ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ പ്രയോഗിച്ചത്. പൗരാണിക ഭാരതീയ ചിന്തകളെ സ്വാര്‍ത്ഥലക്ഷ്യത്തോടെ ദുര്‍വ്യാഖ്യാനം ചെയ്തും പുതിയ ചട്ടങ്ങളും ആചാരങ്ങളും നിര്‍മ്മിച്ചും, ഭൂരിപക്ഷജനതയെ അടിമകളാക്കി ചൂഷണം ചെയ്തുപോന്ന ബ്രാഹ്മണരുടെ കുതന്ത്രങ്ങളെ ആകമാനം ദര്‍ശിച്ചു കൊണ്ടാണു ‘ബ്രാഹ്മണമത’മെന്നും ‘നമ്പൂരിമത’മെന്നും ആശാന്‍ വ്യവഹരിച്ചത്.

ഇന്ത്യന്‍ ജനാധിപത്യം വേരുറപ്പിച്ചിരിക്കുന്നത്, പൂര്‍വസുകൃതം കൊണ്ടും പൗരാണിക സാംസ്‌കാരിക പാരമ്പര്യം കൊണ്ടുമാണെന്നും എം. ജി. എസ്. വിശ്വസിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം യഥാര്‍ത്ഥ ജനാധിപത്യമല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സ്വേച്ഛാധിപത്യമോ Oligarchy ഭരണമോ ആണെന്ന വസ്തുത തല്‍ക്കാലം മറക്കാം. എം. ജി. എസ്. കണ്ടെത്തുന്ന – ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങുന്ന പൂര്‍വസുകൃതവും പൗരാണിക സാംസ്‌കാരിക പാരമ്പര്യവും ഏതാണാവോ? ഋഗ്വേദകാലം മുതല്‍ തന്നെ വര്‍ണവിവേചനം നിലനിന്നതായി ചരിത്രം നമ്മോടു പറയുന്നുണ്ട്. പൗരാണിക സാംസ്‌കാരിക പാരമ്പര്യം കുടികൊള്ളുന്ന ഹിന്ദുക്കളുടെ സാഹിത്യം മുഴുവന്‍ അംബേദ്കര്‍ നിരീക്ഷിച്ചതു പോലെ ജാതിയുടെ വംശചരിത്രം നിറഞ്ഞതാണ്. അതില്‍ ഒരുജാതിയുടെ ഉത്ഭവം ഉദാത്തമാണെന്നും മറ്റുള്ളവരുടെ ഉല്‍പത്തി ഹീനമാണെന്നും സ്ഥാപിക്കാനുള്ള ശ്രമമാണു കാണുന്നത്. ഇതില്‍ എവിടെയാണു ജനാധിപത്യം വേരുറപ്പിച്ചിരിക്കുന്നത്?
മതസഹിഷ്ണുതയിലേക്കും മതസൗഹാര്‍ദ്ദത്തിലേയ്ക്കും വിരല്‍ ചൂണ്ടുന്നതാണ് നമ്മുടെ പൈതൃകമെന്നും എം. ജി. എസ്. പ്രസ്താവിക്കുന്നുണ്ട്. ”പൊതുവേ പറഞ്ഞാല്‍ ഇന്ത്യയുടെ ചരിത്രം മതസൗഹാര്‍ദ്ദത്തിനു അനുകൂലമാണെന്നും വേദോപനിഷത്തുകളുടെ കാലം തൊട്ട് ഇവിടെ ജനിച്ചുവളര്‍ന്ന ഹൈന്ദവ മനോഭാവം അഭിപ്രായ വൈവിധ്യങ്ങളെ അനുവദിക്കുന്ന ഒന്നായിരുന്നുവെന്നും മധ്യേഷ്യയില്‍ ഉയിര്‍കൊണ്ട സെമറ്റിക് മതങ്ങളുടെ പ്രവാചക സ്വഭാവത്തോടുകൂടിയല്ല ഇവിടെ മതങ്ങള്‍ ആവിര്‍ഭവിച്ചതെന്നും