ആത്മസൗരഭം
സംഘടിതശക്തി
മൈസൂര്‍ നഗരത്തില്‍ കുട്ടികള്‍ക്കൊപ്പം ചുറ്റിക്കറങ്ങുന്നതിനിടയിലാണ് ആ മലയാളി കുടുംബത്തെ പരിചയപ്പെടുന്നത്. പല്‍പ്പുവും ഭാര്യയും മലയാളത്തില്‍ സംസാരിക്കുന്നത് കേട്ട് അയാള്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു.
‘എന്റെ പേര് ഭദ്രന്…വര്‍ക്കലയിലാണ് വീട്’
ഒരു മലയാളി സ്നേഹത്തോടെ അടുത്തു വന്ന് സംസാരിച്ചപ്പോള്‍ പല്‍പ്പുവിന്
അവാച്യമായ ചാരിതാര്‍ത്ഥ്യം തോന്നി.
ഭദ്രന് പലതും സംസാരിച്ച കൂട്ടത്തില്‍ ജാതിവ്യവസ്ഥയെക്കുറിച്ചും പറഞ്ഞു.
അയാള്‍ ഒരു ഗുരുഭക്തനാണ്. അരുവിപ്പുറം ക്ഷേത്രത്തില്‍ പതിവായി പോകും. സ്വാമികളെ കാണും. സ്വാമികളെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ക്ക് നൂറ്നാവ്.
പല്‍പ്പുവും സ്വാമികളും തമ്മിലുളള ആഴമേറിയ ബന്ധത്തെക്കുറിച്ച് അയാള്‍ക്ക് ധാരണയുണ്ടായിരുന്നില്ല.
പല്‍പ്പു അയാള്‍ പറയുന്നത് അത്രയും കേട്ടുകൊണ്ടിരുന്നു. സ്വാമികളും അരുവിപ്പുറവും ആളുകളെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്ന് അറിയുകയായിരുന്നു ലക്ഷ്യം.
അരുവിപ്പുറം അധസ്ഥിതരുടെ ഒരു വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു.
സ്വാമികളുടെ മഹത് സാന്നിദ്ധ്യമാണ് ഒരു കാരണം.
മറ്റൊന്ന് ചരിത്രത്തിലാദ്യമായി അധസ്ഥിതര്‍ക്കായി സ്വാമി സ്ഥാപിച്ച ശിവലിംഗപ്രതിഷ്ഠയും ക്ഷേത്രവും സ്ഥിതി ചെയ്യുന്ന ഇടം.
രണ്ട് കാര്യങ്ങളാണ് ആ പ്രതിഷ്ഠ നമുക്ക് കാണിച്ചു തന്നത്.
ഒന്ന് മനസ് വച്ചാല്‍ ഈഴവര്‍ക്കും പ്രതിഷ്ഠയാവാം. ക്ഷേത്രം സ്ഥാപിച്ച് ആരാധന നടത്താം.
ആറ്റില്‍ നിന്നും മുങ്ങിത്തപ്പിയെടുത്ത ശില സ്വാമികള്‍ പ്രതിഷ്ഠിച്ചപ്പോള്‍ ചോദ്യം ചെയ്യാനായി വന്ന സവര്‍ണ്ണര്‍ക്ക് അദ്ദേഹം നല്കിയ മറുപടിയാണ് വിചിത്രം.
‘നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്’
എത്ര അര്‍ത്ഥവത്തായ, ധ്വനിസാന്ദ്രമായ വാക്കുകള്‍..
സ്വാമികള്‍ക്ക് പകരം സ്വാമികള്‍ മാത്രം…
വാവൂട്ട് യോഗത്തെക്കുറിച്ചും ഭദ്രന് വാചാലനായി.
ക്ഷേത്രത്തില്‍ വാവുബലിയിടാന്‍ വരുന്നവരെ ചേര്‍ത്ത് സ്വാമികള്‍ തുടങ്ങിയ കൂട്ടായ്മയാണ് വാവൂട്ട് യോഗം. അത് കുറെക്കൂടി വലിയ കൂട്ടായ്മയായി സംഘടനാ തലത്തിലേക്ക് വളര്‍ത്തിക്കൊണ്ടു വരുന്നതിനെക്കുറിച്ച് പല കൂടിക്കാഴ്ചകളിലും സ്വാമികള്‍ സൂചിപ്പിച്ചിരുന്നു.
