ശ്രീനാരായണഗുരുവിന്റെ തത്ത്വചിന്ത
സഹോദരന് അയ്യപ്പനോട് ഗുരു പറഞ്ഞത്: ”ഒടുങ്ങാത്ത ആവശ്യങ്ങള്‍ മനുഷ്യര്‍ക്കല്ലാതെ മറ്റൊരു മൃഗങ്ങള്‍ക്കുമില്ല. അവന് ഭൂമുഖത്തെല്ലാം സംഹാരതാണ്ഡവം ചെയ്തു നടക്കുന്നു. പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴല്‍ പരത്തുന്നു. മരങ്ങളെല്ലാം വെട്ടിനശിപ്പിക്കുന്നു. പച്ച നിറഞ്ഞ പ്രകൃതിയെ വികൃതമാക്കി ശൂന്യതയിലാഴ്ത്തുന്നു. അതിനുപകരം വൃത്തികെട്ട, പുക നിറഞ്ഞ പട്ടണങ്ങള്‍ കുമിഞ്ഞുകൂടുന്നു. കടിഞ്ഞാണില്ലാത്ത അവന്റെ ലോഭത്തിന് ഇതെല്ലാം അനിവാര്യമാണ്.”
ഗുരുതത്ത്വചിന്ത അതിന്റെ ഏറ്റവും ശുദ്ധമായ തലത്തില്‍ അരിച്ചെടുക്കാന്‍ കഴിയുന്നത് ഗുരുകൃതികളില്നിന്നു തന്നെയാണ്.
ദര്‍ശനമാല, അദ്വൈതദീപിക, അറിവ്, നിര്‍വൃതിപഞ്ചകം, ആത്മോപദേശശതകം, ബ്രഹ്മവിദ്യാപഞ്ചകം തുടങ്ങിയ ദാര്‍ശനിക കൃതികള്‍. ജാതിനിര്‍ണ്ണയം, ജാതിലക്ഷണം, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം തുടങ്ങിയ പ്രബോധനകൃതികള്‍. ദേവീസ്തവം, ജനനീനവരത്നമഞ്ജരി, ദൈവദശകം, കുണ്ഡലിനിപ്പാട്ട്, കാളിനാടകം, വിഷ്ണ്വഷ്ടകം, വിനായകാഷ്ടകം, സുബ്രഹ്മണ്യകീര്‍ത്തനം, ശിവശതകം എന്നീ സ്തോത്രകൃതികള്‍. കൂടാതെ ഗദ്യകൃതികളും തര്‍ജ്ജമകളും ഗുരുവിന്റേതായിട്ടുണ്ട്. ഗുരു എഴുതുകയും പറയുകയും ചെയ്തിട്ടുള്ള നിലപാടുകളിലും ഗുരുതത്ത്വചിന്ത കണ്ടെത്താം.
‘ഗുരുവിന്റെ ഗുരുത്വം’ എന്ന കുറിപ്പില്‍ അയ്യപ്പപ്പണിക്കര്‍ എഴുതി: ”നാരായണഗുരു മറ്റു പല ഗുരുക്കന്മാരില് നിന്ന് വ്യത്യസ്തനാകുന്നത് എങ്ങനെ?
ഒന്നാമത്, മറ്റ് ഗുരുക്കന്മാരെയും ശിഷ്യന്മാരെയും അവഗണിക്കാതെ, അവഹേളിക്കാതെ, കുറ്റപ്പെടുത്താതെ അദ്ദേഹത്തിന് പറയാനുള്ളത് പറഞ്ഞു.
രണ്ടാമത്, അന്നത്തെ ഇന്ത്യയുടെ കാലാദേശാവസ്ഥയ്ക്കനുസൃതമായി പരമ്പരാഗത സങ്കല്പങ്ങളെ തിരുത്താനും സമകാലികമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
മൂന്നാമത്, രാമകൃഷ്ണപരമഹംസന്‍, മഹാത്മാ ഫൂലെ, ചട്ടമ്പിസ്വാമികള്‍, രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവരെപ്പോലെയും അവരില്‍ നിന്ന് ഭിന്നമായും ആധുനികഭാരതത്തെ പുനരവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
നാലാമത്, സാധാരണ ഗുരുക്കന്മാരില് കാണാത്ത നര്‍മ്മബോധം അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും ഭാവനകള്‍ക്കും സൗന്ദര്യവും മാധുര്യവും നല്കി.
അഞ്ചാമത്, വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം കുറയ്ക്കാന്‍ അദ്ദേഹം സ്വജീവിതത്തിലൂടെ മാതൃക കാണിച്ചു; തത്ത്വങ്ങളെ പ്രയോഗത്തില്‍ അന്തഃസന്നിവേശം ചെയ്തു.”