മറിച്ച് ജീവിക്കുകയും ജീവിക്കുവാന്‍ അനുവദിക്കുകയും ചെയ്യുക എന്നതായിരുന്നു ഇന്ത്യന്‍ സമീപന”-മെന്നും ഇന്ത്യന്‍ മതസൗഹാര്‍ദ്ദത്തിന്റെ മഹനീയഭാവത്തെ പ്രകീര്‍ത്തിക്കുന്ന എം. ജി. എസിനോട് ഒരു നൂറ്റാണ്ടുമുമ്പ് കുമാരനാശാന്‍ ഉന്നയിച്ച ഒരു ചോദ്യമാണ് ചോദിക്കാനുള്ളത്: ‘ഉന്നതവും വിശാലവുമായ മതസൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഈ ഹിന്ദുക്കള്‍ക്ക് എന്തുകൊണ്ടാണ് ജാതിസൗഹാര്‍ദ്ദം പുലര്‍ത്തുവാനാവാത്തത്?’ വരേണ്യവര്‍ഗ്ഗത്താല്‍ വാഴ്ത്തപ്പെടുന്ന മതസഹിഷ്ണുത ഹിന്ദുമതസ്ഥരുടെ ഒരു നിവൃത്തികേടും കാപട്യവുമാണെന്നു എം. ജി. എസിനു തന്നെ ബോദ്ധ്യമുണ്ടായിരുന്നു. കേരളത്തിലെ തന്നെ പൂര്‍വകാല മതസഹിഷ്ണുതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് വ്യാപാര താല്പര്യങ്ങളായിരുന്നുവെന്നു എം. ജി. എസ്. എഴുതിയിട്ടുണ്ട്. [”. . . . The traditional policy of religions tolerence was a byproduct of trade, fostered by necessity and ambition of both sides. . . . ”]. എന്നാല്‍ എം. ജി. എസ്. പ്രശംസിക്കുന്ന ഇന്ത്യന്‍ മതസൗഹാര്‍ദ്ദത്തിന്റെ അഥവാ മതസഹിഷ്ണുതയുടെ പൊള്ളത്തരം പൊളിച്ചു കാട്ടുന്നതാണ്, പി. കെ. ബാലകൃഷ്ണന്‍ അതിനെപ്പറ്റി നടത്തിയ നിരീക്ഷണം അതിങ്ങനെയാണ്:
”സാര്‍വത്രികമായി ധരിക്കപ്പെടുന്ന ഒരു വിശ്വാസക്രമവും ആരാധനാക്രമവും ഹിന്ദുമതത്തില്‍ ഇല്ല. വിശ്വാസങ്ങളുടെ കാര്യത്തിലും അതോടു ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ കാര്യങ്ങളിലും ഹിന്ദുമതത്തിലെ ഭാരതീയ മതസഹിഷ്ണുതയുടെ ഫലവും തെളിവുമായിട്ടാണു നാം വ്യവഹരിക്കാറ്. എന്നാല്‍ ജാതിവ്യവസ്ഥയെന്ന ആ സമൂഹിക – രാഷ്ട്രീയ ക്രമത്തിന്റെ നിലനില്‍പ് പ്രധാനമായി കാണുന്ന ഒരു വിചിത്ര മതത്തിനു വിശ്വാസത്തിന്റെ കാര്യത്തില്‍ മറ്റുമതങ്ങളെപ്പോലെ ഏകാഗ്രത വേണമെന്നു ശാസിക്കാന്‍ സാദ്ധ്യമല്ല എന്നതാണു സത്യം. ഈ കഴിവുകേടാണു ഭാരതീയന്റെ സഹിഷ്ണുതയുടെ കാതല്‍; സാമൂഹികമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍”.
