുടെ നൂറ്റാണ്ടുകള്‍ നീണ്ട സമരങ്ങളിലൂടെയാണ്. ദളവാക്കുളം കൂട്ടക്കൊല ഇവിടെ പരമ പ്രധാനമാണ്.

1806 ലാണ് ദളവാക്കുളം സഞ്ചാര സ്വാതന്ത്ര്യസമരം. അതിനും മൂന്നുവര്‍ഷം മുമ്പാണ് 1803 ലെ ചേര്‍ത്തലയിലെ ഈഴവ വനിതയായ നങ്ങേലിയുടെ രക്തസാക്ഷിത്വം. മുലക്കരം അവസാനിപ്പിക്കാനായി നങ്ങേലി തന്റെ മുലകളരിഞ്ഞു കരംപിരിവു കണക്കപ്പിള്ളയുടെ മുന്നിലിട്ട് ചോരവാര്‍ന്നു മരിച്ചു. കേട്ടറിഞ്ഞോടിവന്ന ഭര്‍ത്താവ് കണ്ടപ്പന്‍ അവളുടെ ചിതയില്‍ ചാടി ജീവന്‍ വെടിഞ്ഞു. കേരളത്തിലേയും ഇന്ത്യയിലേയും ആധുനികകാലത്തെ ആദ്യ മനുഷ്യാവകാശപോരാളിയും ഫെമിനിസ്റ്റും കേരള നവോത്ഥാന വിപ്ലവ പരമ്പരകളുടെ തുടക്കക്കാരിയുമാണ് ഈഴവ യുവതിയായ ചേര്‍ത്തല നങ്ങേലി. നങ്ങേലിയുടെ കൊച്ചുമക്കളും പരമ്പരകളും ബന്ധുക്കളും ഇന്നും ചേര്‍ത്തലയിലും കരപ്പുറത്തും ജീവിക്കുന്നു. ആഗോളരായ തറവാടി പിള്ളമാരുടെ ചരിത്രത്തില്‍ ഇതെല്ലാം വെറും കെട്ടുകഥകളത്രേ. മഖ്യന്മാരെ പോലും തെരുവില്‍ ജാതിത്തെറി വിളിക്കുന്ന മണിപ്പിള്ളയുടെ മണിപ്രവാളമാണല്ലോ അവരുടെ വജ്രായുധം. നങ്ങേലിക്കു മുലക്കരം കൊടുക്കാന്‍ പണമില്ലായിരുന്നു, പ്രശ്‌നം സാമ്പത്തികമായിരുന്നു എന്നാണ് സര്‍ക്കാരിന്റെ ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റായ വരേണ്യ സ്ത്രീപണ്ഡിത ജനപഥം വാരിക 2019 ജനുവരിയില്‍ സാമ്പത്തിക സംവരണ സാധൂകരണം പോലെ എഴുതി വിട്ടത്. നങ്ങേലിയെന്ന പേരുപോലും അവര്‍ണ പെണ്ണിന് പത്തൊമ്പതാം നൂറ്റാണ്ടിലില്ല എന്നു പ്രസംഗിച്ച ഈ സാമൂഹ്യ ശാസ്ത്ര വിശാരദയാണിന്നും കേരളത്തിന്‍ നികുതിപ്പണം പിടുങ്ങുന്ന ജന്‍ഡര്‍ കണ്‍സള്‍ട്ടന്റ്. പൊതു ചിലവില്‍ ഇത്തരം ബ്രാഹ്മണീയ ക്ഷുദ്ര ചരിതങ്ങള്‍ പടച്ചു വിട്ടച്ചടിക്കുന്നവരാണിവിടെ ചരിത്രാധിനായകര്‍.

