ഓർമ്മകൾ മേഘം പോലെ

“എന്റെ ചിത ഒരുക്കുമ്പോൾ, അതിൽ ഈ പുസ്തകങ്ങളും ജഡത്തിനൊപ്പം വച്ചേക്കണം. മരിച്ചു കഴിഞ്ഞാൽ മറ്റൊരു ലോകമുണ്ടെങ്കിൽ എനിക്കൊപ്പം പുസ്തകങ്ങളും കൂട്ടായി വരട്ടെ. അല്ലെങ്കിൽ പുസ്തകങ്ങൾക്കു കൂട്ടായി ഞാനുമുണ്ടാവട്ടെ “. ഏതൊരു വായനക്കാരന്റെയും എഴുത്തുകാരന്റെയും ഉള്ളറിഞ്ഞ വാക്കുകൾ.

ഓർമ്മകൾ മേഘം പോലെയാണ് മുന്നോട്ട് നീങ്ങും തോറും വലിപ്പം വർധിച്ചു വരും. പിന്നെ മെല്ലെ അത് പെയ്തു തുടങ്ങും.’കൊച്ചു വാക്കുകളുടെ ശബ്ദതാരാവലി ‘ യിൽ പറയുന്നതും അതു തന്നെയാണ് പെയ്തൊഴിയാതെ ചെറുപ്പത്തിൽ പറഞ്ഞു പഠിച്ച വാക്കുകൾ ഉള്ളിൽ ഉണ്ടെങ്കിൽ എങ്ങനെ ഒരു മനുഷ്യനു തെറ്റുകൾ ചെയ്യാൻ കഴിയും.അവൻ നിഷ്കളങ്കനായി തുടരാൻ ആ വാക്കുകൾ മാത്രം മതിയല്ലോ!

കഥകളുടെ ആഖ്യാന രീതി ഓരോ എഴുത്തുകാരനിലും വ്യത്യസ്തമാണ്. താങ്കളിലെ കഥാകാരൻ ഏതു രീതിയിലാണ് കഥാ വഴി തിരഞ്ഞെടുക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം ഓരോ കഥയുടെയും അല്ലെങ്കിൽ നോവലിന്റെയും പ്രമേയമാണ് ആഖ്യാന രീതിയെ നിശ്ചയിക്കുന്നത്. എഴുത്തിലും പ്രഭാഷണങ്ങളിലും പലവട്ടം ഞാൻ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട് ഈ പ്രപഞ്ചത്തിലുള്ള എന്തും, ഏതും എന്റെ കഥാ വിഷയമാണ്. കണ്ണും, കാതും,മനസ്സും തുറന്നു പിടിച്ചാൽ നക്ഷത്രം മുതൽ പുൽക്കൊടി വരെ പ്രചോദനങ്ങളായി ഭവിക്കും. എന്റെ കഥകളിൽ അങ്ങനെതന്നെ സംഭവിച്ചിട്ടുമുണ്ട്. ഇവയൊക്കെ ചേതനവും അചേതനവും ആയ നിരവധി പ്രത്യക്ഷങ്ങൾ എന്റെ കഥാപാത്രങ്ങളും കഥാപ്രമേയങ്ങളും ആയിട്ടുണ്ട് .
ഇങ്ങനെ വരുമ്പോൾ തീർത്തും വ്യതിരിക്തമായ ഈ പ്രമേയങ്ങളും പ്രചോദനങ്ങളും ഒരേ ആഖ്യാനരൂപത്തിൽ ആവിഷ്കരിക്കാൻ ആവില്ല. ഓരോന്നും ഓരോ വ്യത്യസ്ത രൂപമോ വഴിയോ ഒക്കെ ആവശ്യപ്പെടുന്നുണ്ട്.ഞാൻ എന്ന എഴുത്തുകാരന്റെ വഴികളല്ല എന്റെ ഇതിവൃത്തങ്ങളുടെയും, കഥാപാത്രങ്ങളുടെയും, കഥാപരിസരങ്ങളുടെയും അവസ്ഥകളാണ് എന്റെ കഥാ വഴികളെ രൂപപ്പെടുത്തുന്നത്.

സാഹിത്യം, രചനാശൈലി എല്ലാം ഓരോ കാലത്തിലും പുതുക്കപ്പെടുന്നുണ്ട്. ഫാഷനുകൾ മാറും പോലെ. എന്നാൽ പഴയ ഫാഷനുകൾ ഇന്ന് പുതുക്കി ട്രെൻഡ് ആക്കി മാറ്റുന്ന പോലെ സാഹിത്യത്തിൽ പഴയ ശൈലി എഴുത്തുകൾ പുതിയ കാലത്തിൽ ട്രെൻഡ് ആകുമോ? താങ്കൾക്ക്‌ എന്ത് തോന്നുന്നു.

