എഴുത്തുകാരുടെ ചിത്രകാരൻ
സ്ത്രീയുടെ സ്വത്വത്തിലേക്ക് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന ഒരു ചിത്രകാരന് സ്ത്രീയുടെ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ജീവിതത്തിൻ്റെ മുഖവുര കുറിക്കാനാവും. ഇത് കലയുടെ മൊത്തം ദുരൂഹമായ ആകർഷണ പരിസരത്തെ അനാവൃതമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ഒരു സ്ത്രീയെ വരച്ചാൽ ഒരുപാട് ഭാവങ്ങളെ ഒന്നിച്ച് ആഖ്യാനിക്കാം എന്ന തത്വത്തെയാണ് ശ്രീകണ്ഠൻ നായരിലെ ചിത്രകാരൻ ആശ്ലേഷിക്കുന്നത്.
ഒരു ചിത്രകാരനെ സാഹിത്യവുമായി കൂട്ടിക്കെട്ടുന്ന കണ്ണിയെ കുറിച്ച് ചില ആലോചനകൾ അനിവാര്യമായ ഒരു കാലഘട്ടമാണിത്.സാഹിത്യത്തിന്റെ ഈ അയഞ്ഞകാലത്തിൽ പരപ്പാർന്ന വിഷയങ്ങളിലേക്ക് കടക്കാനും ജീവിതമെന്ന കലയുടെ പദാർത്ഥത്തിന്റെ സമതലത്തിലൂടെ ചുറ്റിസഞ്ചരിക്കാനും അതു പകരിക്കും. സാഹിത്യത്തിലെ സൂക്ഷ്മാനുഭൂതികളുടെ ദർശനസുഖമായി ചിലരുടെ ചിത്രങ്ങൾ മാറുന്നതു കാണാം.
അവ കാഴ്ചയുടെ രുചി കൂട്ടുമ്പോൾ തന്നെ പിടയ്ക്കുന്ന ഉൾക്കാഴ്ചകളും കരുതി വെയ്ക്കുന്നു. ചിത്രത്തിൻ്റെ പകിട്ടും മോടിയും വർദ്ധിപ്പിക്കാൻ എഴുതിയിട്ട വരികളുടെ കായബലം ആവശ്യമാണെന്ന തത്വം തന്നെ കലയിൽ പ്രവർത്തിപ്പിക്കാനാണ് ചില ചിത്രകാരൻമാർ ശ്രദ്ധ വയ്ക്കുന്നത്. എഴുത്തുകാരൻ നിശ്ചയിച്ചുറപ്പിക്കുന്നതിനപ്പു റമുള്ള അർത്ഥപരിണാമത്തെയാണ് ചിത്രകാരൻ തന്റെ ആത്മസംഘർഷങ്ങൾ ക്കൊടുവിൽ ഒരു രചനയെ ആസ്പദമാക്കി വരഞ്ഞിറക്കുന്നത്.സാഹിത്യത്തിലെ ഒരു കാലഘട്ടത്തിന്റെ സൂക്ഷ്മവ്യതിയാനങ്ങളെഈവിധം പരിചരിച്ച കലാകാരനാണ് ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ. കവിതയുടെ അർത്ഥത്തെ നിറങ്ങളിൽ വഴക്കിയെടുക്കാനാണ് ഈ കലാകാരൻ ശ്രമിച്ചത്.എഴുത്തിന്റെ കാലാന്തര മാറ്റങ്ങളെ വരയിൽ ആവിഷ്കരിക്കുമ്പോൾ അതിൽ ന്യൂനതകൾ കടന്നുവരാനുള്ള സാധ്യതകൾ ഏറെയാണ്. പക്ഷെ അത്തരം മുഹൂർത്തങ്ങളെപ്പോലും ഈ കലാകാരൻ മറികടക്കുന്നു. കവിതയിൽ നീണ്ട രോദനമായി പെരുകിക്കൂടിയ സന്ദർഭങ്ങളെപ്പോലും വർണങ്ങളുടെ ശ്രദ്ധാപൂർവ്വമായ വിനിയോഗം വഴി ശ്രീകണ്ഠൻ നായർ അതിജീവിക്കുന്നു. ഇതു ചിത്രകലയ്ക്കുള്ളിലെ സാഹിത്യത്തിന്റെ ഡൈയിംഗ് (dyeing) ആണ്. വാക്കുകളുടെ കേടുപാടുകളെ പോക്കാൻ നിറങ്ങൾക്കാകുമെന്നതിന്റെ സാക്ഷ്യമായി നിൽക്കുന്ന കുറച്ചധികം രചനകൾ ശ്രീകണ്ഠൻ നായരുടേതായിട്ടുണ്ട്. അർത്ഥവും സൗന്ദര്യവും കലർന്ന അത്തരം ചില ചിത്രങ്ങളിലൂടെ ഒരു ആത്മസഞ്ചാരം നടത്തിയാൽ കലയുടെ പുതിയ മേഖലകളെ നമുക്ക് എളുപ്പത്തിൽ ഉൾക്കൊള്ളാനാവും.
