കവിതയുടെ പ്രപഞ്ചം
ബോധപൂർവ്വമുള്ള ഒരു പ്രക്രിയ ആയിരുന്നില്ല ഒരിക്കലും എനിയ്ക്ക് കവിത. ഓരോ പദത്തിനു പിന്നിലും ഉരക്കല്ലു പിടിച്ചു നിൽക്കാൻ ശ്രമിക്കാറില്ല. അതു വരുന്നു, വരുന്നതു പോലെ കടലാസിലേക്ക് പകരുന്നു. ഉരക്കല്ലുപയോഗിക്കുന്നത് പിന്നീടാണ്.
ആമുഖം: കവിയ്ക്ക് കവിത അസ്വസ്ഥതയുടെ താക്കോൽക്കൂട്ടങ്ങളാണ്. അയാളുടെ ചിന്തകളുടെ മുറികളെ അടച്ചും തുറന്നും ആ കവിതകൾ വീണ്ടും വീണ്ടും അസ്വസ്ഥപ്പെടുത്തുന്നു. വായനക്കാരെ ആ കവിതകൾ ചിലപ്പോൾ ബന്ധനസ്ഥരാക്കും. ചിലപ്പോൾ ആകാശത്തിലേക്ക് തുറന്നു വിടും.
സെബാസ്റ്റ്യൻ എന്ന കവിയെ സ്വയം എങ്ങനെ വിലയിരുത്തുന്നു?.
‘കൈമെയ് മറന്നുള്ള ആത്മീയവും അദമ്യവുമായ ആവിഷ്കാരത്വരയാണ് ഏതു കവിതയുടെയും ജീവൻ. കവി തന്റെ കവിതയിൽക്കൂടി ഒലിച്ചു പോവുകയാണ് നിലകിട്ടാതെ ‘. കവി ആർ . രാമചന്ദ്രന്റെ ഈ വാക്കുകൾ എന്റെ കാര്യത്തിലും ശരിയാവുന്നു.
ബോധപൂർവ്വമുള്ള ഒരു പ്രക്രിയ ആയിരുന്നില്ല ഒരിക്കലും എനിയ്ക്ക് കവിത. ഓരോ പദത്തിനു പിന്നിലും ഉരക്കല്ലു പിടിച്ചു നിൽക്കാൻ ശ്രമിക്കാറില്ല. അതു വരുന്നു, വരുന്നതു പോലെ കടലാസിലേക്ക് പകരുന്നു. ഉരക്കല്ലുപയോഗിക്കുന്നത് പിന്നീടാണ്.
കവിത ഒരു വിസ്മയകരമായ അനുഭൂതിയാണ്. അതുകൊണ്ടു തന്നെ ഈശ്വരപ്രേമത്തിന്റെ,മനുഷ്യസ്നേഹത്തിന്റെ,പ്രകൃതി ജീവ പ്രേമത്തിന്റെ അനന്തരഫലമാവാം എനിയ്ക്ക് കവിത. ഈ ഒരു ചൈതന്യത്തിന്റെ വിസ്മയത്തിൽ നിൽക്കുന്ന ഒരാൾ എന്നേ എന്നെക്കുറിച്ചു പറയാനുള്ളു.
കവിത ഇന്നത്തെക്കാലത്ത് ഒരാവശ്യമായി തോന്നുന്നുവോ? ഒരു കാലത്ത് സാമൂഹിക പരിഷ്കരണം, മുന്നേറ്റങ്ങൾ, സമരങ്ങൾ, ആശയ പ്രചരണം എന്നിവയ്ക്ക് കവിത പ്രയോജനപ്പെട്ടിരുന്നു. ഇന്നോ? ഇതിൽ താങ്കളുടെ അഭിപ്രായമെന്താണ് ?.
ജീവിതത്തിൽ കവിത അത്യാവശ്യമാകുന്നു. ഓരോരോ കാലത്തിന്റെ പ്രത്യേകത അനുസരിച്ച് കവിത അത്യാവശ്യമായി മാറുന്നു. കവിത പ്രതിരോധമാകും സാന്ത്വനമാകും ജീവിതത്തെത്തന്നെ പിടിച്ചു മുന്നേറാനുള്ള താങ്ങും തണലുമാകും. ഇന്നും എന്നും അങ്ങിനെ തന്നെയാണ്. ഈ വർത്തമാന കാലാവസ്ഥയിൽ ജീവിതത്തിനും മനുഷ്യത്വത്തിനും മൂല്യങ്ങൾ നഷ്ടപ്പെടുകയും കച്ചവടതാൽപര്യങ്ങൾ അടിമുടി നമ്മുടെ സംസ്കാരത്തെ സമൂഹത്തെ പ്രകൃതിയെ വിഴുങ്ങുകയും ചെയ്യുമ്പോൾ നമ്മുടെ ജൈവീകതയെ തിരിച്ചു പിടിയ്ക്കാൻ പ്രതിരോധിയ്ക്കാൻ പുതു കവിത ശ്രമിക്കുന്നുണ്ട്.