ഇതിന് കൃത്യമായ ഉത്തരം നൽകാൻ എനിക്കാവില്ല. ഇതൊക്കെ പുതിയ കാലത്തെ ഓരോ എഴുത്തുകാരും അവരുടേതായ എഴുത്തുകളിലൂടെ രൂപപ്പെടുത്തേണ്ട കാര്യങ്ങളാണ്. ഇതിനെ മറ്റൊരു വിധം സമീപിച്ചാൽ പുതുകഥ,പുതുനോവൽ പഴയകഥ, പഴയ നോവൽ എന്നൊന്നും ആത്യന്തികമായി ഇല്ല എന്ന് പറയാം. പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഡോൺ ക്വിക്‌സോട്ട് (Don Quixote ) ഇന്നും എന്നും ഏറ്റവും പുതുമയാർന്ന നോവലാണ്. അതിലെ ശൈലി ഏറ്റവും പുതിയതാണ്. മലയാളത്തിലേക്ക് തന്നെ വന്നാൽ ‘സുന്ദരികളും സുന്ദരന്മാരും’,’ഖസാക്കിന്റെ ഇതിഹാസം’,’ അരനാഴിക നേരം’ തുടങ്ങിയ നോവലുകൾ എന്നും പുതിയതാണ്. അവയുടെ ആഖ്യാനശൈലി നിത്യ നവീനമാണ്. ‘Why read classics’എന്ന വിഖ്യാത ഉപന്യാസത്തിൽ മഹാനായ നോവലിസ്റ്റ് ഇറ്റാലോ കാൽവിനോ സമർപ്പിക്കുന്നത് പോലെ ഈ നിത്യ നൂതനത്വം മൂലമാണ് മഹത്തായ കൃതികൾ ക്ലാസിക്കായി നിലകൊള്ളുന്നത്. അല്ലാതെയുള്ള ട്രെൻഡുകളും ഫാഷനുകളും ഒന്നും ഗൗരവമുള്ള കാര്യങ്ങളല്ല. എഴുത്തുകാർ ഫാഷനുകളെ ഒന്നും ഗൗനിക്കാതെ അവരുടെ ആത്മാവിന്റെ സത്യസന്ധതയിൽ സൃഷ്ടികൾ നടത്തുമ്പോൾ അവ എന്നും പുതിയതായിരിക്കും.

താങ്കളുടെ രചനകൾ ഓരോ കഥയും ഓരോ രീതിയിൽ ഉള്ളതാണ്. സാധാരണ ഒരു എഴുത്തുകാരന് അയാളുടേതായ ഒരു സ്റ്റൈൽ ഉണ്ടാവുമല്ലോ താങ്കൾ മനഃപൂർവമായി അത്തരം കടന്നു കയറ്റങ്ങളെ പ്രതിരോധിക്കുന്നതാണോ?