സ്ത്രൈണവേദനയുടെ
മർമ്മരങ്ങൾ
സ്ത്രീയുടെ സ്വത്വത്തിലേക്ക് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന ഒരു ചിത്രകാരന് സ്ത്രീയുടെ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ജീവിതത്തിന്റെ മുഖവുര കുറിക്കാനാവും. ഇത് കലയുടെ മൊത്തം ദുരൂഹമായ ആകർഷണ പരിസരത്തെ അനാവൃതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഒരു സ്ത്രീയെ വരച്ചാൽ ഒരുപാട് ഭാവങ്ങളെ ഒന്നിച്ച് ആഖ്യാനിക്കാം എന്ന തത്വത്തെയാണ് ശ്രീകണ്ഠൻ നായരിലെ ചിത്രകാരൻ ആശ്ലേഷിക്കുന്നത്. സ്ത്രീയെന്നാൽ അവയവഭംഗി മാത്രമല്ലെന്നും അതൊരു ഭാഷയാണെന്നും സ്ഥാപിക്കാനാണ് ഈ കലാകാരൻ ശ്രമിക്കുന്നത്. ഒരുതരം ഐന്ദ്രിയ പ്രതീതി അനുഭവവേദ്യമാക്കി തരുന്ന ചിത്രമാണ് ശ്രീകണ്ഠന്റെ “ദു:ഖം”എന്ന രചന. വെള്ളമുണ്ടുമുടുത്ത് ചെമന്ന ബ്ലൗസും ധരിച്ചിരിക്കുന്ന സ്ത്രീയുടെ ചിത്രത്തിൽ ദു:ഖത്തിന്റെ ഭാഷയെ വായിച്ചെടുക്കാൻ ഈ കലാകാരൻ ഭാവ നിർമ്മിതമായ ഒരു കോർണർ ഉടലിന്റെ ഒരു പ്രവിശ്യയിൽ തന്നെ സ്ഥാപിക്കുന്നു. അതൊരു ഇരിക്കുന്ന സ്ത്രീരൂപമാണ്. ഇടതുകാൽ തറയിൽ ഉറപ്പിച്ച്, വലതുകാൽ മുട്ടുയർത്തി വലതു കൈപ്പത്തി കുപ്പിയുടെ ആകൃതിയിൽ ചുരുട്ടി , അതിനു മേൽ ഇടതു കൈ ഊന്നി കണ്ണുകളുടെ കീഴ്ഭാഗം മൂടിയ നിലയിലാണ് സ്ത്രീയെ വരച്ചിരിക്കുന്നത്. സ്ത്രീയുടെ ദു:ഖത്തിന്റെ മിസ്റ്റിക് രൂപമാണീ ചിത്രം. കാരണം കരച്ചിലിന്റെ ആംഗിൾ പൊസിഷനെ മുഴുവൻ മറച്ചുവെച്ചിരിക്കുകയാണിവിടെ. കരയുന്ന മുഖത്തിന്റെ നന്നേ ചെറിയൊരു വശമേ നാം കാണുന്നുള്ളൂ. നെറ്റിത്തടവും പുരികങ്ങളും അടഞ്ഞ കണ്ണിന്റെകുഴികളുമാണ് നാം ദു:ഖത്തിന്റെ ആഖ്യാനമായി കാണുന്നത്.