പൗരാണിക ഭാരതീയ പാരമ്പര്യത്തിലും ജാതിവ്യവസ്ഥയിലും ഹിന്ദുധര്‍മ്മം സനാതനധര്‍മ്മം എന്നിങ്ങനെ വിളിക്കപ്പെടുന്ന ഹിന്ദുമതത്തിലും അഭിമാനിച്ചിരുന്ന ചരിത്രകാരനാണല്ലോ എം. ജി. എസ്. അതിനെപ്പറ്റി പി. കെ. ബാലകൃഷ്ണന്‍ എഴുതുന്നതു കൂടി വായിക്കുക:
”ചരിത്രത്തിലേക്ക് ഏറ്റവും നികൃഷ്ടമായ വര്‍ഗ്ഗമേധാവിത്വത്തിന്റെ ‘ഐഡിയോളജി’യാണ് സനാതനധര്‍മ്മം. അടിമത്തത്തെക്കാളും നികൃഷ്ടമായ ഒരു വര്‍ഗ്ഗബന്ധത്തെ ബോധപൂര്‍വം ആവിഷ്‌കരിക്കുകയും അതിനെ ദിവ്യവത്കരിക്കുകയും ചെയ്തതിന്റെ രൂപമാണ് ഹിന്ദുമതവും ഹിന്ദുസംസ്‌കാരവും, ജാതി ഒരനാചാരമല്ല; ഒരു ‘ക്ലാസ് ഐഡിയോളജി’യാണ്. അങ്ങനെ ഒരു സാമ്പത്തിക നീതിയെ മതവത്കരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്, അടിമത്തത്തിനു ദിവ്യഭാവം ആരോപിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്, ഇന്ത്യാചരിത്രത്തില്‍ ഉടനീളം ഒരു പ്രതിവിപ്ലവശക്തിയായി എന്നെന്നും നിലകൊള്ളാനും ഒരിക്കലും വച്ചൊഴിയാതെ തക്കവും തരവും പോലെ മേധാവിത്വം നടത്താനും ബ്രാഹ്മണ സംസ്‌കാരത്തിനു കഴിഞ്ഞത്. ഈ സംസ്‌കാരമാണു നാം ആര്‍ഷ സംസ്‌കാരമെന്നു പറഞ്ഞുവരുന്നത്. നമ്മുടെ നാടിന്റെ രാഷ്ട്രീയ പരാധീനതകളുടെ അനന്തവ്യൂഹത്തിനുത്തരവാദി, നമുക്കെല്ലാം അഭിമാനകരമായി വര്‍ത്തിക്കുന്ന ഈ ആര്‍ഷസംസ്‌കാരമാണ്. അതിന്റെ ആണിക്കല്ലാണു ജാതി”.
ഹിന്ദുമതത്തെപ്പറ്റി മറ്റൊരു സന്ദര്‍ഭത്തില്‍ ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശവും ഇവിടെ പ്രസക്തമായതിനാല്‍ ചേര്‍ക്കുന്നു: ”ഹിന്ദുമതമെന്നു പറഞ്ഞാല്‍ വര്‍ണ്ണസിദ്ധാന്തമാകുന്ന രാഷ്ട്രീയ മീമാംസയില്‍ വാര്‍ത്തെടുത്ത ബ്രാഹ്മണ സാമൂഹ്യക്രമമാണ്. ഇന്ത്യന്‍ ജനതയുടെ മര്‍ദ്ദനോപാധിയല്ലാതെ മറ്റൊന്നുമായിരുന്നില്ല സനാതന ഹിന്ദുധര്‍മ്മം. സനാതന ഹിന്ദുസമൂഹവും സനാതന ഹിന്ദുധര്‍മ്മവും നാടിന്റെ അധഃകൃതാവസ്ഥയുടെയും അടിമത്വത്തിന്റെയും തീട്ടൂരമാണ്. അതു പൊട്ടാതെ, അതിനെ പിച്ചിച്ചീന്താതെ, നമുക്കു സാമൂഹ്യ പുരോഗതിയില്ല; സാമ്പത്തിക മേല്‍ഗതിയില്ല, രാഷ്ട്രീയ സ്വയംഭാവിയുമില്ല”.
