രാജാരവിവർമ്മ പുരസ്കാരത്തിന് ഒരു വിയോജന കുറിപ്പ്
ആർതർ ദാന്റോയുടെ കലാതത്വ ചിന്തയിൽ ഏറ്റവും അധികം വണ്ണിച്ചുനിൽക്കുന്ന ഒരു പ്രസ്താവനയുണ്ട് – ” എന്തെങ്കിലുമൊന്ന് കലയായി പരിഗണിക്കപ്പെടണമെങ്കിൽ മിഴികൾ കൊണ്ട് ഒപ്പിയെടുക്കാൻ പാകത്തിലുള്ള ചില സംഗതികൾ കൂടി ആ പദാർത്ഥത്തെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടാവണം. “
സമകാലിക കല അതിന്റെ മാധ്യമവൈവിധ്യങ്ങളാൽ സമ്പന്നമാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ കലയെ കുറിച്ചുളള വിശാലപ്രതീക്ഷകളിൽ ഒരിടത്തും രാഷ്ട്രീയ ദൗത്യത്തെയും രാഷ്ട്രീയ ഉള്ളടക്കത്തെയും ഗൗരവമായി ഇൻവെസ്റ്റ് ചെയ്യാത്തവരെ കലാകാരചരിത്രം മറന്നുപോകുക തന്നെ ചെയ്യും. ഒരു സംസ്ഥാനത്ത് കല പരിപോഷിപ്പിക്കുന്നത് നിരന്തരമായ സാംസ്കാരിക മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ഇടപെടുകയും ചെയ്യുന്നവരിലൂടെയാണല്ലോ. കല അതതു ദേശങ്ങളിലെ സമുന്നതമായ സാംസ്കാരിക പ്രതിനിധാനങ്ങൾ എന്ന നിലയിലും സാമൂഹിക ഉപകരണമെന്ന നിലയിലും സ്വീകൃതമാകണമെങ്കിൽ ചിത്രകലയ്ക്കു നൽകുന്ന പരമോന്നത ബഹുമതിയായ രാജാ രവിവർമ്മ പുരസ്കാരം കേരളത്തിൽ വസിക്കുന്ന ചിത്രകാരൻമാർക്കുതന്നെ നൽകേണ്ടതുണ്ട്. കേരളീയ ചിത്രകലയുടെ സ്ഥാപനവൽക്കരണത്തെ സംബന്ധിക്കുന്ന ഒരു ആലോചനകളിലും ഇന്നേവരെ ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒരാൾ പുരസ്കൃതനാകുന്നതിനെ സംശയത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. കലയുമായി ബന്ധപ്പെട്ട സംവർഗങ്ങളാണ് ആർട്ട് ഗ്യാലറി, കലാവിപണി , ക്യൂറേറ്റർ തുടങ്ങിയ സംഘാടന സംഘാതങ്ങൾ. ഒരു കലാകാരന് എങ്ങനെയാണ് കലേതര സമൂഹവുമായി കല ചെയ്യാതെ ബാന്ധവമുണ്ടാക്കാനാവുക? ആർതർ ദാന്റോയുടെ കലാതത്വ ചിന്തയിൽ ഏറ്റവും അധികം വണ്ണിച്ചുനിൽക്കുന്ന ഒരു പ്രസ്താവനയുണ്ട് – ” എന്തെങ്കിലുമൊന്ന് കലയായി പരിഗണിക്കപ്പെടണമെങ്കിൽ മിഴികൾ കൊണ്ട് ഒപ്പിയെടുക്കാൻ പാകത്തിലുള്ള ചില സംഗതികൾ കൂടി ആ പദാർത്ഥത്തെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടാവണം. ” കലാവിപണി കലയുടെ സുപ്രധാനകേന്ദ്രമായ അക്കാദമിയുടെ ഇടത്തെ കൈയ്യടക്കുകയും കലയിൽ മൂലധനയുക്തി മേൽക്കൈ നേടുകയും ചെയ്ത സന്ദർഭമായിരുന്നു സുരേന്ദ്രൻ നായർക്ക് സമർപ്പിക്കപ്പെട്ട രാജാരവിവർമ്മ പുരസ്കാരം. എഴുപതുകളിലെ സാമൂഹിക – രാഷ്ട്രീയ – സാംസ്കാരിക മാറ്റങ്ങളെ എക്സ് പ്രഷനിസത്തിലൂടെയും ട്രാൻസ് അവന്റ് ഗാർഡിസത്തിലൂടെയും ആവിഷ്കരിച്ചുവെന്ന വാദത്തിലൂടെയാണ് സുരേന്ദ്രൻ നായർ കലാകാരൻ എന്ന നെറ്റിപ്പട്ടത്തെ ആഘോഷിക്കുന്നത്. ഒരാൾ ഫൈൻ ആർട്ട്സിൽ പഠിച്ചതുകൊണ്ടും ബറോഡ എം. എസ്. യൂണിവേഴ്സിറ്റിയിൽ കലാവിദ്യാഭ്യാസം പൂർത്തിയാക്കിയതുകൊണ്ടും മാത്രം ഉന്നതകലാകാരനാകുമോ? ചിത്രകലയ്ക് ഒരു സംസ്ഥാനം നൽകുന്ന പരമോന്നത ബഹുമതിയായ രാജാരവിവർമ്മ പുരസ്കാരം ലഭിച്ച സുരേന്ദ്രൻ നായർകേരളത്തിലെ ആർട്ട് ഗ്യാലറികളിൽ ഒരു സോളോ പ്രദർശനം പോലും നടത്തിയിട്ടില്ലാത്ത കലാകാരനാണ്.
