ആത്മസൗരഭം
മറ്റൊരു സൂര്യന്
കാലത്തിന് ആയിരം കൈകളാണെന്ന് കുമാരുവിന് തോന്നി. കുതിരയുടെ കരുത്തും വേഗതയുമാണ്. കണ്ണടച്ച് തുറക്കും വേഗത്തില്‍ ജീവിതസന്ധികള്‍ മാറിമറിയുന്നു.
അഞ്ചു വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോയത്. മദ്രാസിലും മൈസൂരിലും പഠിക്കാന്‍ പോയ കുമാരു തിരിച്ചെത്തുമ്പോള്‍ അകത്ത് ധ്യാനത്തിലായിരുന്നു ഗുരു. ശല്യപ്പെടുത്തേണ്ട പിന്നെ വന്ന് കാണാം എന്ന ധാരണയില്‍ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോള്‍ ഗുരു കണ്ണ് തുറന്നു.
‘ഒന്നും പിന്നത്തേക്ക് ആക്കേണ്ട. ചെയ്യാനുളള കാര്യങ്ങള്‍ അതാത് സമയങ്ങളില്‍ തന്നെ ചെയ്യണം’
കുമാരു ഭയഭക്തിയോടെ നിന്നു.
‘ഇംഗ്ളീഷും സംസ്കൃതവും നല്ല വശമായിട്ടുണ്ട്. അല്ലേ?’
‘ഉവ്വ്. വിചാരിച്ചതിലും ഭംഗിയായി പഠിക്കാന്‍ സാധിച്ചു’.
‘ഡോക്ടറുടെ ഏര്‍പ്പാടല്ലേ.. മോശം വരില്ല. ആട്ടെ..ഇനി എന്താ പരിപാടി?’
‘എല്ലാം സ്വാമികള്‍ തീരുമാനിച്ചാല്‍ മതി..’
‘അവനവന്റെ കാര്യങ്ങള്‍ അവനവനല്ലേ നിശ്ചയിക്കേണ്ടത്്’
കുമാരു ചിരിച്ചു.
‘അതെ. എന്നാലും സ്വാമികളുടെ അഭിപ്രായം തേടാതെ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഇനിയങ്ങോട്ടും അതാണ് ആഗ്രഹം’
ഗുരു ഘനഗംഭീരമായി മൂളി.
‘എങ്കില്‍ ഒരു കാര്യം ചെയ്യു. അരുവിപ്പുറം ക്ഷേത്രകാര്യദര്‍ശിയുടെ ചുമതല അങ്ങ് ഏറ്റെടുക്കുക. ബാക്കിയെല്ലാം വഴിപോലെ..’
കുമാരു അനുസരണയോടെ തലയാട്ടി. ഗുരു തുടര്‍ന്നു.
‘കവിത്വസിദ്ധി എങ്ങും പോവില്ല. പക്ഷെ സിദ്ധി മാത്രം പോര. സാധനയും വേണം. ഭാവന വികസിപ്പിക്കാന്‍ വേണ്ടതൊക്കെ ചെയ്യണം’
കുമാരു അതിനും തലയാട്ടി.
‘യാത്ര കഴിഞ്ഞ് വന്നതല്ലേ. വീട്ടില്‍ പോയി വിശ്രമിച്ചോളൂ. ഞാന്‍ വിളിപ്പിക്കാം’
കുമാരു തലയാട്ടി. പിന്നെ തിരിഞ്ഞു നടന്നു.