2018 നവമ്പറിലായിരുന്നല്ലോ 85 ശതമാനം ഒറ്റജാതിക്കാരുടെ കുത്തകയായിരുന്ന ദേവസ്വം ബോർഡില്‍ പത്തുശതമാനം സാമ്പത്തിക സംവരണം ഭരണഘടനയെ അട്ടിമറിച്ച് കേരള നിയമസഭയിലൂടെ, ഇടതിലൂടെ നടപ്പാക്കി യൂണിയന്‍ ഭരണകൂടത്തെ പോലും അതിനായി വെല്ലുവിളിച്ചത്. പന്ത്രണ്ടോ പതിനാലോ ശതമാനം തികയാത്ത മലയാളി കുലീനരായ ജനവിഭാഗം എങ്ങനെ എല്ലാ രംഗത്തും 85 ശതമാനവും അതിലേറെയും കയ്യിട്ടുവാരുന്നു എന്ന കാര്യം ബഹുജനങ്ങള്‍ ചോദിക്കുന്നില്ല. സവര്‍ണതയുടെ തന്ത്രങ്ങള്‍ സഹോദരന്‍ പറഞ്ഞ പോലെ ദൈവത്തെ പിശാചായും പിശാചിനെ ദൈവമായും വര്‍ണിക്കും. ഭയങ്കരമാണീ ബ്രാഹ്മണീയവും ക്ഷുദ്രവുമായ ആഖ്യാന ബലവും കുലീന കുടില തന്ത്രവും.

മിഷനറിമാരുടെ ഇടപെടല്‍ തുടങ്ങുന്ന 1810 നും മുമ്പാണ് നങ്ങേലിയും ദളവാക്കുളത്തിലെ ഈഴവ യുവാക്കളും രക്തസാക്ഷിത്വം വരിച്ചതെന്നതും ശ്രദ്ധേയമാണ്. ബുദ്ധിസത്തെ തകര്‍ത്ത് ജാതിസ്ഥാപിച്ച മധ്യകാലം മുതലുള്ള ജൈവികമായ പോരാട്ടങ്ങളുടെ പരമ്പരയിലാണീ ധീര മനുഷ്യാവകാശ പോരാളികളുടെ ചരിതങ്ങള്‍ എന്നതാണ് ഓര്‍മിക്കേണ്ട ചരിത്ര വസ്തുത. നാഞ്ചിനാട്ടിലെ നാടാര്‍ സ്ത്രീകളുടെ മാറുമറയ്ക്കല്‍ പ്രക്ഷോഭം 1812 നുശേഷം 1820 കളോടെ സജീവമായി 1860 കളുടെ അന്ത്യം വരെ തുടര്‍ന്നു. ശകുന്തളാദേവിയും യേശുവടിയാളും നങ്ങേലിയോടൊപ്പം ഓര്‍ക്കേണ്ട ആദിമ രക്തസാക്ഷികളായ ധീരധാര്‍മിക വനിതകളാണ്. 200 വര്‍ഷം തികഞ്ഞ 2023ല്‍ നാഗര്‍കോവിലില്‍ കൂടിയ പിണറായിയും സ്റ്റാലിനും സനാതനധര്‍മമാണീ മുലക്കരവും തലക്കരവും ജാതിക്കരങ്ങളും ചെലുത്തി ജനതയെ പീഡിപ്പിച്ചതെന്നേറ്റു പറഞ്ഞു. അയ്യാ വൈകുണ്ഠരോടും പെരിയാറിനോടും ഒപ്പം പല ജാതിക്കരങ്ങളും 1812 ല്‍ നിറുത്താന്‍ റീജന്റു റാണിമാരെ നിര്‍ബന്ധിച്ച കേണല്‍ മണ്‍റോയേയും സ്റ്റാലിന്‍ ഓര്‍ത്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോട്ടു ചെയ്തത്.