ചിത്രകല എന്ന ദൃശ്യകലയുമായി ബന്ധപ്പെട്ട എല്ലാത്തരം കൊടുക്കൽ വാങ്ങലുകളെയും സൂചിപ്പിക്കുന്ന വിഹിതമല്ലാത്ത ഒരു എക്സ്ചേഞ്ചായി പോയി സുരേന്ദ്രൻ നായർക്കു നൽകപ്പെട്ട രാജാരവിവർമ്മ പുരസ്കാരം. കേരളത്തിന്റെ കലാ പുരോഗതിക്കും പരിപോഷണത്തിനും പ്രോത്സാഹനംനൽകാനാണ് ഈ അവാർഡ് സമാരംഭിച്ചത് എന്നാണ് നിയമാവലിയിൽ പറയുന്നത്. മാത്രവുമല്ല കേരളത്തിലെ ലളിത കലാ അക്കാദമിയുടെ സഹായത്തോടെ ഇവിടെ ഏകാംഗ പ്രദർശനങ്ങളോ മറ്റോ നടത്താത്ത കലാകാരവ്യക്തിത്വത്തെ ഇവിടെ താമസിക്കുന്നില്ല എന്ന ഒറ്റകാരണത്താൽ കലാകാര ഡയറക്ടറിയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. അങ്ങനെയെങ്കിൽ എന്ത് സംഭാവനകളുടെ മേന്മയിലാണ് സുരേന്ദ്രൻ നായർക്ക് രാജാരവിവർമ്മ പുരസ്കാരം നൽകിയത് ?
വ്യാജ ദേശീയതയും
കലയും
സുരേന്ദ്രൻ നായരുടെ ചിത്രസമുച്ചയത്തിൽ നിന്ന് നാം കണ്ടെടുക്കുന്ന ദേശീയ അവതാര പ്രതിനിധാനത്തിന്റെ ശൈലിയെ സംശയങ്ങളോടു കൂടിയേ നിരീക്ഷിക്കാനാവൂ. ഭാരതത്തിന്റെ സാംസ്കാരിക വിജ്ഞാനകോശത്തിലെ ദേശീയ ശരീരമായ ഗാന്ധിജിയെ പ്രശസ്തരും അപ്രശസ്തരുമായവർ ആഖ്യാനിച്ചിട്ടുണ്ട്. അവതാര പ്രതിനിധാനത്തിന്റെ ഏറ്റവും വലിയ സ്മാരകമാണ് ദീനാനാഥിന്റെ ‘The evolution of Gandhi” എന്ന ചിത്രം. അതിനേക്കാൾ വലുതാണോ സുരേന്ദ്രന്റെ മനുഷ്യന് എതിർമുഖം നിൽക്കുന്ന , ചരിത്രത്തിന് എതിർമുഖം നിൽക്കുന്ന ഗാന്ധി. സുരേന്ദ്രന്റെ ഗാന്ധിയിൽ മുഖം കാണിയെ കാണിക്കുന്നില്ല. അതിൽ വൃത്താകൃതിയിലുളള അഞ്ച് റിവേഴ്സുകൾ കാണാം. മറ്റൊന്നിൽ ഗാന്ധിയുടെ ചെരുപ്പുകൾ . വേറൊന്നിൽ ക്ലോക്കും കാണാം. മൊത്തത്തിൽ ഗാന്ധിയൻ സംസ്കാരങ്ങളെയും ഉപസംസ്കാരങ്ങളെയുമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷെ അവ കുഴഞ്ഞുമറിഞ്ഞാണ് കിടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയശരീരത്തെ അവതരിപ്പിക്കുന്നിടത്ത് ഒരു അയഞ്ഞ കണ്ണിയായിട്ടാണ് പക്ഷെ ചരിത്രത്തെ രൂപപ്പെടുത്തിവെച്ചിരിക്കുന്നത്. ഇതിനോടകം സ്ഥാപനവൽക്കരിക്കപ്പെട്ട ഒരു ആശയത്തെ പരിധികൾക്കു പുറത്തേയ്ക്കുകൊണ്ടുപോയി ചിത്രീകരിക്കാൻ സുരേന്ദ്രന്റെ ഭാവനയ്ക്കാകുന്നില്ല.