ഇതിൽ കുപ്പി ആകൃതിയിലുള്ള വലതു കൈ കരഞ്ഞിറക്കുന്ന കണ്ണീരിൻ്റെ സംഭരണിയായി വായിച്ചെടുക്കാം. ഇടതു കൈക്കിടയിലൂടെ കാട്ടുന്ന വിസ്തീർണ്ണം കുറഞ്ഞ നെഞ്ച് ഈ ദുഃഖങ്ങളെ എത്ര ഞെരുക്കിവെച്ചിട്ടും ഇടം തികയാത്തതിന്റെ പ്രതീകാത്മക അർത്ഥ രൂപീകരണമാണ്. തുറന്ന പൊക്കിൾ പുത്രി / പുത്ര സൃഷ്ടിയെയും ഭൂമിയിൽ പതിപ്പിച്ച പാദങ്ങൾ ഭൂമി ഒരു സ്ത്രീയെ പോലെ സ്ത്രൈണമാണെന്നുമുള്ളതിന്റെ പ്രകടാഖ്യാനമാണ്. തലയിലെ പടർത്തി വിരിച്ച മുടി പോലും പ്രകൃതിയുടെ സ്ത്രൈണ പൂർണ്ണതയുടെയും പുഷ്പിക്കലിന്റെയും പ്രതീകാത്മക നിർവ്വചനമാണ്.സ്ത്രീ ശരീരം എന്ന കേന്ദ്രബിംബത്തെ വലംചുറ്റി മിതത്വം സ്ഫുരിക്കുന്ന നിറങ്ങളുടെയും പ്രതിമാനങ്ങളുടെയും വിന്യാസത്തിലൂടെ സൂക്ഷ്മവേഗത്തിൽ ലക്ഷ്യത്തിലണയുന്ന ഈ ചിത്രത്തിന്റെ വൈകാരിക ഘടന സ്ത്രീയുടെ മാത്രമല്ല, പ്രകൃതിയുടെ കൂടി ഭാവനിർമ്മിതിയാണ്. സ്ത്രീയുടെ ദു:ഖങ്ങൾ പ്രകൃതിയുടേതും , പ്രകൃതിയുടെ ദു:ഖങ്ങൾ സ്ത്രീയുടേതുമാണെന്ന് സ്ഥാപിക്കാൻ ഈ ചിത്രത്തിനാവുന്നു. ഗാർഹികതയുടെ മാത്രം പുറകേ പോകലായിരുന്നില്ല ഈ കലാകാരന്റെ ലക്ഷ്യം.മറിച്ച് ലിംഗവിവേചനത്തിന്റെ കല്ലിച്ച കെട്ടുകളെ പൊളിയ്ക്കുക എന്നതായിരുന്നു.അതിനയാൾ പുരാണങ്ങളെയും സാഹിത്യത്തിലെ സ്ത്രീകളെയും ചരിത്രത്തിലെ സ്ത്രീകളെയും വിനിയോഗിക്കുന്നു. ശരീരം എന്ന അവയവങ്ങളുടെ നർത്തനശാലയിലെ ഓരോ ഭാവങ്ങളും ഓരോ ചിത്രങ്ങളിലും പ്രകടമായെത്തുന്നു.ശ്രീകണ്ഠൻ നായരുടെ മറ്റു പെൺചിത്രങ്ങളിലേക്കു വരുമ്പോൾ ചരിത്രത്തിന്റെ എല്ലാ നോട്ടവ്യവസ്ഥകളുടെയും വിസ്തൃതിയും വ്യാഖ്യാനവും അവയിൽ കാണാം.ഈ കലാകാരന്റെ പെൺസീരിസിലെ എല്ലാ ചിത്രങ്ങളെയും ലിസ്റ്റ് ചെയ്താൽ നിറങ്ങളുടെ നിയന്ത്രിത പ്രയോഗങ്ങൾ കൊണ്ട് ഇയാൾ എങ്ങനെ സ്ത്രീയെ രേഖപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കാം.
1/ രാധ (ജലച്ചായം)
2/ ശകുന്തള
3/തിരുവാതിര
4/അരുകിൽ നീ ഉണ്ടായിരുന്നെങ്കിൽ
5/അന്ധയുടെ വിലാപം
6/ഓമന തിങ്കൾ കിടാവോ
7/ഇനിയെത്ര ദൂരം
8/മെഴുകുതിരി
9/ മാമ്പഴം
ഇങ്ങനെ നീളുന്നു ഈ ചിത്രകാരന്റെ പെണ്ണാഖ്യാനങ്ങൾ .ഇവയൊക്കെയും സ്ത്രൈണ വേദനയുടെ മർമ്മരങ്ങൾ അല്ലാതെ മറ്റെന്താണ്.
