ആനന്ദിന്റെ മൈക്രോശിൽപങ്ങളും ശിൽപകലയുടെ മനുഷ്യവ്യാപനവും

ചിത്രകലയിൽ ഏർപ്പെടുന്ന ഓരോ കലാകാരനും ഓരോ അതിശയ പിറവിക്കാരാണ്. സംസ്കാര ഗുണമുള്ള ജനതയുടെ ആന്തര ചലനങ്ങളെ ആഹ്ളാദിപ്പിക്കലല്ല പക്ഷെ ഇത്തരം അതിശയപ്പിറവിക്കാരുടെ ദൗത്യം. ദത്തന്റെ ചിത്രങ്ങളിലെ പ്രതീകങ്ങൾ തീനാളങ്ങൾ പോലെയുളള നാവുകൾ കൊണ്ടാണ് നമ്മോട് സംവദിക്കുന്നത്. അതിൽ നിന്നും പൊന്തിവരുന്ന നീരാളിക്കൈകൾ നമ്മുടെ രോഗം ബാധിച്ച കണ്ണുകൾക്കു നേരേ ഉയരുകയും അറിവിന്റെ സ്നാനത്താൽ നമ്മെ വീണ്ടെടുക്കുകയും ചെയ്യും.

ഇവിടെ നാം ചർച്ച ചെയ്യാനുദ്ദേശിക്കുന്ന വസ്തു മനുഷ്യനാണ്. മനുഷ്യനെ നാം തനിച്ചെടുത്ത് , ബന്ധങ്ങൾ അറുത്തു കളഞ്ഞ് , നോക്കിക്കാണുവാൻ ഉദ്ദേശിക്കുന്നില്ല. അവനെ അവനേക്കാൾ വിശാലമായ ഒന്നിന്റെ ഒരംശം അഥവാ ഒരു അവയവമായി നാം കാണുന്നു. അവന്റെ അസ്തിത്വം, സ്വഭാവം, ബന്ധങ്ങൾ, ആഗ്രഹങ്ങൾ , പരിവർത്തനം – എല്ലാം അവസാനിക്കാത്ത ഒരു ചർച്ചയാകാം ഇത്.

  • ഉപക്രമം / ആനന്ദ് ( ജൈവമനുഷ്യൻ)

മനുഷ്യനെ ഓരോ നിമിഷവും പുന:സ്ഥാപിക്കപ്പെട്ട ഒരു പറുദീസയായി ചിത്രീകരിക്കുകയായിരുന്നു. അതിനായി ആനന്ദ് എല്ലാ മാധ്യമങ്ങളെയും കണക്കിന് ഉപയോഗിച്ചു വരികയാണ്. ചരിത്രദർശന ശേഷിയുടെ ആഢംബരമുള്ളതിനാൽ അതിലെ മനുഷ്യസമുദ്രങ്ങളെ തൊട്ടുകാണിക്കാൻ ഒരേ സമയം ആനന്ദ് നോവലിലും കഥയിലും കവിതകളിലും ലേഖനങ്ങളിലും ചരിത്രമനുഷ്യനെ പ്രതിഷ്ഠിക്കുകയും അതുവഴി കലാപരമായ ശക്തിസങ്കോചം സംഭവിക്കാതിരിക്കാൻ ശ്രദ്ധ വെയ്ക്കുകയും ചെയ്യുന്നു. ചരിത്ര സൗന്ദര്യത്തിന്റെ വ്യത്യസ്ത മഹിമ ധരിച്ചിരിക്കുന്ന ആനന്ദിലെ പ്രതിഭ ശിൽപനിർമ്മാണത്തിലും ദിവാസ്വപ്ന ചിന്തകനെപോലെ വ്യാപരിക്കുന്നതും കാണാം. ഒരു കലയിലും നാം കാണുന്ന ബാഹ്യരൂപം യാഥാർത്ഥ്യമല്ലെന്നും അതു യാഥാർത്ഥ്യത്തിന്റെ ആവരണം മാത്രമാണെന്നും ഉച്ചത്തിൽ വിളിച്ചു പറയുന്ന അനേകം മൈക്രോ ശിൽപങ്ങൾ ആനന്ദിന്റേതായിട്ടുണ്ട്. ആ ശിൽപങ്ങളുടെ ആവരണം പാളി പൊളിച്ചുനോക്കിയാൽ ചരിത്രത്തിലെ ഇരയാക്കപ്പെട്ട മനുഷ്യരുടെ ആത്മകഥയാണതെന്ന് കാണാൻ കഴിയും.

