പിണ്ഡനന്ദി:ഒരു ഖുര്‍ആനിക ആസ്വാദനം

മനുഷ്യ ശരീരത്തെ അത്ഭുതകരമാം വിധം സൃഷ്ടിച്ചു പരിപാലിച്ച് കൊണ്ടിരിക്കുന്ന ജഗദീശ്വരനോട് ഒരു ഗര്‍ഭസ്ഥ ജീവന്‍ നടത്തുന്ന നന്ദി പ്രകടനമാണ് ‘പിണ്ഡനന്ദി’ എന്ന ഗുരുകൃതിയിലെ പ്രതിപാദ്യം. നന്ദി പ്രകടനത്തോടൊപ്പം ലൗകിക സുഖങ്ങളില്‍ മോഹിച്ചു പോകാതെ ഇനി മനുഷ്യ ശരീരത്തിന്റെ പരമ ലക്ഷ്യമായ ആത്മദര്‍ശനത്തിന് സഹായം നല്‍കണമെന്നും ഗര്‍ഭസ്ഥ ജീവന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ കൃതിയെക്കുറിച്ച് നടത്തുന്ന ഒരു ഖുര്‍ആനിക ആസ്വാദനമാണ് ഈ പ്രബന്ധം.
ജാതിസമൂഹത്തെയും അതിനെ താങ്ങിനിര്‍ത്തുന്ന ആശയപ്രപഞ്ചത്തെയും താത്വികമായിത്തന്നെ തകര്‍ക്കാന്‍ പ്രയത്‌നിച്ച സന്യാസിശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരു. ജാതിമത ചിന്തകള്‍ക്ക് അതീതമായി ജനങ്ങളെ കോര്‍ത്തിണക്കാനുള്ള ദര്‍ശനമാണ് ശ്രീനാരായണ ചിന്ത. തമ്മില്‍ പൊരുതി ഒരു മതത്തിന് മറ്റൊരു മതത്തിനുമേല്‍വിജയം കൈവരിക്കാനാവില്ലെന്ന് അദ്ദേഹം നിരന്തരം ചൂണ്ടിക്കാട്ടി. ‘ആത്മോപദേശശതക’ത്തില്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നു:

‘പൊരുതു ജയിപ്പതസാധ്യമൊന്നിനോടൊ
ന്നൊരു മതവും പൊരുതലൊടുങ്ങൂവീല;
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധിവേണം.’
ആഗോള യുദ്ധ വ്യാപാരശക്തികള്‍ സംസ്‌കാരങ്ങള്‍ തമ്മില്‍ തമ്മിലുള്ള സംഘട്ടനം എന്ന ആശയത്തെ മുന്‍നിര്‍ത്തി, മതങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ഭിന്നതകളും അതിനെ പര്‍വ്വതീകരിച്ച് സംഘര്‍ഷങ്ങളും ഉദ്ദീപിപ്പിക്കുക എന്ന ലക്ഷ്യവുമായി ശക്തമായി മുന്നോട്ടു നീങ്ങുകയാണ്. ഇതിന്റെ ഫലമായി, മനുഷ്യ ഹത്യകളും ക്രൂരതകളും മനുഷ്യകത്തിന്റെ നാശവും കൊണ്ട് ലോകം നിര്‍ഭരമായിരിക്കുന്നു. ശ്രീനാരായണീയ ദര്‍ശനം മുന്നോട്ട് വയ്ക്കുന്ന മതസമന്വയം എന്ന ആശയം യോജിപ്പിന്റെ മേഖലകള്‍ തേടിക്കൊണ്ട് പരസ്പര സഹകരണം വിപുലീകരിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്.