ഇവിടെ ഒന്നാമത്തെ വ്യത്യസ്തതയില്‍ കാണുന്ന കാര്യമുണ്ടല്ലോ – അവഗണിക്കാതെ, അവഹേളിക്കാതെ, കുറ്റപ്പെടുത്താതെ എന്നിവ. ഗുരുവിന്റെ തത്ത്വചിന്തയുടെ കാതലായ വശങ്ങളില് ഒന്നുതന്നെയാണ്. അപരനെക്കുറിച്ചുള്ള വിചാരമാണത്. ഫ്രഞ്ച് ഫിലോസഫറായ ഇമ്മാനുവല്‍ ലെവിനാസിന്റെ കാഴ്ചപ്പാട്, സ്വത്വം അപരത്തിന്റെ ആതിഥേയത്വം വഴി നിലവില്‍ വരുന്നതാണ് -self as the host of others – വിഖ്യാതമാണ്. അപരനെ ഉള്‍ക്കൊള്ളുമ്പോഴാണ് ഒരുവന് ഒരുവനാകുന്നത്. അവിടെ ഹിംസാത്മകതയില്ല. ‘യമി’യുടെ അവസ്ഥയാണ്. ”ചിത്തമാം വലിയ വൈരി കീഴമര്ന്നത്തല്തീര്ന്ന യമി തന്നെ ഭാഗ്യവാന്” എന്ന് ആശാന് യമിയെ നിര്‍വചിച്ചിട്ടുണ്ട്. ‘ചിത്തമാം വലിയ വൈരി’ യിലെ ‘ചിത്തം’ സ്വത്വത്തിന്റെ ഭാഗമാണ്. ചഞ്ചലമാണ്. ചഞ്ചലമായ ചിത്തത്തിനുടമകള്ക്ക്, അന്യര്‍ക്ക് ആതിഥേയത്വമൊരുക്കാന് കഴിയില്ല. വൈരിക്കുസമമായ ചിത്തത്തെ കീഴടക്കണം. അപ്പോഴാണ് സമനില രൂപപ്പെടുക. അന്യന് ആതിഥേയത്വം നല്കാന് കഴിയുക. ‘ആത്മോപദേശശതക’ത്തില്‍ ഗുരു പറയുന്നുണ്ട്:
”പ്രിയമപരന്റെയതെന്‍ പ്രിയം, സ്വകീയ-
പ്രിയമപരപ്രിയം ഇപ്രകാരമാകും
നയം, അതിനാലെ നരന്നു നന്മ നല്‍കും
ക്രിയ അപരപ്രിയ ഹേതുവായ് വരേണം”
അപരന്റെ പ്രിയം തന്നെയാണ് എന്റെയും പ്രിയം, എനിക്കു പ്രിയമായതുതന്നെ അപരനും പ്രിയമാണ്. ഇങ്ങനെയുള്ളതാണ്, ഇങ്ങനെയാകുന്നതാണ് നയം, നല്ലമാര്‍ഗ്ഗം. ഇതായിരിക്കണം നമ്മെ നയിക്കേണ്ട ചിന്ത. ഇങ്ങനെ ജീവിക്കാനാണ് നാം ശീലിക്കേണ്ടത്. നരനു നന്മ ചെയ്യുന്ന ക്രിയ അപരപ്രിയഹേതുവായി വരികയും വേണം. അപരന്റെ പ്രിയം തന്റെ പ്രിയമായി മാറണമെങ്കില്‍ മനസ്സ് തുറന്നിരിക്കണം. അപരന് ആതിഥേയത്വം നല്കാന് കഴിയണം. അങ്ങനെയുള്ളവന് കൃപയുള്ളവനാണ്. മനുഷ്യന് നല്ലതു വരാന്‍ വേണ്ടി ചെയ്യുന്ന ഏതു കര്‍മ്മവും തന്റെയെന്നപോലെ മറ്റുള്ളവരുടെയും ഇഷ്ടം നേടിക്കൊടുക്കുന്ന തരത്തിലുള്ളതായിരിക്കണം.
”അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു
കൃപണനധോന്മുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം’
അപരനുവേണ്ടി, പകലും രാത്രിയും സ്വാര്‍ത്ഥത വെടിഞ്ഞ് കൃപാലു (കരുണാമൂര്‍ത്തി) നല്ല കാര്യം ചെയ്യുന്നു. കൃപണനോ? (സ്വാര്‍ത്ഥനോ?) അധോമുഖനായി (തലകീഴായി- ഭേദചിന്തകൊണ്ട് സങ്കുചിതഹൃദയനായി) ക്കിടന്ന് ചെയ്യുന്ന കര്‍മ്മം, അപജയകര്മ്മമാണ്. അത് സ്വന്തം കാര്യങ്ങള്‍ സാധിക്കാന്‍ വേണ്ടി മാത്രമാണ്. ഇവിടെ കാരുണ്യമൂത്തിയായ ഒരാളേയും അതിനു വിപരീതത്തിലുള്ള ഒരാളേയും ഗുരു തുലനം ചെയ്യുന്നു. ആ താരതമ്യത്തിലും അപരന് എന്ന വ്യക്തിയ്ക്കാണ് പ്രാധാന്യം. ‘ഞാന്‍ ഞാന്‍’ എന്ന തോന്നലല്ല വേണ്ടത്.
”അഹമഹമെന്നരുളുന്നതൊക്കെയാരാ –
യുകിലകമേ പലതല്ലതേകമാകും” എന്നിടത്ത് അത് വ്യക്തമാണ്. സത്യത്തില്‍, ഞാന്‍ ഞാന്‍ എന്നിങ്ങനെ പ്രകടമാകുന്ന അനുഭവം പലതല്ല- ഏകമാണ്. ഒരേ ബോധവസ്തു തന്നെയാണ്. ഗുരു പറയുന്നു :
”അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം”
സ്വന്തം സുഖത്തിനായി ചെയ്യുന്ന കര്‍മ്മങ്ങള്‍ മറ്റുള്ളവരുടെ സുഖത്തെ മുന്നില്‍ക്കണ്ടു കൊണ്ടായിരിക്കണം. ഇവിടെയും അപരനാണ് പ്രാധാന്യം. എല്ലാവരും ഒരേ ഉണ്മയുടെ പ്രതിരൂപങ്ങളാണ്. പരസ്പരം പോരാടുന്നതുകൊണ്ട് പ്രയോജനമില്ല. ‘ജാതിനിര്‍ണ്ണയം’എന്ന കൃതിയില്‍ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ എന്നു പറഞ്ഞ ശേഷം ഗുരു പറയുന്നത് :
”ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍
ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം’
എന്നാണ്. ഇവിടെ ‘ആത്മോപദേശശതകം’ ഓര്‍ക്കുക :
”ഒരുവനു നല്ലതുമന്യനല്ലലും ചേ-
ര്‍പ്പൊരു തൊഴിലാത്മവിരോധിയോര്‍ത്തിടേണം;
പരനുപരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്വീണെരിഞ്ഞിടുന്നു”
തര-തമ ഭേദം പാടില്ല. ഒരുവനു നല്ലതും മറ്റൊരാളിന് അല്ലലും വരുത്തരുത്. മറ്റൊരാളിന് ദുഃഖമുണ്ടാകുന്നത് ചെയ്യരുത് എന്നതിനാണ് പ്രധാന്യം. അതുകൊണ്ടാണ് പരന് പരിതാപം ഉണ്ടാക്കുന്നവര്‍ എന്ന വിശദീകരണം ഗുരു നടത്തിയത്- അന്യന് ദുഃഖം ഉണ്ടാക്കുന്നവര്‍ ചുട്ടെരിക്കുന്ന നരകസമുദ്രത്തില്‍ വീണെരിയുന്നു. എക്സിസ്റ്റ്യന്ഷ്യലിസ്റ്റുകള് പറഞ്ഞത് അന്യന് നരകമാണ് – other is hell – എന്നാണ്. സാര്‍ത്രിന്റെ ‘ In camera ‘ എന്ന നാടകത്തിലെ കഥാപാത്രം അങ്ങനെ പറയുന്നുമുണ്ട്. ഗുരുചിന്തയില്‍ അന്യന് നരകമല്ല. ”അവനവനാത്മസുഖത്തിനാചരിക്കുന്നവ യപരന്നു സുഖത്തിനായ് വരേണം” എന്ന ചിന്ത പ്രബലമായാല്‍ അന്യന് ഒരിക്കലും നരകമായി മാറുന്നില്ല.
”പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്ന പോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം”.
ഇത്, ദാര്‍ശനികകൃതിയായ ‘ആത്മോപദേശശതക’ത്തിലെ പ്രബോധനാത്മകതയാണ്. എല്ലാ മതങ്ങളുടെയും പരമമായ സത്യം ഒന്നാണെന്ന് മനസ്സിലാക്കാതെ, പാമരന്മാര് അലയുന്നതുകണ്ട് വിവേകശാലികള്‍ ഉഴലരുത്. അവര്‍ ശാന്തമായി സത്യം തിരിച്ചറിയണം. മതത്തിന്റെ പേരില്‍ നിലനില്ക്കന്ന എല്ലാ പോരാട്ടങ്ങളും അവസാനിപ്പിക്കണമെന്നാണ് ഗുരു പറഞ്ഞത്.
