ഗുരുവിന്റെ സ്വാധീനം മലയാള സാഹിത്യത്തില്‍

കവികളുടെ കവിയായിരുന്നു ഗുരു. സാക്ഷാല്‍ വേദവ്യാസനു ശേഷം ആദ്യമായി വേദാന്തസൂക്തം രചിച്ചത് അദ്ദേഹമാണ്. ഋഷിത്വവും കവിത്വവും ഒരേ അളവില്‍ സമന്വയിക്കുന്ന ഒരേ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവ് ശ്രീനാരായണഗുരു ആണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഒരു പരിധി വരെ ശങ്കരാചാര്യരെ ഈ നിരയില്‍ കാണാമെങ്കിലും സാമൂഹിക പരിഷ്‌കരണം അദ്ദേഹത്തിന്റെ കര്‍മ്മകാണ്ഡത്തിലെ പ്രധാനവിഷയമായില്ല.

നേരം പാതിരാത്രിയായി. ധ്യാനത്തില്‍ നിന്നുണര്‍ന്ന സ്വാമി എഴുന്നേറ്റ് ആറ്റിന്‍കരയിലേക്ക് നടന്നു. കൂടെ, ഭക്തജനങ്ങളും. അദ്ദേഹത്തിന്റെ മുഖം ജ്വലിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ നക്ഷത്രങ്ങളെപ്പോലെ പ്രശോഭിച്ചിരുന്നു. അരയില്‍ വെളുത്ത മുണ്ട് ധരിച്ച ആ കനക വിഗ്രഹം നദിയിലിറങ്ങിയപ്പോള്‍ അവര്‍ കരയില്‍ നിശബ്ദരായി, മൗന പ്രാര്‍ത്ഥനകളോടെ കാത്തു നിന്നു.
പാറകളില്‍ തട്ടിയൊഴുകുന്ന അരുവിയുടെ മൃദുവായ ‘കളകള’ ശബ്ദം മറ്റോതോ ലോകത്തില്‍ നിന്ന് ഒഴുകി വരുന്ന ഭക്തിഗാനമായി അവര്‍ക്ക് തോന്നി. അവര്‍ കൈകള്‍ കൂപ്പി. അതാ, തങ്കംപോലെ ശോഭിക്കുന്ന ആ കോമളകളേബരം സാവധാനത്തില്‍ വെള്ളത്തില്‍ മുങ്ങുന്നു.
നിശബ്ദതയ്ക്ക് സംഗീതമുണ്ടെങ്കില്‍ ആ സംഗീതം അവിടെ നിറഞ്ഞു നിന്നു. അവിടെ പ്രപഞ്ചം ഞെരുങ്ങി നിന്നുവോ? ആളുകള്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നു.
സ്വാമി അതാ ഉയര്‍ന്നു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ കൈകളില്‍ ഉള്ളതെന്തെന്ന് അവര്‍ കണ്ടു. മനോഹരമായ ഒരു ശില. സ്വാമി കരയ്ക്കു കയറി. അദ്ദേഹം മന്ദമായി നടന്ന് പന്തലിനകത്ത് കടന്നു. ആ ശില രണ്ട് കൈയിലും ചേര്‍ത്ത് പിടിച്ചു കൊണ്ട് അദ്ദേഹം ധ്യാനത്തില്‍ ലയിച്ചു. ഉജ്ജ്വലവും ഗംഭീരവുമായ ആ ധ്യാനം ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു.