‘ഉത്തിഷ്ഠമാനമായ’ ഭാരതീയ പാരമ്പര്യത്തിന്റെ മേല്‍ത്തട്ടിനു കീഴില്‍ ഭൂരിപക്ഷം വരുന്ന അവര്‍ണജാതികളുടെ അടിമജീവിതത്തെ എം. ജി. എസ്. കാണാതെ പോയതാണോ? ജീവിക്കാനും ജീവിക്കാന്‍ അനുവദിക്കാനും ഇന്ത്യയിലെ അയിത്തജാതികള്‍ക്ക് എന്നുമുതല്‍ക്കാണ് അനുവാദം ലഭിച്ചത്? ഇന്നത്തെ ജനാധിപത്യ യുഗത്തില്‍ പോലും ഈ തത്വത്തില്‍ ഊന്നി നിന്നു ജീവിക്കാന്‍ ഇവിടത്തെ അധഃകൃത ജാതികള്‍ക്ക് സാധിക്കുന്നുണ്ടോ?

പി. കെ. ബാലകൃഷ്ണൻ

ജാതി വ്യവസ്ഥയുടെ കേന്ദ്രപ്രമാണം വര്‍ണസിദ്ധാന്തമാണെന്നും മതവിശ്വാസത്തിന്റെ ഭാഗമായി ബ്രാഹ്മണന്റെ ജന്മസിദ്ധമായ വരേണ്യതയും ദളിതന്റെ ജന്മസിദ്ധമായ പാതിത്യവും ഹൈന്ദവ ഹൃദയങ്ങള്‍ ചോദ്യം കൂടാതെ സ്വീകരിച്ചു പോന്നുവെന്നും ഈയവസ്ഥ ഇന്നില്ലെന്നും എം. ജി. എസ്. എഴുതുന്നുണ്ട്. മാത്രമല്ല, ”ജാതിവ്യവസ്ഥ ഏട്ടിലല്ലാതെ നാട്ടിലില്ല. ജാതി വ്യവസ്ഥ പോയി ജനാധിപത്യം വന്നു. ഉച്ചനീചത്വങ്ങള്‍ സാമ്പത്തിക സ്ഥിതിയുടെയും സാംസ്‌കാരിക നിലയുടെയും മാത്രമാണ്. വിദ്യാഭ്യാസം, വിവാഹം, ഉദ്യോഗം, നീതിന്യായം, ഭക്ഷണം എന്നീ രംഗങ്ങളില്‍ നിന്നു ജാതി ഉച്ഛാടനം ചെയ്തു. ജാതിയല്ല ഇന്നത്തെ പ്രശ്‌നം പഠിപ്പും പണവും ഉദ്യോഗവുമാണ്. ജാതിയുടെ പേരു മാത്രമേയുള്ളു. പ്രശ്‌നം സാമ്പത്തികമാണ്. കത്തിക്കരിഞ്ഞു പോയ നക്ഷത്രഗോളത്തിന്റെ ആകാശവീഥിയില്‍ അവശേഷിക്കുന്ന രശ്മിസഞ്ചയം പോലെ മങ്ങിയ ഒരു ജാതിബോധം മാത്രം അവശേഷിക്കുന്നുണ്ട്” എന്നെഴുതുന്ന എം. ജി. എസ്. ഏതു ലോകത്താണു ജീവിച്ചതെന്നു ചോദിക്കേണ്ടി വരും. അദ്ദേഹത്തിന്റെ കാവിഹൃദയത്തിലെ വെളിപാടുകളെന്നോ ആഗ്രഹചിന്തകളെന്നോ വിചാരിക്കുകയാണ് ഉചിതം.
