ജനപ്രിയത എന്ന രോഗം

അവശൻമാർക്കും ആർത്തൻമാർക്കും ആലംബഹീനർക്കും വേണ്ടിയൊക്കെ എഴുതിയത് കുമാരനാശാനും പിൽക്കാലത്ത് എ. അയ്യപ്പനുമൊക്കെയാണല്ലോ. ഇവരുടെ വിത്തും കൈക്കോട്ടും കണ്ഠശുദ്ധി മാത്രമായിരുന്നില്ല. മറിച്ച് വാക്കിന്റെ വാൾമൂർച്ചയായിരുന്നു. സാമൂഹിക ജീവിതം എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികൾ നേരിട്ടപ്പോൾ കവിതയുടെ വടികൊണ്ട് അതിനെ പ്രതിരോധിക്കാനും പ്രഹരിക്കാനുമാണ് ആശാൻ ശ്രമിച്ചത്. അസമത്വത്തിനും പാരതന്ത്ര്യത്തിനും ദാരിദ്ര്യത്തിനുമെല്ലാം എതിരായി നടന്ന പോരാട്ടങ്ങളിൽ കാവ്യവൈകാരിക കരുത്തു സൃഷ്ടിക്കാൻ ആശാന് കഴിഞ്ഞു.

ഒരു എഴുത്തുകാരന്റെ ഇമ്മ്യൂണിറ്റിയെ ബാധിക്കുന്ന ബഹുവിധ ജീനുകളുടെ നിയന്ത്രണവും കൈമാറ്റവും ഏറ്റെടുത്തിരിക്കുന്നത് ജനപ്രിയത എന്ന രോഗത്തിന്റെ വാഹകരാണ്. ഭാഷയുടെ നിയന്ത്രിത മരണപദ്ധതിയെ എളുപ്പത്തിൽ സാധ്യമാക്കുന്നത് ജനപ്രിയത എന്ന രോഗമാണ്. ഒരു ഭാഷയ്ക്ക് പ്രായമായെന്നും അതിന് പരിക്കുകളേറ്റിട്ടുണ്ടെന്നും നമ്മെ ധരിപ്പിക്കുന്നത് ജനപ്രിയ കൃതികളുടെ നിരന്തരമായ പുന:സന്ദർശനമാണ്. അമിത ജനപ്രിയത ഭാഷയുടെ അനിവാര്യമായ വിഭജനസാധ്യതയെ എന്നെന്നേക്കുമായി അടച്ചുപൂട്ടിയേക്കാം.

ഒരു എഴുത്തുകാരന്റെ ഭാവി നിശ്ചയിക്കപ്പെടുന്ന ഒരു സംഘം പദങ്ങൾ ജാഗ്രതയോടെ എപ്പോഴും ഉണരാനുള്ള സാധ്യതയുമായി ഉറങ്ങിക്കിടക്കുന്നതിനെ ഗൗനിക്കാൻ തടസ്സമാകുന്നത് ഏതെങ്കിലുമൊരു കൃതിയുടെ ജനപ്രിയത കൊണ്ടാണ്. പല പതിപ്പുകൾ കൊണ്ട് വിഭജിച്ചും പഠിച്ചും കാലം കഴിക്കുന്ന കൃതികളുടെ കണക്കെടുത്താൽ അത്രയും നാൾ ആ എഴുത്തുകാരൻ എഴുതിയിട്ടുള്ള കൃതികളുടെ അത്രത്തോളം ഭാരം വരില്ല.കാരണം ആഘോഷിക്കപ്പെടുന്നതിനേക്കാൾ നല്ല കൃതികൾ ആ എഴുത്തുകാരൻ വേറെയും എഴുതിയിട്ടുണ്ടാവും. ശ്യംഖലാപരമായ നിരവധി കാര്യപരിപാടികൾ വഴിയാണ് ഒരു കൃതിയുടെ ആയുസ്സിനെ നീട്ടിയെടുക്കുന്നത്. ഒ.വി. വിജയൻ ഓരോ കൃതികൾ എഴുതിയപ്പോഴും പേന തിരുകുന്ന കൈവിരലുകളും അതിന്റെ ഭ്രൂണവും ഇന്ത്യയുടെ ആത്മാവിനോട് പറ്റിച്ചേർന്നിരുന്നു. അതിനിടയിലെ പ്രതിരോധത്തിന്റെ ഒരു പാട മാത്രമാണ് ‘ഖസാക്കിന്റെ ഇതിഹാസം ‘. ഇത് ജനപ്രിയതയുടെ കുഴപ്പമാണ്. നമ്മളിന്നും ഒ.വി. വിജയന്റെ ധർമ്മപുരാണത്തിന്റെ വികൃതമായ ചരിത്രത്തിലെ ആവശ്യഭാഗം മായ്ച്ചുകളഞ്ഞിട്ടാണ് അതിലെ ഭാഷയുടെ ജീൻസംഘത്തെ വായിച്ചെടുക്കാൻ ശ്രമിക്കുന്നത്.