1888 നും 1897 നുമിടയ്ക്ക് ശ്രീനാരായണഗുരു രചിച്ചതായി കരുതപ്പെടുന്ന ലഘു മലയാള കാവ്യമാണ് പിണ്ഡനന്ദി. ഒരു ഗര്‍ഭസ്ഥശിശു തനിക്കു ദൈവം നല്‍കിയ ഉജ്ജ്വലമായ സംരക്ഷണത്തിന് നല്‍കുന്ന നന്ദി പ്രകാശനമായാണ് ‘പിണ്ഡനന്ദി’യിലെ ആശയങ്ങള്‍ ഇതള്‍ വിരിയുന്നത്. ഈ കൃതിയെക്കുറിച്ച് നടത്തുന്ന ഒരു ഖുര്‍ആനിക ആസ്വാദനമാണ് ഈ പ്രബന്ധം.
മനുഷ്യ ശരീരത്തെ അത്ഭുതകരമാം വിധം സൃഷ്ടിച്ചു പരിപാലിച്ച് കൊണ്ടിരിക്കുന്ന ജഗദീശ്വരനോട് ഒരു ഗര്‍ഭസ്ഥ ജീവന്‍ നടത്തുന്ന നന്ദി പ്രകടനമാണ് ‘പിണ്ഡനന്ദി’ എന്ന ഗുരുകൃതിയിലെ പ്രതിപാദ്യം. നന്ദി പ്രകടനത്തോടൊപ്പം ലൗകിക സുഖങ്ങളില്‍ മോഹിച്ചു പോകാതെ ഇനി മനുഷ്യ ശരീരത്തിന്റെ പരമ ലക്ഷ്യമായ ആത്മദര്‍ശനത്തിന് സഹായം നല്‍കണം എന്നും ഗര്‍ഭസ്ഥ ജീവന്‍ അഭ്യര്‍ത്ഥിക്കുന്നു.
‘ഗര്‍ഭത്തില്‍ വെച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമമ്പൊടു വളര്‍ത്ത കൃപാലുവല്ലീ
കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ!’
ഗര്‍ഭസ്ഥശിശു തന്റെ ജീവിതയാത്രയ്ക്ക് നിദാനമായ ദേഹം ഗര്‍ഭത്തില്‍ ഇരിക്കുമ്പോള്‍ മുതല്‍ സകല കാരുണ്യത്തോടെയും കാത്തുസൂക്ഷിച്ച കരുണാമയനായ ഭഗവാനോട് അവിടുന്ന് ഇച്ഛിക്കുന്നതുപോലെ മാത്രമേ കാര്യങ്ങള്‍ നടക്കൂ എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് തന്റെ ജീവിതത്തെ ദൈവേച്ഛയ്ക്ക് സമര്‍പ്പിക്കുകയാണ്.?
ഇത്തരം സമര്‍പ്പണചിന്ത ഉദിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ നോക്കുക:
‘പിന്നീട് അവനെ വേണ്ടവിധം സന്തുലനപ്പെടുത്തി. തന്റെ ആത്മാവില്‍ നിന്ന് അതിലൂതി. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നു. എന്നിട്ടും എന്നെ കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.’ (ഖുര്‍ആന്‍ 32:9)
‘അല്ലയോ മനുഷ്യാ, അത്യുദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ ചതിയില്‍ പെടുത്തിയതെന്താണ്? അവനോ, നിന്നെ സൃഷ്ടിക്കുകയും ശ്രദ്ധയോടെ ചിട്ടപ്പെടുത്തുകയും, എല്ലാം സന്തുലിതമാക്കുകയും ചെയ്തവന്‍.’ (ഖുര്‍ആന്‍ 82:7-8)
‘ദൈവം നിങ്ങളെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ ബീജകണത്തില്‍നിന്നും. അതിനുശേഷം അവന്‍ നിങ്ങളെ ഇണകളാക്കി. അവന്റെ അറിവോടെയല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുന്നില്ല. പ്രസവിക്കുന്നുമില്ല. ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ ഒരു വൃദ്ധനും ആയുസ്സ് നീട്ടിക്കൊടുക്കുന്നില്ല; ആരുടെയും ആയുസ്സില്‍ കുറവു വരുത്തുന്നുമില്ല. ദൈവത്തിന് ഇതൊക്കെയും വളരെ എളുപ്പമാണ്.’ (ഖുര്‍ആന്‍ 35:11)
‘മനുഷ്യന്‍ കരുതുന്നോ; അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്? അവന്‍, തെറിച്ചു വീണ നിസ്സാരമായ ഒരിന്ദ്രിയകണം മാത്രമായിരുന്നില്ലേ? പിന്നെയത് ഭ്രൂണമായി. അനന്തരം ദൈവം അവനെ സൃഷ്ടിച്ചു അവയവപ്പൊരുത്തമേകി. അങ്ങനെ അവനതില്‍ നിന്ന് ആണും പെണ്ണുമായി ഇണകളെ ഉണ്ടാക്കി.’ (ഖുര്‍ആന്‍ 75:37-39)
‘മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍
പിണ്ഡത്തിനന്നമൃതു നല്‍കി വളര്‍ത്ത ശംഭോ!’
