ഗുരു പറയാൻ ശ്രമിച്ചതെന്ത്
കേരളം ഒരിക്കൽ ആശ്ലേഷിച്ച നവോത്ഥാന മൂല്യങ്ങൾക്ക് ഇന്ന് സംഭവിക്കുന്ന തളർച്ചയ്ക്ക് കാരണം ആത്മീയമായ അടിത്തറ അംഗീകരിക്കാനുള്ള വൈമനസ്യം മാത്രമാണ്. ആത്മീയത സമം മതം സമം അന്ധവിശ്വാസം എന്ന വിപത്കരമായ ഒരു സമവാക്യം നമ്മുടെ സമൂഹ ഗാത്രത്തിൽ എപ്പോഴോ കടന്നു പറ്റി. അത് മറ്റൊരു തരം അറിവുകേടാണെന്ന് മാത്രം.
ചരിത്രത്തിലെ അപൂർവതയാണ് ശ്രീനാരായണ ഗുരു. ഗുരു ഇല്ലാത്ത കേരളം നമുക്കിന്നു സങ്കൽപ്പത്തിനും അതീതം . അത്രകണ്ട് അഗാധമായി മലയാളിയുടെ സമൂഹ ഭാവനയെ ഗുരു സ്പർശിക്കുകയുണ്ടായി. സൗമ്യസ്വരത്തിൽ കൊടുങ്കാറ്റുകളെ ഉണർത്താൻ ഗുരുവിനു അറിയാമായിരുന്നു. അപാരമായ കരുണയുടെ നികടമായതിനാലാണ് ഈ സൗമ്യത ഗുരുവിനു വഴങ്ങിയത്. അന്നത്തെ കേരളത്തിന്റെ സാമൂഹ്യശീലങ്ങൾ എത്രമാത്രം അധഃപതിച്ചതും പ്രതിലോമകരവും വർജ്ജ്യവുമാണെന്ന് ഗുരുവിനു ഉത്തമബോധ്യമുണ്ടായിരുന്നു. മറ്റാരേക്കാളും ആയിത്താചരണത്തിന്റെയും അനാചാരങ്ങളുടെയും അവിവേകം ഗുരു ആത്മാവിൽ അനുഭവിച്ചു. കാരണം അടിസ്ഥാനപരമായ മിസ്റ്റിക് അനുഭൂതി സ്വായത്തമാക്കിയ മഹാഗുരുവിനു വ്യത്യാസങ്ങൾ എത്ര അസംബന്ധമാണെന്ന് അറിയാം. സകലതിനും. പൊരുൾ ഒന്ന് എന്നത് ഗുരുവിനു കേവലമൊരു ആശയമല്ല, അനുഭവസാക്ഷ്യം. എന്നിട്ടും അവയുടെ പ്രയോക്താക്കളെയും വിശ്വാസികളെയും അജ്ഞന്മാർ അർഹിക്കുന്ന അനുതാപത്തോടെയാണ് ആ മഹാ തപസ്വി നോക്കിക്കണ്ടത്! സാഗരവിശാലമായിരുന്നു- അല്ല ആഴക്കടൽ പോലെ അഗാധമായിരുന്നു ആ ഹൃദയം. അതീവ ധിഷണാശാലിയായിരുന്ന ഗുരു, അനാചാരങ്ങളെ പിന്തുടരുന്നവരോട് ധിഷണ കൊണ്ടല്ല ഹൃദയം കൊണ്ട് പ്രതിവചിച്ചു. ‘പിതാവേ ഇവരോട് പൊറുക്കേണമേ, ചെയ്യുന്നതെന്ത് എന്ന് ഇവർ അറിയുന്നില്ല’ എന്ന യേശുവിന്റെ സഹനവചനങ്ങൾക്ക് സമാനമായിരുന്നു ഗുരുവിന്റെ നിലപാട്.