എം.ടി
ഒ.വി. വിജയൻ
കാക്കനാടന്‍

പുതിയ നിരൂപകൻ ഒരു പ്രതികൂലിയല്ലാത്തതിനാൽ ജനപ്രിയത എന്ന സംഘബലം ഒരു അനുലേഖനഘടകമായി മാറുന്നു. സാധാരണയിലുളള സാഹിത്യ ന്യൂക്ലിയസിനു പുറത്ത് മൗഢ്യം ബാധിച്ചവനെ പോലെ നിൽക്കുന്ന ആനന്ദ് അടക്കമുള്ള എഴുത്തുകാരെ നാം വിട്ടുകളയുന്നത് ജനപ്രിയത എന്ന രോഗം നിലനിൽക്കുന്നതുകൊണ്ടാണ്. കാക്കനാടന്റെ ‘ഉഷ്ണമേഖല ‘ , പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ ‘ , എം. ടിയുടെ ” രണ്ടാമൂഴം” തുടങ്ങിയ കൃതികൾക്ക് ഒരു ഇന്റരീം മ്യൂട്ടേഷൻ ( interim Mutation) അനിവാര്യമാണ്. ഇല്ലായെങ്കിൽ മറ്റു കൃതികൾ ശ്രദ്ധിക്കപ്പെടാതെ പോകും. ഒരെഴുത്തുകാരന്റെ ജനപ്രിയ കൃതിയാണ് അയാൾ ആദ്യം നിർമ്മിച്ച പ്രോട്ടീൻ തന്മാത്രയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കാക്കനാടന്റെ ‘ഒറോത’യും എം.ടി യുടെ ‘വാരാണസി’യും ആനന്ദിന്റെ ‘രക്തവും രക്തസാക്ഷികളും ‘ വരെയുളള കൃതികളും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ജനപ്രിയമായ കൃതികളെ വരച്ച വരയിൽ നിർത്തുന്നതും മറ്റു പുസ്തകങ്ങളെ കൃതിക്കുട്ടികളായി കണ്ട് അകറ്റിനിർത്തുന്നതും ഒരുപക്ഷെ മലയാളി മാത്രമായിരിക്കും.
വൃണനിരത കുറയാത്തതും ജനപ്രിയതയെന്ന രോഗത്തിൽ ഇടങ്കോലിടാത്തതും ഭാഷയുടെ പ്രഭാവം കൊണ്ട് ഒരു കൃതിയുടെ ഇമ്മ്യൂൺ സെല്ലുകളെ എപ്പോഴും സജ്ജീകൃതമാക്കിവെയ്ക്കുന്നതും വൈദേശിക സാഹിത്യമാണ്. ഒരു കൃതിയേയും നിർബന്ധിത അൽഷിമേഴ്സ് രോഗത്തിലേക്കുള്ള നീക്കത്തിന് ഏൽപ്പിച്ചുകൊടുക്കാനും അവർ ഒരുക്കമല്ല. ഇവിടുത്തെ പോപ്പുലർ റൈറ്റേഴ്‌സിന്റെ (popular writers) പേരുകൾ ഗൂഗിളിൽ സേർച്ച് കൊടുത്താൽ വരുന്നത് ( ആ പേരുകൾ ഞാൻ കുറിക്കില്ല) എന്തായാലും ഒ.