ചരിത്രസാക്ഷ്യം
ജന്മിത്വത്തിനും, കടുത്തജാതിവിവേചനങ്ങള്ക്കും രാജഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരായ ജനമുന്നേറ്റങ്ങള്‍ക്കും സ്വതന്ത്ര കേരളത്തിന്റെ ഉദയത്തിനും സാക്ഷ്യംവഹിച്ച കെ.ഗംഗാധരപ്പണിക്കരുടെ ഇപ്പോഴും മരിക്കാത്ത ഉജ്ജ്വലമായ ഓര്‍മ്മകളാണ് ‘ഋതുഭേദങ്ങളില്‍’ എന്ന പുസ്തകത്തെ ചരിത്രരേഖയാക്കുന്നത്. ജൂലായ് 14 ന് അന്തരിച്ച എസ്. എൻ. ഡി. പി യോഗം മാവേലിക്കരയൂണിയൻ മുൻ പ്രസിഡന്റും സ്വാതന്ത്ര്യ സമരസേനാനിയുമായ മാവേലിക്കര പുന്നമൂട് കളയ്ക്കാട്ട് കെ.ഗംഗാധരപ്പണിക്കരുടെ സംഭാവനകളെ പത്രപ്രവർത്തകനും ആകാശവാണി മുൻ അസി.ഡയറക്ടറുമായ ഡി.പ്രദീപ് കുമാർ വിലയിരുത്തുന്നു
ശതാബ്ദി നിറവില്‍ ആദ്യ പുസ്തകം എഴുതിയവര്‍ ആരെങ്കിലുമുണ്ടോ, കേരളത്തില്‍?
-ലോകത്ത് പോലും ഉണ്ടോ എന്ന് സംശയമാണ്.
മാവേലിക്കരയിലെ കെ.ഗംഗാധര പണിക്കരുടെ ‘ഋതുഭേദങ്ങളില്‍’ എന്ന ഓര്‍മ്മക്കുറിപ്പുകളെ ശ്രദ്ധേയമാക്കുന്നത് ഇതാണ്. മാവേലിക്കരയുടെരാഷ്ട്രീയ, സാംസ്കാരിക ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്നഎല്ലാവരുടേയും പ്രിയപ്പെട്ട ഗംഗാധരപ്പണിക്കര്‍ സാര്‍ , 65 വര്ഷംഅദ്ധ്യാപകനായിരുന്നു.1990 മുതല്‍ 1997 വരെ എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന് പ്രസിഡന്റായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്ളോക്ക് കമ്മറ്റി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.അനേകം സംഘടനകളുടെ രക്ഷാധികാരിയായിരുന്നു അദ്ദേഹം.
1949 ല്‍ ചിറ്റൂര്‍ ഗവണ്മെന്റ് ബോയ്സ് ആന്‍ഡ് ട്രെയിനിങ് സ്കൂളില്‍ നിന്നാണ് നീണ്ട അദ്ധ്യാപന ജീവിതത്തിന്റെ തുടക്കം.1977 ല്‍ ലക്ഷദ്വീപ് കവറത്തി, ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഹെ ഡ് മാസ്റ്ററായി വിരമിച്ചു. അതിനുശേഷം 37 വര്‍ഷം പാരലല്‍ കോളേജുകളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. അദ്ദേഹം പഠിപ്പിച്ച ആയിരക്കണക്കിന് ശിഷ്യരില്‍ പലരും ജീവിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ പ്രശസ്തരായി. ‘എന്നെ മലയാള സാഹിത്യാസ്വാദകനാക്കിയ പണിക്കര്‍ സാര്‍’ എന്ന പേരില്ആര്. നരേന്ദ്രപ്രസാദ് മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ ലേഖനം എഴുതിയിട്ടുണ്ട്.വി.പി.ശിവകുമാറും കെ.