‘ഇവർ അറിയുന്നില്ല’ എന്ന നിലപാടിൽ നിന്ന് അറിവിലേക്ക് ജനതയെ ഉയർത്തുകയും ഉണർത്തുകയും ചെയ്യുക എന്ന ദൗത്യം സ്വയമേറ്റെടുക്കുകയാണ് ഗുരു ചെയ്തത്. ‘അറിവ് ‘ എന്ന ഗഹനവും അത്ഭുതാവഹവുമായ ഒരു കൃതി തന്നെ ഗുരു രചിച്ചുവല്ലോ. ‘ആത്മോപദേശ ശതകം ‘ ആരംഭിക്കുന്നത് തന്നെ ‘അറിവിലുമേറിയ അറിവിനെ’ ഉപാസിച്ചു കൊണ്ടാണ്. അറിവില്ലായ്മയെ സമൂഹത്തിന്റെ സകല ദൂഷിതമനോഭാവങ്ങളുടെയും ആധാരമായി ഗുരു കണ്ടു. അൽപ്പമായ അറിവ് കൊണ്ട് ലോകത്തെ കാണുമ്പോൾ എല്ലാം വ്യതിരിക്തമായി കാണുമാറാകുന്നു. എന്നാൽ അത് വെറും മായക്കാഴ്ച. ആ മായയെ നീക്കി, സായുജ്യം നൽകുമാര്യനെ ദൈവദശകം പുകഴ്ത്തുന്നുണ്ട്. ആ അറിവുണ്ടെങ്കിൽ അഥവാ ആ ‘അരുൾ’ ഉണ്ടെങ്കിൽ അൻപും അനുകമ്പയും ഏതൊരാളിനും സഹജമായിത്തീരും. അത് കൊണ്ടാണ് ‘അരുളുള്ളവനാണ് ജീവി ‘ എന്ന നവാക്ഷരി ഉരുവിട്ടുകൊള്ളാൻ അനുകമ്പാ ദശകത്തിൽ ഗുരു കൽപ്പിക്കുന്നത്.
അറിവില്ലായ്മയുടെ തമസിൽ നിന്നു അറിവിന്റെ പ്രകാശത്തിലേയ്ക്ക് കേരളത്തെ ഉണർത്താൻ ശ്രമിച്ച ഗുരു മറ്റുളള പരിഷ്കർത്താക്കളിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ആത്മീയതലത്തിൽ നാമെല്ലാം ഒന്നാണെന്നും ബാഹ്യതലത്തിൽ നാം സൃഷ്ടിച്ചു വച്ച വികൽപ്പങ്ങൾ നിഴലുകൾ മാത്രമാണെന്നും അറിവിന്റെ വിളക്കുയർത്തി കാട്ടി പ്രഖ്യാപിച്ച ഗുരു ഒരർത്ഥത്തിൽ
ആത്മീയമായ ശരിയിലൂടെ സമൂഹത്തിന്റെ തെറ്റു തിരുത്താനാണ് ആഗ്രഹിച്ചത്. എങ്കിൽ മാത്രമേ സാമൂഹ്യമായ മാറ്റങ്ങൾക്ക് സുസ്ഥിരത ഉണ്ടാവുകയുള്ളൂ. ഗുരുവിന്റെ സാമൂഹ്യ ദർശനത്തിൽനിന്ന് ആത്മീയത കിഴിക്കുന്നത് ആ മഹായോഗിയോടു ചെയ്യുന്ന കൊടിയ അറിവില്ലായ്മ ആയിരിക്കും. കേരളം ഒരിക്കൽ ആശ്ലേഷിച്ച നവോത്ഥാന മൂല്യങ്ങൾക്ക് ഇന്ന് സംഭവിക്കുന്ന തളർച്ചയ്ക്ക് കാരണം ആത്മീയമായ അടിത്തറ അംഗീകരിക്കാനുള്ള വൈമനസ്യം മാത്രമാണ്. ആത്മീയത സമം മതം സമം അന്ധവിശ്വാസം എന്ന വിപത്കരമായ ഒരു സമവാക്യം നമ്മുടെ സമൂഹ ഗാത്രത്തിൽ എപ്പോഴോ കടന്നു പറ്റി. അത് മറ്റൊരു തരം അറിവുകേടാണെന്ന് മാത്രം. അറിവുകേടിന്റെ പാത ഗുരുവിൽ നിന്ന് അകലേയ്ക്കും അറിവിന്റെ വഴി ഗുരുവിന്റെ അരികിലേക്കുമാണ് നയിക്കുക എന്ന തിരിച്ചറിവിലൂടെ മാത്രമേ നമുക്ക് ഗുരുവിനെ അറിയാനും ആ വചനങ്ങൾക്കനുസൃതമായി ജീവിക്കാനും കഴിയൂ. അല്ലാത്തതൊക്കെ വെറും ആചാരങ്ങൾ മാത്രം.