ജന്മസിദ്ധമായ ബ്രാഹ്മണന്റെ വരേണ്യതയും ദളിതന്റെ പാതിത്യവും ഹൈന്ദവ ഹൃദയങ്ങള്‍ ചോദ്യം കൂടാതെ സ്വീകരിച്ചുവെന്ന എം. ജി. എസിന്റെ വാദം ചരിത്രവിരുദ്ധമാണ്. ഇതിഹാസ പുരാണങ്ങളിലൂടെയും മനുസ്മൃതി പോലുള്ള സ്മൃതിഗ്രന്ഥങ്ങളിലൂടെയും ‘ഹിന്ദുത്വ’ഭരണകൂടങ്ങളിലൂടെയും മറ്റും ബ്രാഹ്മണ വര്‍ഗ്ഗം നൂറ്റാണ്ടുകളായി കെട്ടിപ്പടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, അവ ലംഘിച്ചാല്‍ അനുഭവിക്കേണ്ടി വരുന്ന ഭരണകൂട നിയന്ത്രിതമായ ഭീകരദണ്ഡനങ്ങളുമാണ്; ബ്രാഹ്മണന്റെ വരേണ്യതയും ദളിതന്റെ പാതിത്യവും ഹൈന്ദവ ഹൃദയങ്ങള്‍ ചോദ്യം കൂടാതെ അഥവാ പ്രതിരോധിക്കാനാവാതെ സ്വീകരിക്കാന്‍ കാരണമായതെന്ന യാഥാര്‍ത്ഥ്യം എം. ജി. എസ്. വിസ്മരിച്ചതു പോലെ തോന്നുന്നു. ജനാധിപത്യം പുലരുന്ന ഇന്നത്തെ ആധുനിക സമൂഹത്തിലും ഈ ‘സ്വീകാര്യത’യ്ക്ക് ഏറെ കുറവൊന്നും സംഭവിച്ചിട്ടില്ലല്ലോ. ഗുരുവായൂര്‍, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണപൂജാരി തന്നെ വേണമെന്ന ആചാരപരമായ ശാഠ്യവും ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ദളിതനോ ഈഴവനോ പൂജാരിയായി നിയോഗിക്കപ്പെട്ടാല്‍ അനുഭവിക്കേണ്ടി വരുന്ന മനുഷ്യത്വഹീനമായ പാതിത്യവും അതിനു തെളിവാണ്.
ഉച്ചനീചത്വങ്ങള്‍ ജാതിയിലല്ല, സാമ്പത്തിക സ്ഥിതിയിലും സാംസ്‌കാരിക നിലയിലും മാത്രമാണെങ്കില്‍ ഇവ രണ്ടും ആര്‍ജിച്ച ഒരു ‘നീചജാതി’ക്കാരന് ‘വരേണ്യ’ വിഭാഗത്തില്‍പ്പെട്ട ഒരു ഭവനത്തില്‍ നിന്നും വിവാഹം കഴിക്കാന്‍ കഴിയണമല്ലോ. ഇങ്ങനെയൊരു ആലോചനയുമായി ഒരു ദളിതന് ബ്രാഹ്മണന്റെ ‘ഇല്ല’ത്തില്‍ കയറിച്ചെല്ലാന്‍ ഇന്ന് സാധിക്കുമോ? വിദ്യാഭ്യാസ-ഉദ്യോഗ-നീതിന്യായ മണ്ഡലങ്ങളില്‍ നടമാടുന്ന ജാതിവിവേചനവും പക്ഷപാതങ്ങളും എം. ജി. എസ്. കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മാത്രമല്ല, ഐ. ഐ. റ്റി പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ദളിതര്‍ നേരിടുന്ന അവഗണനകളും പീഡനവാര്‍ത്തകളും എം. ജി. എസിന്റെ ദൃഷ്ടിയില്‍പ്പെട്ടിട്ടില്ലെന്നു തോന്നുന്നു. ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ അടിത്തറ ഇന്നും ജാതിയില്‍ അധിഷ്ഠിതമാണെന്നതാണു വസ്തുത.