”സ്വാമിയുടെ തേജോമയമായ മുഖത്ത് ആ സമയം അശ്രുധാരകള്‍ പ്രവഹിച്ചു കൊണ്ടിരുന്നു. കാണികള്‍ ഭക്തിപരവശരായി പഞ്ചാക്ഷരമന്ത്രം ഉച്ചത്തില്‍ ജപിച്ച് ഏകമനസ്സോടെ ചുറ്റും നിന്നു. തിരമാലകളില്ലാത്ത സമുദ്രം പോലെ നി ഷ് പന്ദമായി അദ്ദേഹം അവിടെ മൂന്ന് മണിക്കൂറോളം നിലകൊണ്ടു! അനന്തകോടി നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം ആദരപൂര്‍വം നോക്കിനില്‍ക്കേ, ശ്രീനാരായണഗുരു ആ ശില അവിടെ സജ്ജമാക്കിയിരുന്ന പീഠത്തില്‍ പ്രതിഷ്ഠിച്ചു. മുന്‍കൂട്ടി ഗണിച്ചു നിശ്ചയിച്ച മുഹൂര്‍ത്തമായിരുന്നില്ല അത്. എങ്കിലും മറ്റേത് മുഹൂര്‍ത്തത്തേക്കാളും അത് ഉജ്ജ്വലമായിരുന്നു. കേരള ചരിത്രത്തില്‍ ഒരു പുതിയ യുഗത്തിന്റെ പിറവി കുറിച്ച മുഹൂര്‍ത്തമായിരുന്നു അത്.
മഹാകവി കുമാരനാശാന്‍,
‘നരന് നരനശുദ്ധ വസ്തുപോലും
ധരയില്‍ നടപ്പത് തീണ്ടലാണ് പോലും
നരകമിവിടമാണ് ഹന്ത! കഷ്ടം!
ഹര! ഹര! യിങ്ങനെ വല്ലനാടുമുണ്ടോ?
എന്ന് വിവരിച്ച നരകസമാനമായ സാഹചര്യത്തിന് വിരാമം കുറിക്കുകയായിരുന്നു ശ്രീനാരായണഗുരു.
കേരളത്തിലും ഇന്ത്യയിലും ലോകത്തെവിടെയും ഇന്ന് ശ്രീനാരായണഗുരു ചര്‍ച്ച ചെയ്യപ്പെടുന്നു. മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങളുടെ നിരര്‍ത്ഥകത എന്നേ ശ്രീനാരായണഗുരു പറഞ്ഞുവച്ചു.
‘പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്ന പോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ
രാലവതു കണ്ടലയാതമര്‍ന്നിടേണം
പൊരുതിജയിപ്പതസാദ്ധ്യമൊന്നിനോടൊ
ന്നൊരു മതവും പൊരുതാതൊടുങ്ങുവീലാ;
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധിവേണം
ജാതി നിര്‍ണ്ണയവും ജാതി മീമാംസയും ജാതി ലക്ഷണവും ഗുരുദേവന്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.
മനുഷ്യണാം മനുഷ്യത്വം
ജാതിര്‍ഗ്വോത്വം ഗവാംയഥാ
ന ബ്രാഹ്മണദിരസ്യൈവം
ഹാ! തത്ത്വം വേത്തികോ ഽപിന
പശുവിന് പശുത്വം അതിന്റെ ജാതിയായിരിക്കുമ്പോലെ, മനുഷ്യന് മനുഷ്യത്വമാണ് ജാതി.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.
ഒരു യോനിയൊരാകാശ മൊരുഭേദവുമില്ലതില്‍
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരസംഘമിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്നുള്ളന്തരം നരജാതിയില്‍?
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്ത കന്യയില്‍
ഇല്ല ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നീടു?
ജാതി ലക്ഷണം
പുണര്‍ന്നു പെറുമെല്ലാമൊ-
രിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊ-
രിണയാര്‍ന്നൊത്തു കാണ്‍മതും
ഓരോയിനത്തിനും മെയ്യു-
മോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും
തണുവും നോക്കുമോര്‍ക്കണം
തുടര്‍ന്നോരീന്നിലും വെവ്വേ-
റടയാളമിരിക്കയാല്‍
അറിഞ്ഞിടുന്നു വെവ്വേറെ
പിരിച്ചോരോന്നുമിങ്ങു നാം
പേരൂരു തൊഴിലീ മൂന്നും
പോരുമായതു കേള്‍ക്കുക!
