എന്റെ ശരികൾ ഞാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നു

എഴുത്തിന്റെ അൻപതാണ്ടുകൾ പിന്നിടുമ്പോഴും നിർമ്മലമായ വാക്കുകൾ കൊണ്ടും വൈവിധ്യമാർന്ന കഥാസന്ദർഭങ്ങൾ കൊണ്ടും പച്ച മനുഷ്യരുടെ ഹൃദയത്തിൽ ആഴത്തിൽ തൊടാൻ കഴിയുന്ന എഴുത്തുകാരൻ യു കെ കുമാരന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ‘ആടുകളെ വളർത്തുന്ന വായനക്കാരി ‘.

യു.കെ.കുമാരൻ

പുസ്തകത്തെപ്പറ്റി പറയുമ്പോൾ മൂന്നാം ക്ലാസിൽ പഠിപ്പു നിർത്തി ആടുവളർത്തൽ ഉപജീവനമാർഗ്ഗമാക്കിയ സതി എന്ന വായനക്കാരിയെപ്പറ്റി പറയാതിരിക്കുന്നത് എങ്ങനെ? ഏത് പ്രതിസന്ധിയിലും വായന എത്ര വലിയ ലഹരിയും ജീവശ്വാസവും ആശ്വാസവും ആണ് എന്ന് സതി നമുക്ക് കാണിച്ചു തരുന്നു. എഴുത്തുകാരന്റെ എഴുത്തിലെ പ്രത്യേകത എന്തെന്നാൽ പ്രത്യക്ഷമായോ പരോക്ഷമായോ അദ്ദേഹത്തിന്റെ അറിവിലോ ബോധ്യത്തിലോ വരുന്ന കാര്യങ്ങൾ മാത്രമാണ് നോവലായും കഥയായും രൂപാന്തരപ്പെടുത്തുക എന്ന എഴുത്തിലെ സത്യസന്ധതയാണ്. ആടുകളെ വളർത്തുന്ന വായനക്കാരി എന്ന പുസ്തകത്തിലെ ഓരോ കഥയും ഇത്തരത്തിലുള്ളവയാണ്.

ചോദ്യം – 1
‘അത്രയും ദുരൂഹമായ ഒന്ന് ‘എന്ന കഥയുടെ പിന്നിലുള്ള സ്വാധീനം മുൻപ് പത്രങ്ങളിൽ വന്ന ദമ്പതികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട വാർത്തയാണോ ?
ഇത്തരം വാർത്തകളെ അടിസ്ഥാനമാക്കി രചനകൾ നടത്തുമ്പോൾ അതിന്റെ സത്യസന്ധതയേപ്പറ്റി ചിന്തിക്കാറുണ്ടോ ?

ഉത്തരം:
ശൂന്യതയിൽ നിന്നും കഥ സൃഷ്ടിച്ചെടുക്കാൻ എനിക്ക് കഴിയില്ല.എന്നെ സ്പർശിച്ച ഏതെങ്കിലും ഒരു സംഭവമാകാം വാർത്തയാകാം ദൃശ്യമാകാം മനസ്സിലൂടെ കടന്നു പോകുമ്പോഴാണ് അതിൽ എനിക്ക് പറയാനുള്ള ഒരു കഥ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തുക. എന്റെ ഏറെക്കുറെ എല്ലാ കഥകളും പിറന്നു വീണത് അങ്ങനെയാണ്.എന്നാൽ അവയൊന്നും യഥാർത്ഥ സംഭവങ്ങളുടെ പുനരാഖ്യാനമോ തുടർച്ചയോ ആകാതെ മറ്റൊരു ജീവിതത്തിന്റെ പുനർസൃഷ്ടി ആക്കി മാറ്റാനാണ് ഞാൻ ശ്രമിക്കാറുള്ളത് അതാണ് എന്റെ എഴുത്ത് .എഴുത്തിന്റെ സത്യസന്ധതയെ കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കാറുള്ളത്.

ചോദ്യം – 2
എല്ലാ കഥകളും പ്രിയപ്പെട്ടതാണ് എന്നറിയാം എങ്കിലും ‘ആടുകളെ വളർത്തുന്ന വായനക്കാരി എന്ന കഥാ പുസ്തകത്തിലെ ‘ഏതു കഥയോടാണ് ആത്മബന്ധം കൂടുതൽ തോന്നുന്നത്?
കാരണമെന്ത്?

ഉത്തരം:
‘ആടുകളെ വളർത്തുന്ന വായനക്കാരി ‘എന്ന കഥയോട് തന്നെയാണ് എനിക്ക് കൂടുതൽ അടുപ്പം .എങ്കിലും എല്ലാ കഥകളും എനിക്ക് പ്രിയപ്പെട്ടവയാണ്. ആടുകളെ വളർത്തുന്ന വായനക്കാരി എന്ന കഥ പ്രിയപ്പെട്ടതാവാൻ കാരണം ആ വായനക്കാരി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട സംഭവമോർത്താണ് . മൂന്നാം ക്ലാസിൽ സ്കൂൾ വിദ്യാഭ്യാസം നിർത്തിയ ഒരു നാട്ടിൻപുറത്തുകാരി അവിചാരിതമായാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത് അവരെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ഏറെ സ്നേഹം തോന്നി. ആ സ്നേഹം കഥയിലേക്കും നീണ്ടു .