അറുനൂറു ദിവസത്തിലധികം നീണ്ട വൈക്കം സത്യഗ്രഹ സമരത്തില്‍ സിഖുകാരടക്കമുള്ള ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും സജീവവും ക്രിയാത്മകവുമായ ഭൗതിക, ധാര്‍മിക പിന്തുണ നല്‍കിയിട്ടുണ്ട്. നിരവധി അവര്‍ണ ബഹുജനങ്ങള്‍ ഈ കാലത്ത്‌ സിഖുമതമടക്കമുള്ള ന്യൂനപക്ഷ മതങ്ങളിലേക്കു മാനസാന്തരം ചെയ്തിട്ടുണ്ട്. അക്കാലത്തുതന്നെ ഗുരു ആയിരം രൂപ സത്യഗ്രഹ സമരത്തിനു സംഭാവന ചെയ്തിട്ടുണ്ട്. ജാതിജൻമിത്തത്തേയും വര്‍ണാശ്രമത്തേയും ഇനിയും താങ്ങിനിര്‍ത്താനാവില്ല എന്നുതിരിച്ചറിഞ്ഞ സവര്‍ണരിലെ മന്നം അടക്കമുള്ള നേതാക്കള്‍ ”സവര്‍ണജാഥ”യും നയിച്ചു സമരവിജയത്തില്‍ പങ്കാളിയായി. എന്നാല്‍മേരികിങ്ങുവ്യക്തമാക്കുന്ന പോലെ പലതരംതല്‍സ്ഥിതിഒത്തുതീര്‍പ്പുകളും നിറഞ്ഞതായിരുന്നുസത്യഗ്രഹത്തിന്റെ പരിണാമം.

ആറാട്ടുപുഴയുടെ സാഹസിക സഞ്ചാരങ്ങള്‍

അവര്‍ണര്‍ക്കായി അമ്പലം പണിതു പ്രതിഷ്ഠ നടത്തിയ കായംകുളത്തെ ആറാട്ടുപുഴ വേലായുധ പണിക്കര്‍ (1825-74) ദളവാക്കുളം കൂട്ടക്കൊലയ്ക്കു ശേഷമാണ് 1850 ല്‍ വേഷംമാറി ഒരു ”വേഷബ്രാഹ്മണ”നായി (അയ്യോതിതാസരുടെപ്രയോഗവും പരികല്‍പ്പനയും) വൈക്കം അമ്പലത്തില്‍ വരികയും താന്ത്രികമായ രീതികള്‍ നിരീക്ഷിച്ചു മനസ്സിലാക്കുകയും തിരിച്ചറിയപ്പെട്ട നിമിഷത്തില്‍ വൈക്കം വേമ്പനാട്ടുകായല്‍ കടവില്‍ കാത്തുകിടന്ന തന്റെ തണ്ടുവച്ച വള്ളത്തില്‍ കായംകുളത്തേക്കു രക്ഷപ്പെടുകയും ചെയ്തു. താന്ത്രികവിധികള്‍ പഠിക്കാന്‍ മാത്രമല്ല ജാതിഹിന്ദുക്കളുടെ കോട്ടയ്ക്കുള്ളില്‍ നിര്‍ബാധം വിഹരിച്ച്ദളവാക്കുളം കൂട്ടക്കൊലയടക്കമുള്ള അവരുടെ കിരാത തന്ത്രങ്ങളെ കുറിച്ചു മനസ്സിലാക്കാനും ദണ്ഡനീതിക്കാരെ ഒന്നു വെല്ലുവിളിക്കാനും കൂടിയാവാം വേലായുധ പണിക്കര്‍ വൈക്കത്തമ്പലത്തില്‍ പ്രവേശിച്ചത്.