ആരു നീയെന്നു കേള്‍ക്കേണ്ടാ
നേരു മെയ്തന്നെ ചൊല്‍കയാല്‍
ജീവജാലങ്ങളെ മനുഷ്യര്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, പക്ഷികള്‍ എന്നിങ്ങനെ കൃത്യമായി വേര്‍തിരിച്ചിരിക്കയാല്‍ പുണര്‍ന്നു പെറുന്ന എല്ലാം ഒരിനമാകുന്നു. ഒരു ജാതിയാകുന്നു. അത് മനുഷ്യന്‍ എന്ന ജാതിയാകുന്നു. ജീവശാസ്ത്രപരമായ കൃത്യതയോടെ ഒരുപക്ഷേ ജാതി നിര്‍ണ്ണയം നടത്തിയത് ശ്രീനാരായണഗുരു മാത്രമായിരിക്കും.
ഒരു പീഡയും ഒരു വിധത്തിലും ഒരു ജീവിയ്ക്കും വരത്തരുത് എന്നുള്ള അനുകമ്പ നിറയാന്‍ പ്രാര്‍ത്ഥനാ രൂപത്തിലുള്ള അനുകമ്പാദശകത്തിലൂടെ അനുകമ്പയുടെ പര്യായങ്ങളായ അവതാരങ്ങളെ ഗുരു നമ്മുടെ മുന്നില്‍ അവതരിപ്പിച്ചു. ഈശ്വരനും സ്‌നേഹവും അനുകമ്പയും ഒന്നിക്കുന്നു.
ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‍കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാത്ത ചിന്തയും
പരമാര്‍ത്ഥമുരച്ചു തേര്‍വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയ ഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാണ്ടവന്‍?
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ?
പരമേശ പവിത്ര പുത്രനോ?
കരുണാവാന്‍ നബി മുത്തുരത്‌നമോ?
ശ്രീകൃഷ്ണന്‍ മുതല്‍ ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് നബി എന്നിവരിലൂടെയുള്ള അനുകമ്പയുടെ സുവര്‍ണ്ണനാരിഴ ഗുരു കാട്ടിത്തരുന്നത് അനുകമ്പയുടെ ആഴങ്ങള്‍ നാം മനസ്സിലാക്കാനും അത് ജീവിത ചര്യയാക്കാനുമാണ്. അനുകമ്പ നിറഞ്ഞ മനസ്സുള്ള വ്യക്തിക്ക് ദുഷ്ടനാകുവാനോ മറ്റുള്ളവരെ ഉപദ്രവിക്കാനോ കഴിയുകയില്ല.
സമന്വയത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ആലുവായില്‍ ചേര്‍ന്ന സര്‍വമത സമ്മേളനത്തില്‍ വ്യക്തമാക്കിയ പ്രകാരം ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും ആണ് ഈ സമ്മേളനം’ ബഹുസ്വരതയെ അംഗീകരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത ഈശ്വരവിശ്വാസികളോടും യുക്തിവാദക്കാരോടും വിഭിന്ന മതസ്ഥരോടും സംവദിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.
അയലുതഴപ്പതിനായതിപ്രയത്‌നം
നയമറിയും നരനാചരിച്ചിടേണം
അവനവനാത്മ സുഖത്തിനാചരി-
ക്കുന്നവയപരന്റെ സുഖത്തിനായ്‌വരേണം.
ഈ ഉപദേശം യേശുക്രിസ്തുവിന്റെ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന സന്ദേശത്തിനും, അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ല എന്ന നബി വചനത്തിന്റെയും പൂരകമാണ്. മഹത്തുക്കള്‍ ഒരേ വഴിയില്‍ ചിന്തിക്കുന്നു എന്നര്‍ത്ഥം.
