ഉടലിന്റെ ഉദ്ദീപനങ്ങളും കുറെ നോട്ടപ്പുറങ്ങളും !
ചിത്രകലയിലെ ദഹിക്കാത്ത അപരിചിതത്വങ്ങളെക്കാൾ നല്ലത് ധൃതിവെക്കാതെ സ്വയം ഉള്ളിലേക്ക് കോരിവിടപ്പെടുന്ന ധ്വനിപ്പിക്കലുകൾ സംഭവിക്കുന്നത് ശില്പവിദ്യയിലാണെന്ന് തുടക്കം മുതലേ അനില തിരിച്ചറിഞ്ഞു. തന്റെ ശില്പവിദ്യക്ക് യോജിച്ച ശില്പഭാഷ കണ്ടെത്തുന്ന കാര്യത്തിൽ ഏറ്റവും അവധാനത പുലർത്തിയിരുന്ന ഒരേയൊരു ഇന്ത്യൻ വനിതാശില്പിയെന്ന നിലയിൽ അനില ജേക്കബ് ഇന്നും പഠിക്കപ്പെട്ടിട്ടില്ല.
പെൺശില്പകലാചരിത്രത്തിൽ കാമനകളെ ആവിഷ്കരിക്കാൻ ചില സവിശേഷമായ ദൃശ്യഭാഷകൾ രൂപം കൊണ്ടിട്ടുണ്ട്. വസ്തുക്കളുടെ ഉപരിതലത്തിന്റെ പദാർത്ഥഗുണം ശില്പത്തിൽ പകർത്തിക്കൊണ്ട് , ശില്പം കണ്ടാൽത്തന്നെ അതിൽ കാണുന്ന വസ്തുവിനെ പാനം ചെയ്തതായി അനുഭവപ്പെടുത്തുക എന്നത് സങ്കേതബദ്ധമായ ഒരു ശില്പഭാഷയാണ്. ഫോട്ടോഗ്രാഫിക് കോംപോസിഷൻ പോലെ ശില്പത്തെ സാധ്യമാക്കിയെടുത്ത ശില്പകാരികൾ ലോകത്തെവിടെയും നന്നേ കുറവാണ്. ഈസോപ്പുകഥകൾ പോലെയുള്ള ശ്രദ്ധേയമായ ഗ്രന്ഥങ്ങൾക്ക് ചിത്രീകരണം നടത്തിയ എലിസബത്ത് ഫ്രിങ്ക് ശ്രദ്ധയൂന്നിയത് ശില്പവിദ്യയിലാണ്. ഹെൻട്രി മൂർ
എന്ന ശില്പകലാവിദഗ്ദൻ ഒരുക്കിവെച്ച ഭൂമികയിൽ ഫ്രിങ്ക് ശില്പവിദ്യയുടെ നങ്കൂരമുറപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ അമൂർത്തശില്പകല പ്രചരിപ്പിച്ച ബാർബറ ഹെപ് വർത്ത് ഒരു വസ്തുവിന്റെ പിണ്ഡം എടുക്കുന്ന സ്ഥലവും അതിനു ചുറ്റിനുമുള്ള സ്വതന്ത്രസ്ഥലവും തമ്മിലുള്ള പൊരുത്തത്താൽ ആകൃഷ്ടയായിട്ടാണ് ശില്പവിദ്യയിൽ സജീവമായി വ്യാപരിച്ചിരുന്നത്. ലോക ശില്പകലയിൽ ഒരു നവീനശൈലിയുടെ പ്രണേതാവും പ്രയോക്താവുമായി അരങ്ങേറ്റം കുറിച്ച റഷ്യൻശില്പ കലാകാരിയാണ് ലൂയിസി നെവിത്സൺ. ” നൃത്തം ” എന്ന പ്രതിമാശില്പം തീർത്ത കാമിലി ക്ലാഡലും ഒരു ചിത്രകാരി മാത്രമായിരുന്നില്ലല്ലോ. ഇത്രയും ശില്പകലാകാരികളെ പരാമർശിച്ചതിനു പിന്നിൽ ഒരേയൊരു ലക്ഷ്യമേ ഉദിക്കുന്നുളളു – അത് ശില്പകലയിലെ ഒരേയൊരു പെൺകരുത്തിനെ അടയാളപ്പെടുത്താനാണ്.