ദളവാക്കുളം സമരം അനിഷേധ്യമായി തുറന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്റെ പ്രക്ഷോഭത്തെ അരനൂറ്റാണ്ടിനു ശേഷം സജീവമാക്കുകയായിരുന്നു ആറാ ട്ടു പുഴ. അതാണ് ഗുരുവിന്റെ കാലത്തു വീണ്ടും ഉദിച്ചത്. അവര്‍ണര്‍ക്കായി രാത്രിപ്പള്ളിക്കൂടങ്ങളും വായനശാലയും അമ്പലവും കളിയോഗവും കളരിയും നടത്തിയ വേലായുധ പണിക്കരെ, ആദ്യമേല്‍ശീലക്കലാപവും, കാര്‍ഷിക സമരവും മൂക്കുത്തികലാപവും പ്രാദേശികമായി സംഘടിപ്പിച്ച ആറാട്ടുപുഴ വേലായുധ പണിക്കരെ ചതിയില്‍ വാടകക്കൊലയാളികളെ അയച്ച് ഉറക്കത്തിനിടെ സവര്‍ണാധീശത്വം വകവരുത്തുകയായിരുന്നു. ജാതിയേയും ബ്രാഹ്മണ്യത്തേയും വെല്ലുവിളിച്ച ബൗദ്ധരേയും, ബൗദ്ധപാരമ്പര്യമുള്ള അവര്‍ണരേയും, അവര്‍ണര്‍ക്കായി പോരാടിയ ആറാട്ടുപുഴ വേലായുധ പണിക്കരേയുമെല്ലാം ജാതിഹിന്ദുക്കള്‍ ഒന്നൊഴിയാതെ വകവരുത്തിയത്കണ്ടും കേട്ടുമായിരുന്നു നാണുവാശാന്‍ വളര്‍ന്നതും തന്റെ ജാതിവിരുദ്ധ ജീവിതസമരത്തെ വികസിപ്പിച്ചതും. അതുകൊണ്ടാണ് 1888 ലെ അരുവിപ്പുറം പ്രതിഷ്ഠ പല ബ്രാഹ്മണിക കോണുകളില്‍ നിന്നുംചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഗുരു എന്ന വൈഷ്ണവനാമം അദ്ദേഹം ആത്മരക്ഷാപരമായി എടുത്തണിഞ്ഞത്. ശിവന്‍ എന്ന പ്രയോഗവും, ശിവഗിരിയെന്ന പേരുമെല്ലാം ഇത്തരത്തില്‍ സാന്ദര്‍ഭികവും പ്രത്യയശാസ്ത്രപരവുമാണ്, അതിനെ അതിന്റെ ശരിയായ പശ്ചാത്തലത്തിലും ചരിത്ര സന്ദര്‍ഭത്തിലും ബഹുജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. വൈഷ്ണവനാമവും ശിവപദപ്രയോഗവുമുപയോഗിച്ച് നാണുവാശാനെ ഹിന്ദു സന്യാസിയാക്കുന്ന വമ്പിച്ച വ്യവഹാരങ്ങളാണ്‌ വര്‍ത്തമാനത്തില്‍ അവര്‍ണരെ ഹിന്ദുവല്‍ക്കരിക്കാനായി പരിവാര പാദജശക്തികള്‍ ഉപയോഗിക്കുന്നത്. ഇത്തരം രഹസ്യ അജണ്ടകളേയും പ്രചാരണ പദ്ധതികളേയും വിമര്‍ശാത്മകമായി അപനിര്‍മിക്കാനും ചെറുക്കാനും ശ്രമിക്കുക എന്നതാവും വിമോചനാത്മകം.
ഈഴവ ശിവന്‍ എന്നാല്‍ ഈഴത്തിന്‍ ശിവന്‍ അഥവാ സംഘത്തിന്‍ ശുഭകാരകനായ നായകന്‍ അഥവാ ലോകനാഥനായ ബുദ്ധന്‍ എന്നാണര്‍ഥം. ആറാട്ടുപുഴയും 1852 ലെ ജ്ഞാനേശ്വരം പ്രതിഷ്ഠയെ തുടര്‍ന്ന് ദിവാന്‍ ടി. മാധവറാവുവിനോടു വിശദീകരിച്ചത് അത് ഈഴവ ശിവനാണെന്നാണ്. ഗുരു ഈഴമെന്ന പദമുപയോഗിക്കില്ല എന്നു ചില ഗീതാസ്വാധ്യായക്കാരായ പരിമിതര്‍ എഴുതിവിട്ടു. ഈഴവരെന്നത് ഒരു ജാതിയല്ല കേരളത്തിലെ അടിസ്ഥാന ജനതയാണെന്നു പ്രഖ്യാപിച്ചത് ഗുരുവാണ്. അത് കൊണ്ട് തന്റെ പേരിലുള്ള യോഗത്തില്‍ ജാതിയും മതവും നോക്കാതെ എല്ലാ മനുഷ്യര്‍ക്കും അംഗത്വം കൊടുക്കണമെന്നും ഗുരു പ്രത്യേകം പറഞ്ഞു. ഈ യുക്തി മനസ്സിലായ ഇളംകുളം പോലും ഈഴവരെന്നാല്‍ സംഘക്കാരായ ബൗദ്ധജനതയാണെന്ന് വിശദീകിച്ചിട്ടുണ്ട്. ഈഴം എന്നാല്‍ ഇഴചേര്‍ന്ന സംഘം. ഇഴയടുപ്പവും ഇഴപ്പെരുപ്പവും ഇഴപ്പെരുമയും ഇഴുകിച്ചേരുന്നതാണ് ഈഴം. പ്രാചീന തമിഴില്‍ ഇതു സംഘത്തിനു തുല്യമായ പദമാണ്. ഈഴക്കൊന്ന, ഈഴമുല്ല, ഈഴച്ചെമ്പകം എന്നിങ്ങനെ നിരവധി സംഘക്കുലകള്‍ പ്രകൃതിയിലുണ്ട്. സംഘകൃഷിക്ക് ഈഴകൃഷി എന്നും പറയുന്നു. സംഘത്തിന്‍ നാടായതു കൊണ്ട് ശ്രീലങ്കയേയും തമിഴകത്ത് ഈഴം എന്നു വ്യവഹരിച്ചു. ഈഴവര്‍ എന്നാല്‍ സംഘക്കാര്‍ എന്നേ അര്‍ഥമുള്ളു. സംഘക്കാര എന്ന കുടുംബപ്പേര് ഇന്നും ലങ്കയിലുണ്ട്.

