പാരിസ്ഥിതിക നോട്ടത്തിന്റെ രാഷ്ട്രീയം
നിറയെ പ്രശ്നങ്ങൾ കരുതിവെച്ചിട്ടുള്ള മൗനമാണ് ചിത്രഭാഷ . ദൃശ്യഭാവുകത്വങ്ങളെ ജനങ്ങളുമായി കൂട്ടിമുട്ടിക്കുന്ന ഈ കാഴ്ചയുടെ രാഷ്ട്രീയത്തെ ഓരോ ചിത്രകാരനും ഓരോ വിധത്തിലാണ് സമീപിക്കുന്നത്. പൊതുമണ്ഡലത്തിന്റെ പാഠപരതയിലേക്ക് എളുപ്പത്തിൽ കടക്കാൻ പരിസ്ഥിതി ആഖ്യാനങ്ങൾക്കാവും. അത് ഒരു കലാകാരൻ മന:പൂർവ്വം അവലംബിക്കുന്ന നോട്ടത്തിന്റെ വക്രീകരണമാണ്. കാഴ്ചയുടെ ഇന്ദ്രിയാവേഗങ്ങളെ ഇത്തരത്തിൽ സ്ഥലപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ ഷിബു ചെയ്തിട്ടുണ്ട്. പ്രകൃതിയെ ഒരു വൈകാരിക ശരീരമാക്കിയാണ് ചിത്രീകരിക്കുന്നത്. പരിസ്ഥിതിയുടെ യഥാർത്ഥ ഫിഗറേറ്റീവ് രുചിയെ പകർത്തി കാട്ടുന്ന അത്തരം ചില ചിത്രങ്ങളെ ഉദ്ധരിക്കാം
ലോകത്ത് പലയിടത്തും കലാപ്രവർത്തനങ്ങളിൽ പുതിയൊരു ഇക്കോ രാഷ്ട്രീയവും അതനുസരിച്ചുള്ള ഒരു ദൃശ്യചിന്തയും വികസിച്ചു വരികയാണ്. കാര്യമാത്ര പ്രസക്തമായ ഒരു ചിത്രണരീതി ലോകത്തുള്ള പല ചിത്രകാരൻമാരും പരീക്ഷിക്കുന്നുണ്ട്. പാരിസ്ഥിതിക രൂപത്തെ കയ്യൊതുക്കത്തോടെ രേഖാവിന്യാസത്തിലേക്ക് ഒതുക്കിയെടുക്കുന്ന ചില ലോകചിത്രകാരൻമാരുണ്ട്. ഇന്ത്യൻ മിനിയേച്ചറുകളിലൊക്കെ കാണുംപോലെ രൂപപരമായ ക്ലിപ്തതകൾ കൊണ്ട് ശൈലീപരമാക്കിയ ഒട്ടേറെ പ്രകൃതിചിത്രണ താത്പര്യങ്ങൾ നമ്മുടെ പ്രാദേശിക ചിത്രകാരൻമാർ സ്വരൂപിക്കുന്നുണ്ട്. ഇതിനൊക്കെയും ചില വിദേശസ്വാധീനങ്ങൾ കണ്ടേക്കാം. ഉദാഹരണത്തിന് പോൾ മെക്കാർത്തിയുടെ (Paul McCarthy ) “The garden ” എന്ന ചിത്രത്തിൽ നിറയെ പച്ചിലകൾ കതിരിട്ടു നിൽക്കുന്ന ഒരു വൃക്ഷത്തെ കെട്ടിപുണർന്നു നിൽക്കുന്നഒരു മധ്യവയസ്കനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അയാൾ ഒരു കഷണ്ടിത്തലക്കാരനാണ്. അയാൾ ധരിച്ചിരിക്കുന്ന ട്രൗസർ മുട്ടിനു താഴേക്ക് ഊരിനിർത്തിയിരിക്കുകയാണ്. ഈ റോബോട്ടിക് ഫിഗർ സ്കാൻ പക്ഷെ വിരൽ ചൂണ്ടുന്നത് ഒരുതരം പാരിസ്ഥിതിക ഉന്മാദത്തിന്റെ മൂർച്ചയിലേക്കാണ്. മറ്റൊരു ഇക്കോളജിക്കൽ പെയിന്ററാണ് ഹെൻട്രി റൂസ്സോ. ” Tropical Forest with monkeys ” എന്ന ചിത്രം മനുഷ്യൻ നഷ്ടപ്പെടുത്തിയ പ്രകൃതിയെ കുറിച്ചുള്ള ആകുലതകളാണ്. മനുഷ്യത്തറ മങ്കിത്തറയായി മാറുന്നതിന്റെ പരിണാമവഴികളെ ചിത്രത്തിൽ കാണാം.