കേരളീയന്റെ സാമൂഹ്യ ജീവിതത്തില്‍ ഗുരുവിനുള്ള സ്വാധീനത്തില്‍ നിന്ന് വേര്‍തിരിച്ച് സാഹിത്യത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനം കാണുക സാധ്യമല്ല. യഥാര്‍ത്ഥ കേരളീയ നവോത്ഥാനത്തിന്റെ തുടക്കം കുറിക്കപ്പെട്ടത് ഈ അരുവിപ്പുറത്താണ്. അരുവിപ്പുറം പ്രതിഷ്ഠയെ പിന്നീടുള്ള സാമൂഹിക സാംസ്‌കാരിക പുരോഗതിയുടെ ആണിക്കല്ലായി വിലയിരുത്താം. സാമൂഹിക, ആധ്യാത്മിക, സാഹിത്യരംഗങ്ങളിലെല്ലാം മാറ്റത്തിന് ഈ പ്രതിഷ്ഠ അടിത്തറ പാകി. ശ്രീനാരായണധര്‍മ്മ പരിപാലനം എന്ന പ്രസ്ഥാനത്തിന് 1903ല്‍ ഇവിടെ വച്ച് രൂപം നല്‍കുമ്പോള്‍ നിത്യപ്രസക്തമായ ഒരു സന്ദേശം മാനവരാശിക്കായി അദ്ദേഹം കുറിച്ചിട്ടു. എത്ര ആവര്‍ത്തിച്ചാലും
വിരസമാകാത്ത ചിരകാല പ്രസക്തമായ സന്ദേശം.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്
ഇങ്ങനെ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം നമ്മുടെ സ്വപ്‌നത്തില്‍ പുലരുന്നിടത്തോളം ഈ വരികളും പ്രസക്തമാവും. ഈ നാല്‌വരി തന്നെ സമസ്ത മേഖലകളിലും പ്രസക്തമാവുന്നു. ശ്രീനാരായണഗുരു അരുവിപ്പുറത്ത് തുടക്കമിട്ട നവോത്ഥാന പ്രസ്ഥാനത്തിന് സമാനമായ ഒരു പ്രസ്ഥാനം ബംഗാളില്‍ ഉയര്‍ന്നുവെങ്കിലും അത് വരേണ്യവിഭാഗത്തില്‍ മാത്രമായി ചുരുങ്ങിപ്പോയി. കേരളവും ബംഗാളും തമ്മില്‍ ആ വ്യത്യാസം ഇന്നും നിലനില്‍ക്കുന്നു.
ശ്രീനാരായണഗുരുവിന്റെ ഋഷിതുല്യമായ പ്രഭാവവും അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം. ഋഷി ത്രികാല ജ്ഞാനിയായിരിക്കണം എന്നതാണല്ലോ അടിസ്ഥാന തത്ത്വം. ഭൂതം, വര്‍ത്തമാനം, ഭാവി ഇവ ശ്രീനാരായണ കൃതികളിലും ദര്‍ശനങ്ങളിലും പ്രബോധനങ്ങളിലും പ്രതിഫലിക്കുന്നു.
കവികളുടെ കവിയായിരുന്നു ഗുരു. സാക്ഷാല്‍ വേദവ്യാസനു ശേഷം ആദ്യമായി വേദാന്തസൂക്തം രചിച്ചത് അദ്ദേഹമാണ്. ഋഷിത്വവും കവിത്വവും ഒരേ അളവില്‍ സമന്വയിക്കുന്ന ഒരേ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവ് ശ്രീനാരായണഗുരു ആണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഒരു പരിധി വരെ ശങ്കരാചാര്യരെ ഈ നിരയില്‍ കാണാമെങ്കിലും സാമൂഹിക പരിഷ്‌കരണം അദ്ദേഹത്തിന്റെ കര്‍മ്മകാണ്ഡത്തിലെ പ്രധാനവിഷയമായില്ല.
സ്ത്രീവര്‍ണ്ണനാപ്രധാനമായ മണിപ്രവാള കവിതകളില്‍ മലയാള കവിത അഭിരമിച്ചു പോയ ഒരു കാലത്തെ, ഗൗരവാവഹമായ ദാര്‍ശനിക ചിന്തകളിലേക്കും മാനുഷികമൂല്യങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന കവിതകളിലേക്കും അവ സ്വയം രചിച്ചു കൊണ്ട് വിപ്ലവകരമായ ഒരു പന്ഥാവിലേക്ക് തിരിച്ചുവിടുക കൂടിയാണ് ഗുരു ചെയ്തത്.