വി. വിജയനും എം.ടിയും ബഷീറുമൊന്നുമല്ല. ഇതേ ഗൂഗിൾ പ്രക്രിയ ഇംഗ്ലീഷ് എഴുത്തുകാർക്കായി നടത്തുമ്പോൾ ഇംഗ്ലീഷ് സാഹിത്യത്തിലെ ലെജെൻഡുകളുടെ പേരേ തെളിയുകയുള്ളു. ഏണസ്റ്റ് ഹെമിങ്‌വേയെ പോലെയുളളവരിൽ ആരംഭിച്ച് ഹറുകി മുറകാമിയിലോ ബെൻ ഓക്രിയിലോ ഒക്കെയാണ് എത്തിനിൽക്കുന്നത്. നമ്മുടെ ലെജെൻഡ് എഴുത്തുകാർ ഒരുപക്ഷെ (google) രണ്ടായിരാമാണ്ടിനു ശേഷം പിറന്നവരാണ്. ഇൻസ്റ്റാഗ്രാമിലൂടെ ജനപ്രിയത നേടിയ അത്തരം എഴുത്തുകാരെ മലയാളിയുടെ മാറിയ ജനിതകമാണ് ഏറ്റെടുത്തിരിക്കുന്നത്. ഷേയ്ക്സ്പിയറും ജോർജ് ഓർവെലും ഡിക്കെൻസും ജോയ്സും ഏലിയറ്റും കാഫ്കയും ഒക്കെയാണ് പുന: സന്ദർശിക്കപ്പെടുന്നതെങ്കിലും അതേ തോതിൽ തന്നെ മുറകാമിയും ബെൻ ഓക്രിയും ഒക്കെ പുനർവായിക്കപ്പെടുന്നുണ്ട്. നമ്മുടെ ജനപ്രിയത നേടിയ എഴുത്തുകാരികൾ പലരും പത്രാധിപ/ പ്രസാധക ഇൻസുലിന്റെ സന്തതികളാണ്. അവരിലെ എഴുത്തിന്റെ കണികകളെ വലിക്കുന്ന മൈക്രോട്യൂബുകളെ കഷണം കഷണമാക്കി ഭാവനയാലും മറ്റും വിഭജിപ്പിക്കുന്നത് നമ്മുടെ ആൺപൂച്ചെടികളാണ്. ‘ദീപയടി’ എന്ന ദീപ നിശാന്ത് ഉണ്ടായത് അങ്ങനെയാണല്ലോ. ഇത്തരം രാസവിസ്മയങ്ങളാണ് ജനപ്രിയത എന്ന രോഗത്തെയും അതിന്റെ സമൂഹവ്യവസ്ഥയെയും നിർമ്മിച്ചെടുക്കുന്നത്. ജനപ്രിയതയുടെ ഫിസിയോളജി മാറ്റിയെഴുതപ്പെടുന്നില്ലെങ്കിൽ നല്ല കൃതികളുടെ വായന ദുസ്സാധ്യമാകും.