ചോദ്യം-3
ചില കഥകളിൽ രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ മറയില്ലാതെ കൈകാര്യം ചെയ്യുന്നുണ്ടല്ലോ .കഥകൾ എത്രമാത്രം താങ്കളെ സഹായിക്കുന്നുണ്ട് ഇത്തരം അടയാളപ്പെടുത്തലുകൾ നടത്തുന്നതിനും പ്രതിഷേധങ്ങൾ പ്രകടിപ്പിക്കുന്നതിനും ?

ഉത്തരം:
സാമൂഹ്യ കുടുംബജീവിതങ്ങളിൽ നിന്നാണ് എന്റെ മിക്ക കഥകളും പിറവിയെടുക്കുന്നത്. സാഹിത്യം സമൂഹത്തോട് നിരന്തരമായി സംവദിക്കണം എന്ന നിലപാടാണ് എനിക്കുള്ളത്. അതിൽ രാഷ്ട്രീയമടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും കടന്നുവരും. ഒന്നിനെയും മാറ്റി നിർത്തിയുള്ള ഒരു രചന എനിക്കില്ല .എന്റെ കഥകൾ വായിച്ചാൽ അത് വ്യക്തമാകും. മാത്രവുമല്ല കൃത്യമായ രാഷ്ട്രീയം (സമകാലിക രാഷ്ട്രീയമല്ല) രചനകളിൽ ഉണ്ടാവണമെന്നും അതൊരു പരിധിവരെ സമൂഹ വിമർശനത്തിന് വിധേയമാക്കേണ്ടതാണെന്നും ഉള്ള നിലപാടാണ് എന്റേത്.

ചോദ്യം- 4
യഥാർത്ഥ സംഭവങ്ങളെ കഥയാക്കുന്നു എന്ന് അവസാനഭാഗത്ത് പറയുന്നുണ്ടല്ലോ ഒരു കഥയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുമ്പോൾ ആണോ ഇത്തരം സംഭവങ്ങൾ കണ്ണിലുടക്കുക അതോ ഇത്തരം സംഭവങ്ങൾ കണ്ടെത്തപ്പെടുമ്പോൾ കഥകൾ ആവുകയാണോ ചെയ്യുക?

ഉത്തരം:
നേരത്തെ പറഞ്ഞുവല്ലോ യഥാർത്ഥ സംഭവങ്ങളെ ഞാൻ ഒരിക്കൽ പോലും അതേപടി കഥയാക്കാറില്ല. എല്ലാ കഥകൾക്കും അടിസ്ഥാനമായി അദൃശ്യമായ ഒരു യഥാർത്ഥ സംഭവം ഉണ്ടാകാം. അതിനെ അതിന്റേതായ നിർവചനങ്ങളിലൂടെ പുതിയൊരു തലത്തിലേക്ക് കൊണ്ടുവരുന്നു. തികച്ചും പുതുമയുള്ള ഒരു കഥയാക്കി അവ അവതരിപ്പിക്കാൻ ആണ് ഞാൻ ശ്രദ്ധിക്കാറുള്ളത് .

ചോദ്യം -5
കഥാപാത്രങ്ങൾ ചുറ്റുപാടും ഉള്ളവർ ആകുമ്പോൾ അവരിൽ ആരെങ്കിലുമൊക്കെ ആ കഥ വായിക്കുമ്പോൾ ഉണ്ടാകാൻ ഇടയുള്ള മനോവ്യാപാരങ്ങളെപ്പറ്റി എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ഉത്തരം:
മാനുഷിക ( സ്ത്രീ)വിരുദ്ധമായ ഒരു പരാമർശവും എന്റെ രചനകളിൽ ഉണ്ടാവാറില്ല. യഥാർത്ഥ കഥയിലെ കഥാപാത്രങ്ങളെ മറ്റൊരു തലത്തിൽ ഞാൻ പലപ്പോഴും അവതരിപ്പിച്ചിട്ടുണ്ട്. ‘തക്ഷൻകുന്ന് സ്വരൂപ’ത്തിൽ നൂറ്റമ്പതോളം കഥാപാത്രങ്ങളുണ്ട് അതിൽ അമ്പതോളം കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ അവിടെ ജീവിച്ചവരാണ്. എന്നാൽ അവരുടെ പിന്തുടർച്ചക്കാർ ആരും ഒരാക്ഷേപവുമായി വന്നില്ല എന്നതാണ് യാഥാർത്ഥ്യം. കഥയെഴുതുമ്പോൾ എന്റെ ഉത്തമ ബോധ്യത്തെ കുറിച്ചാണ് ഞാൻ ചിന്തിക്കാറുള്ളത് ബോധപൂർവ്വം ഒരാളെ പോലും അപകീർത്തിപ്പെടുത്താൻ ഞാൻ ശ്രമിക്കാറില്ല.
കഥയിലൂടെ എന്റെ ശരികൾ ഞാൻ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

Author

Scroll to top
Close
Browse Categories