കെ സുധാകരനുംഅദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ ഉള്‍പ്പെടും. ഇവരുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിന് വഴങ്ങി, കോവിഡ് കാലത്താണ് അദ്ദേഹം ഈ പുസ്തകം എഴുതിയത്. സ്വന്തം ശബ്ദത്തില്‍ അതിന്റെ ഓഡിയോയും തയ്യാറാക്കിയിട്ടുണ്ട് . ‘ വിറയാര്‍ന്ന കൈയുടെയും മറയാര്‍ന്ന കണ്ണിന്റെയും മറവാര്‍ന്ന മനസ്സിന്റെയും സഹായത്താല്‍ പരാപേക്ഷ കൂടാതെ തട്ടിക്കൂട്ടി ഒപ്പിച്ചെടുത്ത ഒരുഅനുഭവചിത്രം’,എന്നാണ് ആമുഖത്തില്‍ അദ്ദേഹം എഴുതിയിട്ടുള്ളതെങ്കിലും, സുദീര്‍ഘമായ ഒരു കാലഘട്ടത്തിന്റെ നേര്‍സാക്ഷ്യം തെളിമയാര്‍ന്ന ഭാഷയില്‍ ഇതില്രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കേരളത്തെ തകര്‍ത്തെറിഞ്ഞ 1099-ലെ മഹാപ്രളയത്തിന്റെഓര്മ്മകള് വിവരിക്കാന്‍ ഇപ്പോള്‍ മറ്റാരും ജീവിച്ചിരിപ്പുണ്ടാവില്ല.എല്ലാംപ്രളയജലത്തില് മുങ്ങിത്താണ ആ നാളുകളില്‍ തന്നെയായിരുന്നു തിരുവിതാംകൂറിലെശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ വേര്‍പാടുണ്ടായത്. അത് വലിയ വിപത്തായാണ്ജനങ്ങള്ക്ക് തോന്നിയത്.മഹാദുരന്തം വിതച്ച ആ വെള്ളപ്പൊക്കത്തിന്റെ ഞടുക്കംവിട്ടുമാറും മുന്‍പ്, 1105ല്‍ പിന്നെയും പ്രളയജലം നാടിനെ മുക്കിയ ഓര്‍മ്മയും അദ്ദേഹത്തിനുണ്ട് .
അച്ഛന് , കുഞ്ഞുകുഞ്ഞു പണിക്കര്‍ നാട്ടിലെ എഴുത്താശാനായിരുന്നു. ജന്മനാ നടക്കാന്‍ ശേഷിയില്ലാത്ത അദ്ദേഹത്തിന് അച്ഛന് ഒറ്റക്കാള പൂട്ടിയ ഒരു വില്ല് വണ്ടിനല്കി ;അത് ഓടിക്കാന്‍ ഒരു വണ്ടിക്കാരനെയും .താഴ്ന്ന ജാതിയില്‍പെട്ടവര്‍ക്ക് അന്ന് സ്കൂള്‍ നിരോധിത മേഖലയായിരുന്നു . അതിനാല്‍,ഒരു ഗുരു വീട്ടിലെത്തിയാണ്പഠിപ്പിച്ചത് .’ ആ സിദ്ധരൂപവും അമരകോശവും ഇന്നും എന്റെ പുസ്തകശേഖരത്തിലുണ്ട്’.പഞ്ചാംഗം നോക്കി നാളുകുറിക്കുക, സാധാരണ രോഗങ്ങള്‍ക്ക് നാടന്‍മരുന്ന് പറഞ്ഞു കൊടുക്കുക, വിശേഷ അവസരങ്ങളില്‍ ഭാഗവതപാരായണം നടത്തുക ഇവയൊക്കെയായിരുന്നു, അച്ഛന്റെ ജോലി.ഇങ്ങനെ,നാട്ടുകാര്‍ക്കൊക്കെ പ്രിയങ്കരനായിരുന്ന അച്ഛനാണ് തന്നില്‍ പുരാണ കഥാശ്രവണ താല്പര്യം ഉണ്ടാക്കിയതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അക്കാലത്ത് രാമായണമാസം ഉണ്ടായിരുന്നില്ല. ശബരിമലനട മകരവിളക്ക് കഴിഞ്ഞ് അടച്ചാല്‍ അടുത്ത വര്‍ഷമേ തുറക്കൂ . ക്ഷേത്രം തീ വെച്ച്നശിപ്പിച്ച ശേഷം, പുന:പ്രതിഷ്ഠ കഴിഞ്ഞാണ് ആരാധനാക്രമത്തില്‍ മാറ്റംവരുത്തിയതെന്ന് അദ്ദേഹം ഓര്‍ക്കുന്നു .അതിന് മുമ്പ് വരെ മണ്ഡല, മാസാദ്യ പൂജകള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല . മേല്‍ശാന്തി പുറപ്പെടാശാന്തി ആയതും അന്നുമുതലാണ്.
