വരകൊണ്ടു പൂർത്തീകരിച്ച ശ്വാസം
പ്രകൃതിയിൽ നിന്ന് നിറങ്ങളെ കടത്തിക്കൊണ്ടു വരാൻ ചിക്കോ നടത്തിയ സംക്രമപദ്ധതികളെ ചിത്രകലയിലെ പുതിയ ജ്ഞാന ശാസ്ത്രമായി കണ്ട് വിലയിരുത്തേണ്ടതുണ്ട്. പ്രകൃതിയെ അറിവുകളുടെ മ്യൂസിയമായി കണ്ട ഒരു ചിത്രകാരൻ, അത് പകർത്താതിരുന്നാലുള്ള ഇരട്ട നാണക്കേടിന്റെ ചുളിവുകളെ പരിഹരിക്കാൻ ഒരുമ്പെടുന്നത് തന്റെ ഭാവനയിൽ പ്രകൃതിയെ പുനർനിർമ്മിച്ചുകൊണ്ടാണ്. പ്രകൃതിയുടെ നല്ല ക്യൂറേറ്ററാണ് ചിത്രകാരൻ. പ്രകൃതി അയാൾക്ക് ഒരു ഗ്യാലറിയാണ്.
എല്ലാ നിറങ്ങളും ഭാവനയുടെ ചരിത്രമാണ് രൂപപ്പെടുത്തുന്നത്. വരയ്ക്കുന്നവരെല്ലാം നിറത്തെ ഭാഷയാക്കുകയാണ് ചെയ്യുന്നത്. വര എന്ന പദാർത്ഥത്തിന് തിളക്കം കൂട്ടുന്നത് പക്ഷെ നിറം മാത്രമല്ല. അത് ചിത്രങ്ങളുടെ സ്മാരക സ്വഭാവം മാത്രമാണ്. പക്ഷെ എല്ലാ നിറങ്ങളും അതിൽ തന്നെ ഒരു അധികാരമാണ്. അവ അർത്ഥം കൈമാറാത്തപ്പോൾ മാത്രമാണ് അധികാര ശൂന്യരായി തീരുന്നത്. ചിത്രഭാഷയുമായി ഒരു പ്രത്യേക കടവിൽ വാസമുറപ്പിക്കുന്നവരുണ്ട്. ഇത് ചിത്രകലയിലെ പുതിയ എപ്പിസ്റ്റമോളജിയായി (epistemology) അവതരിപ്പിച്ച ചിത്രകാരനാണ് ചിക്കോ. സർഗാത്മക പൗരത്വത്തിന് പ്രകൃതിയോട് ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് രചനകൾ കൊണ്ട് സ്ഥാപിക്കാനാണ് ചിക്കോ ശ്രമിച്ചത്. പ്രകൃതിയിൽ നിന്ന് നിറങ്ങളെ കടത്തിക്കൊണ്ടു വരാൻ ചിക്കോ നടത്തിയ സംക്രമപദ്ധതികളെ ചിത്രകലയിലെ പുതിയ ജ്ഞാന ശാസ്ത്രമായി കണ്ട് വിലയിരുത്തേണ്ടതുണ്ട്. പ്രകൃതിയെ അറിവുകളുടെ മ്യൂസിയമായി കണ്ട ഒരു ചിത്രകാരൻ, അത് പകർത്താതിരുന്നാലുള്ള ഇരട്ട നാണക്കേടിന്റെ ചുളിവുകളെ പരിഹരിക്കാൻ ഒരുമ്പെടുന്നത് തന്റെ ഭാവനയിൽ പ്രകൃതിയെ പുനർനിർമ്മിച്ചുകൊണ്ടാണ്. പ്രകൃതിയുടെ നല്ല ക്യൂറേറ്ററാണ് ചിത്രകാരൻ. പ്രകൃതി അയാൾക്ക് ഒരു ഗ്യാലറിയാണ്. അവിടെ ചിക്കോ എന്ന ചിത്രകാരന് ഓരോ നിറവും ഓരോ ഇൻസ്റ്റലേഷനായി മാറുന്നു. പ്രകൃതിയെ സംബന്ധിച്ച് ഒരു ചിത്രകാരൻ എന്നു പറയുന്നയാൾ ഒരു ആർട്ട് ജേണലിസ്റ്റാണ്. പക്ഷെ അയാളുടെ സർഗാത്മക ക്രിയയിൽ ഒരിടത്തും ഏശാനിടയില്ലാത്ത ഒരു നാടകീയപ്രകടനവും മുതിർച്ച പ്രാപിച്ചെത്തുന്നില്ല. രാഷ്ട്രീയമായ ഇക്കോളജിക്കൽ ശരികൾ പ്രകൃതിയെന്ന മ്യൂസിയത്തിലാണുള്ളതെന്ന് വിശ്വസിച്ച കലാകാരനാണ് ചിക്കോ. പ്രകൃതിയിൽ പടർന്നുനിൽക്കുന്ന നാട്ടുവഴക്കങ്ങളെ സ്വാധികാരത്തിന്റെ നൈപുണ്യമായി കാണുകയും അഴിച്ചുപണികളിലൂടെ വിന്യസിക്കുകയും ചെയ്യുന്ന ഒരു അബോധക്രമത്തെ ചിക്കോ സൃഷ്ടിച്ചിട്ടുണ്ട്.