വിവിധ രാസജൈവികഘടകങ്ങളെ കൃത്യമായ അളവില്‍ കൂട്ടിച്ചേര്‍ത്തു ശരീരം നിര്‍മ്മിച്ചു കൊണ്ട് അതിനെ ഭ്രൂണാവസ്ഥയില്‍ കാത്തരുളുന്ന ദൈവം മാത്രമാണ് മനുഷ്യന് ശരണം.
ഗര്‍ഭാശയം എന്നത് വിവിധ പരിവര്‍ത്തന ഘട്ടത്തിലൂടെ ജീവന്‍ തുടിക്കുവാനും മനുഷ്യരൂപം പ്രാപിക്കുവാനും ഉതകുന്ന രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യന്ത സങ്കീര്‍ണമായ ഒരു ആന്തരികാവയവം ആണെന്ന് ബോധ്യപ്പെടും. അവിടെനിന്നും ഭൂമിയില്‍ ഒരു കുഞ്ഞായി പിറന്നു വീഴുമ്പോള്‍ ജീവന്റെ നിലനില്‍പ്പിന് പ്രാണവായു അനിവാര്യമായിരുന്നു. അത് ലഭ്യമാകാനുള്ള പദ്ധതി സസ്യങ്ങളുടെ പ്രഭാകലനം എന്ന പ്രക്രിയയിലെ ഉപോല്‍പ്പന്നമായി പുറത്തുവിടുന്ന ഓക്‌സിജനിലൂടെ സാധ്യമാക്കിയിരിക്കുന്നു. മാത്രമല്ല, പിറന്നുവീഴുന്ന കുഞ്ഞിന് ശ്വസിക്കാനുള്ള അത്യന്ത സങ്കീര്‍ണമായ ശ്വാസകോശം നല്‍കപ്പെട്ടിരിക്കുന്നു. നവജാത ശിശുവിന് കട്ടിയുള്ള ഭക്ഷണം ആമാശയത്തിന് ഉചിതമല്ലാത്തതിനാല്‍, ദ്രവരൂപത്തിലുള്ളതും ഏറ്റവും ഉന്നതമായ പോഷക സമൃദ്ധവുമായ ഭക്ഷണം മാതൃസ്തനങ്ങളില്‍ സ്‌നേഹത്തിന്റെ പാലായി ചുരത്തപ്പെടുന്നു. എല്ലാത്തിന്റെയും താളക്രമം ജഗദീശ്വരനിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഇക്കാര്യം ഖുര്‍ആനും അടിവരയിടുന്നുണ്ട്:
‘ഒരൊറ്റ സത്തയില്‍നിന്ന് അവന്‍ നിങ്ങളെയെല്ലാം സൃഷ്ടിച്ചു. പിന്നെ അതില്‍നിന്ന് അതിന്റെ ഇണയെ ഉണ്ടാക്കി. നിങ്ങള്‍ക്കായി കന്നുകാലികളില്‍ നിന്ന് എട്ട് ജോടികളെയും അവനൊരുക്കിത്തന്നു. നിങ്ങളുടെ മാതാക്കളുടെ ഉദരത്തില്‍ അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു. മൂന്ന് ഇരുളുകള്‍ക്കുള്ളില്‍ ഒന്നിനു പിറകെ ഒന്നായി; ഘട്ടംഘട്ടമായി നിങ്ങളെ അവന്‍ രൂപപ്പെടുത്തിയെടുക്കുന്നു. ഇതൊക്കെയും ചെയ്യുന്ന ദൈവം ആണ് നിങ്ങളുടെ നാഥന്‍. ആധിപത്യം അവനു മാത്രമാണ്.’ (ഖുര്‍ആന്‍ 39:6)
ഇണകളെ-ആണിനെയും പെണ്ണിനെയും-സൃഷ്ടിച്ചതും അവനാണ്; സ്രവിക്കപ്പെട്ട ബീജത്തില്‍നിന്ന്.’ (ഖുര്‍ആന്‍ 53:45-46)
‘ഒരു ബീജകണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.’ (ഖുര്‍ആന്‍ 80:18-19)