ചരിത്രരചന താരതമ്യേന നിഷ്പക്ഷമായും സത്യസന്ധമായും നിര്‍വഹിച്ച ചരിത്രകാരനാണ് എം. ജി. എസ്. ഇന്ത്യന്‍ പൈതൃകത്തില്‍ അഭിമാനിച്ച അദ്ദേഹം ചിലപ്പോള്‍ ചില കാര്യങ്ങള്‍ മറന്നുപോകാറുണ്ട്. ചിന്തയുടെ, വിശ്വാസത്തിന്റെ മണ്ഡലത്തില്‍ പൗരാണിക ഭാരതീയ പൈതൃകത്തിന്റെ മറ്റൊരു സവിശേഷത, ദൈവത്തെപ്പോലെ സര്‍വശക്തനായ ഒരു ചെകുത്താനെ സൃഷ്ടിച്ചിട്ടില്ലെന്നു എം. ജി. എസ്. സമാശ്വാസം കൊള്ളുന്നതു കാണാം. ചെകുത്താന്റെ സ്ഥാനത്ത്, അതിനേയും ദൈവത്തേയും വെല്ലുന്ന സര്‍വശക്തരായ ഭൂദേവന്മാരെ സൃഷ്ടിച്ചത് എം. ജി. എസ്. ദര്‍ശിക്കാതെ പോയത് അത്ഭുതമാണ്. ‘ദൈവം മന്ത്രാധീനം മന്ത്രം ബ്രാഹ്മണാധീനം’ എന്നു സ്ഥാപിച്ചുറപ്പിച്ച നാട്ടില്‍ ചെകുത്താന്‍ വേറെ വേണമോ? ചെകുത്താനെക്കാള്‍ കവിഞ്ഞ കുടിലബുദ്ധിയും ദീര്‍ഘവീക്ഷണവുമുള്ള ഒരു വര്‍ഗ്ഗത്തിനു മാത്രമേ മനുഷ്യവംശത്തിലെ ഏറ്റവും ശപ്തവും ക്രൂരവുമായ വിവേചനം പുലര്‍ത്തുന്ന ജാതിവ്യവസ്ഥ സൃഷ്ടിക്കാനാവൂ.

എം.ജി.എസ്. നാരായണൻ

ഹിന്ദുമത’ത്തെ ‘ബ്രാഹ്മണമതം’ എന്നു വ്യവഹരിക്കുന്നതില്‍ അമര്‍ഷം കൊള്ളുന്ന എം. ജി. എസിനെ ഒരിടത്തു നമുക്കു വായിക്കാനാവും. ബ്രാഹ്മണരായ നേതാക്കളെയും ബഹുഭൂരിപക്ഷം വരുന്ന അവരുടെ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വിഭജനതന്ത്രവിദഗ്ദ്ധന്മാര്‍ ദുരുദ്ദേശ്യത്തോടെ കണ്ടുപിടിച്ചു പ്രചരിപ്പിച്ച പേരാണത്രെ ‘ബ്രാഹ്മണമതം’! ‘ബിഷപ്പ്മതം’ എന്നോ ‘മൗലവിമതം’ എന്നോ ആരെങ്കിലും പറയാറുണ്ടോ എന്നു തെല്ലുരോഷത്തോടെ എം. ജി. എസ്. ചോദിക്കുന്നു. ശിഥിലീകരണോദ്ദേശ്യത്തോടെ വിദേശീയര്‍ നിര്‍മ്മിച്ച ഒരു വ്യവഹാര സമ്പ്രദായമാണു ‘ബ്രാഹ്മണമത’മെന്നും ആല്‍ബിറൂനിയുടെ കാലത്തോടെയാണ് അതാരംഭിച്ചതെന്നും എംജി. എസ്. കണ്ടെത്തുന്നുണ്ട്. ‘Brahmanical Hinduism’ത്തെപ്പറ്റി Cultural Symbiosis in Kerala എന്ന ഗ്രന്ഥത്തില്‍ എം. ജി. എസ് സൂചിപ്പിക്കുന്നതു കാണാം. വിഭജനതന്ത്ര വിദഗ്ദ്ധന്മാരെ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം ഇക്കാര്യം വിസ്മരിച്ചതു പോലെ തോന്നുന്നു. ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ പ്രയോഗിച്ചത്. പൗരാണിക ഭാരതീയ ചിന്തകളെ സ്വാര്‍ത്ഥലക്ഷ്യത്തോടെ ദുര്‍വ്യാഖ്യാനം ചെയ്തും പുതിയ ചട്ടങ്ങളും ആചാരങ്ങളും നിര്‍മ്മിച്ചും, ഭൂരിപക്ഷജനതയെ അടിമകളാക്കി ചൂഷണം ചെയ്തുപോന്ന ബ്രാഹ്മണരുടെ കുതന്ത്രങ്ങളെ ആകമാനം ദര്‍ശിച്ചു കൊണ്ടാണു ‘ബ്രാഹ്മണമത’മെന്നും ‘നമ്പൂരിമത’മെന്നും ആശാന്‍ വ്യവഹരിച്ചത്.