ആളുകളില്‍ സ്വമേധയാ അണിചേരണമെന്ന താത്പര്യം ഉണ്ടാകും വരെ കാത്തിരിക്കണമെന്നാണ് പല്‍പ്പുവിന് തോന്നിയത്. അതുകൊണ്ട് തന്നെ സ്വാമി പല കുറി പറഞ്ഞിട്ടും അദ്ദേഹം ഒന്ന് മടിച്ചു നിന്നു.
അധസ്ഥിതരില്‍ ചിലര്‍ എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചു പോയാല്‍ മതിയെന്ന് കരുതുന്നവരാണ്. ആത്മാഭിമാനത്തിനും തുല്യനീതിക്കുമൊന്നും അവര്‍ വില കല്‍പ്പിക്കുന്നില്ല. സവര്‍ണ്ണന്റെ അടിമകളായി കഴിയുന്നതില്‍ അവര്‍ സുഖം കണ്ടെത്തുന്നു. പക്ഷെ ഭൂരിഭാഗം പേര്‍ക്കും അതില്‍ തൃപ്തിയില്ലെന്ന് പല്‍പ്പുവിന് അറിയാം. അവര്‍ സ്വയം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങട്ടെ. എങ്കിലേ സംഘടനയ്ക്ക് കരുത്തും ഊര്‍ജ്ജവും ഉണ്ടാവു. ഇപ്പോള്‍ അതിന് സമയമായെന്ന് തോന്നുന്നു. ഭദ്രന് പറയുന്നതത്രയും ഈഴവരും മറ്റ് പിന്നാക്കവിഭാഗങ്ങളും സംഘടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. പല സമ്മേളനങ്ങളിലും ആ ധ്വനിയോടെ ഗുരു സംസാരിച്ചതായും അയാള്‍ സൂചിപ്പിച്ചു. പല്‍പ്പു മറുപടി പറഞ്ഞില്ല. എല്ലാം മനസില്‍ സൂക്ഷിച്ചു.
അടുത്ത തവണ പരസ്പരം കാണുമ്പോള്‍ സ്വാമികളോട് അദ്ദേഹം ചോദിച്ചു.
‘ഇന്ന് ഊണിന് അവിയലില്ലേ?’
‘ഉണ്ടല്ലോ..എന്തേ?’
‘വിഭവങ്ങളെത്രയുണ്ടെങ്കിലും ഒന്നും അവിയലിനോളം വരില്ല’
ഗുരു ഒരു കുസൃതിച്ചിരിയോടെ ആരാഞ്ഞു.
‘അതെന്താ പെട്ടെന്ന് ഒരു ബോധോദയം.’
‘പെട്ടെന്നല്ല. പല നാള് ചിന്തിച്ചു. പല കുറി ചിന്തിച്ചു. പിന്നെ അനുഭവത്തിലുമറിഞ്ഞു. അവിയല്‍ തന്നെ ഉത്തമം’
‘എന്തോ ധ്വനിപ്പിച്ച് സംസാരിക്കും പോലെ തോന്നുന്നു’
സ്വാമികള്‍ വീണ്ടും പുഞ്ചിരിച്ചു.
‘എല്ലാം മനസിലാക്കുന്ന സ്വാമിക്ക് ഞാന്‍ പ്രത്യേകിച്ച് പറഞ്ഞു തരണോ?’
സ്വാമി ഒന്ന് മൂളി. പിന്നെ നെല്ലിട നിശ്ശബ്ദതയ്ക്ക് ശേഷം പറഞ്ഞു.
‘അപ്പോള്‍ സമയമായി അല്ലേ?’
‘തീര്‍ച്ചയായും..’
എല്ലാം കേട്ടുകൊണ്ട് നിന്ന കുമാരു പറഞ്ഞു.
‘എനിക്കൊന്നും മനസിലായില്ല’
‘വലിയ കവിയാണ്. മഹാകാവ്യം എഴുതാതെ മഹാകവിപ്പട്ടം കിട്ടിയ മാന്യദേഹം. എന്നിട്ടും..’
ഗുരു തമാശയായി പറഞ്ഞു.
‘സ്വാമികളുടെയും ഡോക്ടറുടെയും മുന്നില്‍ നമ്മളാര്? വെറും അശു..’