ഫിക്ഷനും
ജനപ്രിയതയും !
കാണെക്കാണെ വീതിയേറുന്ന ഒരു ഭാഷയല്ല മലയാളം. ലിപികളും പദങ്ങളും ഒന്നിക്കാനുള്ള ഒരിടം മാത്രമല്ല ഫിക്ഷന്റെ കല. മറിച്ച് സ്വയം പ്രവർത്തിക്കുന്ന കഠിനസ്വരൂപിയായ ഒരു ഈർച്ചവാളിനെ വാക്കുകളുടെയും വാക്യങ്ങളുടെയും ഇടയിൽ തൂക്കിയിടാൻ എഴുത്തുകാരനാവണം. അത് അത്യസാധാരണമായ വാക്കിനെയും വാക്യങ്ങളെയും രണ്ടായി പിളർത്തി കാലപരിണതിയെ കാട്ടിത്തരും. ജനപ്രിയതയെന്ന പൊരുത്തമില്ലായ്മയുടെ ഉറുമ്പാണ് വായനക്കാരനെ നിരന്തരം കടിച്ചു വലിക്കുന്നത്. അത് ഗൗരവബോധമുള്ള വായനക്കാരനെ വലയ്ക്കലാണ്. വായനക്കാരൻ ഒരു കൃതിയുമായി തീവ്രബന്ധം സ്ഥാപിച്ച് നെടുനാൾ ബൗദ്ധികചര്യകൾ അനുഷ്ഠിക്കുന്നത് ഒരു പ്രകൃതിക്രമം ഒന്നുമല്ല. സ്വച്ഛന്ദ ആസ്വാദനമാണ് നല്ല വായനക്കാരന്റെ പ്രമാണം. എഴുത്തിലെ മിടുക്കരായ ആൺ ജാതികളെ ബൗദ്ധികതയുടെ പേരിൽ മാത്രം നാം അകറ്റിനിർത്തുന്നുണ്ട്. ജനപ്രിയത എന്ന തുടൽ തളച്ചിടാത്ത ചിലരെയെങ്കിലും കുറിച്ച് രാഷ്ട്രീയമായി രേഖപ്പെടുത്തിയാലേ ഈ രോഗത്തിന്റെ പിടിയിൽ നിന്ന് പുറത്തു കുതിക്കാനാകൂ. കെ.പി. നിർമ്മൽകുമാറും മേതിൽ രാധാകൃഷ്ണനും ജനപ്രിയ എഴുത്തുകാരല്ല. ഭാവനയെ അനന്തതയിലേക്ക് നീട്ടിവലിച്ചിടുന്ന കഥാകാരനാണ് നിർമ്മൽകുമാർ. ആത്മപ്രേമത്തിന്റെ സൗന്ദര്യസങ്കല്പങ്ങളെ അനാവരണം ചെയ്യാനാണ് അദ്ദേഹം “സതി” എന്ന കഥയെഴുതിയത്. കണ്ണാടി എന്ന പ്രതീകാർത്ഥത്തെ മുൻനിർത്തി കേൾക്കുന്ന സതി, സംസാരിക്കുന്ന സതി എന്നിങ്ങനെയുളള ദ്വന്ദ്വങ്ങളെ നിർമ്മിക്കുക വഴി ജ്വലിക്കുന്ന അഥവാ തീയുള്ള സതിയെയാണ് നിർമ്മൽകുമാർ അടയാളപ്പെടുത്തുന്നത്. കഥയുടെ ബൗദ്ധിക മുഴുപ്പ് കൂടിയതിനാൽ മാത്രമാണ് നാം നിർമ്മൽകുമാറിനെ ജനപ്രിയസംസ്കാരത്തിന് പുറത്തിരുത്തിയത്. നേരുകേടുകളെ നല്ല ഒന്നാന്തരം കഥയാക്കി വളർത്താമെന്ന് പ്രഖ്യാപിച്ച കഥാകാരനാണ് മേതിൽ രാധാകൃഷ്ണൻ. ചിന്തകളെ സ്ഫോടനം ചെയ്യിക്കുന്ന നിരവധി കഥകൾ എഴുതിയിട്ടുള്ള മേതിൽ “തൂങ്ങിക്കിടക്കുന്ന റിസീവർ ” എന്ന കഥയിൽ ശൂന്യതയെ കഥാപാത്രമാക്കുകയാണ് ചെയ്യുന്നത്. ഇത് അന്തരീക്ഷത്തിൽ കനത്തുനിൽക്കുന്ന ശബ്ദം എന്ന യാഥാർത്ഥ്യത്തിന്റെ വിചാരണയാണ്. ഇവിടെ ശബ്ദം ഒരു ജീവിയാണ്. ഭാവനയാണ് കോടതി. വിചിത്രമായ മട്ടിലുള്ള കെട്ടിച്ചമയ്പ്പുകൾ കൊണ്ട് കഥ തീർക്കാൻ മേതിൽ നടത്തുന്ന ശ്രമങ്ങളെ നാം കിറുക്കായി വ്യാഖ്യാനിച്ചിട്ടുണ്ട്. പക്ഷെ ഇവരെ ജനപ്രിയത എന്ന രോഗം ബാധിച്ചിട്ടില്ല.