യഥാര്‍ത്ഥത്തില്‍ എം. ജി. എസ്. പറയുന്ന വിഭജനതന്ത്രം ആവിഷ്‌കരിച്ച് നടപ്പിലാക്കിയതും സഹസ്രാബ്ദക്കണക്കിന് ഈ ഭാരതഭൂമിയില്‍ നിലനിര്‍ത്തിപ്പോന്നതും ഇന്നും നിര്‍വിഘ്‌നം തുടരുന്നതിനു കാരണക്കാരായതും ബ്രാഹ്മണരായിരുന്നു. ഈ വസ്തുത എന്തുകൊണ്ട് എം. ജി. എസ്. ഗ്രഹിക്കാതെ പോയി? ആചാര്യന്മാരും നേതാക്കളുമായി തീര്‍ന്ന ബ്രാഹ്മണര്‍, ഇന്ത്യയിലെ പലമത വിശ്വാസങ്ങള്‍ക്കും വഴിതെളിച്ചുവെന്ന എം. ജി. എസിന്റെ അഭിപ്രായം ശരിയാണ്. എന്നാല്‍ ബഹുഭൂരിപക്ഷം ജനങ്ങളും അവരുടെ അനുയായികളായിത്തീര്‍ന്നുവെന്നു എങ്ങനെയാണ് അവകാശപ്പെടാനാവുക? പൗരാണിക ‘സനാതനധര്‍മ്മ’പ്രകാരം നാല് വര്‍ണ്ണങ്ങളേ ഹിന്ദുമതത്തിലുള്ളു. അവര്‍ ചെറിയൊരു ന്യൂനപക്ഷമായിരുന്നു. വര്‍ണ്ണബാഹ്യരായ അസ്പര്‍ശ്യരായിരുന്നുവല്ലോ ഭൂരിപക്ഷവും. അവര്‍ ബ്രാഹ്മണരുടെ അനുയായികളാവുന്നതെങ്ങനെ? അടിമകളാക്കപ്പെട്ടവര്‍ എന്നു പറയുന്നതല്ലേ ശരിയും ഉചിതവും? ബ്രിട്ടീഷുകാര്‍ ജനസംഖ്യാ കണക്ക് എടുക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കാണല്ലോ (1872) ഈ അയിത്തപരിഷകള്‍ ഹിന്ദുക്കളായി മുദ്രകുത്തപ്പെട്ടത്. അതിന്റെ പിന്നിലെ അടിയൊഴുക്കുകളും വിവാദങ്ങളും എം. ജി. എസിന് അറിയാന്‍ പാടില്ലാത്തതല്ലല്ലോ. ഹിന്ദുമതം അഥവാ സനാതനധര്‍മ്മം ഇന്ത്യന്‍ ഭൗതിക-ആത്മീയ ജീവിതത്തില്‍ ബ്രാഹ്മണമതമായിട്ടു മാത്രമല്ല, ജനാധിപത്യ വ്യവസ്ഥയില്‍ ‘പൂണൂല്‍ ഡമോക്രസി’യായും ‘ബ്രാഹ്മിന്‍ കമ്യൂണിസ’മായും പരിണമിച്ച ചരിത്രമാണു നമുക്കുള്ളത്.