പ്രകൃതിയിൽ
നിന്നും അഴിഞ്ഞു വീണ
പച്ചകൾ
പ്രകൃതിയിൽ നിന്നും പച്ചയെ അഴിച്ചെടുത്ത ലോക ചിത്രകാരന്മാരാണ് ( Cheri Samba) ചെറി സാമ്പയും ഹെൻറി റൂസ്സോയും (Henri Rousseau) ഗബ്രിയേൽ ഒറോസ്കോയും (Gabriel Orozco) ഒക്കെ. ഇവരുടെ പ്രകൃതിയാഖ്യാനങ്ങളുടെ തുടർച്ചയായി തന്നെ വേണം ചിക്കോയുടെ ചിത്രങ്ങളെ വായിക്കാൻ. ഗബ്രിയേലിന്റെ ‘ ടleeping Leaves’ ഉം ഹെന്റിയുടെ ‘ Tropical forest with Monkeys ‘ ഉം ചെറിയുടെ ” Mr. Poor’s family ‘ യും കോസ്മോ എപ്പിസ്റ്റമോളജിയുടെ ഏറ്റവും ഒടുവിലത്തെ തുമ്പുകളാണ്. മനപൂർവ്വം കൂട്ടിയൊട്ടിക്കപ്പെടാത്ത നിറങ്ങളുടെ അർത്ഥപൂർണ്ണതകൾ പലപ്പോഴും പ്രകൃതിയിൽ നിന്നും അഴിഞ്ഞുവീഴുന്ന പച്ചകളിൽ പ്രകടമാകുന്നത് ഈ അതീന്ദ്രിയ ( intuitive) വ്യവസ്ഥയിൽ നിന്നാണ്.
ചിക്കോയുടെ ചിത്രങ്ങൾ മുഴുത്ത കോസ്മിക് മെഡിറ്റേഷന്റെ (cosmic meditation) സന്തതികളാണ്. നാം വ്യവഹരിക്കുന്ന ഭൂമിയെ പൊതു ലോകത്തിന്റെ സാമാന്യബുദ്ധിക്ക് പിടികിട്ടുന്ന വിധത്തിലുള്ള ഒരു ഭാഷയുള്ളായ്മയിലേക്കാണ് ചിക്കോ കാണിയെ കൊണ്ടുപോയി പൊറുപ്പിക്കുന്നത്. മനുഷ്യന്റെ ഭാവജീവിതത്തെ പ്രകൃതിയിൽ നിന്നും കടഞ്ഞുണ്ടാക്കാൻ ധ്യാനത്തെ ഇന്ധനമാക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു ചിത്രകാരൻ പ്രകൃതിയിൽ ലയിച്ചതിനുശേഷം സംഭവിക്കുന്ന ഹ്യൂമനിസ്റ്റ് വിചാരമാണ്. കാണിയുടെ ലീലകൾക്കായി എന്നോ മാറ്റിവയ്ക്കപ്പെട്ട പ്രകൃതിയെ നിറവും ഭാഷയും അധികാരവും ഒക്കെയായി തർജ്ജമപ്പെടുത്താനുള്ള ശേഷി ഒരു ചിത്രകാരനുണ്ടെന്നു തെളിയിക്കുന്നവ തന്നെയാണ് ചിക്കോയുടെ ഗ്രീൻ പെയിന്റിംഗ് സ്. ചിക്കോ യുടെ നിറങ്ങളിൽ പ്രകൃതിയുടെ മനസ്സാണ് മുളച്ചുവരുന്നത്. അത് പ്രകൃതിയെയും അത് കാണുന്ന കാണിയുടെ കണ്ണുകളെയും പുതുതായി നിർമ്മിക്കുന്നു. ചിക്കോയുടെ ചിത്രങ്ങൾ പ്രകൃതിയുടെ പുതിയ അർത്ഥങ്ങളെ പെറ്റിടുന്നതിനെ ഗൗരവമായി കണ്ടേ മതിയാകൂ.