കുമാരു കാഴ്ചയുടെ പരിധിയില്‍ നിന്ന് മറഞ്ഞിട്ടും ഗുരു അയാളെക്കുറിച്ച് തന്നെ ആലോചിച്ചുകൊണ്ടിരുന്നു. പലര്‍ക്കും അയാള്‍ തന്റെ കൈയാളാണ്. അതിനപ്പുറം കുമാരുവിന്റെ ആഴം അളന്നവര്‍ കുറവാണ്. അസാധാരണ സിദ്ധികളുള്ള യുവാവ്. കവി എന്ന നിലയില്‍ കാലത്തെ അതിജീവിച്ച് നില്ക്കാന് കെല്‍പ്പുളള ധിഷണാശാലി. അതേസമയം സമുദായത്തോട് അകളങ്കമായ കൂറുമുണ്ട്. കുമാരുവിന്റെ രചനകളിലെമ്പാടും നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുളള കടുത്ത പ്രതിഷേധമുണ്ട്.
അതേസമയം ദാള്ശനികമായ ആഴവും സാര്‍വജനീനമായ പ്രമേയങ്ങളുമുണ്ട്. ഏത് കാലത്തും പ്രസക്തിയുളള രചനകള്‍.
സമുദായപ്രവര്‍ത്തന രംഗത്തും കുമാരുവിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. രണ്ട് തരത്തിലും തലത്തിലും ചരിത്രം അയാളെ അടയാളപ്പെടുത്തിയേക്കാം. ആ പ്രതിഭ ദ്വിമുഖമാണ്.
സ്വാമി കുമാരുവിന്റെ ഭാവിയുടെ കാതല്‍ അനുമാനിക്കുമ്പോള്‍ പല്‍പ്പു മൈസൂരില്‍ മറ്റൊരു മഹാസംഘര്‍ഷത്തിന്റെ നടുവിലായിരുന്നു.
ജയില്‍ സൂപ്രണ്ടാണ് ജയിലിന്റെ പരമാധികാരി. പക്ഷെ ചില കാര്യങ്ങളില്‍ അദ്ദേഹത്തിനും പരിമിതികളുണ്ട്. രാജ്യത്ത് എഴുതിവച്ച നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. മൈസൂരില്‍ വലിയ കുറ്റകൃത്യങ്ങള്‍ക്ക് തൂക്കിക്കൊല പതിവാണ്. രാജാവിനാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനുളള അധികാരം. അദ്ദേഹം ശിക്ഷ വിധിച്ചു കഴിഞ്ഞാല്‍ നടപ്പാക്കാനുള്ള ചുമതല മാത്രമാണ് ജയില്‍ സൂപ്രണ്ടിന്. പല്‍പ്പുവിന് അതൊക്കെ നന്നായറിയാം.
പക്ഷെ സഹജമായ മാനുഷികതയും തന്റേടവും ഏത് കാര്യത്തിലുമെന്ന പോലെ ഇവിടെയും അദ്ദേഹത്തെ വിഗ്രഹഭഞ്ജകനാക്കുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശിവാജി നായ്ക്ക് വാദിനെ പല്‍പ്പുവിന് മുന്‍പരിചയമില്ല. ഏതോ കന്നടക്കാരന് പെയിന്റിംഗ് തൊഴിലാളി. ഭാര്യയെയും കാമുകനെയും വെട്ടിക്കൊന്ന കേസിലാണ് ശിവാജി തൂക്കിക്കൊലയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ അയാളൊരു സാധുവാണെന്ന് പല്‍പ്പുവിന് തോന്നി. ചിലര്‍ കാഴ്ചയില്‍ അങ്ങനെ തോന്നിക്കും. അടുത്തറിയുമ്പോള്‍ കാണാം അവരുടെ തനിഗുണം. അതുകൊണ്ട് തന്നെ ആദ്യകാഴ്ചയില്‍ അനുഭവപ്പെട്ട മൃദുസമീപനത്തില്‍ ഉറച്ചു നിന്നില്ല പല്‍പ്പു.