ചരിത്രത്തിലെ മനുഷ്യൻ നേരിട്ട സാമൂഹ്യ പരാജയങ്ങൾ ആനന്ദിന്റെ ശിൽപങ്ങളിൽ വേഷം മാറി വരുന്ന ജൈവമനുഷ്യനായിട്ടാണ് അവതരിക്കുന്നത്. അതൊക്കെയും മനുഷ്യനെ കുറിച്ചുള്ള പുതിയ സൗന്ദര്യ നിയമനിർമ്മാണ ശ്രമമാണ്. ശിൽപങ്ങളിൽ പെരുകി നിൽക്കുന്ന കാലത്തിന്റെ ജീവിതഖണ്ഡങ്ങളെ നിരീക്ഷിച്ചാൽ ഒരു കാര്യം കുറേക്കൂടി ബോദ്ധ്യമാകും , അതു മനുഷ്യനു നേരിടേണ്ടി വന്ന ചരിത്രത്തിലെ വിലാപദിനങ്ങളുടെ ആഖ്യാനം കൂടിയാണ്. അസ്തിത്വത്തിന്റെ അഗ്നിഗന്ധകങ്ങളാൽ ആക്രമിക്കപ്പെട്ട ഒരു ജനതയുടെ ഇരയാകലിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന എത്രയോ ശിൽപങ്ങളാണ് ആനന്ദ് നിർമ്മിച്ചിരിക്കുന്നത്. ശിൽപം എന്ന പർവ്വതലോകം കൊണ്ട് മനുഷ്യനുമേൽ വീണ അന്ധവിശ്വാസത്തിന്റെ എല്ലാ പുളപ്പൻ നിഴലുകളെയും കത്തിച്ചുകളയാൻ ആനന്ദിനാകുന്നു. ശിൽപങ്ങളുടെ ഈ സഹകരണ സംഘാടനരീതി മറ്റാരേക്കാളും ചരിത്രാന്വേഷണത്തിനു വിനിയോഗിച്ചിട്ടുള്ളതും ആനന്ദ് മാത്രമാണ്.