ഇന്ത്യൻ ചിത്രകലയുടെ ചിന്താസാമഗ്രികളോട് അടുത്തുനിൽക്കാൻ കലാവസ്തുവിന്റെ മൂല്യവിചാരണയെ ഈവിധം ആവിഷ്കരിച്ചാൽ മതിയോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാകുകയാണിവിടെ.
ഐക്കറസ്സിനെ കുറിച്ച്
കുറേ വിചാരങ്ങൾ
സാമാന്യം ദൃശ്യസാക്ഷരതയുള്ള ഒരു സമൂഹത്തിൽ കാഴ്ചാപരിചയത്തിന്റെയും ആസ്വാദനത്തിന്റെയും മാനങ്ങൾ ഇറക്കുമതി ചെയ്യേണ്ടിവരില്ല. ചില ദേശീയ വാദ വ്യവഹാരങ്ങൾ പിറവികൊള്ളുന്നതുപോലും ഇത്തരം ഒരു സാഹചര്യത്തിൽ നിന്നാണ്. ചരിത്രത്തിന്റെയും പുരാവസ്തുശേഖരാഖ്യാനത്തിന്റെയും ഓർമ്മപ്പുരയാണ് സുരേന്ദ്രൻ നായരുടെ ” Actor Rehearsing the Interior Monologue of Icarus ” എന്ന ഈ ചിത്രം . ഒരുപക്ഷെ ഈ ഒരു ഒറ്റചിത്രമാണ് സുരേന്ദ്രൻ നായരെ മലയാളിക്കും മലയാളചിത്രകലാസംസ്കാരത്തിനും പരിചിതമാക്കുന്ന ഏകകണ്ണി . പുരാവസ്തു സ്മാരകങ്ങളെ അധികാര വ്യവസ്ഥയ്ക്കു പുറത്തുകൊണ്ടുപോയി ദേശീയ ആദരം നേടിയെടുക്കുന്ന ഒരു ചിത്രമാണ് സുരേന്ദ്രന്റെ ഐക്കറസ് . പുരാവസ്തു സ്മാരകങ്ങളുടെ ജൈവ സഞ്ചയം എന്ന ആത്മീയതാപ്രമത്തതയെക്കൂടി ഈ രചന ആലേഖനം ചെയ്യുന്നുണ്ട്. ഐക്കറസ് ഒഴികെ മറ്റേതെങ്കിലും ഒരു രചന ഈ ചിത്രകാരന്നെ അടയാളപ്പെടുത്തുന്നുണ്ടോ ?
ദേശീയ ചിഹ്നമായി അംഗീകരിക്കപ്പെട്ടു പോരുന്ന ഒരു ചരിത്രസ്മാരകമാണ് അശോകസ്തംഭം. നിർവ്വചനാതീതമായ ഈ ദേശീയസ്മാരകത്തിന്റെ അധീശത്വത്തെ ഒരു സൂക്ഷ്മവിമർശനത്തിന് വിധേയമാക്കുന്ന ചിത്രമാണ് ” ഐക്കറസ്സിന്റെ ആത്മഗതം പരിശീലിക്കുന്ന നടൻ. ” അശോകസ്തംഭത്തിന്റെ നെറുകയിൽ നഗ്നനായി നിന്ന് ഐക്കറസ്സിന്റെ ആത്മഗതം ഉരുവിട്ടു പഠിക്കുന്ന നടന്റെ ചിത്രമാണതിലുള്ളത്. ഈയൊരൊറ്റ ചിത്രത്തിനാണോ സംസ്ഥാന സർക്കാർ സുരേന്ദ്രൻ നായർക്ക് രാജാരവിവർമ്മ പുരസ്കാരം നൽകിയത് ? ആധുനിക ഇന്ത്യൻ കലാകൃത്തായ രാജാരവിവർമ്മയിൽ പ്രകൃതി എന്നത് പശ്ചാത്തല ഭംഗി മാത്രമായിരുന്നു.രവിവർമ്മ നായികാ- നായക സങ്കല്പങ്ങളിലാണ് ശ്രദ്ധയൂന്നിയത്. പില്കാല ആധുനികതയിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതൊന്നും അറിയാത്ത ഒരു കലാകാരനാണ് സുരേന്ദ്രൻ നായർ. ചിത്രശരീരത്തിന്റെ ഉൾക്കാമ്പിൽ സൂക്ഷിച്ചിരിക്കുന്ന പുതിയ സാമൂഹികവിമർശനങ്ങളെയും അവയുടെ കാതലിനെയും വെട്ടിമുറിച്ചു കളഞ്ഞ ഈ ചിത്രകാരനെ കാണി അറിയുന്നത് ഐക്കറസ്സിലൂടെ മാത്രമാണ്.