സഞ്ചാരസ്വാതന്ത്ര്യസമര സ്മാരകങ്ങളും
നൈതിക സാംസ്‌കാരികനിര്‍മിതികളും

പ്രബുദ്ധരായ കേരള മക്കളുടെ ധീരമായ ജാതിവിരുദ്ധ പ്രതിരോധത്തിന്റെ ഐതിഹാസികമായ സ്ഥലനാമ അവശേഷിപ്പായ ദളവാക്കുളത്തെ ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കേണ്ടത്‌ സാംസ്‌കാരികചരിത്ര രാഷ്ട്രീയ ബോധമുള്ള ഓരോ പൗരന്റേയും ജനപ്രതിനിധികളുടേയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടേയും സര്‍ക്കാരിന്റേയും പൊതുവായ ചുമതലയാണ്. വൈക്കം നഗരസഭയും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ക്കും അക്കാദമികള്‍ക്കും ചരിത്രത്തെ ഉണര്‍ത്താനും പുതുതലമുറകളിലേക്ക്ജാതിക്കും ബ്രാഹ്മണ്യത്തിനുമെതിരായ മാനവിക ജനായത്ത സംസ്‌കാരത്തെ വിനിമയംചെയ്യാനുമുള്ള പ്രാഥമികമായ ധാര്‍മിക ബാധ്യത ഭരണഘടനാപരമായി തന്നെ ഉള്ളതാണ്.

ബഹുജനങ്ങള്‍ സ്വന്തം ചരിത്രം മറക്കുമ്പോഴാണ് ഫാസിസം വീട്ടിലും നാട്ടിലും കാലുനാട്ടുന്നത്. വൈകിയവേളയിലെങ്കിലും നമുക്കുണര്‍ന്നെണീക്കാം. ദളവാക്കുളം രക്തസാക്ഷികളെകുറിച്ചുള്ള ഒരു നാടന്‍പാട്ട്ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും വൈക്കത്തു സജീവമായിരുന്നു. 1924 ലെ ടി. കെ. മാധവന്റെ ദേശാഭിമാനി അതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും വരികള്‍ മാത്രം ഇന്ന്ദലിത്ബന്ധുവിന്റെ പുസ്തകത്തിലുണ്ട്. വൈക്കത്തെ മാലുതണ്ടാരെന്ന ജനനായകനായിരുന്നു സമരനായകനെന്ന് ദലിതബന്ധുവിലയിരുത്തുന്നു. കാരണം സമരവീരന്‍മാരെക്കുറിച്ചുള്ള നാടന്‍ പാട്ടില്‍ അദ്ദേഹത്തെ കീര്‍ത്തിക്കുന്നു. മാത്രമല്ല സി. വി. കുഞ്ഞിരാമന്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാലുതണ്ടാരെകുറിച്ചുള്ള ഒരു ലഘുജീവചരിത്രം രചിക്കുകയുമുണ്ടായി. സുജിത്‌ കെ. എസ്. എന്ന കലാകാരന്‍ ഒരു ശില്പം ദളവാക്കുളം കൂട്ടക്കൊലയെകുറിച്ച്‌ ചെയ്തിട്ടുണ്ട്. ദ്വാരപാലകനെ കടിച്ചു ചവയ്ക്കുന്ന ഒരു തലയോട്ടിയാണിത്. ഇതു വൈക്കം കായല്‍ക്കരയില്‍ നിന്നും നമ്മെ നോക്കുന്നുണ്ട്.