ഓരോ ജനൽ കാഴ്ചകളും ഓരോ അനുഭവങ്ങളാണ്. താങ്കളതിനെ രാപകലുകളുടെ വിനോദക്കാഴ്ചകളാക്കുന്നു. ഓരോ മനുഷ്യരും അവരുടെ കാഴ്ചകളെ, ചുറ്റുപാടിനെ പുനർനിർമിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നു എന്നൊരാശയം പറയുവാൻ ഈ കവിത താങ്കൾ ഉപയോഗിക്കുകയാണോ?
പുതുകാല അനുഭവങ്ങൾ പുതുപുതു അനുഭവങ്ങളായി തന്നെ ആവിഷ്കരിക്കാൻ കവികൾക്ക് കഴിയുന്നു. അത് ജനൽ കാഴ്ചകളായും വ്യത്യസ്ത അനുഭവ സാക്ഷ്യങ്ങളായും സമകാലക കവിതയിൽ നിറയുന്നുണ്ട്. പ്രത്യേകിച്ച് വീട്, വീടിന്റെ നോട്ടങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന വാക്കുകൾ കവിതയിൽ കടന്നുവരുന്നു. പുതുകാലത്തിൽ പെട്ടു പോയ ഉത്തരാധുനിക മനുഷ്യന്റെ അതിജീവനമായി മാറുന്നു കവിത. അങ്ങിനെ അതിജീവനത്തിന്റെ യഞ്ജങ്ങൾ പുതുകവിതയിൽ നിറയുന്നു.
താങ്കളുടെ കവിതകളിൽ അടുക്കി വെച്ചിരിക്കുന്ന വരികൾക്കിടയിൽ എവിടെയൊക്കെയോ അസ്വസ്ഥതയുടെ, ആശങ്കയുടെ കുനിപ്പുകൾ കാണാം. അത് കവികളുടെ പൊതുഭാവമായ നിരാശയോ അതോ സെബാസ്റ്റ്യൻ എന്ന വ്യക്തീഭാവമോ ?
കവിതയെ നിശ്ചയിക്കുന്നത് ഭാഷ സൃഷ്ടിക്കുന്ന അപൂർവ്വത കൊണ്ടാണ്. നമ്മൾ സാധാരണ ഉപയോഗിക്കുന്ന വാക്കുകൾ ആയിരിക്കാം പക്ഷേ അത് ഒരു പ്രത്യേക സന്ദർഭത്തിൽ അപൂർവ്വമാണ്. നമ്മൾ ഇതു വരെ കേൾക്കാത്ത കാണാത്ത ഒരു അനുഭവം സൃഷ്ടിക്കാൻ കഴിയുക. അങ്ങനെ ഒരു അനുഭവമായി തീരുവാൻ കഴിയുമ്പോഴാണ് അത് കവിതയാകുന്നത്. ഇതെല്ലാം നല്ല കവിതയുടെ, കവിയുടെ പൊതു സ്വഭാവം തന്നെയാണ്. ഇതിൽ മൗലികമായ പ്രകാശം ഉണ്ടോ എന്നതാണ് അത് വ്യക്തിഭാവമായ കവിതയാകുന്നത്.
പുരാതന -ആധുനിക കവിതകളെപ്പറ്റിയും ഗദ്യ പദ്യ കവിതകളുടെ നിലനിൽപ്പിനെപ്പറ്റിയും താങ്കളുടെ അഭിപ്രായം പറയാമോ?
ഗദ്യവും ഗദ്യകവിതയും തമ്മിലുള്ള വ്യത്യാസം പദ്യവും പദ്യകവിതയും തമ്മിലുള്ള വ്യത്യാസം പോലെ തന്നെയാണ്. എല്ലാ പദ്യത്തിലും കവിതയുണ്ടായിക്കൊള്ളണം എന്നില്ല പദ്യത്തിൽ വൃത്തം ഒപ്പിച്ച് നാലുവരി വീതം സൃഷ്ടിച്ചാൽ മതി. അത് പദ്യമാണ് കവിതയല്ല .കവിതയുള്ള പദ്യവും ധാരാളമുണ്ട്. ഗദ്യത്തിലോ പദത്തിലോ കവിതയെഴുതാൻ കഴിയില്ല. കവിതയിലേ കവിത എഴുതാൻ കഴിയൂ എന്നതാണ് പ്രത്യേകത. പുരാതന -ആധുനിക – പുതുകാലം എങ്ങനെ വേർതിരിച്ചാലും കവിതയുടെ കാര്യത്തിൽ ഇതാണ് സത്യം.
ഈ പ്രപഞ്ചം മുഴുവനും കവിതയാൽ എഴുതപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം ഒരോ കവിയ്ക്കുമുണ്ട്. ഓരോ കവിയും തന്റെ രചനയിലൂടെ എത്തിപ്പിടിയ്ക്കാൻ ശ്രമിക്കുന്നത് പുതിയ അർത്ഥ ലോകങ്ങൾ തന്നെയാണ്. പ്രപഞ്ചം ഉള്ളിടത്തോളം കവിതയ്ക്കും നിലനിൽപ്പുണ്ട്. എങ്കിലും ശിശുക്കളെപ്പോലെ ചെറുതാവാൻ കഴിയാത്തവർക്ക് ദൈവ രാജ്യത്തിലെന്ന പോലെ കവിതയിലും പ്രവേശനമില്ല എന്നതാണ് സത്യം.