സാഹിത്യത്തിലെ ഗുരുവും ആശാനും

ഗുരുവും ശിഷ്യനും ആത്മീയതയുടെ പരകോടിയിലുള്ളവരാണ്.അവർ സ്വൈര്യവിഹാരം നടത്തിയ കാവ്യങ്ങൾ, ആശയങ്ങൾ കൊണ്ട് വ്യക്തരാഷ്ട്രീയം പറയുന്നവയാണ്. ഓരോ എഴുത്തുകാരും അങ്ങനെയായിരുന്നെങ്കിൽ മലയാള സാഹിത്യ ലോകം ഇന്നുള്ളതിലും മഹനീയമായിത്തീരും.

ഓരോ കവികളും രചന ശൈലി കൊണ്ട് വ്യത്യസ്തരാണ്. ചെറിയ ചെറിയ സാമ്യങ്ങൾ ഒഴിവാക്കിയാൽ കുമാരനാശാനെ പോലുള്ള ഒരു കവിയെ, അദ്ദേഹത്തെ പഠിച്ച്,വായിച്ച് കവിത എഴുതുന്നവരുമായി താരതമ്യപ്പെടുത്തുന്നത് യഥാർത്ഥത്തിൽ ഒരു സങ്കീർണതയല്ലേ?
ഓരോ നാട്ടിലേയും കവിതയ്ക്ക് ഒരു ചരിത്രമുണ്ടാകും. അത് കവിതയുടെ ലോക ചരിത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ് എന്നത് പോലെ തന്നെ വ്യത്യസ്തവുമാണ്. മലയാള കവിത മറ്റ് ഭാഷകളിലെ കവിതകളുമായി പല ഘടകങ്ങളിലും സാമ്യം പുലർത്തുമ്പോൾ തന്നെ വ്യതിരിക്തവുമാണ്. അതിന്റെ കാരണം ഓരോ ഭാഷയിലെ കവിതയ്ക്കും തനത് ചരിത്രം ഉള്ളതുകൊണ്ടാണ്. ഒരു ഭാഷയിലെ വ്യത്യസ്ത കവികളെ താരതമ്യം ചെയ്യുമ്പോൾ അവർ തമ്മിൽ വ്യതിരിക്തത പുലർത്തുമ്പോഴും, നേരത്തെ പറഞ്ഞ തനത് ചരിത്രം അവരെ തമ്മിൽ ബന്ധിപ്പിക്കുന്നുമുണ്ട്. ആ ഒരു നോട്ടമാണ് ഞാൻ രാഖി പരാമർശിച്ച ലേഖനത്തിൽ നടത്തിയിട്ടുള്ളത്. കുമാരനാശാൻ എന്ന കവി മലയാള ഭാഷയിൽ നിക്ഷേപിച്ച ഊർജ്ജം മറ്റ് പിൽക്കാല കവികളെ എങ്ങനെ സ്പർശിച്ചു എന്ന് നോക്കേണ്ടത് അത്യാവശ്യമാണ് എന്ന് ഞാൻ കരുതുന്നു.

മലയാളത്തിൽ ധാരാളം രചനകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്.അവ വായിക്കപ്പെടുന്നുമുണ്ട്.എന്നാൽ ശ്രീനാരായണ ഗുരുവിനെ പോലൊരാളുടെ രചനകൾക്ക്‌ വേണ്ടവിധം പ്രചാരവും വായനയും നടക്കുന്നുണ്ടോ? ഇന്നത്തെ കാലത്ത് അദ്ദേഹത്തിന് രചനകൾ പ്രാധാന്യമർഹിക്കുന്നവയല്ലേ?എന്താണ് അങ്ങയുടെ അഭിപ്രായം?.
നാരായണ ഗുരു ബഹുതലസ്പർശിയായ സാന്നിദ്ധ്യമായിരുന്നു. ഒരുപക്ഷേ, വേർതിരിക്കപ്പെട്ട ജ്ഞാനവ്യവഹാരങ്ങളുടെ ലോകത്ത് നിന്ന് അദ്ദേഹത്തെ പോലെ ഒരാളെ പഠിക്കുക പ്രയാസമായിരിക്കും. ഒരേ സമയം തത്വചിന്തകനും കവിയും സാമൂഹ്യ പരിഷ്ക്കർത്താവും ആക്ടിവിസ്റ്റും ആയിരുന്നു അദ്ദേഹം. അതോടൊപ്പം മലയാളി സമൂഹത്തെ ആധുനികലോകവുമായി കൂട്ടിത്തൊടുവിച്ച പ്രധാന സാന്നിദ്ധ്യവും അദ്ദേഹം തന്നെ. അതു കൊണ്ടു തന്നെ പൊതുവിലല്ലാതെ ഓരോരോ ജ്ഞാനമണ്ഡലങ്ങളിൽ അദ്ദേഹം എന്തുചെയ്തു എന്ന വിശദമായ അന്വേഷണങ്ങൾ അധികമുണ്ടായിട്ടില്ല .അതിൽത്തന്നെ കവിയെന്ന നിലയിൽ അദ്ദേഹം വലുതായി പഠിക്കപ്പെട്ടിട്ടില്ല. ഒരു പക്ഷെ ,കവിത എന്ന മഹാനുഭവത്തിലാണ് അദ്ദേഹത്തിന്റെ ചിന്തകളുടെയും പ്രവർത്തനങ്ങളുടേയും താക്കോൽ അന്വേഷിക്കേണ്ടത് എന്നാണ് എന്റെ തോന്നൽ.