കാവ്യരൂപത്തിലെന്നപോലെ പ്രസംഗരൂപത്തിലും മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഗുരു അവതരിപ്പിച്ചിട്ടുണ്ട്. ടി. കെ. മാധവന് 1916 ജൂലായ് 16 ലെ ‘ദേശാഭിമാനി’ യില്‍ അത് പ്രസിദ്ധം ചെയ്തിട്ടുണ്ട് : ”എല്ലാവര്ക്കും സ്വീകാര്യമായ ഒരൊറ്റ മതം ഉണ്ടാകാന്‍ പ്രയാസമാണ്. എന്റെ മതം സത്യം. മറ്റുള്ളതെല്ലാം അസത്യം എന്നാരും പറയരുത്. എല്ലാ മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളത് സദുദ്ദേശ്യത്തോടുകൂടിയാണ്. ഇപ്പോള്‍ നിലവിലിരിക്കുന്ന ഏതെങ്കിലും മതവുമായി നമുക്കു യാതൊരു ബന്ധവുമില്ല. എല്ലാ മതങ്ങളും നമുക്കു സമ്മതമാണ്. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുമതത്തിലെ ചിലരുടെ ആഗ്രഹമനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍ മുതലായ മറ്റുമതക്കാരും ആഗ്രഹിക്കുന്ന പക്ഷം അവര്‍ക്കായും വേണ്ടതുചെയ്യാന്‍ നമുക്ക് സന്തോഷമേ ഉള്ളൂ.’ ‘അനുകമ്പാദശക’ത്തിന്റെ ഏഴാമത്തെ ഖണ്ഡത്തില്‍ കാരുണ്യത്തിന്റെ മൂര്‍ത്തികളായി പുരാണപുരുഷന്മാരോടൊപ്പം ക്രിസ്തുവിനെയും നബിയെയും, ”പരമേശപവിത്രപുത്രനോ?/കരുണാവാന്‍ നബി മുത്തുരത്നമോ?”, എന്നിങ്ങനെ ഗുരു അണിനിരത്തിയത് ഓര്‍ക്കുക. ”ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. എന്റെ മതം സത്യം. മറ്റുള്ളതെല്ലാം അസത്യം എന്നാരും പറയരുത്’ എന്ന ആശയത്തെയാണ് ഇവിടെ ഗുരു മുറുകെപ്പിടിച്ചത്. അയ്യപ്പപ്പണിക്കര്‍ എഴുതിയപോലെ, പരമ്പരാഗതസങ്കല്പങ്ങളെ തിരുത്തി സമകാലികമാക്കുകയായിരുന്നു ഗുരു.
മതത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെന്നപോലെ ജാതിയെക്കുറിച്ചുള്ള സങ്കല്പങ്ങളും ഗുരു തിരുത്തി. ‘ജാതിനിര്‍ണ്ണയം’ ആരംഭിക്കുന്നതുതന്നെ,
”മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാധിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽ പിന”
എന്നു പറഞ്ഞുകൊണ്ടാണ്. മനുഷ്യനു ജനനം കൊണ്ടു കിട്ടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മണാദിജാതിക്ക് യാതൊരു യുക്തിയുമില്ല. പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക് ഗോത്വമാണ് ജാതി. അതുപോലെ മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി. നരജാതി എന്നൊരു ജാതി മാത്രമേ ഉള്ളൂ. എല്ലാവരും ആ ജാതിയിലാണുള്ളത്.
”നരജാതിയില്‍നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയാന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍?”
എല്ലാവരും ജനിക്കുന്നത് നരജാതിയില്‍ നിന്നുതന്നെയായതിനാല്‍ മനുഷ്യവര്‍ഗ്ഗത്തില്‍ ഒരു ഭേദവുമില്ല.
‘ജാതിനിര്‍ണ്ണയ’ത്തില്‍ മാത്രമല്ല, 1925 മാര്‍ച്ച് 11-ന് ശിവഗിരിയില്‍വച്ച് ഗാന്ധിജിയുമായി നടത്തിയ സംഭാഷണത്തിലും ഗുരു, മനുഷ്യന് ഒരു ജാതിയേ ഉള്ളൂ എന്നു സ്ഥാപിക്കുന്നുണ്ട്. വര്‍ണ്ണാശ്രമത്തെ സ്ഥാപിക്കുന്നതിനായി, മാവിന്റെ ഇലകളെ ചൂണ്ടി, ഗാന്ധിജി മാവിലെ പല ഇലകളും പല ആകൃതിയിലും വലിപ്പത്തിലും ഇരിക്കുന്നതുപോലെ മനുഷ്യരില്‍ വര്‍ണ്ണവ്യത്യാസമുണ്ട് എന്ന് ഗുരുവിന്റെ മുന്നില്‍ വാദിച്ചു.