‘എന്നാല്‍ കേട്ടോളു. പരസ്പരബന്ധമില്ലാത്ത വിരുദ്ധസ്വഭാവമുളള പല പച്ചക്കറികള്‍ ചേര്‍ന്ന ഭക്ഷണമാണ് അവിയല്‍. എന്നാല്‍ രുചിയില്‍ ഒന്നാമനാണ് താനും. നമ്മുടെ ആളുകള്‍ അവിയലിലെ കഷണങ്ങള്‍ പോലെയാണ്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. പക്ഷെ പാകത്തിന് ഉപ്പൂം മുളകും വെളളവും പുളിയും ചേര്‍ത്ത് നല്ല കൈപുണ്യത്തോടെ കറിവച്ചാല്‍ ഉത്തമം. എന്നു വച്ചാല്‍ ശക്തമായ ഒരു സംഘടനാ സംവിധാനം കൊണ്ട് മാത്രമേ ഈഴവര്‍ രക്ഷപ്പെടൂ എന്ന് സാരം. എങ്ങനെയുണ്ട് ഡോക്ടറുടെ ഉപമ?’
സ്വാമി ചോദിച്ചു.
കുമാരു ചിരിച്ചു. പിന്നെ ആരാധനയോടെ പല്പ്പുവിനെ നോക്കി.
‘ശരിക്കും ഡോക്ടര്‍ ഒരു കവി ആകേണ്ടതായിരുന്നു’
‘അതിനുളള പദസമ്പത്ത് ഇല്ലല്ലോ?’ പല്‍പ്പു പറഞ്ഞു.
‘എന്നാര് പറഞ്ഞു. ഡോക്ടറുടെ മെമ്മോറിയലുകള്‍ തന്നെ ഓരോ കാവ്യങ്ങളല്ലേ? പലതിന്റെയും ഭാഷയും വാക്യഘടനയും ആശയങ്ങളും കണ്ടാല്‍ അങ്ങനെ തോന്നിക്കും’
ഗുരു പറഞ്ഞു.
‘അപ്പോള്‍ സ്വാമികള്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്. അല്ലേ?’
പല്‍പ്പു ചോദിച്ചു. സ്വാമി പറഞ്ഞു.
‘ഇപ്പോള്‍ അതൊന്നുമല്ല പ്രശ്നം. രോഗി ഇച്ഛിച്ചതും വൈദ്യന് കല്പ്പിച്ചതും പാല്. ഇത്തവണ ഡോക്ടര്‍ വരുമ്പോള്‍ ഞാന്‍ സംഘടനയുടെ കാര്യം അവതരിപ്പിക്കാനിരിക്കുകയായിരുന്നു.’
‘അത് മനസിലാക്കി തന്നെയാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ എനിക്ക് പരഹൃദയജ്ഞാനമുണ്ടെന്ന് സ്വാമികള്‍ക്ക് മനസിലായില്ലേ?
ഗുരു ചിരിച്ചു.
‘ഇനി കാര്യത്തിലേക്ക് കടക്കാം. വാവൂട്ട്യോഗം നമ്മള് ക്ഷേത്രക്കമ്മറ്റിയാക്കി. ഇനി കുറെക്കൂടെ വിപുലമായ തരത്തില്‍ വികസിപ്പിക്കണം. സമീപപ്രദേശങ്ങളിലുളളവര്ക്ക് പുറമെ സമാനചിന്താഗതിക്കാരായ പരമാവധി ആളുകളെ ഈ കൂട്ടായ്മയുടെ ഭാഗമാക്കണം. ക്രമേണ ഒരു സംഘടനയായി തന്നെ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കണം. എന്ത് ഏത് എന്നൊക്കെ സമയമെടുത്ത് ആലോചിച്ച് നടപ്പിലാക്കിയാല്‍ മതി. പക്ഷെ ഒരിക്കല്‍ തുടങ്ങിയാല്‍ പഴുതുകളടച്ച് വേണം പ്രവര്‍ത്തനം. ഡോക്ടര്‍ എന്ത് പറയുന്നു?’
‘സ്വാമി പറയുന്നതെല്ലാം ശരി തന്നെ. അതിനപ്പുറം ഒന്നുമില്ല പറയാന്‍. പദ്ധതിയുടെ രൂപരേഖകള്‍ സംബന്ധിച്ച് എനിക്ക് വിശദമായൊന്ന് ആലോചിക്കണം. തയ്യാറെടുക്കണം. ഇനി കാണുമ്പോള്‍ നമുക്കത് ചര്‍ച്ച ചെയ്യാം.’
‘കുമാരു അഭിപ്രായമൊന്നും പറഞ്ഞില്ല’
സ്വാമികള്‍ കുമാരുവിനെ നോക്കി.