പി.എൻ. ഗോപികൃഷ്ണൻ

‘പരമേശ പവിത്രപുത്രനോ? കരുണാവാൻ നബി മുത്തുരത്നമോ?’ എന്ന ലേഖനത്തിൽ ആത്മീയയിൽ നിന്നു നോക്കിക്കാണുന്നതിനേക്കാൾ ശ്രീനാരായണ ഗുരുവിന്റെ രാഷ്ട്രീയ തലത്തെ വ്യക്തമായി തന്നെ പഠിച്ച് എഴുതിയിരിക്കുന്നു. എന്താണ് അദ്ദേഹത്തിന്റെ ഇത്തരം രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ച് എഴുതാൻ പ്രചോദനം നൽകിയത്?

ഇന്നത്തെ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വിഭജനത്തിന്റെ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ആ ലേഖനം പ്രസക്തമാകുന്നത് എന്ന് തോന്നുന്നു. മതങ്ങളെ ധാർമ്മികവ്യവഹാരമായി വായിക്കുക മാത്രമല്ല നാരായണഗുരു ചെയ്തത്. ആ ധാർമ്മികസംഹിതയെ ആധുനികവത്ക്കരിക്കുകയും മതാതീതമായ ഒരിടത്തേയ്ക്ക് കരേറ്റുകയുമാണ്. ധാർമ്മികതയുടെ പരിണാമ ചരിത്രം എഴുതുകയായിരുന്നു ,യഥാർത്ഥത്തിൽ ഗുരു. ഇന്ന് ആ പരിണാമ ചരിത്രത്തെ മറിച്ചിടുന്നത് രാഷ്ട്രീയ സാഹചര്യം കൂടിയാണ്. അതിനാൽ രാഷ്ട്രീയമായിക്കൂടി അതിനെ മനസ്സിലാക്കേണ്ടതുണ്ട്.

ആശാൻ,ഉള്ളൂർ,വള്ളത്തോൾ, ചങ്ങമ്പുഴ തുടങ്ങിയ പേരുകളൊക്കെ പറയുമ്പോഴും ശ്രീനാരായണഗുരു എന്നൊരു കവി നാമം ആരും പറയുന്നില്ല. എന്നാൽ അദ്ദേഹത്തെപ്പോലെ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളിലോ വാക്കുകളിലോ പുരോഗമനപരമായി മുകളിൽ പറഞ്ഞ ആരും കവിതയിൽ അത്രകണ്ട് പരീക്ഷണം നടത്തി കണ്ടിട്ടുമില്ല.എന്നിട്ടും എന്തുകൊണ്ടായിരിക്കും ശ്രീനാരായണഗുരുവിനെ ഒരു നല്ല കവിയായി അംഗീകരിക്കാത്തത്?
ഞാൻ നേരത്തെ നൽകിയ ഉത്തരം തന്നെയാണ് ഈ ചോദ്യത്തിൻ്റേയും . ഭാഷയുടേയും അനുഭൂതിയുടേയും ചരിത്രത്തിൽ മാത്രമല്ല വലിയ കവികൾ ഇരിക്കുക. ശ്രീനാരായണഗുരു ,ഒരു യുഗത്തെ നേരിട്ട കവിയാണ്. സംസ്കാരത്തെ പുതുക്കിപ്പണിത ആളാണ്. അതിനാൽ നമ്മുടെ കവിതാ നിരൂപണക്കോപ്പുകൾക്കുള്ളിൽ പലപ്പോഴും കുടുങ്ങില്ല. മാനകങ്ങളുടെ കുറവോ ദൗർബല്യമോ ആണ് അതിന് കാരണം. അതിന് ഗുരുവിൻ്റെ കവിതയെ പഴിച്ചിട്ട് കാര്യമില്ല.

ആശാൻ കവിതകളെക്കുറിച്ച് അത്യാഹ്ലാദപൂർവ്വമാണ് താങ്കൾ പറയുന്നത്.ആശാൻ കവിതകളിൽ അങ്ങയെ ഏറ്റവുമാകർഷിക്കുന്ന ഘടകം എന്താണ്?
ഒറ്റഘടകം മാത്രമായി പറയുക അസാധ്യം. എങ്കിലും ചുരുക്കിപ്പറഞ്ഞാൽ മലയാളിക്ക് ഉൾജീവിതം നൽകിയത് ആശാനാണ് . അന്ത:കരണം എന്നത് ആശാൻ കവിത നമ്മിൽ നിക്ഷേപിച്ചതാണ്. അങ്ങനെയാണ് സങ്കീർണ്ണതകളിലേയ്ക്ക് നാം വലിച്ചെറിയപ്പെട്ടത്.

Author

Scroll to top
Close
Browse Categories