‘അവനാണ് നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചത്. പിന്നെ ബീജകണത്തില്‍ നിന്ന്. പിന്നീട് ഭ്രൂണത്തില്‍നിന്നും. തുടര്‍ന്ന് ശിശുവായി അവന്‍ നിങ്ങളെ പുറത്തുകൊണ്ടുവരുന്നു. അതിനുശേഷം നിങ്ങള്‍ കരുത്തുനേടാനാണിത്. അവസാനം നിങ്ങള്‍ വൃദ്ധരായിത്തീരാനും. നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ മരണമടയുന്നു. നിങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട അവധിയിലെത്താനുമാണിത്. ഒരുവേള നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കിയെങ്കിലോ.’ (ഖുര്‍ആന്‍ 40:67)?
‘കല്ലിന്നകത്തുകുടിവാഴുമൊരല്‍പ്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു.’
ആരും കാണാത്ത ഇരുണ്ട പ്രദേശങ്ങളില്‍ ജീവിച്ചു പോരുന്ന അനേകം ചെറുജീവികള്‍ ഭഗവാന്റെ മഹാകാരുണ്യം വിളിച്ചറിയിക്കുന്നു. അമൃതം ആശ്രയിക്കുന്ന ദേവേന്ദ്രനും അതുപോലുള്ള ദിക്പാലകരും ഉള്‍പ്പെടെയുള്ള സകലരും ഭഗവത്കാരുണ്യത്തെ മാത്രം ആശ്രയിക്കുന്നവരാണ്. ഭൂമിയിലെ ജീവിതത്തെ സൂക്ഷ്മമായി നോക്കിക്കാണുന്ന ഏതു സത്യാന്വേഷിക്കും ഈശ്വര കാരുണ്യത്തിന്റെ മഹിമ സ്വയം ബോധ്യപ്പെടും. അഹങ്കാരത്തിന്റെ മോഹത്തിനിടയില്‍ ഗര്‍ഭാവസ്ഥയില്‍ തന്റെ ദേഹത്തിന് രൂപംകൊടുത്ത ഈശ്വര കാരുണ്യത്തെ മറന്നുപോകരുത് എന്ന് മാത്രം.
ഇക്കാര്യം ഖുര്‍ആനും ആവര്‍ത്തിക്കുന്നു:
‘ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആഹാരം ദൈവത്തിന്റെ ചുമതലയിലാണ്. അവ എവിടെക്കഴിയുന്നുവെന്നും അവസാനം എവിടെക്കാണെത്തിച്ചേരുന്നതെന്നും അവനറിയുന്നു. എല്ലാം സുവ്യക്തമായ ഒരു ഗ്രന്ഥത്തിലുണ്ട്.’ (ഖുര്‍ആന്‍ 11:6)
‘എത്രയെത്ര ജീവികളുണ്ട്. അവയൊന്നും തങ്ങളുടെ അന്നം ചുമന്നല്ല നടക്കുന്നത്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.’ (ഖുര്‍ആന്‍ 29:60)
‘ഭൂമിയില്‍ ചരിക്കുന്ന ഏത് ജീവിയും ഇരുചിറകുകളില്‍ പറക്കുന്ന ഏതു പറവയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങളാണ്.’ (ഖുര്‍ആന്‍ 6:38)
‘അഭൗതിക കാര്യങ്ങളുടെ താക്കോലുകള്‍ ദൈവത്തിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു. അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല.’ (ഖുര്‍ആന്‍ 6:59)
‘ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതുവളര്‍ന്നതഹോ വിചിത്രം!