ഗുരു അതിനു നല്കിയ മറുപടി, ”പല ഇലകളും മണത്തുനോക്കിയാല് ഒരേ മണവും, രുചിച്ചു നോക്കിയാല്‍ ഒരേ രുചിയും മാത്രമായിരിക്കും. സൂര്യപ്രകാശം ലഭിക്കുന്നതിലും മറ്റുമുള്ള വ്യതിയാനങ്ങള്‍ മൂലമാണ് അവയില്‍ ആകൃതിയും വലിപ്പവും വ്യത്യസ്തമായിരിക്കുന്നത്. അതുപോലെ മനുഷ്യന് ഒരു ജാതിയേ ഉള്ളൂ. ഭൗതികസാഹചര്യങ്ങളുടെ വ്യത്യാസത്താല്‍ സ്ഥിതിഭേദം ഉണ്ടാകാമെന്നേയുള്ളൂ.” 1921 മെയ് 15-ന് ആലുവയില്‍ ചേര്‍ന്ന അഖില കേരള സഹോദരസമ്മേളനത്തിലേക്ക് ഗുരു സ്വന്തം കൈപ്പടയിലെഴുതി കെ. അയ്യപ്പനു നല്കിയ സന്ദേശത്തിലും ഇതേ കാഴ്ചപ്പാട് പ്രത്യക്ഷമാണ് : ”മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായിരുന്നതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.”
‘ജാതിനിര്‍ണ്ണയ’ത്തിലെന്നപോലെ ‘ജാതിലക്ഷണ’ ത്തിലും ഗുരു ജാതി എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ”പുണര്‍ന്നു പെറുമെല്ലാമൊരിനമാം”. ”പുണരുക”യെന്നാല്‍ ആലിംഗനബദ്ധമാകുക എന്നതിനപ്പുറം, ഇണചേരുക എന്നാണ്. അടുത്ത പദം ”പേറ്” എന്നാണല്ലോ. അങ്ങനെ പെറുന്നതെല്ലാം ഒരിനമാണ്. (”ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍” എന്ന ‘ജാതിനിര്‍ണ്ണയ’ത്തിലെ സ്ഥിതി തന്നെ). അങ്ങനെയുള്ള ഓരോ ഇനത്തിന്റെയും സവിശേഷത എന്താണ്?
”ഓരോയിനത്തിനും മെയ്യുമോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും തണുവും നോക്കുമോര്‍ക്കണം’
ഓരോ ഇനത്തിനും മെയ്യ് – ദേഹം – ഓരോ ആകൃതിയാണ്. ഒച്ച – ശബ്ദം – ഓരോ മാതിരിയാണ്. പിന്നെ മണം (ഗന്ധം), ചുവ (രുചി), ചൂട് (ദേഹത്തിലെ ഊഷ്മാവും ശൈത്യവും), നോക്ക് (നോട്ടം) ഇവയെല്ലാം വ്യത്യസ്തമായ രീതിയിലാണ്. ഈ വ്യത്യാസമേയുള്ളൂ ഓരോ ഇനത്തിനും. അപ്പോള്‍ മനുഷ്യന്റെ ജാതി ഒന്നാണ്. പരസ്പരം കണ്ടുമുട്ടുമ്പോള്‍ ചോദിക്കാവുന്ന ചില കാര്യങ്ങളുണ്ട് :
”പേരൂരുതൊഴിലീ മൂന്നും
പോതുമായതു കേള്‍ക്കുക”
പേരെന്താണ്, നാടേതാണ്, തൊഴിലെന്താണ് എന്നീ കാര്യങ്ങള്‍ ചോദിക്കാം. എന്നാല്‍
” ആരു നീയെന്നു കേള്‍ക്കേണ്ടാ
നേരു മെയ് തന്നെ ചൊല്കയാല്”
നിന്റെ ജാതി എന്താണ് എന്ന് ചോദിക്കേണ്ട. ‘നേര് മെയ് തന്നെ’ വ്യക്തമാക്കിത്തരുന്നുണ്ട്.