തീണ്ടലും തൊടീലും കൊടികുത്തി വാഴുന്ന അക്കാലത്ത് ചെട്ടികുളങ്ങര വിദ്യാലയ പോഷിണി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു , അദ്ദേഹം. കിഴക്ക് നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ അമ്പലത്തിനടുത്ത് എത്തുമ്പോള്‍ രണ്ടായി തിരിഞ്ഞു പോകണം . ഉയര്‍ന്ന ജാതിക്കാരായ കുട്ടികള്‍ ക്ഷേത്രത്തിനകത്തുകൂടെ കയറും .’അധ:സ്ഥിതനായ ഞാന്‍ മിക്കവാറും സതീര്‍ത്ഥ്യനായ മധുസൂദന്‍ പിള്ളയോടൊപ്പം അമ്പലമുറ്റം തീണ്ടാറുണ്ട്. ശ്രേഷ്ഠന്മാരാരുംഅറിഞ്ഞിട്ടില്ല. അടി കിട്ടിയതുമില്ല.ശുദ്ധികര്‍മ്മവും നടന്നിട്ടില്ല .ഒടുവില്‍ ,ഒറ്റയ്ക്കായാലും അമ്മയുടെ തിരുമുറ്റത്ത് കൂടി തന്നെയാണ് യാത്ര’ .ഒരുകുട്ടിയുടെ മരണം കാരണം സ്കൂളിന് അവധി പ്രഖ്യാപിച്ചപ്പോള്‍ ,കൂട്ടുകാരനോടൊപ്പം അമ്പലത്തിനകത്ത് കയറി തൊഴുതു.ഈ സന്തോഷവാര്ത്തവീട്ടിലെത്തി അമ്മയെ അറിയിച്ചപ്പോള്‍ , അവരുടെ മുഖം കറുത്തു’ അയ്യോ, മഹാപാപി!അമ്മയുടെ ശാപം വലിച്ചുവച്ചു.ആരാ നിന്നെ വിളിച്ചു കേറ്റിയത് ? എന്റെചെട്ടികുളങ്ങര അമ്മേ! എന്റെ കുഞ്ഞ് അറിയാതെ ചെയ്തുപോയ തെറ്റാണ്. ഒന്നുംവരുത്തല്ലേ..എന്ത് പ്രായശ്ചിത്തവും ഞാന്‍ ചെയ്യാം !’ തങ്ങള്‍ അമ്പലത്തില്കയറുന്നത് ദൈവകോപമുണ്ടാക്കുമെന്ന് ചില കീഴ്ജാതിക്കാര്‍ തന്നെവിശ്വസിച്ചിരുന്ന കാലം ! അന്ന് വീട്ടുകാര്കണ്ടിയൂര് ക്ഷേത്രത്തിന്റെ ആല്‍ത്തറയുടെ അടുത്തുനിന്നാണ് ദേവനെ തൊഴുതിരുന്നത്.അകത്തു കയറിയാല്‍ , കണ്ടിയൂരപ്പന് ക്ഷേത്രം വിടുമത്രെ. പിന്നെ ശുദ്ധികലശവുംവേണ്ടിവരും ! -അതായിരുന്നു അക്കാലത്തെസാമൂഹികാവസ്ഥ.എന്നാല്‍, അയിത്തക്കാരനെ വീട്ടിനകത്ത് കയറ്റി , കാപ്പി കൊടുത്ത് , വീട് അശുദ്ധമാക്കിയ മാര്‍ത്താണ്ഡവര്‍മ്മ ,പണ്ടാല,സദാശിവന് തമ്പി തുടങ്ങിയകൂട്ടുകാരെയും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