ചെറി സാംബയുടെ ” Mr Poor’s family ” പ്രകൃതിയുടെ തുറസ്സിലിരിക്കുന്ന ഒരു വീടിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മരത്തലപ്പുകൾ മാത്രമല്ല പ്രകൃതിചിത്രണമെന്ന വലിയ ബോധ്യങ്ങളാണ് ഇത്തരം ചിത്രങ്ങൾ പകർന്നു കാട്ടുന്നത്. അക്കാദമിക് ലാന്റ് സ്കേപ്പ് സമ്പ്രദായം അഭ്യസിച്ചിട്ടില്ലാത്ത അത്തരം ഒരു ചിത്രകാരനാണ് സി.ബി. ഷിബു. തീക്ഷ്ണമായ സ്വകാര്യതകളുടെ സ്വച്ഛന്ദ വ്യവഹാരത്തിനായി പരിസ്ഥിതിയുടെ പങ്കാളിത്ത ചമത്ക്കാരത്തെ വിനിയോഗിക്കാനാണ് ഷിബു നിറങ്ങളെ വിനിയോഗിക്കുന്നത്. ഇക്കോ സിസ്റ്റത്തെ അസഹനീയമാംവിധം അടച്ചും നിയന്ത്രിച്ചും നിർത്തുന്ന വ്യവസ്ഥകൾ ഈ കലാകാരനെ ഒട്ടധികം ബാധിച്ചിട്ടുണ്ടായിരിക്കുമെന്നത് കലർപ്പില്ലാത്ത സത്യമാണ്. ചിത്രകലയിലെ ഭാവനാത്മകമായ ജീർണ്ണ പ്രാചീനതകളെ ഊരിക്കളയുന്ന ഒരു ശൈലിയാണ് ഷിബു പിൻതുടരുന്നത്. പ്രകൃതിവസ്തുക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാഴ്ചാപൂർണ്ണതയ്ക്കെത്തിച്ചു നൽകുന്ന ഒരു രീതി ഈ കലാകാരൻ അവലംബിക്കുന്നുണ്ട്. മഹിമയുടെ മൂല്യമുള്ള രൂപങ്ങളെ വരയ്ക്കാൻ പ്രകൃതിയിലേക്ക് നോക്കണമെന്ന സൗന്ദര്യചിന്തയാണ് ഈ കലാകാരൻ മുന്നോട്ടുവയ്ക്കുന്നത്.
നോട്ടത്തിന്റെ വക്രീകരണങ്ങൾ !
