ആധുനിക വിപണിയില്‍ വിജയിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്

സമൂഹമാധ്യമങ്ങള്‍ വഴി ഒരു ഉല്പന്നത്തെയോ സേവനത്തെയോ, സ്ഥാപനത്തെയോ ഏറ്റവും കുറഞ്ഞ ചെലവില്‍ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കുകയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങില്‍ ചെയ്യുന്നത്

ഇന്ന് ഏറെ സുപരിചിതമായ ഒന്നാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. ഒരു സംരംഭത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം തന്നെ മാര്‍ക്കറ്റിംഗ് രംഗത്തെ അവസരങ്ങളാണ്. എത്ര ഭംഗിയായി വിപണിയെ ഉപയോഗപ്പെടുത്തുന്നുവോ അത്രമാത്രം വിജയം കൊയ്യാന്‍ ഇത് സഹായിക്കും. വളരെ കുറഞ്ഞ ചെലവില്‍ ഏറെ ആളുകളിലേക്ക് ഉല്പന്നത്തിന്റെ സവിശേഷതകള്‍ പ്രചരിപ്പിക്കാനും, വില്പന ഉറപ്പിക്കാനും, അതിര്‍ത്തികള്‍ ഇല്ലാതെ ബിസിനസ് ചെയ്യാനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സൗകര്യം ഒരുക്കുന്നു.

എന്താണ്
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്?

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അതിവിശാലമായ ഒരു ടേം ആണ്. ഡിജിറ്റല്‍ മീഡിയകളെ ഉല്പന്നങ്ങളുടെ പ്രമോഷനുവേണ്ടി ഉപയോഗിക്കുന്നതിനെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന് പറയുന്നത്. ഇതില്‍ത്തന്നെ ടെലിമാര്‍ക്കറ്റിംഗ്, സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗ്, സേര്‍ച്ച് എഞ്ചിന്‍ ഓപ് കി മൈസേഷന്‍ , സേര്‍ച്ച് എഞ്ചിന്‍ മാര്‍ക്കറ്റിംഗ്, ഇ-മെയില്‍, ഡയറക്ട് മാര്‍ക്കറ്റിംഗ്, ഇന്‍ഫ്‌ളുവന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ്, കണ്ടന്റ് ആട്ടോമേഷന്‍, ഡിസ്‌പ്ലേ മാര്‍ക്കറ്റിംഗ്, ഇ-കോമേഴ്‌സ് തുടങ്ങി നിരവധി ഉപവിഭാഗങ്ങള്‍ ഉണ്ട്. ഇതിന്റെയെല്ലാം സോഫ്റ്റ്‌വെയറുകളുടെ പരിപാലനം ഇതില്‍തന്നെ വരുന്നതാണ്. ഇതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളും ആവശ്യമാണ്.

സമൂഹമാധ്യമങ്ങള്‍ വഴി ഒരു ഉല്പന്നത്തെയോ സേവനത്തെയോ, സ്ഥാപനത്തെയോ ഏറ്റവും കുറഞ്ഞ ചെലവില്‍ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കുകയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങില്‍ ചെയ്യുന്നത്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇ-മെയില്‍, യൂ-ട്യൂബ് തുടങ്ങി എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നു. ഉദാഹരണത്തിന് ഒരു ഡിസൈനര്‍ ഗാര്‍മെന്റ് സ്ഥാപനം നടത്തുന്ന വ്യക്തി ഓണ്‍ലൈന്‍ പരസ്യം നല്‍കുന്നു എന്ന് കരുതുക. പരസ്യം കാണുന്നവര്‍ക്ക് ഏതെങ്കിലും ഒരു ഡിസൈന്‍ അപ്പോള്‍ത്തന്നെ ഓര്‍ഡര്‍ ചെയ്യണമെങ്കില്‍ വെബ്‌സൈറ്റിലെ ഓര്‍ഡര്‍ ഫോം വഴി അത് സ്ഥാപനത്തെ അറിയിക്കുന്നു. സാധ്യമെങ്കില്‍ മുന്‍കൂട്ടി പണവും സ്വീകരിക്കുന്നു. നമ്മള്‍ പരസ്യം ചെയ്തു താത്പര്യം അറിയിച്ചു, ഓര്‍ഡര്‍ എടുത്തു പണവും കിട്ടി ഈ നാല് കാര്യങ്ങളും ഒന്നോ രണ്ടോ മിനിറ്റില്‍ കഴിഞ്ഞു. വെബ്‌സൈറ്റ് ഇല്ലെങ്കില്‍ സ്ഥാപനത്തിലേക്കുള്ള വഴി ഗൂഗിള്‍മാപ്പ് വഴി കാണിക്കുകയും ആകാം. അപ്പോഴും ഡിജിറ്റല്‍ മീഡിയ വഴി തന്നെ വില്പന നടന്നു എന്ന് പറയാം. മേല്‍പറഞ്ഞ പരസ്യത്തിന് ഉപയോഗിച്ച മാധ്യമം വെബ്‌സൈറ്റോ, ഫേസ്ബുക്കോ, ഇമെയിലോ അങ്ങനെ എന്തുമാകാം. പലതും ചേര്‍ന്നതും ആകാം.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മികച്ച ഒരു സംരംഭവും തൊഴില്‍മേഖലയും കൂടിയാണ്. വലിയ നിക്ഷേപം ഒന്നും ഇല്ലാതെ തന്നെ ചെയ്യാവുന്ന ഒരു തൊഴില്‍സംരംഭം. ആധുനിക വിപണിയില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ ചെറുകിട വ്യവസായങ്ങളും ഈ മാധ്യമത്തെ ഉപയോഗപ്പെടുത്തതാന്‍ ശ്രമിക്കണം. അധികം ചെലവില്ലാതെ ഉദ്ദേശിക്കുന്ന ഉപഭോക്താവിലേക്ക് അതിവേഗത്തില്‍ എത്തിച്ചേരാം എന്നതാണ് പ്രധാന സവിശേഷത.

ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ നേട്ടങ്ങള്‍

  1. സോഷ്യല്‍ മീഡിയയുടെ പരിധി ഒരു പ്രദേശത്തോ സംസ്ഥാനത്തോ, രാജ്യത്തോ ഒതുങ്ങുന്നില്ല. ലോകം തന്നെ പരിധിക്കുള്ളിലാക്കും.
  2. കച്ചവടം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ഉപഭോക്താക്കളെ സൃഷ്ടിക്കാനും എളുപ്പത്തില്‍ കഴിയുന്നു.
  3. ഇത് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ കാലം! ഭീമമായ മുതല്‍മുടക്ക് ഇല്ലാതെ ഓണ്‍ലൈനിലൂടെ സ്വന്തമായി ബിസിനസ് ആരംഭിക്കുവാനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ അനുയോജ്യരായ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും സാധിക്കുന്നു.
  4. വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനിലൂടെ വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗൂഗിളിന്റെ ആഡ് സെന്‍സ് , അഫിലിയേറ്റഡ് മാര്‍ക്കറ്റിംഗ്, ബ്ലോഗിങ്, കണ്ടന്റ് റൈറ്റിംഗ്, യു-ട്യൂബ് ചാനല്‍ തുടങ്ങിയവയിലൂടെ സാധ്യമാകുന്നു.
  5. ബിസിനസ്സിലെ ആശയങ്ങള്‍ വിപണിയില്‍ പരീക്ഷിക്കുവാന്‍ അവസരം ലഭിക്കുന്നു.
  6. തിരഞ്ഞെടുത്ത/ആവശ്യമായ ഉപഭോക്താവിലേക്ക് മാത്രം പരസ്യങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്നു.
  7. മിനിറ്റുകള്‍ കൊണ്ട് ലക്ഷക്കണക്ക് ആളുകളിലേക്ക് പരസ്യം എത്തുന്നു.
  8. ഏറ്റവും കുറഞ്ഞ ചിലവില്‍ പരസ്യങ്ങള്‍ സാധ്യമാകുന്നു.
  9. ലോകത്തിന്റെ ഏത് കോണിലുള്ള ആളുകളുമായും ബന്ധപ്പെടാന്‍ സാധിക്കുന്നു. അവരുടെ അഭിപ്രായങ്ങള്‍ അറിയാനും അവസരമുണ്ടാക്കുന്നു.
  10. ഏത് തരത്തിലുള്ള പരസ്യവും അത്യാകര്‍ഷകമായ രീതിയില്‍ നല്‍കാന്‍ കഴിയുന്നു.
    സംരംഭകത്വത്തിന്റെ നൂതന സാധ്യതകളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ള വ്യവസായികള്‍ക്കും തങ്ങളുടെ ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് .വലിയ കിടമത്സരം നിലനില്‍ക്കുന്ന ഇക്കാലത്ത് യഥാര്‍ത്ഥ ഉപഭോക്താക്കളെ തേടിയുള്ള യാത്രയില്‍ സംരംഭകര്‍ക്ക് വലിയ തോതില്‍ അനുഗ്രഹമാകും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്.

Author

Scroll to top
Close
Browse Categories