കവിതയും
ജനപ്രിയതയും !

ഒരു കവിയുടെ പ്രതിഭ മുൻപേ പറക്കുന്നതിനെ നമ്മുടെ നാട്ടിൽ ജനപ്രിയതയായി കണക്കാക്കാറില്ല. മറിച്ച് കണ്ഠം പൊളിച്ചു ശബ്ദത്തെ വിതരണപ്പെടുത്തുന്നതിനെയാണ് കേൾവിക്കാരനോ കാണിയോ ആയ ആസ്വാദകൻ ( വായനക്കാരനല്ല) ഏറ്റെടുക്കുന്നത്. ഫിക്ഷണൽ പൊയട്രിയുടെ തമ്പുരാനായ വി. മധുസൂദനൻ നായരും ന്യൂസ് റീലുകളുടെ സംഗീത സംവിധായകനായ മുരുകൻ കാട്ടാക്കടയും ജനപ്രിയരായി തീരുന്നത് അങ്ങനെയാണ്. അവർക്കൊന്നും വാക്കുകളുടെ വാങ്മയചിത്രം ഇതുവരെയും വശപ്പെട്ടിട്ടില്ല. അവർക്ക് കവിത സംഗീതത്തിന്റെ പറത്തലാണ്. ഈ കവികൾക്ക് കവിതയുടെ പ്രകടനാത്മകത വാക്കുകളുടെയും ശബ്ദസുഭഗതയുടെയും മാത്രം ചലനമാണ്. പോപ്പുലർ കവികളാകാൻ കണ്ഠനാളത്തിന്റെ സ്ഫുടത മാത്രം മതിയെന്ന ധാരണയാണ് ഇവരെ ചുറ്റിനിൽക്കുന്നത്. ഇവിടുത്തെ അവശൻമാർക്കും ആർത്തൻമാർക്കും ആലംബഹീനർക്കും വേണ്ടിയൊക്കെ എഴുതിയത് കുമാരനാശാനും പിൽക്കാലത്ത് എ. അയ്യപ്പനുമൊക്കെയാണല്ലോ. ഇവരുടെ വിത്തും കൈക്കോട്ടും കണ്ഠശുദ്ധി മാത്രമായിരുന്നില്ല. മറിച്ച് വാക്കിന്റെ വാൾമൂർച്ചയായിരുന്നു. സാമൂഹിക ജീവിതം എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികൾ നേരിട്ടപ്പോൾ കവിതയുടെ വടികൊണ്ട് അതിനെ പ്രതിരോധിക്കാനും പ്രഹരിക്കാനുമാണ് ആശാൻ ശ്രമിച്ചത്. അസമത്വത്തിനും പാരതന്ത്ര്യത്തിനും ദാരിദ്ര്യത്തിനുമെല്ലാം എതിരായി നടന്ന പോരാട്ടങ്ങളിൽ കാവ്യവൈകാരിക കരുത്തു സൃഷ്ടിക്കാൻ ആശാന് കഴിഞ്ഞു.

കുമാരനാശാന്‍

സ്വാതന്ത്ര്യ തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയേക്കാൾ ഭയാനകം .

  • ഒരു ഉദ്ബോധനം / കുമാരനാശാൻ

സ്വകാര്യബിംബങ്ങളുടെ തടവറയിൽ കിടന്ന് കവിതയുടെ രാശി തീർക്കാനാണ് അയ്യപ്പൻ ശ്രമിച്ചത്. കവിതയുടെ മേൽവിലാസത്തിൽ മാത്രമാണ് അയ്യപ്പൻ ജനപ്രിയനായി തീർന്നത്. കാലത്തിന്റെ നിയോഗം കണക്കെ സാംസ്കാരിക ചക്രവാളത്തിൽ ഞെട്ടലുണ്ടാക്കി മറഞ്ഞ ഈ കവിയുടെ ജനപ്രിയത പടർന്നേറുന്നത് വരികളിൽ തന്നെയാണ് :

പാടൂ നീ മേഘമൽഹാർ,
ഗർഭസ്ഥവർഷത്തിനെ –
ത്തേടു നീ, അമ്ലരൂക്ഷമാക്കുക
സ്വരസ്ഥാനം.
എ. അയ്യപ്പൻ.

ഈയാഴ്ചയിലെ
പുസ്തകം !
PSY ക്കോട്ടിക് ദൈവം !
ക്കഡെലിക് സ്വർഗ്ഗം !
ക്ക്യാട്രിക് മനുഷ്യൻ !

  • മുരളി ഗോപി
    ( ഡി സി ബുക്സ് )