1936 നവംബര്‍ 12 ന്ക്ഷേത്രപ്രവേശന വിളംബരം മഹാരാജാവ് പുറപ്പെടുവിച്ചപ്പോള്‍ ,മിക്ക ക്ഷേത്രങ്ങളിലും തന്ത്രിമാരുടെ നേതൃത്വത്തില്‍ ദേവ പ്രശ്നം വച്ച് ,എതിര്‍പ്പുകള്‍ തുടങ്ങി. എല്ലാവര്ക്കും ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കുന്നത് ദൈവ കോപവും അശുദ്ധിയും ഉണ്ടാക്കുംഎന്നായിരുന്നു ദേവപ്രശ്നങ്ങളില്‍ കണ്ടെത്തിയത് ! അതോടെ,സര്‍ക്കാര്‍ കല്പന അനുസരിക്കാത്തവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ പ്രഖ്യാപിക്കുകയും ചിലക്ഷേത്രങ്ങളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
ഗ്രൂപ്പ്തിരിഞ്ഞായിരുന്നു അടുത്തദിവസം ആളുകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. അദ്ദേഹവും ഒപ്പം കൂടി.ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ ശ്രീകോവില്‍ അടച്ചിരുന്നു. ദര്‍ശനംകഴിഞ്ഞ് വരുന്നവര്‍ക്ക് അരമതിലില്‍ നിന്ന് രണ്ടുപേര്‍ പ്രസാദം എറിഞ്ഞുകൊടുക്കുകയായിരുന്നു. അത് കൈയിലും മുണ്ടിലും താഴെയുമായി വീണു. പ്രായമായവര്ഇത് കണ്ടപ്പോള്‍ , അത് വാങ്ങി അവരുടെ മുഖത്ത് വലിച്ചെറിയാന്‍ പറഞ്ഞു.ഇത്പോലീസ്,ദിവാന് റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ദിവസങ്ങളില്‍ മിക്ക ക്ഷേത്രങ്ങളും തുറന്നു . അധ:കൃതരെ പ്രവേശിപ്പിക്കാത്ത പ്രമുഖര്‍ക്കെതിരെ നടപടി എടുത്തതോടെ പലരും ക്ഷമയാചനം ചെയ്ത്, ജോലിയില്‍പ്രവേശിച്ചു .’ഒരു ശുദ്ധികലശവും എവിടെയും ഉണ്ടായില്ല. ദേവന് എങ്ങുംഓടിപ്പോയില്ല .അമ്പലമുറ്റം ആരാധകരെ കൊണ്ട് സജീവമായി’. പനിക്കുംചുമക്കും ചര്‍ദ്ദിക്കും മാത്രമല്ല, വസൂരി പോലുള്ള മഹാമാരികള്‍ക്ക് വരെ മന്ത്രംജപിച്ചു ഓതുകയും ഓലയില്‍ എഴുതി മടക്കിക്കെട്ടി അരയിലും കയ്യിലുംകെട്ടുകയുമൊക്കെ ചെയ്യുന്ന മന്ത്രവാദികളുടെ കൂടി കാലമായിരുന്നു , അത്. ബാധഒഴിപ്പിക്കാന് ,നാരായം ജപിച്ച് താഴെ കുത്തും. വസൂരി വന്നു മരിക്കുന്നവരുടെശവം പായില്‍ കെട്ടി രഹസ്യമായി കുഴിച്ചിടും..ചിക്കന്‍പോക്സ് അന്ന് ‘അമ്മവിളയാട്ട ‘മാണ്.മിക്ക വീടുകളുടെയും മുന്നില്‍ കൊച്ചു കുഴികളില്‍ വേപ്പിലകള്കുത്തി നിര്‍ത്തിയിരിക്കുന്നത് കാണാം .അന്ന് പച്ചമരുന്നുകള്‍ നല്കി മിക്കരോഗങ്ങളും ഭേദമാക്കുന്ന പ്രശസ്തരായ നാട്ടുവൈദ്യന്മാരും ഉണ്ടായിരുന്നു.