നമ്മുടെ കലയും സാഹിത്യവും സംസ്‌കാരവുമെല്ലാം കേരള ചരിത്ര യാഥാര്‍ഥ്യങ്ങളുമായി സംവദിച്ച് നൈതികവും കൂടുതല്‍ യാഥാര്‍ഥ്യ ബോധമുള്ളതുമായി മാറേണ്ടതുണ്ട്. കേരളത്തിന്‍ കുലീനത വെട്ടിമൂടി മറച്ചിരിക്കുന്ന അശോകന്‍ പ്രബുദ്ധ ചരിത്രം പള്ളിക്കൂടങ്ങളില്‍ മുതല്‍ സര്‍വകലാശാലകളില്‍ വരെ പഠിപ്പിക്കപ്പെടണം. നങ്ങേലിയും ദളവാക്കുളവും നാടാര്‍ പെണ്ണുങ്ങളുടെ മാറുമറയ്ക്കല്‍ കലാപവും ആറാട്ടുപുഴയുടെ സാമൂഹ്യ സാംസ്‌കാരിക സമരങ്ങളും വിദ്യാഭ്യാസഗവേഷണ പഠനങ്ങളുടെ അടിത്തറയാകണം. സവര്‍ണതയുടെ കാമമോഹിതമായ കുലീന കാല്പനിക കുടില ആഖ്യാനബലം യാഥാര്‍ഥ്യത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും സത്യ നീതികളില്‍ നിന്നും ജനതയെ അകറ്റും. സൗന്ദര്യാത്മകതയും ഭോഗാത്മകതയും യോഗാത്മകതയും പലതരം മായാമാന്ത്രികവാദങ്ങളും സവര്‍ണാഖ്യാനങ്ങളെ ഊട്ടിയുറപ്പിക്കുന്നു.

മാധ്യമപരവും അക്കാദമികവുമായ കുത്തക ജാതിഹിന്ദു പ്രത്യയ ശാസ്ത്രം ജാതിഹിന്ദുക്കളുടെ അമിതപ്രാതിനിധ്യം പെരുപ്പിക്കാനും നിലനിര്‍ത്താനും മാത്രമേ ഉപയോഗിക്കൂ. അത്തരം അധീശ സമവായവും സാമാന്യബോധവും വിമര്‍ശാത്മകമായി തകര്‍ക്കുകയും ചെറുക്കുകയും അപനിര്‍മിക്കുകയും ചെയ്താലേ ബഹജനതയ്ക്കു തങ്ങളുടെ പ്രാതിനിധ്യങ്ങളും പ്രതിനിധാനങ്ങളും വികസിപ്പിക്കാനാവൂ. അല്ലാത്ത പക്ഷം കേരള ദേവസ്വം ബോർഡുപോലെ അത് ഒറ്റജാതി കുലീന ഹിന്ദുക്കളുടെ ലാവണങ്ങളും തൊഴുത്തുകളുമായി മാറിപ്പോകും. പശുവിനെ മാതാവാക്കി മനുഷ്യ സോദരങ്ങളെ അടിച്ചു കൊല്ലുന്ന ഗുരു പറഞ്ഞ കൊല്ലുന്ന മൃഗത്തിനുതുല്യനായ പുമാന്മാരായി നാം മാറും. കൊല്ലുന്നവനില്ല ശരണ്യത എന്നു ഗുരു ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതു സസ്യാഹാര ശീലനത്തിനുള്ള കവിതയായി പ്രചരിപ്പിക്കപ്പെടുന്നു. വര്‍ണ ജാതിമതങ്ങളുടെ പേരില്‍ മനുഷ്യനെ കൊല്ലുന്ന കാര്യമാണ് ഒരു നൂറ്റാണ്ടുമുമ്പു ഗുരു പറഞ്ഞത്. പരമ്പരക്കൊലയാളിയായ ദൈവത്തെ കുറിച്ച് സഹോദരന്‍ ഗാന്ധിജിയോടു നേരിട്ടു ചോദിച്ചത് നൂറുവര്‍ഷം മുമ്പ് പള്ളുരുത്തിയിലാണ്. ഗുരുവിനേയും സഹോദരനേയും അവരുടെ പാഠങ്ങളേയും കേരളമാകെ പൊതുപാഠപുസ്തകങ്ങളാക്കുന്ന ഭാവിയെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. ബഹുജന സമൂഹഭാവിയെ കുറിച്ചു ചിന്തിക്കുന്ന ജനായത്തബോധമുള്ള ബൌദ്ധിക കര്‍തൃത്വങ്ങളുണ്ടാകേണ്ടതുണ്ട്. സാമൂഹ്യ വൈവിധ്യവും സാമുദായികമായ പ്രാതിനിധ്യവും ജനായത്തപരമായ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും സാമൂഹ്യജീവിതത്തുറകളിലും വിദ്യാഭ്യാസ, സാംസ്‌കാരിക പൊതുമണ്ഡലങ്ങളിലാകവേയും സമഗ്രമായി നിറയേണ്ടതായുണ്ട്. അപ്പോഴേ യഥാര്‍ത്ഥ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നിറയൂ. ഗുരുവാണിയില്‍ ഓര്‍ക്കുന്തോറും നിറയുന്ന സൗന്ദര്യമായ നീതി വിരിയൂ, അപരപ്രിയമായ അറിവും അരുളുമുണ്ടാകൂ, എല്ലാവരുമാത്മ സഹോദരരാകൂ.

