മാനവികത എന്ന ആയുധം
രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നും ഇല്ല.
മാനവികതയാണ് ഏറ്റവും വലിയ ആയുധം.
ഒരു പുസ്തകത്തിന് രണ്ടു കവർ,രണ്ടു കഥ, ഇതൊരു അസാധാരണ നിർമ്മിതിയാണ്. ഒരു പുസ്തകം ഇങ്ങനെ രൂപകല്പന ചെയ്തത് ആരുടെ ആശയമാണ്?.
ഒരേ അളവുകളിൽ മാത്രം പുസ്തകങ്ങളെ കാണുവാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് ഇതൊരു കൗതുകമായിരിക്കും.
മനോരമ ബുക്സ് ഒരു പുസ്തകത്തിനായി ആവശ്യപ്പെട്ടപ്പോൾ ‘ഗംഭീരവിക്രമ ‘ ‘ മലമുകളിൽ രണ്ടുപേർ’ എന്ന രണ്ടു കഥകൾ മാത്രമായിരുന്നു കൈയ്യിലുണ്ടായിരുന്നത്.അതുമതിയെന്ന് അവർ പറഞ്ഞു.രണ്ടു കഥകൾ മാത്രമാവുമ്പോൾ സാധാരണ സൈസിൽ പുസ്തകം ഡിസൈൻ ചെയ്യാനാവില്ലല്ലോ.അങ്ങനെയാണ് ഇപ്പോൾ ഉള്ള രീതിയിൽ ബുക്ക് ഡിസൈൻ ചെയ്തത്.ഒരു പുസ്തകത്തിൽ രണ്ടു കവറുകൾ എന്ന ആശയം ഡിസൈനറായ അഭിലാഷ് ചാക്കോയുടേതാണ്.പുസ്തകത്തിന്റെ കെട്ടും മട്ടും വായനക്കാർക്ക് ഇഷ്ടമായി എന്നാണ് അറിയാൻ കഴിഞ്ഞത്.
പുസ്തകത്തിൽ ധാരാളം ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഒരു കഥ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള രചന വായനക്കാരിലേക്ക് കുറച്ച് ആഴത്തിൽ പതിയാൻ ചിത്രങ്ങൾ സഹായിക്കും. താങ്കൾ അതിനോട് യോജിക്കുന്നോ? അതോ, ഒരു ആശയം മറ്റൊരാളിലേക്ക് എത്തിക്കാൻ വാക്കുകൾ തന്നെ പര്യാപ്തമാണോ?
ചിത്രങ്ങൾ നിർബന്ധമില്ല.വാക്കുകൾ തന്നെ ധാരാളം.വാക്കുകൾ മാത്രമേ പാടുള്ളൂ എന്ന പക്ഷക്കാരനാണ് ഞാൻ.ചിത്രങ്ങൾ ആഴ്ചപ്പതിപ്പുകളുടെ ലേ ഔട്ടിന്റെ ഭാഗമാണ്.പാരീസ് റിവ്യു, ഗ്രന്ഥ ഇതിലൊന്നും ചിത്രങ്ങൾ ഇല്ലല്ലോ.എന്നാൽ നമ്പൂതിരിയുടെ ചിത്രങ്ങൾ പലപ്പോഴും വായനക്കാരുടെ ഉള്ളിൽ രണ്ടാമൂഴത്തിലെ ഭീമനായും വി.കെ. എന്നിന്റെ നാണ്വാരയും മാറിയിട്ടുണ്ട്.വാക്കും വരയും തമ്മിലുള്ള അത്തരമൊരു കൊടുക്കൽ വാങ്ങൽ പിന്നീട് കുറവാണന്നു കാണാം.ഇതിൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയത് ടോട്ടൽ പുതിയൊരു ഡിസൈൻ ആയതുകൊണ്ടാണ്.കെ. പി. മുരളീധരനാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.അതൊക്കെ പ്രസാധകരുടെ തീരുമാനമാണ്.
മിക്കവാറും എഴുത്തിലും ശ്രീ നാരായണ ഗുരു ദർശനങ്ങൾ പ്രകടമാണ്. ഏത് വിധത്തിലാണ് എഴുത്തിൽ ഈ സ്വാധീനം ഉണ്ടായത്?