മണ്മറഞ്ഞരസകരമായ ചില ആചാരങ്ങളുടെ കൂടി വിവരണങ്ങളുണ്ട് , ഈ ഓര്‍മ്മക്കുറിപ്പുകളില്‍ .കാരണവന്മാര് യാത്ര പോകുമ്പോള്‍ നല്ല ശകുനം കാണണം. അച്ഛന് പുറത്തിറങ്ങുമ്പോള്കാവല്ക്കാരന്റെ മകന് ഉലകനെയാണ് ശകുനുമായി എതിരെ നടത്തേണ്ടത്.അവനെ അതിന്കൊണ്ടുവരുന്ന ജോലി തനിക്കായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ട്. 1927 ല്‍ ഗാന്ധി അപ്പൂപ്പനെ കാണാന്‍ പോയതിനാല്‍ അച്ഛനില്‍ നിന്ന് കിട്ടിയ അടിയുടെ പാട് ഇപ്പോഴും അദ്ദേഹത്തിന്റെ തുടയിലുണ്ട്. വീട്ടിലിരുന്ന് കളിക്കുമ്പോഴായിരുന്നു അടുത്ത വഴികയില് കൂടി ആളുകള്‍ കൂട്ടത്തോടെ പോകുന്നത് കണ്ടത്. ഗാന്ധി അപ്പൂപ്പനെ കാണാനാണ് അതെന്ന് അമ്മ പറഞ്ഞു.
അവര്‍ അടുക്കളപ്പണി ചെയ്തുകൊണ്ടിരിക്കേ, പതുക്കെ പുറത്തിറങ്ങി , ആള്‍ക്കാര്‍ക്ക് ഒപ്പം ചേര്‍ന്നു .മാവേലിക്കരയ്ക്ക്പടിഞ്ഞാറുള്ള തട്ടാരമ്പലത്തായിരുന്നു ഗാന്ധിജി പ്രസംഗിക്കാന്‍ എത്തിയത്.ബെഞ്ചുകള്‍ നിരത്തിയ ഒരു ചെറിയ സ്റ്റേജ് . തൊട്ട് കിഴക്കുവശത്ത് ഒരുനെയ്ത്തുശാല . അവിടെ നിന്ന് ചില നേതാക്കന്മാര് ഇറങ്ങിവന്നു. വലിയജനക്കൂട്ടമുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ മുദ്രാവാക്യങ്ങള്വിളിച്ചു .ഒരു കാറില്‍ , ശരീരം മുഴുവന്‍ മൂടി, മുഖം മാത്രം കാണുന്ന വസ്ത്രംധരിച്ച് ഒരു യുവതി ഇറങ്ങി. കയ്യില്‍ ഒരു വടിയും സഞ്ചിയും ഉണ്ട് . വടി നീട്ടികൊടുത്തതില് പിടിച്ച്,ഒറ്റമുണ്ട് ഉടുത്ത് , മറ്റൊന്ന് പുതച്ച് ,മൊട്ടത്തലയനായ ഗാന്ധിയപ്പൂപ്പന് ഇറങ്ങിവന്നു .സ്റ്റേജില്‍ ചമ്രം പിടിച്ചിരുന്നായിരുന്നു അദ്ദേഹം സംസാരിച്ചത്. ആരോ മലയാളത്തില്‍ പരിഭാഷപ്പെടുത്തി. പത്ത് മിനിറ്റോളംഅദ്ദേഹം പ്രസംഗിച്ചു. വീട്ടിലേക്ക് തിരികെ നടന്നപ്പോള്‍ വഴിതെറ്റിപ്പോയി .പരിചയക്കാരാണ് വീട്ടിലെത്തിച്ചത്. അവിടെ ആകെ ബഹളം . അച്ഛന്റെ കൈയില്‍നിന്ന് ചൂരല്‍ കൊണ്ട് പൊതിരെ തല്ലു കിട്ടി. ചോര തെറിച്ചു. പിന്നീട്, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് കുറച്ചുദിവസം ലോക്കപ്പില്കിടന്നിട്ടുണ്ട് ,അദ്ദേഹം. (അക്കഥ ഒരു അദ്ധ്യായമായി ഈ പുസ്തകത്തില്എഴുതിയിട്ടില്ല).