മലയാളിയുടെ ‘ വിജനത ‘ എന്ന പ്രതിഭാസത്തെക്കുറിച്ചുളള ആദ്യ പ്രതികരണമാണ് ഒരുപക്ഷെ ഇത്തരത്തിലൊരു ഫിക്ഷണൽ എൻഡവർ. തിരക്കഥാകൃത്തും നടനും കഥാകാരനും ഗായകനും പത്രപ്രവർത്തകനുമൊക്കെയായ ഒരാൾ നടത്തുന്ന പരീക്ഷണ പകർന്നാട്ടങ്ങളെ ഇൻസ്റ്റാംഗ്രാം ലിറ്ററേച്ചറിന്റെ കാലത്തിൽ എങ്ങനെ ഗൗനിക്കാതിരിക്കും. സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ കാലാനുഭവം മാറുകയാണ്. മനുഷ്യശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ തയ്യാറാക്കിയ മാനസിക റിസീവർ അഥവാ സൈക്കിക്ക് റിസീവർ എപ്രകാരമാണ് ഒരു സൈക്കോട്ടിക് ദൈവത്തെയും സൈക്കഡെലിക്ക് സ്വർഗത്തെയും സൈക്ക്യാട്രിക് മനുഷ്യനെയും രൂപകല്പന ചെയ്തതെന്നറിയാൻ ഇനി ഫ്രോയിഡിനെയോ കാൾ യുങ്ങിനെയോ ഒന്നും വായിക്കേണ്ടതില്ല. പകരം ഈ പുസ്തകത്തിലെ ഒരു നോവെല്ലയും മൂന്ന് കഥകളും മാത്രം വായിച്ചാൽ മതി. ഇവിടെ ഡിക്ഷന്റെ പൂർണ്ണത നെടുങ്കൻ വളർച്ചയെ അടച്ചിടുന്നു. തികവുറ്റതായി തോന്നുന്ന ശില്പത്തിലാണ് ഫ്‌ളെക്സിബിളിസകാലത്തിന്റെ സെൻസിബിലിറ്റി ഇവിടെ സൗന്ദര്യം കണ്ടെത്തുന്നത്. സത്യത്തിന്റെ മിഥ്യാസാന്നിദ്ധ്യത്തെ അഥവാ ഫാന്റം പ്രെസൻസിനെ ( Phantom Presence ) മുരളി ഗോപി എന്ന കഥാകാരൻ സൗന്ദര്യത്തിന്റെ ഊർജ്ജനൃത്തമായി കൊണ്ടുവെയ്ക്കുന്നതെങ്ങനെയെന്നറിയാൻ ഈ നോവെല്ലയുടെ ശകലങ്ങൾ ഉദ്ധരിക്കാം :

മുൻകൂർ നേർച്ച
ഇത് സത്യത്തെക്കുറിച്ചുള്ള ഒരു കളളക്കഥയാണ്. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ദൈവങ്ങൾ ‘ ശരിക്കുള്ള ‘ ദൈവങ്ങൾ ആണ് എന്ന് അവർ പറയുമെങ്കിലും സത്യത്തിൽ അല്ല. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന മനുഷ്യർ ‘ശരിക്കുളള ‘ മനുഷ്യർ തന്നെയാണോ എന്ന് അവരോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങൾ ശരിക്കുള്ള സംഭവങ്ങൾ അല്ല. അങ്ങനെയാണെന്ന് തെറ്റിദ്ധരിച്ച് ഇതിനെതിരേ വാളോങ്ങിയാൽ , വാളോങ്ങുന്നവൻ ആരായാലും അവന് ശരിക്കുള്ള ദൈവങ്ങളുടെ ശാപം കിട്ടും. പറഞ്ഞില്ലെന്നു വേണ്ട.

  • സൈക്കോട്ടിക് ദൈവം! സൈക്കഡെലിക്
    സ്വർഗ്ഗം! സൈക്ക്യാട്രിക് മനുഷ്യൻ !