മരിക്കും മുന്‍പ് എന്താണ് ആഗ്രഹമെന്ന ഔപചാരിക അന്വേഷണത്തിന് സാറിനോട് തനിച്ച് സംസാരിക്കണമെന്നാണ് ശിവാജി പറഞ്ഞത്. പല്‍പ്പു അതിശയിച്ചു പോയി. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത തന്നോട് ഇയാള്‍ക്ക് എന്ത് സംസാരിക്കാന്‍? എന്നിട്ടും മരണശിക്ഷ വിധിക്കപ്പെട്ട ഒരാളുടെ അവസാന ആഗ്രഹം എന്ന നിലയില്‍ പല്‍പ്പു കാതുകള്‍ നീട്ടി.
രാത്രിയുടെ വിജനതയില്‍ ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ പാറാവുകാരില്ലാതെ അയാള്‍ നിലത്തിരുന്ന് പല്‍പ്പുവിന്റെ കാലില്‍ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു. എത്ര നിര്‍ബന്ധിച്ചിട്ടും കാര്യം പറഞ്ഞില്ല. മരണം അടുത്തുവെന്ന് ഉറപ്പായ ഒരാളുടെ മനോവിഭ്രാന്തി എന്നതില്‍ കവിഞ്ഞ് മറ്റൊന്നും പല്‍പ്പുവിന് തോന്നിയില്ല. പക്ഷെ ശിവാജി അയാളുടെ കഥ പറഞ്ഞു..
കോടതികള്‍ പോലും കേള്‍ക്കാന്‍ വൈമനസ്യം കാണിച്ച കഥ.
പോലീസ് അടക്കം ആര്‍ക്കും ആ കഥ കേള്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല.
”ഭാര്യയും അവളുടെ കാമുകനും…അവരെ നിങ്ങള്‍ കൊന്നോ?”
ഒരേയൊരു ചോദ്യം. ഒരേയൊരുത്തരം. അത് മാത്രം മതിയായിരുന്നു അവര്‍ക്ക്.
ശിവാജി കണ്ണീരോടെ പറഞ്ഞു.
”ഞാന്‍ കൊന്നു..ഞാന്‍ തന്നെയാണ് കൊന്നത്..”
വിസ്താരം അവിടെ അവസാനിച്ചു.
പോലീസ് സ്റ്റേഷനിലും കോടതിയിലും പ്രതി കുറ്റം സമ്മതിച്ചിരിക്കുകയാണ്.
അതില്‍പ്പരം മറ്റൊന്നും ഇനി ആവശ്യമില്ല.
കുറ്റപത്രം കോടതി രാജാവിന് കൈമാറി. രാജാവ് വധശിക്ഷ ശരിവച്ചു.
ഇനി ശിവാജിക്ക് അവശേഷിക്കുന്നത് ഒരേയൊരു ദിവസം മാത്രം.
ആ പരിമിത സമയത്തിനുളളില്‍ ഒരാളെങ്കിലും അയാളുടെ യഥാര്‍ത്ഥ അവസ്ഥ അറിഞ്ഞിരിക്കണം.
ശിവാജി ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടി കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിച്ച മനുഷ്യനായിരുന്നു. മദ്യപാനമില്ല, പുകവലിയില്ല, പരസ്ത്രീസംസര്ഗമില്ല. ഒന്നുമില്ല.
എന്നിട്ടും ഒരു ദിവസം ഭാര്യ മുന്‍പ് പ്രണയിച്ച ഒരു വിവാഹിതനൊപ്പം ഒളിച്ചോടി.
ശിവാജി പോലീസില്‍ പരാതിപ്പെട്ടതിന് പ്രകാരം അവര്‍ അവളെ കണ്ടെത്തി തിരികെയേല്‍പ്പിച്ചു. കാമുകന് സമര്‍ത്ഥമായി കടന്നു കളയുകയും ചെയ്തു.
എന്നിട്ടും കുട്ടികളുടെ ഭാവിയെ കരുതി ശിവാജി അവളെ സ്വീകരിച്ചു.
മാസങ്ങള്‍ കടന്നു പോയി.
ഒരു ദിവസം ദൂരദേശത്ത് പണി കഴിഞ്ഞ് വെളുപ്പാന്‍കാലത്ത് വീട്ടില്‍ മടങ്ങിയെത്തിയ ശിവാജി കണ്ടത് അടുക്കള വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്ന ജാരനെ..