ഇ.എസ് .എല്‍ . സി ,ഇന്റര്‍മീഡിയേറ്റ്, ഡിഗ്രി, ബി.ടി എന്നിവ പാസായി. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി .പുനലൂരിലെ സ്പെഷ്യല്പാര്വത്യക്കാരന് . ജന്മിക്കരം വിഭാഗത്തില്‍ നിയോഗിച്ചു. ജന്മിമാരുടെ കയ്യില്‍നിന്ന് നിശ്ചിത അളവിലുള്ള നെല്ല് ശേഖരിക്കുന്ന ജോലിയാണ് ഏല്പിച്ചത്.അന്ന്കളക്ടര് പേഷ്കാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.തൂക്കു പാലത്തിനടുത്ത് , തഹസില്മജിസ്ട്രേറ്റ് കോടതിയിലാണ് ഓഫീസ് .കോടതി ദിവസങ്ങളില്‍ ഒരാള്‍ താഴെകുത്തിയിരുന്ന്, അടുത്ത മുറിയിലെ മജിസ്ട്രേട്ടിന് വേണ്ടി പങ്ക വലിക്കും. സര്‍ക്കാരിലേക്ക് 200 പറയലധികം നെല്ല് നല്‍കേണ്ട ഒരു ജന്മിയെ പോയി കണ്ടു.കുടുമ്മയുള്ള ഒരാള്‍ .ഓട്ട് ഗ്ലാസില്‍ തന്ന കാപ്പി കുടിച്ചു. കൃഷി മോശമാണെന്നും പരമാവധി നെല്ല്അളക്കാമെന്നും അയാള്‍ പറഞ്ഞു.ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോള്‍ ,കാരണവരെ കാണാനില്ല.നെല്ല് അളന്നിട്ടുമില്ല. നാല് ദിവസം കഴിഞ്ഞ്, സന്നാഹങ്ങളോടെ തറവാട്ടില്‍ എത്തി , അയാളുടെ മൂന്ന് നെല്ലറകളില്‍ രണ്ടെണ്ണം സീല്‍ ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടി. അപ്പോള്‍ , ചിലര്‍ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ നോക്കിയതോടെ പുറത്തിറങ്ങി , വേഗം ഓഫീസിലെത്തി. പുനലൂര്‍ക്ക് രക്ഷപ്പെടാനായിരുന്നു ഓഫീസര്‍ നല്കിയ ഉപദേശം. ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്എത്തിയപ്പോള് , നാല് ചട്ടമ്പികള്‍ ആക്രമിക്കാന്‍ തയ്യാറായി വന്നു.ഒരുവിധത്തില്ട്രെയിനില് കയറി പുനലൂര്‍ എത്തി.’നാറി ചോവന് ‘ എന്നു വിളിച്ചായിരുന്നു അധിക്ഷേപം.നെല്ലറ സീല്‍ വെച്ചതിനേക്കാള്‍, അവരെ പ്രകോപിപ്പിച്ചത് ജന്മിയുടെ പൂമുഖത്ത് കയറി ഇരുന്നതും കാപ്പികുടിച്ച ഗ്ലാസ് കഴുകാതെ വച്ചതും ആയിരുന്നത്രേ. കൊല്ലത്ത്എത്തി പേഷ്ക്കാക്കാരെ കണ്ടു വിവരം പറഞ്ഞു, ‘യജമാനനേ, എന്നെ അവര്തല്ലിക്കൊല്ലും’.