ഗ്രന്ഥസൂചി

അയ്യപ്പന്‍, കെ. സഹോദരനയ്യപ്പന്റെ പദ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി, 2001.
കിങ്ങ്, മേരി. ഗാന്ധിയന്‍ നോണ്‍വയലന്റ്‌സ്ട്രഗിള്‍സ്ആന്റ്അണ്‍റ്റച്ചബിലിറ്റി ഇന്‍ സൗത്തിന്ത്യ: 1924-25 വൈക്കംസത്യഗ്രഹ ആന്റ് ദ മെക്കാനിസംസ്ഓഫ്‌ചെയിഞ്ച്. ന്യൂഡല്‍ഹി: ഓക്‌ഫോർഡ് യു. പി., 2015.
ക്രാംറിച്ച്, സ്റ്റെല്ല. ദ ഹിന്ദു റ്റെമ്പിള്‍.കൊല്‍ക്കത്ത: സൗത്ത്ഏഷ്യ ബുക്‌സ്, 1980 (1946).
ഡാര്‍വിന്‍, ജെ.ഒരു നഷ്ടജനതയുംരാജ്യവും. തിരുവനന്തപുരം: മൈത്രി, 2015.
ദലിത്ബന്ധു. ദളവാക്കുളവുംവൈക്കത്തെ ക്രൈസ്തവരും.വൈക്കം: ഹോബി പബ്ലീഷേസ്, 2006.
—. ദളവാക്കുളം (രണ്ടാം പതിപ്പ്). വൈക്കം: ഹോബി പബ്ലീഷേസ്, 2016.
ശേഖര്‍, അജയ്. സഹോദരനയ്യപ്പന്‍ റ്റുവേഡ്‌സ് എ ഡിമോക്രാറ്റിക് ഫ്യൂച്ചര്‍, അതര്‍ ബുക്‌സ്, 2012.
—. ഡോ. ബി. ആര്‍. അംബേദ്കര്‍. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 2015.
—. നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതരബഹുസ്വരദര്‍ശനവും. മൈത്രി, 2016.
—. പുത്തന്‍ കേരളം കേരളസംസ്‌കാരത്തിന്റെ ബൗദ്ധ അടിത്തറ. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2018.
—. എഡിറ്റഡ്. ബുദ്ധിസം ആന്‍ഡ് കേരള. ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പ്രസ്, 2021.

9895797798
[email protected]

Author

Scroll to top
Close
Browse Categories