ഈ കാര്യവും മുന്നേ ചിലയിടങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. എഴുതിയിട്ടും ഉള്ളതാണ്. എന്റെ കഥകളെ കുറിച്ചുള്ള രാഖിയുടെ നിരീക്ഷണത്തിന് നന്ദിയും പറയട്ടെ. മധ്യകാല തുർക്കിയിലെ മിനിയേച്ചർ പെയിന്റിംഗ് കലാകാരന്മാരെക്കുറിച്ചുള്ള ഓർഹൻ പാമുക്കിന്റെ ‘My name is red’ എന്ന നോവലിൽ ഒരു കലാകാരന്റെ പ്രസ്താവനയുണ്ട് അത് ഇങ്ങനെയാണ് ” എനിക്ക് സ്വന്തമായി ഒരു ശൈലി ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഞാൻ ഒരു കൊലപാതകി ആണെന്ന് ആരെങ്കിലും പറയുന്നതിനേക്കാൾ നിന്ദ്യവും അപമാനകരവുമായി ഞാൻ കരുതുന്നു”. സത്യത്തിൽ പാമുക്കിന്റെ കൃതി വായിക്കുന്നതിനും എത്രയോ മുന്നേ എന്റെ ഹൃദയത്തിൽ ഞാൻ കൊത്തിയിട്ട വാക്കുകളാണ് ഇത്. എന്റെ ഓരോ രചനയും വായിക്കുമ്പോൾ അത് വിനു എബ്രഹാം എഴുതിയത് എന്ന് പേരു വായിക്കാതെ ആരും പറയാൻ പാടില്ല എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ആദ്യ ഉത്തരത്തിൽ പറഞ്ഞതുപോലെ എന്റെ പ്രമേയം ശൈലിയെ കണ്ടെത്തട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ വരുമ്പോൾ ആഖ്യാന രൂപങ്ങളിലും വാചകക്രമങ്ങളിലും എല്ലാം സ്വാഭാവികമായി വ്യത്യസ്തതകളും പരീക്ഷണങ്ങളും കടന്നു വരുന്നു. എപ്പോഴും അതിനുള്ള ശ്രമങ്ങൾ ആണ് എന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.എന്നാൽ ഏതൊരു എഴുത്തുകാരന്റെയും ജനിതക ഘടനയാൽ അയാളുടെ എഴുത്തിൽ അബോധപൂർവ്വമായിത്തന്നെ വരുന്ന ചില രീതികളും വാക്ക് വിന്യാസങ്ങളും ഒക്കെ ഉണ്ടാവാം.
അങ്ങനെയുള്ള കാര്യങ്ങൾ എഴുത്തുകാരൻ എത്രയൊക്കെ ശ്രമിച്ചാലും അയാളുടെ കൃതികളിൽ ചില സമാനതകളും ശൈലികളും സൃഷ്ടിക്കുകയും ചെയ്യും. അതിനോട് കടുത്ത വാശിയോടെ പ്രതിരോധം ഉയർത്തേണ്ട കാര്യമില്ല. അത് അതിന്റെ വഴിക്ക് പോകട്ടെ. എന്നാൽ എന്റെ അനുഭവത്തിൽ ഓരോ കഥയിലും നോവലിലും അതിന്റെ പ്രമേയത്തെ തുറന്ന മനസ്സോടെ സമീപിക്കുമ്പോൾ അതിനാവശ്യമായ രൂപവും ശൈലിയും ഉരുത്തിരിഞ്ഞു വരും എന്നതാണ് സത്യം. മാസ് ആരാധകരൊന്നും ഇല്ലെങ്കിലും എന്റെ കൃതികളെ ആഴത്തിൽ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വിവേകശാലികളായ ഒരു ചെറിയ കൂട്ടം വായനക്കാർ എങ്കിലും അതിനെ അംഗീകരിക്കുന്നുമുണ്ട്. ജീവിതം അപ്പാടെ എഴുത്തിനായി ഹോമിച്ച് നിലകൊള്ളുന്ന എന്റെ ജീവിതം അടുത്തറിയാവുന്നവർക്ക് ഇതിന്റെ നേര് അറിയാം. എനിക്ക് എഴുത്തു നൽകുന്ന സന്തോഷങ്ങളിൽ ഇതും പ്രധാനപ്പെട്ടതാണ്.

ബൈബിളിനെ അടിസ്ഥാനപ്പെടുത്തി സാധാരണ കുട്ടികൾക്കായി കഥകൾ നിർമ്മിക്കുന്നതെ കണ്ടിട്ടുള്ളു എന്നാൽ താങ്കൾ മുതിർന്നവർക്കായി ഒരു രചന നടത്തിയിരിക്കുന്നു. അതിലേക്ക് നയിച്ച സാഹചര്യം എന്തായിരുന്നു?.

സത്യത്തിൽ ലോകസാഹിത്യം എടുത്തു പരിശോധിച്ചാൽ അങ്ങനെയല്ല എന്ന് മനസ്സിലാകും. എത്രയോ ക്ലാസിക് സാഹിത്യകൃതികൾ ബൈബിളിനെ അടിസ്ഥാനമാക്കി എഴുതപ്പെട്ടിരിക്കുന്നു. നിക്കോസ് കസാൻദ്സാക്കിസിന്റെ ‘The last temptation of Christ ‘, ഷുസെ സാരമാഗുവിന്റെ ‘The gospel according to Jesus Christ ‘, ബൈബിളിന്റെ ശക്തമായ അന്തർധാരയുള്ള ദസ്തയേവ്‌സ്കിയുടെ ‘Brothers Karamazov’ തുടങ്ങിയവ പെട്ടെന്ന് മനസ്സിൽ വരുന്ന വിഖ്യാത ഉദാഹരണങ്ങളാണ്. മലയാളത്തിൽ തന്നെ ‘ അരനാഴികനേരം ‘ ബൈബിളിനെ ഉടനീളം ശക്തമായി ആവാഹിക്കുന്നുണ്ട്. ഒരു മതവിശ്വാസ കൃതിയായിരിക്കവേ തന്നെ ലോകത്തിലെ മറ്റ് പല ഇതിഹാസങ്ങളെയും പോലെ ബൈബിളും സർഗാത്മക പ്രചോദനങ്ങളുടെ അക്ഷയ ഖനിയാണ്.’ അത്ഭുതമേ ‘ എന്ന കഥയിൽ യേശുക്രിസ്തു എന്ന കഥാകാരൻ അത്തരത്തിൽ എന്റെ മനസ്സിലേക്ക് കടന്നുവന്ന ഒരു പ്രചോദനമായിരുന്നു. ഇന്നോളം ആരും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു യേശു സ്വത്വത്തെ അതിൽ കൊണ്ടുവരാനായി എന്നതിൽ സന്തോഷമുണ്ട്. മറ്റൊരു തലത്തിൽ കഥ പറച്ചിൽ എന്ന പ്രമേയത്തെ കുറിച്ചുള്ള എന്റെ ഒരുപിടി കഥകളുടെ തുടർച്ചയുമാണ് ഈ കഥ.