കുറച്ചുദിവസം കഴിഞ്ഞ് മാവേലിക്കര താലൂക്ക് ഓഫീസിലേക്ക് മാറ്റി.അവിടെ ഇരിക്കുമ്പോഴായിരുന്നു അദ്ധ്യാപകനായി നിയമനം കിട്ടിയത്. സ്കൂളടപ്പിന് നാട്ടിലെത്തിയപ്പോള്‍ ,തൃപ്പൂണിത്തുറ ഹൈസ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടി . മുന്‍പ് കൊച്ചി രാജകൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളായിരുന്നു അത്. സയന്‍സ് അധ്യാപകനായി വൈലോപ്പിള്ളി ശ്രീധരമേനോന് ഉണ്ടായിരുന്നു. അവിടെയും താമസം സ്കൂളില്‍ തന്നെ .ലൈബ്രറി മുറിക്കകത്ത്. കൂട്ടായി തട്ടിന്‍പുറത്ത് മരപ്പട്ടികളും . ക്ലാസില്ചില കുട്ടികള്‍ക്ക് പ്രത്യേക കസേരയും ഡെസ്കും വിശ്രമ സ്ഥലവുമുള്ളത്ശ്രദ്ധയില് പെട്ടു . അധ്യാപകന് വന്ന ശേഷമേ അവര്‍ വരൂ. കൊട്ടാരത്തിലെ കൊച്ചുതമ്പുരാക്കന്മാരായിരുന്നു അവര്‍.മറ്റു കുട്ടികളെപ്പോലെ ക്ലാസില്‍ നേരത്തെ വരണംഎന്ന് അവരോട് പറഞ്ഞു. അടുത്തദിവസം കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കതകിന് പിന്നില്‍ മറഞ്ഞുനിന്ന് ഒരു തമ്പുരാട്ടി ക്ഷോഭിച്ചു,’നാടുവാഴികള്‍ ആവേണ്ട ഇളം തലമുറ കൊച്ചു തമ്പുരാക്കന്മാരാണ് അവിടെ പഠിക്കുന്നത്.അവരെയാണ്പണിക്കര് ശാസിച്ചത് .മറ്റു കുട്ടികളെ പോലെയല്ല, അവര്‍. അവര്‍ക്ക് സീറ്റ്കൊടുത്തിരിക്കുന്നത് കണ്ടില്ലേ ?മറ്റുള്ളവരെ ഭരിക്കേണ്ട നാടുവാഴികളാണ് അവര്‍.സ്കൂള്‍ ആചാരങ്ങള്‍ പരിഷ്കരിക്കാനല്ലല്ലോ പണിക്കരെ വിട്ടിരിക്കുന്നത്’. രാജഭരണം അവസാനിച്ചിട്ടും ആ അവകാശങ്ങള്‍ വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അദ്ധ്യാപകര്‍ക്കെല്ലാം ഇതില്‍ അമര്‍ഷം ഉണ്ടായിരുന്നു. പക്ഷേ, ആരും എതിര്‍ത്തില്ല. വൈലോപ്പിള്ളി ,പക്ഷേ ,ചോദിച്ചു; പൂച്ചയ്ക്ക് മണികെട്ടാനും ആളു വേണ്ടേ ?
രാജഭരണകാലത്തെയുംജനാധിപത്യയുഗത്തിലെയും ജീവിതം അടുത്തുകണ്ട കെ. ഗംഗാധര പണിക്കര്‍ എന്നപ്രഭാഷകന്റെ , ഗുരുവിന്റെ , രാഷ്ട്രീയ, സമുദായ സംഘടനാപ്രവര്‍ത്തകന്റെ , ബൃഹത്തായ കര്‍മ്മമണ്ഡലങ്ങളുടെ ചെറിയൊരംശം മാത്രമാണ് ഈ പുസ്തകത്തിലുള്ളത്.അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരില് ഒരാളായ നോവലിസ്റ്റ്കെ.കെ സുധാകരനാണ് ഇതിന് അവതാരിക എഴുതിയത്.’അദ്ദേഹംപാഠങ്ങള് പഠിപ്പിക്കുകയല്ല, മറിച്ച് അനുഭവിക്കുകയാണ് ചെയ്തത് .പദ്യങ്ങള്നല്ല മുഴക്കമുള്ള ശബ്ദത്തില്‍ ഈണത്തോടെ ചൊല്ലി കേള്‍പ്പിക്കും’, അദ്ദേഹംഓര്ക്കുന്നു. ചിട്ടയായ ജീവിതവും ശുദ്ധമായ മനസുമാണ് അദ്ദേഹത്തിന്റത് .’സ്വകാര്യ ജീവിതത്തെക്കുറിച്ചു പോലും പണിക്കര്‍ സാര്‍ സത്യസന്ധമായി എഴുതിയിരിക്കുന്നു…. പച്ചയായ മനുഷ്യനായിത്തന്നെ അദ്ദേഹം നമ്മുടെ മുന്നില്‍നില്‍ക്കുന്നു’.