”ഇനമാര്‍ന്നുടല്‍ താന്‍ തന്റെ
യിനമേതെന്നു ചൊല്കയാല്
ഇനമേതെന്നു കേള്‍ക്കില്ല
നിനവും കണ്ണുമുള്ളവര്‍”
ഇനം (വര്‍ഗ്ഗം) ഏതെന്നു വിളിച്ചറിയിക്കുന്ന ഉടല്‍തന്നെ, ജാതിയേതെന്നു ചൊല്ലുന്നതുകൊണ്ട് നിനവും കണ്ണും ഉള്ളവര്‍ ജാതി ഏതെന്നു ചോദിക്കുകയില്ല. മനുഷ്യന്റെ ഉടല് കാണുമ്പോള്ത്തതന്നെ അറിയാം അയാള്‍ മനുഷ്യജാതിയില്പ്പെട്ടതാണെന്ന്. എന്നിട്ടും ജാതി ചോദിച്ചവരോട് ഗുരു ഫലിതത്തില്‍ ചോദിച്ചിട്ടുണ്ട്, കണ്ടിട്ട് മനസ്സിലായിലെങ്കില്പ്പിന്നെ , പറഞ്ഞാല്‍ എങ്ങനെ മനസ്സിലാകും എന്ന്.
മതത്തെയും ജാതിയേയും സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ഗുരു നിരന്തരം തന്റെ പ്രവൃത്തികളില്‍ സാക്ഷാത്ക്കരിച്ചു. 1888 ഫെബ്രുവരി 20 ന് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് അദ്ദേഹം എഴുതിയ സന്ദേശം അതിന്റെ മികച്ച മാതൃകയാണ്.
”ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’
ഇതേപോലെ ശക്തമായ നിലപാട് ശ്രീനാരായണധര്മ്മപരിപാലനയോഗത്തില് ആരെയെല്ലാം അംഗങ്ങളാക്കാം എന്ന തീരുമാനത്തിലുമുണ്ട്. ഒരു കൊല്ലം കൊണ്ട് അമ്പതിനായിരത്തില്‍പരം അംഗങ്ങളെ ചേര്‍ക്കുക എന്ന പരിശ്രമത്തിന് തുടക്കം കുറിക്കാന്‍ ശിവഗിരിയില്‍ ചേര്‍ന്ന യോഗത്തില്‍, ജനറല്‍ സെക്രട്ടറിയായിരുന്ന കുമാരനാശാനെ ഏല്പിച്ച സംഘടനാസന്ദേശത്തില് ഗുരു എഴുതിയത് ഇങ്ങനെയാണ് : ”സംഘടന കൊണ്ടല്ലാതെ ഒരു സമുദായത്തിന് അഭിവൃദ്ധിയും ശക്തിയും ഉണ്ടാകുന്നതല്ല. ഈ തത്വം അനുസരിച്ചാണ് നാം 25 കൊല്ലം മുമ്പേ യോഗം സ്ഥാപിച്ചത്. ഈഴവനെന്ന പേര് ഒരു ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നതല്ല. അതിനാല്‍ ഈ യോഗത്തില്‍ ജാതിമതഭേദം നോക്കാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്. യോഗത്തില്‍ ധാരാളം അംഗങ്ങള്‍ ചേരട്ടേ എന്നു നാം ആശംസിക്കുന്നു.” (ഗുരുവിന്റെ ശിഷ്യപരമ്പരകളില് എല്ലാ മത-ജാതി വിഭാഗങ്ങളിലും ഉള്‍പ്പെട്ടവര്‍ സന്യാസിമാരായി ഉണ്ടായിരുന്നുവെന്നതു് ഓര്‍ക്കുക.) ശ്രീരാമകൃഷ്ണമിഷന്റെ ‘പ്രബുദ്ധകേരളം മാസിക’യില്‍ 1916 ല്‍ പ്രസിദ്ധം ചെയ്ത ഗുരുവിന്റെ പ്രസ്താവന ഇങ്ങനെയാണ്: ”നാം ജാതിഭേദം വിട്ടിട്ട് ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അക്കാരണത്താല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്ക് ഇട വന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗത്തില്‍ നിന്ന് മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവണ്ണം ആലുവ അദ്വൈതാശ്രമത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലാല്‍ ചേര്‍ക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതാകുന്നു. ഈ വസ്തുത ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.” അയ്യപ്പപ്പണിക്കര്‍ ഗുരുവിന്റെ ഗുരുത്വത്തിന്റെ അഞ്ചാം പടവായിക്കണ്ട, ”തത്ത്വങ്ങളെ പ്രയോഗത്തില്‍ അന്തഃസന്നിവേശം ചെയ്തു’എന്ന കാര്യം ഇവിടെ പ്രത്യക്ഷമാണ്. ഇതിലൂടെയെല്ലാം ആധുനികഭാരതത്തെ പുനരവതരിപ്പിക്കാനാണ് ഗുരു ശ്രമിച്ചത്.