കടന്നു പോയ ഒരു മഹാമാരിയെ അടിസ്ഥാനപ്പെടുത്തി എഴുതിയ കഥയാണല്ലോ ‘ തടവറകൾ ‘ കാലമെത്ര കഴിഞ്ഞാലും അവയുടെ ഓർമ്മകൾ മനുഷ്യരെ കുത്തി നോവിച്ചു കൊണ്ടിരിയ്ക്കും.എവിടെ എന്ത് പ്രശ്നം ഉണ്ടായാലും അതിപ്പോൾ പ്രളയമോ, ഉരുൾപ്പൊട്ടലോ, മണ്ണിടിച്ചിലോ, മുല്ലപ്പെരിയാർ വിഷയമോ, കൊലപാതകമോ, പീഡനമോ എന്ന് വേണ്ട സകലമാന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ വന്നു ചേരുമ്പോഴും എഴുത്തുകാർ നേരിടുന്ന ഒരു ചോദ്യമാണ് നിങ്ങൾ ഇതിനെപ്പറ്റി എന്തേ എഴുതുന്നില്ല? ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങൾ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല? എന്നൊക്കെ. ഒരു എഴുത്തുകാരൻ എന്ന നിലയിൽ താങ്കളും ഈ ചോദ്യങ്ങൾ നേരിട്ടിട്ടുണ്ടാവും. ഇതിനോടുള്ള താങ്കളുടെ മറുപടി എന്താണ്?ഈ ചോദ്യങ്ങളെ എങ്ങനെ പ്രതിരോധിക്കാനാവും?

ഇങ്ങനെ എഴുത്തുകാർക്ക് നേരെ ചോദ്യങ്ങൾ ഉയർത്തുന്നവർ ഒരു കാര്യം കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. സർഗ്ഗ രചന എന്നത് പത്രപ്രവർത്തനമല്ല. ലോകത്ത് ദിനംപ്രതി നൂറു കണക്കിന് അനീതികളും ദുരന്തങ്ങളും സംഭവിക്കുന്നു. ഇതിനോടെല്ലാം എഴുത്തുകാർ പ്രതികരിക്കുക എന്നത് അസാധ്യവും അനാവശ്യവുമായ കാര്യമാണ്. ആത്യന്തികമായി എഴുത്തുകാരൻ തന്റെ സർഗ്ഗ രചനയുടെ സത്യത്തോടാണ് പ്രതിബദ്ധത പുലർത്തേണ്ടത്. അങ്ങനെ ചെയ്താൽ അതിൽ തീർച്ചയായും തന്നോട് തന്നെയും തനിക്ക് ചുറ്റുമുള്ള സമൂഹത്തോടും ഉള്ള നൈതികമായ പാരസ്പര്യവും അതിൽ കടന്നു വരും. ഇങ്ങനെയുള്ള സാഹിത്യത്തിന് മാത്രമേ കാലത്തെ അതിജീവിക്കാനുള്ള കരുത്തും സർഗാത്മകതയുടെ സൗന്ദര്യവും ഉൾക്കൊള്ളാനാകൂ.
പിന്നെ ചില വിഷയങ്ങൾ ഉടനുള്ള പ്രതികരണങ്ങൾ ഉണർത്തി എന്നും വരാം. ചില എഴുത്തുകാരിൽ ആക്ടിവിസ്റ്റിന്റെ മനസ്സും ഉണ്ടാകും. അതുകൊണ്ട് എല്ലാ എഴുത്തുകാരും ആക്ടിവിസ്റ്റുകളായെ പറ്റു എന്നൊക്കെ പറയുന്നത് ഒരുതരം ഫാഷിസ്റ്റ് നിലപാടാണ്. എന്റെ തന്നെ കാര്യം പറഞ്ഞാൽ ചില സന്ദർഭങ്ങളിൽ ആനുകാലിക വിഷയങ്ങളോട് സാമൂഹിക മാധ്യമങ്ങളിലൂടെയും ചിലപ്പോൾ ലേഖനത്തിലൂടെയും ഒക്കെ ഉടൻ പ്രതികരണം നടത്താറുണ്ട്. എന്റെ കഥകളും നോവലുകളും പല സാമൂഹിക രാഷ്ട്രീയ അവസ്ഥയോടുമുള്ള ആഴത്തിലുള്ള പ്രതികരണങ്ങൾ ഉൾക്കൊള്ളുന്നുമുണ്ട്

Author

Scroll to top
Close
Browse Categories