മൗനത്താൽ കനത്ത തൊണ്ടയുടെ സ്വതന്ത്രമാകലായിരുന്നു ആനന്ദിന് ശിൽപവിദ്യ. ഹൃദയത്തിന്റെ ഈ കുളിർമാപരിഭാഷയെ ആനന്ദിന്റെ കഥകളോട് ചേർത്ത് വായിക്കുന്ന ഒരു നിരൂപകന് അയാൾ ഇതിലൂടെയൊക്കെ ഒരു വെറും മനുഷ്യനെ ‘ജൈവമനുഷ്യനാക്കാൻ ‘ നടത്തിയ ശ്രമത്തിന്റെ പാഠവൈവിദ്ധ്യങ്ങളെ എളുപ്പത്തിൽ ഇഴപിരിച്ചെടുക്കാനാവും. കഥയിലേതുപോലെ തന്നെ ചില പ്രമേയങ്ങളെ ആനന്ദ് ആവർത്തിച്ചു കൈകാര്യം ചെയ്യുന്നതു കാണാം. ബുദ്ധിയും വികാരവും തോൽക്കുന്നിടത്താണ് ശിൽപം എന്ന മൗനഭാഷയുടെ ഉയിർപ്പ് സംഭവിക്കുന്നത്. സാഹിത്യ കലയുടെ മറുകരയിലേക്ക് കടക്കാൻ ആനന്ദ് തെളിച്ച കലയുടെ ഈ പാലത്തെ സൂക്ഷ്മമായ ചില നിരീക്ഷണങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. ആനന്ദിന്റെ ശിൽപവിദ്യയെ സൈദ്ധാന്തികമായി എന്നതിനേക്കാൾ സർഗാത്മകമായി സമീപിച്ചാൽ നമ്മിലെ ഉടഞ്ഞുതെറിച്ച ജൈവമനുഷ്യനെ കണ്ടെടുക്കാനാവും. അസ്തിത്വവ്യഥയുടെ ഒരിക്കലും നീങ്ങിമാറാത്ത നിത്യാധിപത്യത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് കടന്നെത്താൻ ചില ശിൽപങ്ങളെ നമുക്ക് അടുത്തിരുത്തി പരിചരിക്കാം. ഇര സീരീസിലെ ശിൽപങ്ങളുടെ വാസ്തുവിദ്യ പോലും അന്യനാകാൻ (outsider ) വിധിക്കപ്പെട്ടവന്റെ പുളയുന്ന മനസാണ്. ഏകാന്തതയുടെ ആകുലതയും മൗനത്തിൽ മുക്കിയ രോദനവും പിളർന്നു കാണാൻ കൊതിക്കുന്ന മനുഷ്യന്റെ നിർബന്ധനിമിഷങ്ങളെ അത്തരം ശിൽപങ്ങളിൽ നിന്നും നമുക്ക് കണ്ടെടുക്കാം. ഇത്തരം ശിൽപങ്ങൾക്ക് ജൈവിക പിതൃഭൂമി ഒരുക്കാൻ പാകത്തിലുള്ള ആസ്വാദകർ കുറവുള്ള നാടാണ് നമ്മുടേത്. അതുകൊണ്ടുതന്നെ മനുഷ്യരുടെ ഉള്ളുതൊടുന്ന ഒരു രഹസ്യസമുദ്രത്തെയാണ് ഈ സീരിസിലെ ശിൽപങ്ങളിൽ ആനന്ദ് പണിതുവയ്ക്കുന്നത്. മനുഷ്യന്റെ എക്സ്ട്രാ മസ്സിലായി യന്ത്രങ്ങൾ മാറിയ കാലത്തിന്റെ മനുഷ്യസ്വത്വ ശോഷണത്തെയും ശിൽപങ്ങൾ തെളിച്ചുകാട്ടുന്നുണ്ട്. ഇരുണ്ട മനുഷ്യസ്വഭാവദർശനത്തെ ചൊല്ലി ഏറ്റവും അധികം ആകുലപ്പെട്ടിട്ടുള്ള നീത്ഷേയുടെ തത്വവാക്യങ്ങൾക്കുള്ള അടിക്കുറിപ്പാണ് ‘ഇര’ സീരിസിലെ ശിൽപങ്ങൾ. ഒരു മനുഷ്യൻ ഏതെല്ലാവിധമാണ് കാലത്തിന്റെ കൈകളിൽ ഇരുന്ന് ഞെരുക്കപ്പെടുന്നതെന്ന് തെളിയിക്കുന്ന ഒരു ടെറാക്കോട്ട ശിൽപമാണ് ഈ സീരീസിലെ ഏറ്റവും
പ്രധാനപ്പെട്ട ശിൽപം. എല്ലാത്തിന്റെയും അടിസ്ഥാനം കാലമാണെന്നും അതിന്റെ അസംസ്കൃത ഉൽപന്നം ചരിത്രമാണെന്നും തെളിയിക്കുന്ന ഒരു ശിൽപമാണിത്. ഞെരുങ്ങിയമരേണ്ടി വരുന്ന
മനുഷ്യന്റെ ദൈന്യതകളെ ഒരു ഉറങ്ങുന്ന പുരുഷതലയാൽ ഒരു അറ്റത്ത് രേഖപ്പെടുത്തുമ്പോൾ , മറ്റേ അറ്റത്ത് മൃഗങ്ങളുടെ ഇതേ ദൈന്യതയെയാണ് ആനന്ദ് ഇര എന്ന സീരീസിൽ അവതരിപ്പിക്കുന്നത്. ഇന്ന് മനുഷ്യന്റെ വില കുത്തനെ ഇടിയുകയും മൃഗങ്ങളുടെ നിലനിൽപിന് ദൈവത്തിന്റെ വിപണി ലഭിക്കുകയും ചെയ്യുമ്പോൾ ഈ ശിൽപങ്ങളിൽ ആനന്ദ് ചുട്ടെടുത്തുവെച്ചിരിക്കുന്ന മൗനപ്രതിഷേധത്തിന് ഉറക്കെ ശബ്ദിക്കുന്ന ഒരു നാവ് വളർന്നിറങ്ങുന്നതു പോലെ നമുക്കനുഭവപ്പെടും. ശിക്ഷയുടെ രൂപപാഠങ്ങൾ വഹിക്കുന്ന ഒരു ശിരസ് ക്രൂരമായിരിക്കുമെന്ന് ശിൽപത്തിന്റെ ആംഗിൾ പൊസിഷനുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു മനുഷ്യനെന്ന ഭാവത്താൽ തീർത്ത ഒന്നിലധികം ശിരസ്സുകൾ ഉണ്ടെന്ന ബോധം സൃഷ്ടിക്കുകയാണ് ശിരസ് എന്ന ശില്പം. കൊടുമുടി എന്ന പേരിൽ ആനന്ദ് എഴുതിയ കഥയുടെ കളിമൺ ഭാഷയാണ് ഒടിയുന്ന കുരിശ് എന്ന ശില്പം. ഈ ശില്പം മനുഷ്യന്റെ ഉളളിലെ നിഗൂഢ പ്രക്ഷുബ്ധതയെയും മുറിഞ്ഞു മുറിഞ്ഞു പെരുകുന്ന ദുഃഖങ്ങളുടെ ഭാരത്തെയുമാണ് അനാവരണം ചെയ്യുന്നത്. ദു:ഖത്തിന്റെ ഈ കളിമൺ മൊഴിമാറ്റത്തെ ഒടിയുന്ന കുരിശ് എന്ന ശീർഷകത്തിലേ പ്രതിഷ്ഠിക്കാനാവൂ. ദു:ഖത്തിന്റെ വേരുകൾ ഓടിനിൽക്കുന്ന കവിതകളുടെ ക്ലേ ഇലസ്ട്രേഷനുകളായിട്ടാണ് ചില ശിൽപങ്ങൾ പ്രത്യക്ഷമാകുന്നത്. ശിൽപത്തിന്റെ പ്രകാശോദ്ധരണിയിലൂടെ സംസാരിക്കുന്ന ആനന്ദിന്റെ മൗനഭാഷയുടെ അർത്ഥം നാം ഗ്രഹിച്ചെടുക്കുന്നത് കവിതകളിലൂടെയാണ്. നാഴികക്കല്ല് എന്ന് ശീർഷകപ്പെടുത്തിയിരിക്കുന്ന ടെറാക്കോട്ട ശിൽപം തന്നെ ഒരു കവിതയാണ്. ഒന്നിലധികം കല്ലുകളുടെ പ്രണയാർദ്രമായ ആശ്ലേഷണമാണ് ഇന്നേ വരെ എല്ലാ പൈതൃകങ്ങളെയും താങ്ങിനിർത്തിയതെന്നും ബലപ്പെടുത്തിയതെന്നുമുള്ള ദർശനമാണ് നാഴികക്കല്ലിൽ തളിരിടുന്നത്.