ആധുനികഭാരതത്തെ പുനരവതരിപ്പിക്കണമെങ്കില് എന്താണ് വേണ്ടതെന്ന് ഗുരു പറഞ്ഞു. അതിന്റെ സാരസര്‍വ്വസ്വമാണ് ‘അനുകമ്പാദശകം’.
”ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളില്നിന്-
തിരുമെയ് വിട്ടകലാത്ത ചിന്തയും’
”അല്ലയോ കരുണാസമുദ്രമായ ഭഗവാനേ എന്നില്‍ നിന്നും ഒരെറുമ്പിനു പോലും വേദനയുണ്ടാകാന്‍ ഇടയാകരുത് എന്ന രൂപത്തിലുള്ള കാരുണ്യവും, എല്ലായ്പ്പോഴും അങ്ങയുടെ ദിവ്യരൂപം ഹൃദയത്തില്‍ നിന്നും മറന്നുപോകാത്ത വിധമുള്ള സ്മരണയും തന്നനുഗ്രഹിക്കുക’. തുടര്‍ന്ന് ഗുരു ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും പ്രാധാന്യത്തില്‍ ഊന്നുന്നു. അരുളാല്‍ – ജ്ഞാനത്താല്‍- സുഖം വന്നുചേരും. സ്നേഹമില്ലാത്ത ഹൃദയത്തില്‍ ദുഃഖങ്ങള്‍ വന്നുചേരും. അജ്ഞത ദുഃഖത്തിനാസ്പദമായിത്തീരും. ഇത് ഏതാപത്തിനും വിത്തായിത്തീരും. ജ്ഞാനം, സ്നേഹം, അനുകമ്പ എന്നീ മൂന്നിനും ആശ്രയം ഒന്നു തന്നെയാണ്.
”അരുളന്‍പനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
അരുളുള്ളവനാണു ജീവിയെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി’
അറിവ്, സ്നേഹം, കാരുണ്യം – ഇവ മൂന്നിനും ആസ്പദമായ പൊരുള്‍ ഒന്നുതന്നെയാണ്. അത് ജീവനെ സംസാരദുഃഖങ്ങളുടെ മറുകര കൊണ്ടെത്തിക്കുന്നു. അറിവ് ഉള്ളവന് മാത്രമാണ് ജീവിക്കുന്നവന്. ഇത് എല്ലായ്പ്പോഴും മനുഷ്യന് തിരിച്ചറിയേണ്ടതാണ്. ഈ അറിവിലൂടെ മാത്രമേ സമൂഹത്തെ പുനരവതരിപ്പിക്കാന്‍ കഴിയൂ. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുവിന്റെ കാഴ്ചപ്പാട് ഓര്‍ക്കുക.
‘അറിവ്’ എന്ന പേരില്‍ അറിവിന്റെ പൊരുളിനെ ഗുരു സവിശേഷമായി ആഖ്യാനം ചെയ്തിട്ടുണ്ട്. അറിവ് എന്ന അദ്വൈതവസ്തുവല്ലാതെ പ്രപഞ്ചത്തില്‍ രണ്ടാമതൊന്നില്ല എന്ന് ഗുരു പറയുന്നു. ഗുരുതത്വചിന്തയുടെ ജ്ഞാനഗീതമാണ് ‘അറിവ്’. അറിവ്, അറിയപ്പെടുന്ന പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ പരമരഹസ്യം വിചാരം ചെയ്തറിയുമ്പോള്, അറിയപ്പെടുന്ന ഈ പ്രപഞ്ചം ബോധസ്വരൂപമായ അറിവ് തന്നെയാകുന്നു. പ്രപഞ്ചാനുഭവത്തില്‍ ബോധം മാറ്റമില്ലാതെ കാണപ്പെടുന്നതുകൊണ്ട്, എവിടെയും വസ്തുവായി ബോധമില്ലാതെ മറ്റൊന്നും ഇല്ല. ബോധം ഇല്ലെന്നു വന്നാല്‍ അറിയപ്പെടുന്നതായി തോന്നുന്ന ജഡദര്ശനങ്ങള് ഇല്ല. ഈ അറിയപ്പെടുന്നത് ഉണ്ടെന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ബോധത്തിലല്ലാതെ മറ്റെവിടെയെങ്കിലും ഈ ജഡങ്ങള്‍ ഉള്ളതായി അനുഭവപ്പെടുന്നുണ്ടോ എന്നു ചിന്തിക്കണം. അങ്ങനെ ചിന്തിച്ചാല്‍ ജഡത്തിന്റെ അനുഭവം മറ്റൊരിടത്തും ഇല്ലെന്നു കാണാന്‍ കഴിയും.