ചിത്രകലയും സാഹിത്യവും
തമ്മിലെന്ത്?
ചിത്രകലയെ സാഹിത്യത്തോടടുപ്പിച്ച ഒരു തലമുറയുടെ പ്രതിനിധിയായിട്ടാണ് ശ്രീകണ്ഠൻ നായർ അറിയപ്പെടുന്നത്. ചിത്രങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു നിറംഎടുത്തു മാറ്റി നോക്കു , അതിൽ സാഹിത്യവും ,സാഹിത്യത്തിൽ നിന്നും ചില വാക്കുകൾ ഊരിമാറ്റിയാൽ അതിൽ നിറങ്ങളുടെ നൃത്തവും സംഭവിക്കുന്നത് കാണാം. സാഹിത്യത്തിലെ അനന്തമായ സ്വാതന്ത്ര്യത്തെ ചിത്രകലയിലും പ്രവർത്തിപ്പിക്കാനാണ് ഈ കലാകാരൻ ശ്രമിക്കുന്നത്. ശ്രീകണ്ഠൻ നായരുടെ ചിത്രലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരമ്പരയാണ് ” കിളിപ്പാട്ട് ”. ഈ പരമ്പര ചെയ്യാൻ ഒരുപാട് ഹോം വർക്കുകൾ ഈ കലാകാരൻ നടത്തിയിട്ടുണ്ട്.പക്ഷി ഒരു പ്രധാന പ്രതീകമായി വരുന്നത് സാഹിത്യാഖ്യാനങ്ങളിലാണ്. പക്ഷികളുടെ മാനസിക പ്രവർത്തനങ്ങളെയും വൈകാരിക ക്രിയകളെയും ഇത്രയും സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ള വേറൊരു ചിത്രകാരനുമുണ്ടാവില്ല. ഒ.എൻ.വിയുടെ”ഭൂമിക്കൊരു ചരമഗീത”ത്തെ വ്യാഖ്യാനിക്കാൻ ഈ കലാകാരൻ വിനിയോഗിക്കുന്ന ഉപപദാർത്ഥങ്ങൾ നോക്കുക :
ഉണങ്ങിക്കരിഞ്ഞ വൃക്ഷച്ചുവട്, ഭൂമി എന്ന ഗ്രഹത്തിന്റെ അഗ്രത്തിൽ മുട്ടയിട്ട് പുനരുൽപാദനത്തിനായി കാത്തു നിൽക്കുന്ന ഒരു പക്ഷിയെ കാണാം. പക്ഷിയുടെ പുനരുൽപാദന ബീജമായ മുട്ടയെ ഉപേക്ഷിക്കുന്ന പക്ഷിയുടെ ഭാവങ്ങളെ ആവിഷ്കരിക്കുന്നതു പോലും മനുഷ്യൻ എന്ന സത്തയുടെ മാനസിക ഭാവങ്ങൾക്കുള്ളിലെ വിഷാദങ്ങളെയും ഹൃദയഭാഷയെയും അനാവരണം ചെയ്യാനാണ്. വയലാറിന്റെ കഥാപാത്രങ്ങളും ഈ ചിത്രകാരനെ പിൻതുടർന്നിട്ടുണ്ട്. കിളിക്കുഞ്ഞിനെ അനാഥമാക്കി പോകുന്ന അമ്മക്കിളിയെ ശ്രീകണ്ഠൻ നായർ ആവിഷ്കരിക്കുന്നതു പോലും വയലാറിന്റെ ആയിഷയയെ അവതരിപ്പിക്കാനാണ്. കോഴിപ്പോര് ചരിത്രത്തിലെ തന്നെ ഒരു പ്രധാന പ്രമേയമാണ്. ചരിത്ര സംഘട്ടനത്തിന്റെ മറ്റൊരു തലത്തിലേക്ക് നമ്മുടെ ശ്രദ്ധയുണർത്തുന്ന ചിത്രമാണ് മഹാഭാരത യുദ്ധത്തെ പ്രതീകവൽക്കരിച്ച കോഴിപ്പോര് .