അനുബന്ധം
അറ്റുപോകുന്ന കലയുടെ സാമൂഹിക ബന്ധത്തെ വിളക്കിയെടുക്കാൻ ആനന്ദ് എല്ലാ മാധ്യമങ്ങളെയും ഉപയോഗിക്കുന്നുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിഷ്ഠാപന കലയായ ശില്പനിർമ്മിതിയെ ഈ എഴുത്തുകാരൻ പ്രതിരോധത്തിന്റെ മാധ്യമമാക്കി തീർത്തതിന്റെ ഉദാഹരണങ്ങളാണ് കണ്ണുകൾ, ഉയിർത്തെഴുന്നേല്പ്, നിഷ്ക്രിയത്വം, നിർവ്വാണം, സൂര്യചക്രം, പീഡിത പുഷ്പങ്ങൾ, ഗാന്ധിയും ആൾക്കൂട്ടവും , സ്മാരകം , ഡിഫെൻസ് , പില്ലർ, ഘോഷയാത്ര തുടങ്ങിയ ശില്പങ്ങൾ. ആനന്ദിന് ഈ ശില്പങ്ങളൊക്കെയും പ്രപഞ്ചത്തിന്റെ ഇന്നർ വേൾഡാണ്. അതു തൊണ്ടയിൽ കനത്തു വന്ന മൗനത്തിന്റെ ഒച്ച വെയ്ക്കാത്ത മുഴക്കങ്ങളാണ്.

Author

Scroll to top
Close
Browse Categories