എന്‍ തമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലിതിനു നീയരുളീടു ശംഭോ!’
ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന ശിശുവിന് അവിടെ ബന്ധുക്കള്‍ ഇല്ല. ആ ഇരുട്ടറയില്‍ അവനെ സഹായം ജഗദീശ്വരന്റെ പദ്ധതി മാത്രം. ഇതൊന്നു ചിന്തിച്ചാല്‍ തന്നെ മനുഷ്യന് അഹങ്കരിച്ചു കൊണ്ട് ഇരുളില്‍ പതിക്കാതെ രക്ഷപ്പെടാം. മംഗളസ്വരൂപിയായ ഭഗവാനേ, അവിടുന്ന് അതിനായി എന്നെ അനുഗ്രഹിക്കണം.
ഇക്കാര്യം ഖുര്‍ആനും ഊന്നിപ്പറയുന്നു:
‘പിന്നെ അവന്റെ സന്താനപരമ്പരയെ നിസ്സാരമായ വെള്ളത്തിന്റെ സത്തില്‍ നിന്നുണ്ടാക്കി.’ (ഖുര്‍ആന്‍ 32:8)
‘നിസ്സാരമായ ദ്രാവകത്തില്‍നിന്നല്ലേ നിങ്ങളെ നാം സൃഷ്ടിച്ചത്? എന്നിട്ടു നാമതിനെ സുരക്ഷിതമായ ഒരിടത്തു സൂക്ഷിച്ചു. ഒരു നിശ്ചിത അവധി വരെ.’ (ഖുര്‍ആന്‍ 77:20-22)
‘മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; ഏതില്‍നിന്നാണവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന്. അവന്‍ സൃഷ്ടിക്കപ്പെട്ടത് സ്രവിക്കപ്പെടുന്ന വെള്ളത്തില്‍നിന്നാണ്. മുതുകെല്ലിന്റെയും മാറെല്ലിന്റെയും ഇടയിലാണതിന്റെ ഉറവിടം.’ (ഖുര്‍ആന്‍ 86:5-7)
‘നാലഞ്ചുമാസമൊരുപോല്‍ നയനങ്ങള്‍ വെച്ചു
കാലന്റെ കയ്യിലണയാതെ വളര്‍ത്തി നീയേ
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ!’
9 മാസത്തോളം നിരന്തരമായ കരുതലോടെ മരണത്തിന്റെ വക്ത്രത്തിലേക്ക് വിട്ടുകൊടുക്കാതെ നീയെന്നെ പരിപാലിച്ചു വളര്‍ത്തി. ഏറെക്കാലത്തിനുശേഷം ഇന്നതോര്‍ക്കുമ്പോള്‍ കരഞ്ഞു പോകുന്നു.