ചിക്കോയ്ക്കു
മാത്രം വഴങ്ങുന്ന ഭാഷ
ചിക്കോ പ്രകൃതിയെ തട്ടിക്കൊണ്ടു പോകുന്നില്ല. പകരം അനുഭവപരമായ തിരിമറികൾ കൊണ്ട് പുതിയ ഒന്നിനെ എഴുന്നേൽപ്പിച്ചു നിർത്തുകയാണ്. കൊച്ചിയിൽ ജനിച്ചുവളർന്ന ഒരു ചിത്രകാരൻ എല്ലാ വികസനങ്ങൾക്കും ശേഷം നഗരമധ്യത്തിൽ ഒരു കാട് സ്വപ്നം കാണുന്നതിനെ നമുക്ക് ഭ്രാന്തായി ചിത്രീകരിക്കാനാവില്ല. ചിക്കോ എന്ന പേരിൽ വരച്ചിരുന്നതുകൊണ്ടുതന്നെ ചിത്രകാരനായ രാമകൃഷ്ണൻ പലർക്കും സുപരിചിതനായിരുന്നില്ല. ഭൂമിയിൽ ജീവിച്ച നാൽപത്തിയെട്ടുവർഷക്കാലത്തെ ചിത്രങ്ങൾ ഓരോന്നും വര കൊണ്ട് പൂരിപ്പിക്കപ്പെട്ട ശ്വാസങ്ങളായിരുന്നു. പ്രകൃതിയോട് കൂടുതൽ ഇടപഴകുന്ന മനുഷ്യരെയും മൃഗങ്ങളെയും ചെറു പ്രാണികളെയും ചിക്കോ കൈയ്യൊതുക്കത്തോടെയും സൂക്ഷ്മതയോടെയുമാണ് വരച്ചുവെച്ചത്. പ്രകൃതിയോടുള്ള മനുഷ്യരുടെ അകലത്തെ എത്രത്തോളമാണോ ചിക്കോ നിറങ്ങളിൽ കൊണ്ടുവെച്ചത് അതുപോലെ തന്നെ സമുദ്ര ശാസ്ത്ര ശാഖയിലുള്ള അറിവിന്റെ ആഴത്തെയും ചിക്കോ പൂരിപ്പിച്ചു. നിറങ്ങളുടെ ചെറിയ കഷണങ്ങൾ കൊണ്ട് കാണിയുടെ മനസ്സിനെ വിസ്തൃതകാഴ്ചകളിലേക്ക് നയിക്കാൻ നടത്തുന്ന ശ്രമവും സൂക്ഷ്മ പഠനത്തിനുള്ള വിഷയമാണ്. ജൈവ വൈകാരികതയുടെ വലിയ ഉദാഹരണങ്ങളാണ് അണ്ണാൻ, ആന, പാമ്പ്, പക്ഷികൾ, പൂച്ചകൾ എന്നിവ പല ചിത്രങ്ങളിലായി മാറി മാറി പ്രത്യക്ഷമാകുന്നത്. മനുഷ്യരും ജീവികളും ഒരു കൂടാരത്തിൽ ഒരുമിച്ചു ജീവിക്കുന്നതിനെയൊക്കെ ചിക്കോ പ്രമേയമായി അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യൻ പ്രകൃതിയിലെ കേന്ദ്ര വിഭവമാണെന്നും അതിന് ഒരു വൈകാരിക ജൈവിക ബലമുണ്ടെന്നും അതിന്റെ വൈകാരിക തരികൾ പ്രകൃതിയിലെ എല്ലാറ്റിലും നിറഞ്ഞു നിൽപ്പുണ്ടെന്നും നിറങ്ങളിലൂടെ തന്നെ കാട്ടിത്തരുകയാണ് ചിക്കോ ചെയ്തത്. ഇത് ചിക്കോയ്ക്ക് മാത്രം വഴങ്ങുന്ന ഒരു ചിത്ര ഭാഷയാണ്. നാൽപത്തിയെട്ടുവർഷം എന്ന ചെറിയ കാലയളവിനെ വരയുടെ ശ്വാസം കൊണ്ട് പൂരിപ്പിക്കുകയായിരുന്നു ഈ കലാകാരൻ.