കയ്യോടെ പിടികൂടി രണ്ടിനെയും മുറിക്കുളളില്‍ അടച്ചിട്ടു. ഭാര്യയും കാമുകനും കൂടി സംഘടിതമായി കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്ക് രണ്ടിനെയും വെട്ടിയതാണെന്ന് ശിവാജി പറയുന്നു. അയാളുടെ വാക്കുകളില്‍ നിന്ന് അത് സത്യമാണെന്ന് പല്‍പ്പുവിന് തോന്നി.
പിറ്റേന്ന് ശിവാജിയെ കാണാന്‍ വന്ന കുഞ്ഞുങ്ങളുടെ ദയനീയമായ നിലവിളിയും പല്‍പ്പു കേട്ടു.
‘അപ്പാജി…പാവമാണ്..പാവമാണ്..അപ്പാജിയെ ഒന്നും ചെയ്യല്ലേ…കൊല്ലല്ലേ..’
ആ കരച്ചില് അഞ്ച് മക്കളുടെ പിതാവായ പല്‍പ്പുവിന്റെ ഉളള് പൊളളിച്ചു.
‘പ്രതിക്ക് ഹൃദയാഘാതം സംഭവിച്ചതിനാല്‍ ആരോഗ്യം പൂര്വസ്ഥിതിയിലാവും
വരെ ശിക്ഷ നീട്ടണം’
എന്ന് ആവശ്യപ്പെട്ട് പല്‍പ്പു നിവേദനം സമര്‍പ്പിച്ചു. രാജാവ് അത് അനുവദിച്ചു.
മാസങ്ങള്‍ കടന്നു പോയിട്ടും ഒഴികഴിവുകള്‍ അവസാനിച്ചില്ല. ഓരോന്ന് കഴിയുമ്പോഴും പല്‍പ്പു മറ്റൊരു കാരണം കണ്ടെത്തും. ജയില്‍ ജീവനക്കാര്‍ക്ക് ഇത് അരോചകമായി തോന്നി. എങ്ങനെയും കൊന്ന് ശല്യമൊഴിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
അവര്‍ പല്‍പ്പുവിന് എതിരെ പരാതി നല്കി.
നിര്‍ദ്ദിഷ്ട സമയം തന്നെ ശിക്ഷ നടപ്പാക്കാന്‍ മഹാരാജാവിന്റെ ഉത്തരവ് വന്നു. മുന്‍പും പല സന്ദര്‍ഭങ്ങളിലും മനുഷ്യത്വത്തെ കരുതി പല്‍പ്പു സമാന നിലപാടുകള്‍ സ്വീകരിച്ചിരുന്നു.
ദിവാന് അദ്ദേഹത്തെ താക്കീത് ചെയ്തു.
‘നിയമത്തിന് പ്രതി കുറ്റം ചെയ്യാനിടയായ കാരണം അറിയേണ്ടതില്ല. കുറ്റം ചെയ്തോ എന്ന് മാത്രമേ പരിശോധിക്കാന്‍ കഴിയൂ’
പല്‍പ്പു വാദിക്കാന്‍ ശ്രമിച്ചു.
‘നോ അദര്‍ ആര്‍ഗ്യൂമെന്റ്സ്…’
പല്‍പ്പു മടങ്ങി.
ഒരാഴ്ചക്കുളളില്‍ ജയില്‍ സൂപ്രണ്ട് തസ്തികയില്‍ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തുകൊണ്ടുളള ഉത്തരവ് ലഭിച്ചു.
പല്‍പ്പു നിരാശപ്പെട്ടില്ല. പകരം ഉളളില്‍ ചിരിച്ചു.
പദവികളും ചുമതലകളും മാറി മാറി വരും.