ഗാന്ധാരി വിലാപത്തിലേക്ക് വരുമ്പോൾ നാം കാണുന്ന പ്രതീകവും പക്ഷിയുടെ മുട്ടയാണ്.ഇവിടെ ഉടഞ്ഞ മുട്ടകളെ ചിത്രത്തിൽ കാണിക്കുന്നുണ്ട് . അപ്പോൾ അതിൽ കാണിക്കുന്ന പക്ഷിദുഃഖഭാരവും പേറി നിൽക്കുന്ന ഒരു പ്രതീകാത്മക പക്ഷിയാണ്. അതിനെ ഗാന്ധാരി വിലാപത്തിന്റെ ചിത്രഭാഷ്യമായിട്ടാണ് ആഖ്യാനിച്ചിരിക്കുന്നത്.ഈ പരമ്പരയിലെ മറ്റു ചിത്രങ്ങളും ശ്രദ്ധേയമാണ്:
1/ മയൂരസന്ദേശം / കാളിദാസൻ
2/കാവ്യനർത്തകി / ചങ്ങമ്പുഴ
പക്ഷിഗവേഷക സംഘത്തിന്റെ പിൻബലത്തോടെ പക്ഷികളുടെ സ്വരങ്ങളെയും അവയുടെ ആംഗ്യങ്ങളെയും ഈ കലാകാരൻ നിരീക്ഷിച്ചെടുത്തതു കൊണ്ടാണ് ഇയാൾ ഒരു ഇക്കോളജിക്കൽ ചിത്രകാരനായി മാറുന്നത്. ഇത്തരം ഒരു അന്വേഷണം അയാളെ ചിത്രകലയ്ക്കുള്ളിൽ ഒരു സംഗീതശിൽപ്പത്തെ വാർത്തെടുക്കാൻ വഴിയൊരുക്കി. മലയാള ചിത്രകലയിൽ സംഗീത ശിൽപ്പത്തിന് ഒരു കളർ കോമ്പിനേഷൻ തീർത്തതും ഈ കലാകാരനാണ്. കിളിപ്പാട്ടു ചിത്രങ്ങളിൽ ഈ സംഗീത ശിൽപ്പം ഒരു വഴിത്തിരിവായി മാറുന്നതു കാണാം.
അങ്ങനെയാണ് നീലാംബരിക്ക് വയലറ്റും ഭൂപാളരാഗത്തിന് മഞ്ഞയും ഈ കലാകാരൻ തീർത്തുവെച്ചത്. കിളിപ്പാട്ട് പരമ്പര നിറങ്ങളുടെ മാത്രം സംയോഗമല്ല, മറിച്ച് അത് സാഹിത്യ/ സംഗീത ശിൽപ്പങ്ങളുടെ കൂടിയാട്ടമാണ്.
അനുബന്ധം
പൊതുബോധത്തിന്റെ അഭിപ്രായം വകവയ്ക്കാതെ വർണങ്ങളുടെ ആവർത്തിച്ചുള്ള ഉപയോഗം വഴി ഇയാൾ നിവർത്തിതമാക്കിയത് കാലത്തിന്റെ അടിത്തട്ടിൽ വർത്തിക്കുന്ന ഭാവ സംഘട്ടനത്തിന്റെ മനുഷ്യ/ പ്രകൃതി വിശേഷണങ്ങളാണ്. മാധവിക്കുട്ടിയുടെ ” പക്ഷിയുടെ മണ”ത്തിൽ സഫലീകരിച്ചിട്ടുള്ള വിഹ്വല മുഹൂർത്തങ്ങൾ അക്ഷരാർത്ഥത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെ രചനകളെ കാലികമാക്കുകയാണ്.ചില ചിത്രങ്ങൾ കൂടി അനുബന്ധത്തിൽ കൂട്ടിച്ചേർക്കുകയാണ്.
1/ വിരഹിണി
2/അനുരാഗം
3/സപ്തസ്വരങ്ങൾ
4/വിശ്വദർശനം
ഒക്കെ സാഹിത്യത്തിൽ നിലനിൽക്കുന്ന അനേകം ഭാവങ്ങളുടെ നിറാഖ്യാനങ്ങളാണ്. ശരിക്കും ,ഈ കലാകാരൻ എഴുത്തുകാരുടെ ചിത്രകാരനാണ്.