‘അനുകമ്പാദശക’ത്തില്‍ ഗുരു പറയുന്നുണ്ടല്ലോ:
”അരുളില്ലയതെങ്കിലസ്ഥി തോല്-
സിരനാറുന്നൊരുടമ്പു താനവന്
മരുവില്‍ പ്രവഹിക്കുമംബുവ-
പ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം”
ബോധസത്യത്തെക്കുറിച്ചുള്ള അറിവും തുടര്‍ന്നുള്ള അനുകമ്പയും ഒരുവനില്‍ ഇല്ലാതായാല്‍ മനുഷ്യന് പിന്നെ – തൊലി, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ഏഴു മലങ്ങളെക്കൊണ്ടു നിര്‍മ്മിച്ച ദുര്‍ഗന്ധം വമിക്കുന്ന ദേഹം മാത്രമാണ്. ആ പുരുഷന്/മനുഷ്യന് മരുഭൂമിയിലെ വെള്ളമാണ്. അവന്റെ ജീവിതം കായും മണവുമില്ലാത്ത പൂവുപോലെ പ്രയോജനരഹിതമാണ്.
‘ഈശാവാസ്യോപനിഷത്തി’ന്റെ പരിഭാഷ ഗുരു നടത്തിയിട്ടുണ്ട്. ആദ്യ പദ്യം ഇങ്ങനെയാണ്:
”ഈശന് ജഗത്തിലെല്ലാമാ-
വസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനായാശി-
ക്കരുതാനുടയും ധനം’
മുക്തനായിരിക്കുക എന്നതിനാണ് ഗുരു ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇവിടെ ശ്രീ നാരായണഗുരുവിന്റെ പാരിസ്ഥിതികഭാവുകത്വം എന്തായിരുന്നു എന്നതിനെപ്പറ്റി ആലോചിക്കേണ്ടതുണ്ട്. സഹോദരന് അയ്യപ്പനോട് ഗുരു പറഞ്ഞത്: ”ഒടുങ്ങാത്ത ആവശ്യങ്ങള്‍ മനുഷ്യര്‍ക്കല്ലാതെ മറ്റൊരു മൃഗങ്ങള്‍ക്കുമില്ല. അവന് ഭൂമുഖത്തെല്ലാം സംഹാരതാണ്ഡവം ചെയ്തു നടക്കുന്നു. പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴല്‍ പരത്തുന്നു. മരങ്ങളെല്ലാം വെട്ടിനശിപ്പിക്കുന്നു. പച്ച നിറഞ്ഞ പ്രകൃതിയെ വികൃതമാക്കി ശൂന്യതയിലാഴ്ത്തുന്നു. അതിനുപകരം വൃത്തികെട്ട, പുക നിറഞ്ഞ പട്ടണങ്ങള്‍ കുമിഞ്ഞുകടുന്നു. കടിഞ്ഞാണില്ലാത്ത അവന്റെ ലോഭത്തിന് ഇതെല്ലാം അനിവാര്യമാണ്.” ലോകത്ത് പാരിസ്ഥികസൗന്ദര്യശാസ്ത്രം വികസ്വരമാകുന്നതിനുമുമ്പ്, പരിസ്ഥിതിക ഉച്ചകോടികള്‍ക്കായി രാഷ്ട്രത്തലവര്കണ്ടുമുട്ടുന്നതിനുമുമ്പ്, സൈലന്റ് വാലി പ്രക്ഷോഭത്തിനും മുമ്പ്, കവികളും കലാകാരന്മാരും ബുദ്ധിജീവികളും പരിസ്ഥിതി രചനകള്‍ നിര്‍വഹിക്കുന്നതിനും മുമ്പ്, സുസ്ഥിരവികസനത്തെ ഐക്യരാഷ്ട്രസഭ നിര്‍വ്വചിക്കുന്നതിനും മുമ്പ്, കാലാവസ്ഥാവ്യതിയാനത്തിന്റെ ആഗോള വിചാരധാരകള്‍ക്കും മുമ്പ് ഗുരു അവതരിപ്പിച്ച പാരിസ്ഥിതികാവബോധം ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. ഇവിടെയാണ് മുക്തനായിരിക്കുക എന്നതിന്റെ ദാര്‍ശനികത ജൈവികമാകുന്നത്. ഈ ജൈവികതയാണ് ഗുരുത്ത്വചിന്തയുടെ കാതല്‍.