‘ഡോക്ടര്‍ ആശയങ്ങളുമായി വരട്ടെ. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഞാനും പറയാം’
‘അതവിടെ നില്ക്കട്ടെ. ശിഷ്യന് ഇക്കുറി ഡോക്ടറുടെ ഒപ്പം മൈസൂരിലേക്ക് പോവുന്നില്ലേ?’
‘അതെന്താ സ്വാമി അങ്ങനെ ചോദിച്ചത്. അഞ്ച് വര്‍ഷമെടുക്കും ഈ കവിയുടെ ഇംഗ്ളീഷ് പഠനം പൂര്‍ത്തിയാകാന്‍…പിന്നെ പിടിച്ചാല്‍ കിട്ടില്ല. ഇപ്പോള്‍ തന്നെ ആംഗലേയ സാഹിത്യത്തിലൊക്കെ എന്താ പിടിപാട്…നമ്മളൊയൊക്കെ ഇയാള്‍ മറികടക്കും..’
‘അതാണ് നമ്മുടെയും ആഗ്രഹം. കുമാരു നമ്മളേക്കാള്‍ അറിയപ്പെടുന്ന കവിയാകണം. തലമുറകള്‍ ഏറ്റുപാടുന്ന കവി. സാഹിത്യചരിത്രത്തില്‍ കുമാരുവിന്റെ തലപ്പൊക്കമുള്ള ഒരു എഴുത്തുകാരന് ഉണ്ടാവരുത്. ഉണ്ടാവില്ല’
പ്രവചന സ്വഭാവമുളള ആ വാക്കുകള്‍ കുമാരു തൊഴുകൈയോടെ സ്വീകരിച്ചു. പല്‍പ്പുവും കുനിഞ്ഞ് തലയ്ക്കു മുകളിലൂടെ കൈകൂപ്പി ഗുരുവിനെ വന്ദിച്ചു.
അരുവിപ്പുറത്തെ തണുത്ത ഇലകളെ തഴുകിക്കടന്നു വന്ന ചരിത്രാതീതമായ ഒരു കാറ്റ് അവരുടെ വസ്ത്രങ്ങള്‍ പറത്തി.
കുമാരനാശാന് ആത്മനിര്‍വൃതിയോടെ മന്ദഹസിച്ചു. പല്‍പ്പുവും.
ഗുരു നിര്‍മ്മമായ മന്ദഹാസം കൊണ്ട് അതിനെ മൂടി.
മൂവരും പരസ്പര ധാരണയോടെ പിരിഞ്ഞു.
പിന്നീട് പല്‍പ്പുവിന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായിരുന്നു.
ഏത് മഹാപ്രസ്ഥാനവും ആരംഭിക്കുന്നത് ചില സ്വപ്നങ്ങളില്‍ നിന്നാണ്. സങ്കല്പ്പങ്ങളില് നിന്നാണ്. ഭാവനയുടെ ചിറകുകളില്‍ അനവരതം സഞ്ചരിച്ച് പല്‍പ്പു ശ്രീനാരായണ പ്രസ്ഥാനത്തിന് പലവിധ രൂപഭാവങ്ങള്‍ മനസില്‍ നെയ്തു. ചിലത് പുതുക്കിപ്പണിതു. വീണ്ടും പൊളിച്ചടുക്കി.
ആത്യന്തികമായി പല്പ്പുവിനെ പ്രചോദിപ്പിച്ചത് അതിന്റെ അടിസ്ഥാന ആശയമായിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു മഹാജനതയുടെ സമഗ്രമായ കൂട്ടായ്മ. അതില്‍ ജാതിഭേദമില്ല. അയിത്തത്തിന്റെ പേരില്‍ ചവുട്ടി മെതിക്കപ്പെട്ട എല്ലാ വിഭാഗങ്ങളും ഒന്നു ചേര്‍ന്ന് ഒരു കൂട്ടായ്മ.
അവര്‍ അലകടല്‍ പോലെ ഒരു മഹാശക്തിയായി എല്ലാത്തരം മനുഷ്യത്വരാഹിത്യവും പിഴുതെറിഞ്ഞ് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹാമന്ത്രങ്ങള് ഉതിര്‍ക്കും.
മാനവക്ഷേമത്തില് വിശ്വസിക്കുന്ന ആര്‍ക്കും അതില്‍ ഭാഗഭാക്കാവാം. സവര്‍ണ്ണരും അന്യമതസ്ഥരും അടക്കം. അരുവിപ്പുറം ക്ഷേത്രമതിലില്‍ ഗുരു എഴൂതിവച്ച ആ നാല്വരികളാവണം സംഘടനയുടെ കാതല്‍.
‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’
(തുടരും)