ആത്മോപദേശ ശതകം പച്ച മലയാളത്തില്‍ ലളിതമായ പദങ്ങള്‍ കോര്‍ത്തിണക്കി എഴുതിയതാണ്. സാധാരണക്കാരിലേക്ക് വേഗം ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന വരികള്‍. ചിന്താവിഷ്ടയായ സീതയിലൂടെ മലയാളത്തില്‍ സ്ത്രീവിമോചനത്തിന്റെ കനല്‍ നുള്ളിയിടാന്‍ കുമാരനാശാന് പ്രചോദനമായത് ഗുരുവിന്റെ ദര്‍ശനങ്ങള്‍ തന്നെയാണ്. കൊച്ചുസീതയും മഗ്ദലന മറിയവും ഈ പാത പിന്തുടരുന്നുണ്ട്.
ഗദ്യ സാഹിത്യത്തില്‍പ്പോലും നവീനാശയങ്ങളിലും ആദര്‍ശങ്ങളിലും ഊന്നിയ കൃതികളുടെ സൃഷ്ടിക്ക് ശ്രീനാരായണകൃതികള്‍ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. തകഴിയുടെയും ദേവിന്റെയും മറ്റും കൃതികള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. സാമൂഹിക പ്രതിബദ്ധതയുള്ള അവരുടെ രചനകള്‍ക്ക് പിന്‍ബലം ശ്രീനാരായണ ഗുരു ഉഴുതു മറിച്ചിട്ട മണ്ണിലെ മനുഷ്യരുടെ കണ്ണീരും കിനാവുമാണ്.
ഭാരതത്തിന്റെ ഹൃദയാകാശങ്ങളില്‍ ഉദിച്ചുയര്‍ന്ന ദര്‍ശനങ്ങളുടെ ഉള്‍വെളിച്ചം കൊണ്ട് സ്വന്തം ഹൃദായാകാശം സദാ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളിനു മാത്രമേ ഗുരുകാവ്യങ്ങളുടെ അപഗ്രഥനവും ഉദ്ഗ്രഥനവും ആസ്വാദനവും സമഗ്രമായി ചെയ്യാന്‍ കഴിയൂ എന്ന് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ വിലയിരുത്തിയിട്ടുണ്ട്. ഇതിനര്‍ത്ഥം ലോകമുള്ള കാലത്തോളം ശ്രീനാരായണഗുരുവിന്റെ കൃതികള്‍ ചര്‍ച്ച ചെയ്യപ്പെടും എന്നു തന്നെയാണ്. കേരളത്തിന്റെ നവീകരണ പ്രസ്ഥാനങ്ങള്‍ക്ക് ഗുരു നല്‍കിയ നേതൃത്വം അദ്ദേഹത്തിലെ കവിയെ ഒരു പരിധി വരെ തമസ്‌കരിക്കാന്‍ കാരണമായോ എന്നും നമ്മള്‍ ചിന്തിക്കണം. കേരളീയ സമൂഹിക ജീവിതത്തിലെ ജീര്‍ണ്ണത അവസാനിപ്പിക്കാന്‍ പര്യാപ്തമായതുപോലെ അദ്ദേഹത്തിന്റെ കവിതകളും മലയാള കവിതാ പ്രസ്ഥാനത്തിലെ ജീര്‍ണ്ണതയ്ക്ക് വിരാമം കുറിക്കുകയും കേവലനായ മനുഷ്യന്റെ കഥാകഥനത്തിന് വേദിയൊരുക്കുകയും ചെയ്തു. ഭാരതീയ ഋഷി പരമ്പരയിലെ ഋഷിയും, കവിത്വത്തിലെ ഋഷിയും, നവോത്ഥാന നായകനായ ഋഷിയുമായിരുന്നു ഗുരു