തനിക്ക് യാതൊരു പങ്കുമില്ലാത്ത വിധം തന്റെ ശരീരത്തിന്റെ ഉത്ഭവവും വളര്‍ച്ചയും വിശകലനം ചെയ്താല്‍ തന്നെ മനുഷ്യഹൃദയം ദൈവഭക്തികൊണ്ട് നിറയാതിരിക്കില്ല. മനുഷ്യനെ ഗര്‍ഭാവസ്ഥയില്‍ മുതല്‍ പരിപാലിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതും അനുസ്മരിപ്പിച്ചുകൊണ്ട് നന്ദി പ്രകടിപ്പിക്കാനുള്ള മനുഷ്യന്റെ വിമുഖതയും അഹങ്കാര ബോധവും നിരര്‍ത്ഥകമാണെന്ന് ഖുര്‍ആനും ആവര്‍ത്തിക്കുന്നു:
‘ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം വെറുതെ സൃഷ്ടിച്ചതല്ല. അത് സത്യനിഷേധികളുടെ ധാരണയാണ്.’ (ഖുര്‍ആന്‍ 38:27)
‘മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് സ്ഥാപിച്ചു. അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഏറ്റം നല്ല സൃഷ്ടികര്‍ത്താവായ ദൈവം അനുഗ്രഹപൂര്‍ണന്‍ തന്നെ.’ (ഖുര്‍ആന്‍ 23:12-14)
‘അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നത്. പക്ഷേ, നന്നെക്കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.’ (ഖുര്‍ആന്‍ 23:78)
‘ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയുമില്ല. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു.’ (ഖുര്‍ആന്‍ 25:2)
‘നീ കാണുന്നില്ലേ; കടലില്‍ കപ്പല്‍ സഞ്ചരിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹത്താലാണെന്ന്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങളെ കാണിക്കാനാണിത്. നന്നായി ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്യുന്ന ഏവര്‍ക്കും ഇതില്‍ ധാരാളം തെളിവുകളുണ്ട്.’ (ഖുര്‍ആന്‍ 31:31-32)
മനുഷ്യന്‍ ചോദിക്കുന്നു: ”ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നെ വീണ്ടും എന്നെ ജീവനോടെ പുറത്തുകൊണ്ടുവരുമെന്നോ!” മനുഷ്യന്‍ ഒന്നുമല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് നാം അവനെ സൃഷ്ടിച്ചുണ്ടാക്കിയ കാര്യം അവനൊന്നോര്‍ത്തുകൂടേ?’ (ഖുര്‍ആന്‍ 19:67-68)
‘നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?’ (ഖുര്‍ആന്‍ 55:34)
‘രേതസ്സു തന്നെയിതു രക്തമൊടും കലര്‍ന്നു
നാദം തിരണ്ടുരുവതായ് നടുവില്‍ക്കിടന്നേന്‍
മാതാവുമില്ലവിടെയന്നു പിതാവുമില്ലെന്‍
താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ!’
മാതാവിന്റെ അണ്ഡവും പിതാവിന്റെ ബിജുവും ചേര്‍ന്നു നാദാത്മകമായ ആത്മരൂപമായി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞു. മാതാപിതാക്കള്‍ അവിടെ സംരക്ഷിക്കാന്‍ ഇല്ലായിരുന്നു. ദൈവമേ നീ മാത്രമാണ് അന്ന് എന്നെ പോറ്റി വളര്‍ത്തിയ തമ്പുരാന്‍.
ഇത്തരം ചിത്രീകരണങ്ങള്‍ ഖുര്‍ആനിലും കാണാം:
‘മനുഷ്യനെ നാം കൂടിക്കലര്‍ന്ന ദ്രവകണത്തില്‍നിന്ന് സൃഷ്ടിച്ചു; നമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ നാമവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി.’ (ഖുര്‍ആന്‍ 76:2)
‘ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി തെളിവുകളുണ്ട്. നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ട് മനസ്സിലാക്കുന്നില്ലെന്നോ?’ (ഖുര്‍ആന്‍ 51:21-22)
‘മനുഷ്യനെ നാമൊരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ. എന്നിട്ടിപ്പോള്‍ അവനിതാ ഒരു പ്രത്യക്ഷശത്രുവായി മാറിയിരിക്കുന്നു. അവന്‍ നമുക്ക് ഉപമ ചമച്ചിരിക്കുന്നു. തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നുകളഞ്ഞു. അവന്‍ ചോദിക്കുന്നു: എല്ലുകള്‍ പറ്റെ ദ്രവിച്ചുകഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്? പറയുക: ഒന്നാം തവണ അവയെ സൃഷ്ടിച്ചവന്‍ തന്നെ വീണ്ടും അവയെ ജീവിപ്പിക്കും. അവന്‍ എല്ലാവിധ സൃഷ്ടിയും നന്നായറിയുന്നവനാണ്.’ (ഖുര്‍ആന്‍ 36:77-79)
‘എല്ലാ ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും പിന്നെ അവയ്ക്ക് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്.’ (ഖുര്‍ആന്‍ 20:50)
‘വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.’ (ഖുര്‍ആന്‍ 96:1-2)
‘അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ-
ലിന്നിങ്ങുതന്നെരിയില്‍ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!’