എവിടെ നിയോഗിക്കപ്പെട്ടാലും തന്നില്‍ നിക്ഷിപ്തമായ ദൗത്യം പരമാവധി ഭംഗിയായി നിര്‍വഹിക്കും.
നാട്ടില്‍ എടുത്തെറിഞ്ഞാല്‍ നാല് കാലില്‍ നില്ക്കുന്ന ശക്തന് ശംഭുവിനെക്കുറിച്ച് കേട്ടിട്ടുമുണ്ട്. കണ്ടിട്ടുമുണ്ട്.
അയാളുടെ കരുത്ത് മസിലുകളിലാണ്. തന്റേത് മനസിലും..
അധികാരദുഷ്പ്രഭുത്വങ്ങളേ…നിങ്ങള്‍ക്ക് തോല്‍പ്പിക്കാനാവില്ല ഈ പോരാട്ട വീര്യത്തെ..
പണ്ട് ഫെര്‍ണാണ്ടസ് സായിപ്പ് തമാശയായി പറയുമായിരുന്നു.
‘അല്ലെങ്കിലൂം ഈ ഈഴവന്റെ ചോരയ്ക്ക് ഇത്തിരി വീര്യം കൂടുതലാണ്’
പല്‍പ്പു അതോര്‍ത്ത് വീണ്ടും ഉളളില്‍ ചിരിച്ചു.
സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ടെറസിന്റെ ഏകാന്തതയില്‍ ഭഗിക്കൊപ്പം വെടിവട്ടം പറഞ്ഞിരിക്കുമ്പോള്‍ അവര്‍ സൂചിപ്പിച്ചു.
‘ഇനി ഈ അലച്ചിലൊക്കെ അവസാനിപ്പിച്ച് കുട്ടികള്‍ക്കൊപ്പം ശിഷ്ടകാലം സ്വസ്ഥം ഗൃഹസ്ഥാശ്രമം.’
പല്‍പ്പു ഭഗവതിയമ്മയെ തന്നെ സാകൂതം നോക്കി.
പടിഞ്ഞാറ് സൂര്യന് അസ്തമിക്കാന്‍ തുടങ്ങിയിരുന്നു.
‘അവസാനിച്ചത് എന്റെ ഔദ്യോഗിക ജീവിതമാണ്. മറ്റൊരു ജീവിതം ഇനി ആരംഭിക്കാനിരിക്കുന്നതേയുളളു’
എന്ത് എന്ന അര്‍ത്ഥത്തില്‍ ഭഗി ആകാംക്ഷയോടെ പല്പ്പുവിനെ നോക്കി.
‘സ്വാമിയും കുമാരുവും ചേര്‍ന്ന് നടത്തുന്ന പോരാട്ടവഴിയില്‍ എനിക്കും ചിലത് ചെയ്യാനുണ്ട്. ഔദ്യോഗിക മേഖലയില്‍ എന്റേത് ഒറ്റപ്പെട്ട വിജയം മാത്രമാണ്. നമ്മുടെ ആളുകള്‍ ഇന്നും ദുരിതത്തിലും അവഗണനയിലുമാണ്. അപമാനവും അടിമത്തവും വേറെ. അവരെ മനുഷ്യരായി പോലും ആരെങ്കിലും പരിഗണിക്കുന്നുണ്ടോ? നമ്മുടെ വിവാഹരാത്രിയില്‍ ഞാന്‍ പറഞ്ഞത് ഓര്‍മ്മയില്ലേ ഭഗീ..നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമുളളതല്ല. അത് മറ്റുളളവര്‍ക്ക് വേണ്ടിക്കൂടിയാണ്’
ഭഗവതിയമ്മ മനസിലാകാത്ത ഒരു പ്രതിഭാസത്തെ എന്നോണം പല്പ്പുവിനെ തന്നെ നോക്കിയിരുന്നു.
അസ്തമയം പൂര്‍ണ്ണമാവുകയായിരുന്നു.
ഇനി മറ്റൊരു സൂര്യോദയം.
(തുടരും)