നിറയെ പ്രശ്നങ്ങൾ കരുതിവെച്ചിട്ടുള്ള മൗനമാണ് ചിത്രഭാഷ . ദൃശ്യഭാവുകത്വങ്ങളെ ജനങ്ങളുമായി കൂട്ടിമുട്ടിക്കുന്ന ഈ കാഴ്ചയുടെ രാഷ്ട്രീയത്തെ ഓരോ ചിത്രകാരനും ഓരോ വിധത്തിലാണ് സമീപിക്കുന്നത്. പൊതുമണ്ഡലത്തിന്റെ പാഠപരതയിലേക്ക് എളുപ്പത്തിൽ കടക്കാൻ പരിസ്ഥിതി ആഖ്യാനങ്ങൾക്കാവും. അത് ഒരു കലാകാരൻ മന:പൂർവ്വം അവലംബിക്കുന്ന നോട്ടത്തിന്റെ വക്രീകരണമാണ്. കാഴ്ചയുടെ ഇന്ദ്രിയാവേഗങ്ങളെ ഇത്തരത്തിൽ സ്ഥലപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ ഷിബു ചെയ്തിട്ടുണ്ട്. പ്രകൃതിയെ ഒരു വൈകാരിക ശരീരമാക്കിയാണ് ചിത്രീകരിക്കുന്നത്. പരിസ്ഥിതിയുടെ യഥാർത്ഥ ഫിഗറേറ്റീവ് രുചിയെ പകർത്തി കാട്ടുന്ന അത്തരം ചില ചിത്രങ്ങളെ ഉദ്ധരിക്കാം. ‘അസ്തമയം കാണുന്ന കുട്ടികൾ ‘ എന്ന ചിത്രം ചെമന്ന സൂര്യനെ മാത്രമല്ല ചിത്രീകരിക്കുന്നത് മറിച്ച് ചെമന്ന കടലിനെയും കാഴ്ചയിൽ പതിപ്പിച്ചെടുക്കുന്നുണ്ട്. മനുഷ്യൻ അശുദ്ധമാക്കിയ ജലസഞ്ചയത്തെയും അതുമൂലം വംശനാശം നേരിട്ട ജലജീവികളുടെ രക്തചൊരിച്ചിലിന്റെയും ചെമപ്പായും ഇതിനെ വായിച്ചെടുക്കാം. വിണ്ട പാടത്തിലൂടെ ജലപാനത്തിനുള്ള ഉറിയും തൂക്കി നടന്നുപോകുന്ന രണ്ടു മനുഷ്യരുടെ ഒരു ചിത്രമുണ്ട്. വരൾച്ചയുടെ തീവ്രതയെയും ക്രമം തെറ്റിയ പ്രകൃതിയുടെ മുറിവുകളെയും ഈ ചിത്രം തൊട്ടുകാണിക്കുന്നുണ്ട്. കടലിൽ നിന്നും കരയിലെത്തി ആകാശത്തിലേക്ക് ചെകിള വിരിക്കുന്ന മൂന്നു കടൽമത്സ്യങ്ങളുടെ ഒരു ചിത്രവുമുണ്ട്. കടൽക്കൊള്ളയുടെ കാലത്തിലെ മീനുകളുടെ അസ്വാതന്ത്ര്യത്തെയാണ് ഈ ചിത്രം രേഖീകരിക്കാൻ ശ്രമിക്കുന്നത്. നിർമ്മിത മഴയുടെ കാലത്തിലെ പരിസ്ഥിതിയെ പരിഹാസത്തോടെ ആവിഷ്കരിക്കുന്ന ഒരു ചിത്രമാണ് കമിഴ്ത്തിയ ഗ്ലാസിനുള്ളിൽ കുട ചൂടി നിൽക്കുന്ന ഇമോജി. കാണിയുടെ മനസ്സിലെ സമകാലിക പ്രകൃതിയെയും അതിന്റെ ശൂന്യസ്ഥലത്തെയും ഉചിതമായി നികത്തുന്ന ഒരു രീതിയാണ് ഷിബു ഇവിടെയൊക്കെ പരീക്ഷിക്കുന്നത്. കാണിയുടെ കണ്ണിനെ മുഷിപ്പിൽ നിന്നും വിടുവിക്കുന്ന അത്തരം ചില പ്രതീകങ്ങളും ബിംബങ്ങളും ഷിബുവിനെ ബാധിച്ച ആധിയാണ്.
കാക്ക എന്ന ബിംബം !