ഗുരു എനിക്ക് നവോത്ഥാന നായകനല്ല. ഗുരു തന്നെയാണ്.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ഗുരുവിനെ നവോത്ഥാന നായകനാക്കുന്നത്.പിന്നീട് വന്നവരും അതുതന്നെ ഏറ്റു പറഞ്ഞു.ഞാനും ആദ്യകാലത്ത് അങ്ങനെയാണ് വിശ്വസിച്ചത്.എന്നാൽ ശ്രീനാരായണ ദർശനങ്ങൾ അടുത്തറിയുവാൻ ശ്രമിച്ചപ്പോൾ ആ മഹാത്മാവ് പരിഭാഷകനായും അദ്വൈതിയായും കവിയായും സരസ സംഭാഷണ പ്രിയനായുമൊക്കെ മനസ്സിലാവാൻ തുടങ്ങി.അതിലുമേറെ ആധുനികനായും അദ്ദേഹം ജീവിച്ചു.ഈ ആധുനിക മനസ്സ് തന്നെയാണ് അദ്ദേഹത്തെ കാലാതിവർത്തിയായി നിലനിർത്തുന്നത്.ജീവിതത്തിലുടനീളം പുലർത്തിയ ജനാധിപത്യ ബോധവും സാമൂഹ്യ പരിവർത്തനത്തിനായുള്ള കാഴ്ചകളുമെല്ലാം ആ മഹത്തിനെ പ്രിയപ്പെട്ടവനാക്കി.ഗുരു എന്നും തനിക്ക് മുന്നിലുള്ള വ്യത്യസ്ത അഭിപ്രായക്കാരോട് സംസാരിക്കുവാൻ തയ്യാറായിരുന്നു.കുറ്റിപ്പുഴ ഗുരുവിനോട് ചേർന്ന് നിന്നയാളാണ് എന്നാൽ അദ്ദേഹം യുക്തി വാദിയായിരുന്നു.ബുദ്ധമതത്തിൽ ചേർന്നവർ ഗുരുവിന് പ്രിയപ്പെട്ടവരായിരുന്നു.ഇതാണ് ഗുരുവിനെ മഹദ് വ്യക്തിയാക്കുന്നത്.അല്ലാതെ അവരെ മാറ്റി നിർത്തുകയല്ല ചെയ്തത്.ആ ദർശന വ്യാപ്തിയറിയുവാനുള്ള ശ്രമം മാത്രമാണ് നടത്തുന്നത്.എഴുത്തിൽ അതുകൊണ്ടുതന്നെ അതെല്ലാം വന്നു പോകുക സ്വാഭാവികമാണ്. കുമാരനാശാനേക്കാൾ നല്ല കവി ഗുരു ആണോ എന്നുപോലും ചിലപ്പോൾ തോന്നിപ്പോകും.അപ്പോൾ എഴുത്തിലൊക്കെ ഗുരു എന്ന കവിയുടെ പരോക്ഷ സ്വാധീനം ഉണ്ടാകും.
മലമുകളിൽ രണ്ടു പേർ എന്ന കഥയിൽ നീറ്റൽ തരുന്നോരു വാചകമുണ്ട് “പറ്റിയാൽ ഇടയ്ക്കൊന്നു ഞങ്ങളെ കാണാൻ വാ ” ആ കഥ മുഴുവൻ ഈ ഒരു വാചകത്തിൽ കൊളുത്തി കിടക്കുന്നു. ആരുമില്ലായ്മയിൽ പതറി നിൽക്കുന്ന മനുഷ്യനെ സമൂഹം പോലും അവഗണിക്കുന്നു. സമകാലികമായി ഇതൊരു സാമൂഹിക വെല്ലുവിളിയല്ലേ?
അതൊരു യാഥാർത്ഥ്യമാണല്ലോ.ഏകാന്തതയും ഒറ്റപ്പെടലും രണ്ടാണ്.ഏകാന്തത നമുക്ക് തെരഞ്ഞെടുക്കാം.ഒറ്റപ്പെടൽ അങ്ങനെയല്ല.
കഥകളി പോലൊരു കലാരൂപത്തെ ഇതിവൃത്തമാക്കി ഒരു രചന ചെയ്യുവാൻ കാര്യമായ പഠനം ആവശ്യമാണ്. അത് ഒരു വെറും ആസ്വാദകന് സാധിക്കയില്ല. താങ്കളുടെ ആസ്വാദക അനുഭവങ്ങൾ പങ്കുവെക്കാമോ ❔
എന്തെഴുതുമ്പോഴും മനനം ആവശ്യമല്ലേ?മനനം എന്ന വാക്കിനെ നേരർത്ഥത്തിൽ എടുക്കാതെ കുറച്ചുകൂടി വിപുലമാക്കിയാൽ എഴുത്തിനായ് നാം നടത്തുന്ന അധ്വാനം എന്ന് കാണുക.അപ്പോൾ അതിൽ പഠനം എന്നത് വരും.’ഗംഭീരവിക്രമ’ എന്ന കഥ എഴുതുമ്പോൾ അതിനായി പണിപ്പെട്ടിട്ടുണ്ട്.വെറുതെ എഴുതിത്തള്ളുവാനുള്ള ഒന്നല്ലല്ലോ കഥ.ഞാൻ ഒരു സാധാരണ കഥകളി ആസ്വാദകനാണ്.പക്ഷേ കഥകളി ഉള്ള നാടാണ് ജനിച്ച നാടായ കുടമാളൂർ.കണ്ട് കേട്ട ശീലങ്ങൾ എഴുത്തിന് സഹായകമായി.കഥകളി അറിയാത്തവർക്കും ആ കഥ വായിക്കാം.