ഇന്ത്യൻ വുമൺ ശില്പകലയിലെ ഒരേയൊരു ഉടൽരൂപമാണ് അനില ജേക്കബ് എന്ന ശില്പി. ഡിമാന്റ് അനുസരിച്ചുള്ള ഒരു ക്രാഫ്റ്റ് രൂപപ്പെടുത്താനും ചിത്രകാരിയായി ശോഭിക്കാനുമാണ് ആർട്ടിസ്റ്റ് കെ.സി. എസ്. പണിക്കരുടെ ശിഷ്യയാകുന്നത്. ചായത്തെപ്പിന്റെ പദ്ധതിയേക്കാൾ അനിലയ്ക്കിണങ്ങുക ശില്പവിദ്യയാണെന്നും കൃത്രിമത്വങ്ങളൊന്നുമേശാതെ അതിന്റെ പണിത്തികവിൽ അത് സാധ്യമാക്കാനും കഴിയുമെന്നുള്ളതിന്റെ ആത്മവിശ്വാസം പകർന്നത് കെ. കെ.സി. എസ്. പണിക്കരാണ്. ചിത്രകലയിലെ ദഹിക്കാത്ത അപരിചിതത്വങ്ങളെക്കാൾ നല്ലത് ധൃതിവെക്കാതെ സ്വയം ഉള്ളിലേക്ക് കോരിവിടപ്പെടുന്ന ധ്വനിപ്പിക്കലുകൾ സംഭവിക്കുന്നത് ശില്പവിദ്യയിലാണെന്ന് തുടക്കം മുതലേ അനില തിരിച്ചറിഞ്ഞു. യഥാർത്ഥസ്വരൂപങ്ങളുടെ കൃത്യം വിശദാംശങ്ങളോടെ ഒരു ഡ്രാഫ്റ്റ്സ് വുമണിനെ പോലെ നിർമ്മിച്ചതല്ല, പക്ഷെ ഒരു ശില്പങ്ങളും. തന്റെ ശില്പവിദ്യക്ക് യോജിച്ച ശില്പഭാഷ കണ്ടെത്തുന്ന കാര്യത്തിൽ ഏറ്റവും അവധാനത പുലർത്തിയിരുന്ന ഒരേയൊരു ഇന്ത്യൻ വനിതാശില്പിയെന്ന നിലയിൽ അനില ജേക്കബ് ഇന്നും പഠിക്കപ്പെട്ടിട്ടില്ല.
പൊയട്രി ഇൻ മോഷൻ
മുതൽ ഫിഷ് വരെ!
ഒരു ശില്പിയാകാൻ തുനിഞ്ഞിറങ്ങിയപ്പോൾ അനിലയ്ക്ക് ഇല്ലാതിരുന്നത് പരാമ്പരാഗത വിഗ്രഹ നിർമ്മാണജ്ഞാനമാണ്. പെൺലിംഗവ്യക്തിത്വത്തിന്റെ ദൗർബല്യങ്ങൾ ഒന്നും ശില്പഭാഷയെ പക്ഷെ മറിച്ചിടുന്നില്ല. ഒരു മൗനത്തെ ആവിഷ്കരിക്കുമ്പോൾ ആ മൗനത്തെ പൊതിഞ്ഞുവെയ്ക്കുന്ന കാണലിന്റെ ഗ്രഹണശേഷിയെ സ്വന്തം അന്തരീക്ഷത്തിൽ വെച്ച് മോൾഡു ചെയ്യുകയെന്നത് ഒരു സ്ത്രീയുടെ ഉടലിന്റെ ക്രമങ്ങൾ വെച്ച് സാധ്യമല്ല. അതുകൊണ്ടാണ് വനിതകൾ അധികവും ശില്പകലാരംഗത്തേക്ക് കടന്നുവരാത്തത്. പക്ഷെ കടന്നെത്തിയവരെ ഡിസ്പ്ലേ ചെയ്യുന്നതിൽ നമ്മുടെ കലാനിരൂപണം പരാജയപ്പെട്ടിട്ടുമുണ്ട്. വിഗ്രഹജ്ഞാനത്തിന്റെ ജനിതകം തിരയാതെ നൽകപ്പെട്ട ഇടത്തെ ശില്പനിർമ്മാണത്തിന്റെ സ്ഥലപരതയായി പരുവപ്പെടുത്തിയെടുക്കാനാണ് അനില ശ്രമിച്ചത്. ‘Poetry in Motion ‘ എന്ന ശില്പത്തിലുള്ളത് രണ്ട് ആൾരൂപങ്ങളാണ്. ഒരാളുടെ കൈയ്യിൽ ഒരു തുഴയുണ്ട്. മറ്റേയാൾ ആ തുഴയെ തന്റെ കരസ്പർശം കൊണ്ട് താങ്ങിനിർത്തുന്നുണ്ട്. ഏകം എന്ന പാർശ്വവൽകൃത ധാരണയിൽ നിന്ന് ദ്വന്ദ്വം എന്ന സാമൂഹ്യ- രാഷ്ട്രീയ ധാരണയിലേക്കാണ് ഈ ശില്പം നമ്മെ നയിക്കുന്നത്. ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രതിസന്ധികളെ മറികടക്കാൻ മറ്റൊരാളുടെ കൈത്താങ്ങിന്റെ സാക്ഷര മാധ്യമം ആവശ്യമാണെന്ന വലിയ ദർശനത്തെയാണ് Poetry in Motion അവതരിപ്പിക്കുന്നത്. ഒരേസമയം സമൂഹത്തിനുമേലുള്ള കലാകാരിയുടെ അധികാരവും പാർശ്വവൽക്കരണവും കല എന്ന ജ്ഞാനശാഖയിൽ എങ്ങനെയൊക്കെ പ്രതിഫലിക്കുന്നുവെന്നതിന്റെ വലിയ വിശദീകരണമായി അനിലയുടെ ഈ ശില്പം മാറുന്നു. പെൺശില്പകല എന്ന അവികസിതമായ ഒരു പൗരാവലിയിൽ ഇടം പുലർന്നുവരാൻ കഴിഞ്ഞതെങ്ങനെയെന്നതിന്റെ സാക്ഷ്യവുമാണ് അനിലയുടെ Poetry in Motion എന്ന ശില്പം. ശില്പനിർമ്മിതിക്കിടയിൽ അനില ഒഴിച്ചിടുന്ന ശൂന്യസ്ഥലങ്ങൾ പോലും നമ്മുടെ കാലത്തിന് സ്വീകാര്യമായ ഒരു ഇടം കൊടുക്കുന്നുണ്ട്.