കാണിയെ കാവ്യാത്മക കാഴ്ചക്കാരനാക്കുക എന്നത് ചിത്രകാരന്റെ രഹസ്യഅജണ്ടയാണ്. നിറങ്ങൾ ഒരിക്കലും കാഴ്ചയുടെ സഹപ്രായോജക വസ്തുക്കൾ മാത്രമല്ല. അവ ചിലപ്പോൾ പ്രതീകാത്മക അർത്ഥങ്ങളായി മാറിയേക്കാം. പുതിയ കാലം ബിംബങ്ങളെയും പ്രതീകങ്ങളെയും നിരീക്ഷിക്കാറില്ല. മറിച്ച് അതിനെ ഒരു നോട്ടമായി വ്യാസപ്പെടുത്തുകയാണ് ചെയ്യുന്നത്. ഷിബുവിനെ പിൻതുടരുന്നതോ ഷിബു അനുധാവനം ചെയ്യുന്നതോ ആയ ഒരു ബിംബം കാക്കയാണ്. സൂര്യനെതിരേയ്ക്ക് പറന്ന കാക്ക പ്രകാശം കടം കൊടുത്താണ് കറുത്തുപോയതെന്ന് ഒരു പഴയ കവിതയിൽ വായിച്ചതോർക്കുന്നു. ‘കാക്കക്കൂട്ടം ‘ എന്ന പ്രയോഗമാണ് നാം പലപ്പോഴും നടത്താറുള്ളത്. ഷിബുവിന്റെ ഒറ്റയ്ക്കിരിക്കുന്ന കാക്കയുടെ ദൃശ്യം പോലും സമീപകാല വംശനാശത്തെയാണ് ഓർമ്മിപ്പിക്കുന്നത്. എന്നാൽ വൃക്ഷത്തലപ്പുകളെല്ലാം കീറിമാറിയ ഒരു മരത്തിൽ ശിഖരങ്ങൾക്കു പകരം അതിന്റെ ഓരോ കൊമ്പുകളെ ചുണ്ടിൽ വഹിച്ചിരിക്കുന്ന ഒരു കൂട്ടം കാക്കകളെയും നാം കാണുന്നുണ്ട്. നാം ജീവിക്കുന്ന കാലത്തിന്റെ ഇരുളിനെയും വെളിച്ചത്തെയും കലാപരമായ കോഡുകളായി ഉപയോഗിക്കുന്നതിന്റെ ശേഷപത്രമാണ് ഷിബുവിന്റെ കാക്ക ചിത്രീകരണങ്ങൾ. പ്രകൃതി കേന്ദ്രീകൃതമായ മുഴുപ്പിന്റെ അതിഭാവുകത്വം കൊണ്ട് ഒരു സവിശേഷ വിഭാഗം കാണികളെ ആകർഷിക്കാൻ ഷിബുവിനാകുന്നു. ഈ ചിത്രങ്ങൾക്കൊക്കെ പുറമേ തീവ്രവർഗീയതയെ അടയാളപ്പെടുത്തുന്ന വാളിന്റെ മൂർച്ചാഗ്രത്തിൽ സ്ഥാപിച്ച പള്ളിയും നിസ്കരിക്കുന്ന മനുഷ്യരും, നൃത്തം ചെയ്യുന്ന സ്ത്രീകളും കലയുടെ വഴിയിലെ ചില വ്യത്യസ്തതകളെ അടയാളപ്പെടുത്തുന്നുണ്ട്. കാഴ്ചയുടെ ആനന്ദങ്ങളോടൊപ്പം അസ്വസ്ഥതകളെയും തൂവിപ്പടരാൻ സ്പേസ് തീർക്കുന്ന ഈ കലാകാരന് നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അടിസ്ഥാനപരമായ ഒരു ഡ്രാഫ്റ്റിങ്ങ് വൈഭവത്തിന്റെയുള്ളിൽ നോട്ടത്തിന്റെ കൗതുകങ്ങളെ വ്യക്തമായി ഉൾച്ചേർക്കാൻ നിലവിലുള്ള തോടുകളെ പൊട്ടിച്ചു പുറത്തുപോകേണ്ടതുണ്ട്. പാരിസ്ഥിതിക നോട്ടത്തിന്റെ രാഷ്ട്രീയത്തെ അനാവരണം ചെയ്യുന്ന ചില ചിത്രങ്ങൾ കാണിയെ പൊള്ളിക്കുമെന്നതിൽ തർക്കമില്ല.