‘എന്‍ തള്ളയെന്നെയകമേ ചുമടായ് കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു
നൊന്തിങ്ങുപെറ്റു നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!’
മംഗള സ്വരൂപിയായ ദൈവം, ശിശുവിന് പഞ്ചേന്ദ്രിയങ്ങള്‍ ഘടിപ്പിച്ചു കൊടുത്തു. ഇത് ഉപയോഗിച്ചു മാത്രമാണ് അവന്‍ പ്രപഞ്ചത്തെ അറിയുന്നത്. എന്റെ മാതാവ് എന്നെ വയറ്റില്‍ ഒരു ചുമടായി കൊണ്ടുനടന്നു; കഠിനമായ വേദനയുടെ പ്രസവിച്ചു; രാപ്പകലുകളില്‍ അസ്വസ്ഥമായി. മംഗള സ്വരൂപിയായ ഭഗവാനേ, ഇതിനു നന്ദി പ്രകാശിപ്പിക്കാന്‍ അങ്ങ് തന്നെ അനുഗ്രഹിക്കുക.
എന്തുമാത്രം അസഹനീയമായ വേദന സഹിച്ചാണ് മാതാവ് കുഞ്ഞിനെ പ്രസവിക്കുന്നത്! എന്നിട്ടും ശിശു ഈശ്വരനെ അന്വേഷിക്കാതെ മാതാപിതാക്കളെ ദുഖിപ്പിക്കുകയാണെങ്കില്‍ ആ ക്രൂരത ജീവിതത്തെ അത്യന്തം അധന്യമാക്കുന്നു.
ഇതേ ആശയം ഖുര്‍ആനും അടിവരയിട്ടു പറയുന്നു:
‘മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും.’ (ഖുര്‍ആന്‍ 31:14)
‘എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ!
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!’
സര്‍വ്വജ്ഞനായ ഭഗവാന് സര്‍വ്വതും അറിയാം. ഈയുള്ളവന്‍ ഒന്നും പ്രത്യേകമായി എടുത്തു പറയേണ്ടതില്ല. അങ്ങ് എന്നെ കൈവിട്ടാല്‍ പിന്നെ എനിക്കാരും ആശ്രയമില്ല.
ഖുര്‍ആന്റെ അടിസ്ഥാന ആശയങ്ങളില്‍ ഒന്നാണ് ദൈവത്തില്‍ ഉള്ള മനുഷ്യന്റെ സമ്പൂര്‍ണ്ണമായ ആശ്രിതത്വം; ദൈവം കൈവിട്ടാല്‍ സകലതും നഷ്ടപ്പെട്ടു എന്നതും.
‘അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിച്ചത്. പിന്നീട് അവന്‍ ഉപരിലോകത്തേക്കു തിരിഞ്ഞു. അതിനെ ഏഴാകാശങ്ങളായി സംവിധാനിച്ചു. എല്ലാ കാര്യങ്ങളും അറിയുന്നവനാണവന്‍.’ (ഖുര്‍ആന്‍ 2:29)
‘ദൈവം നിങ്ങളെ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ വിശ്വാസികള്‍ ദൈവത്തില്‍ ഭാരമേല്‍പിക്കട്ടെ.’ (ഖുര്‍ആന്‍ 3:160)
(പ്രബന്ധകാരന്‍ മലയാളത്തിലെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനാണ്. 9995377536. [email protected])