ജലത്തിന്റെ ഉപരിതലത്തിൽ നിന്ന് മനുഷ്യനെ പിടിച്ചുയർത്തി നിർത്തുന്ന ഒരു ചിത്രീകരണമാണ് ‘ fish ‘ എന്ന ശില്പത്തിലുള്ളത്. കടൽക്കൊള്ളയുടെ കാലത്തിലെ ഇറവെള്ളങ്ങൾ പോലും മലിനമാണെന്നും അതിൽ മനുഷ്യരെ മുക്കിപ്പിടിക്കാൻ പാടില്ലെന്നുമുള്ള ഒരു ദർശനസൗന്ദര്യമാണ് fish ലുള്ളത്. ശില്പത്തിലെ ആംഗ്യങ്ങൾ ഓരോന്നും സിവിൽ ലൈഫിലേക്കുള്ള പടികളാണ്. ജീവിതം പല കടവുകളിൽ നിന്നാണ് കടഞ്ഞുകടഞ്ഞു ഈവിധം രൂപപ്പെടുന്നതെന്ന സൗന്ദര്യ സങ്കല്പവും ഈ ശില്പത്തിലുണ്ട്. ‘ Alone and on the move ‘ എന്ന പരമ്പരയും ‘ആൾരൂപങ്ങൾ ‘ എന്ന പരമ്പരയും അധികാരശ്രേണി കൊണ്ട് നിർവചിക്കാനാവാത്ത മറ്റൊരു ചരിത്രബോധത്തെയാണ് പ്രവർത്തിപ്പിക്കുന്നത്. ചരിത്രത്തിന്റെയും പൗരത്വത്തിന്റെയും ദൃശ്യമായ പല നടവരമ്പുകളെയാണ് ഇത്തരം ശില്പങ്ങൾ തൊട്ടെടുക്കുന്നത്. പല വഴിയിലാണ് ചരിത്രം ചിട്ടയൊപ്പിക്കപ്പെടുന്നതെന്നതിന്റെ വലിയ തെളിവായി ഇത്തരം ശില്പങ്ങൾ മാറുന്നതിനെയാണ് ഇനി കലാനിരൂപകർ നിരീക്ഷിച്ചുറപ്പിക്കേണ്ടത്.
ഇന്ത്യൻ ശില്പകലയിലെ ഒരു പെൺകരുത്ത് എന്ന നിലയിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ 1963 ൽ വാഷിങ്ടൺ ഡിസിയിൽ നടന്ന ചീനകളിമൺ ശില്പകലാ പ്രദർശനത്തിലും ജപ്പാനിൽ വെച്ചുനടന്ന എക്സ്പോ 70 ലും ഇന്ത്യാഗവൺമെന്റ് അനിലയുടെ “മൂന്നും ഒന്നിൽ “എന്ന ശില്പം പ്രദർശിപ്പിക്കുകയുണ്ടായി. ഇന്ത്യൻ സർഗാത്മകതയുടെ ഭരണകൂടമാറ്റങ്ങളിലൊരിടത്തും മറ്റൊരു വനിതാശില്പിയെ നമുക്ക് റീപ്ലേസ് ചെയ്യാനായിട്ടില്ല. ഇന്ത്യൻ ചരിത്രത്തിൽ പെൺശില്പകല എവിടെ എന്ന ചോദ്യം ഇപ്പോഴും മുഴങ്ങിനിൽപ്പാണ്. ഇവിടെ ഉടലിന്റെ ഉദ്ദീപനങ്ങളും കുറേ നോട്ടപ്പുറങ്ങളുമായി അനില ജേക്കബ് എന്ന ഒരേയൊരു വനിതാശില്പി ചരിത്രത്തിന്റെ മഷിയുണങ്ങിയ താളിനു പുറത്തുണ്ടെന്ന് ആര് ചരിത്രത്തെ ബോധിപ്പിക്കും ?