പുതിയ വായനക്കാരൻ കേവല വായനക്കാരൻ മാത്രമല്ലെന്നും അവൻ കാണി കൂടിയാണെന്നും മുരളിയിലെ സിനിമാറ്റിക് സൈക്ക് തിരിച്ചറിയുന്നതുകൊണ്ടാണ് ‘ എ. ഡി. 79 : ഒരു കുറ്റം, മൂന്ന് ശിക്ഷകൾ (A) ” എന്ന കഥയൊക്കെ പൊയറ്റിക് ഡിക്ഷനിൽ പണിതിരിക്കുന്നത്. ജനപ്രിയത ഈ കഥകൾക്ക് ലഭിക്കില്ല. പക്ഷെ കാണിയായ വായനക്കാരനെ സംതൃപ്തപ്പെടുത്തുക തന്നെ ചെയ്യും.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ !
കലയുടെ സങ്കുചിത ശീലങ്ങൾ ഇപ്പോൾ മാറിമറിയുകയാണ്. ലിറ്ററേച്ചറും വിഷ്വൽ ആർട്ടുകളും വ്യാവഹാരികമായി ഒന്നിനുമേൽ മറ്റൊന്നായി കയറിക്കിടക്കുന്ന ഒരു കാലത്തിലാണ് നാമുള്ളത്. അവരുടെ ജനപ്രിയത ചിലപ്പോൾ ഒരു മീഡിയത്തിന്മേലായിരിക്കും. പക്ഷെ മറ്റു പല മേഖലകളിലും അവർ ചുവടുവെച്ച് ജയിച്ചേക്കും. ദൃശ്യ ഇലാസ്തികതയുടെ കാലത്തിലെ അത്തരം ഒരു അത്ഭുതം ” എക്സ്പ്രഷൻ ” എന്നൊരു സമ്പൂർണ്ണ ചിത്രകലാപത്രികയിൽ കാണാൻ കഴിഞ്ഞു. ഇത് ഭൂതകാലഭാഷയുടെയും ഭാവികാല ദൃശ്യതയുടെയും സംയുക്ത സമകാലികതയോ വർത്തമാനത്വമോ ഒക്കെയാണ്. അതിൽ ചലച്ചിത്രകാരനായ അടൂർ ഗോപാലകൃഷ്ണന്റെ വരയും എഴുത്തുകാരനായ പാറക്കടവിന്റെ ചിത്രകഥയും കവിയായ സാജോ പനയംകോടിന്റെ ചിത്രകവിതയുമുണ്ട്. സ്വന്തമായ ഒന്നിനെ കണ്ടെത്തുന്ന പരിശ്രമത്തിൽ ഇത്തരം നിർമ്മിതികളുടെ അടരുകൾ ഉണ്ടാക്കുന്ന കലാകാരൻമാരെ ജനപ്രിയതയുടെ പേരിലല്ല നാം സ്വീകരിക്കുന്നത് , മറിച്ച് ഉള്ളടക്കത്തിന്റെ പേരിലാണ്. ദൃശ്യ ഇലാസ്തികതയുടെ കാലത്തിലെ ഈ മീഡിയ മിസ്റ്റിക് പ്രവർത്തനത്തെ പുതിയ ഇന്ദ്രിയബോധത്തിനുള്ള ചെറിയ വ്യതിയാനമായി മാത്രം കണ്ടുകൂടാ. ഇത്തരം കലാപ്രയോഗങ്ങളുടെ അടരുകൾ രേഖപ്പെടേണ്ടത് ചരിത്രത്തിന്റെ ആവശ്യമാണ്. വരയിൽ ഗ്രാമീണ ആരോഗ്യത്തെയാണ് അടൂർ തെറുത്തുവെച്ചിരിക്കുന്നത്. പി.കെ. പാറക്കടവിന്റെ ” ഇരുളും വെളിച്ചവും ” എന്ന കഥയിൽ അതിന്റെ മൊത്തം വാക്കുകളെയും വരയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.
മൈക്കിനു മുന്നിൽ അയാൾ ചർദ്ദിക്കുകയായിരുന്നു. ‘ഈ ലോകം ഇരുൾ നിറഞ്ഞതാണ്. ഇരുട്ടാണ് ഇരുട്ടാണ് എങ്ങും’.
പെട്ടെന്ന് സദസ്സിൽ നിന്ന് ഒരു മെഴുകുതിരിയുമായി ഞാൻ സ്റ്റേജിലേക്ക് കയറിച്ചെന്നു. അയാളുടെ വാക്കുകൾ വറ്റി.

  • ഇരുളും വെളിച്ചവും / പി.കെ. പാറക്കടവ്

സാജോയുടെ ” ത്ഫൂ ” എന്ന ചിത്രകവിതയും ഈ കാലഘട്ടത്തെ തന്നെ നിർവ്വചിക്കുന്ന സ്വഭാവം കൈവരിക്കുന്നു. സാഹിത്യം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ഒരു ദൃശ്യകലയോ പേപ്പറിന്റെ പ്രതലത്തിലെ രംഗകലയോ ഒക്കെയായി മാറിയെന്നതാണ് വാസ്തവം.

ഈയാഴ്ചയിലെ
അഫോറിസം !
വായിക്കപ്പെടുകയെന്നതിനേക്കാൾ
വാങ്ങിക്കപ്പെടാനുള്ള
സമ്മതപത്രം
നിരക്ഷര സമൂഹം വെച്ചുനീട്ടിയതാണ്
ജനപ്രിയത എന്ന രോഗം.

Author

Scroll to top
Close
Browse Categories