ജാതി വ്യവസ്ഥയ്ക്ക് തുല്യമോ അതിനെക്കാള്‍ ഭീകരമോ ആയ അടിമത്തം തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാ സമൂഹങ്ങളും പോറ്റി വന്നുവെന്നു എം. ജി. എസ്. എഴുതുന്നുണ്ട്. ജാതിവ്യവസ്ഥ ഒരു മാതൃകാ വ്യവസ്ഥയായിരുന്നുവന്നും അതിനെക്കാള്‍ ഭീകരമായിരുന്നു അടിമത്തമെന്നും വാദിച്ചവര്‍ക്ക് അംബേദ്കര്‍ കൊടുത്ത ഒരു മറുപടിയുണ്ട്. അതിങ്ങനെയാണ്: ”ജാതിവ്യവസ്ഥ മാതൃകാ വ്യവസ്ഥയാണെന്നു വിശ്വസിക്കുന്ന യാഥാസ്ഥിതികരായ ഹിന്ദുക്കളും പ്രബുദ്ധരായ രാഷ്ട്രീയക്കാരും ചരിത്രകാരന്മാരുമുണ്ട്. ഈ മനോഭാവം നമുക്കു ശരിക്കു മനസ്സിലാക്കാവുന്നതാണ്. കാരണം, ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെയും ചരിത്രകാരന്മാരുടെയും കൂട്ടത്തില്‍ ഏറിയ പങ്കും ബ്രാഹ്മണരാണല്ലോ. സ്വന്തം മുന്‍ഗാമികളുടെ ദുഷ്ടപ്രവൃത്തികള്‍ തുറന്നുകാട്ടാനോ, മുന്‍ഗാമികള്‍ കരുതിക്കൂട്ടി ചെയ്ത തിന്മകള്‍ സമ്മതിക്കാനോ ഉള്ള ധൈര്യം അവര്‍ക്കുണ്ടാവുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ”. ബ്രാഹ്മണര്‍ സൃഷ്ടിച്ച ജാതി വ്യവസ്ഥയുടെ കേരളത്തിലെ സംരക്ഷകരും പരിപാലകരും ന്യായീകരണ തൊഴിലാളികളും ശൂദ്രജാതികളായ നായന്മാരാണല്ലോ. എം. ജി. എസിന്റെ മുന്‍ഗാമിയായ ‘സ്വദേശാഭിമാനി’ രാമകൃഷ്ണപിള്ളയും പിന്‍ഗാമിയായ ആര്‍ നരേന്ദ്രപ്രസാദുമൊക്കെ യൂറോപ്യന്‍ നാടുകളിലെ അടിമത്തത്തെക്കാള്‍ ഭീകരമായിരുന്നില്ല ഇന്ത്യയിലെ ജാതി വ്യവസ്ഥയെന്നു വാദിച്ചവരാണ്. യൂറോപ്പിലെ അടിമകളുടെയും ഇന്ത്യയിലെ ശൂദ്രാദികള്‍ തുടങ്ങിയ കീഴ്ജാതിക്കാരുടെയും അവസ്ഥാഭേദങ്ങളെപ്പറ്റി അംബേദ്കര്‍ എഴുതിയിട്ടുള്ളതു കൂടി വായിക്കുക: ”മനുവിന്റെ നിയമപ്രകാരം ശൂദ്രന്‍ സ്വത്തും ജ്ഞാനവും സമ്പാദിക്കുവാനോ ആയുധം ധരിക്കുവാനോ പാടില്ലായിരുന്നു. എന്നാല്‍ യൂറോപ്പില്‍ വിമോചനത്തിനാവശ്യമായ ഈ മൂന്നായുധങ്ങള്‍ ശക്തര്‍ ഒരിക്കലും അശക്തര്‍ക്കു കൊടുക്കാതിരുന്നിട്ടില്ല. മനുവിന്റെ നിയമങ്ങളെക്കാള്‍ കൂടുതല്‍ ചീത്തപ്പേരുള്ള ഒരു നിയമസംഹിതയും കൂടുതല്‍ ഹീനമായ ഒരു സാമൂഹ്യസംഘടനാ വ്യവസ്ഥയും ലോകത്തൊരിടത്തുമില്ല”.

ചരിത്രരചനയില്‍ ബോധപൂര്‍വമായി സവര്‍ണ്ണപക്ഷപാതം സ്വീകരിക്കാറില്ലെന്നും എന്നാല്‍ അബോധപൂര്‍വമായി അതു കടന്നുവരാമെന്നും എം. ജി. എസ്. തുറന്നു പറയുന്നുണ്ട്. അത് അഭിനന്ദനീയമാണെങ്കിലും, അതില്‍ അപകടകരമായൊരു ഒളിച്ചുകളിയുണ്ട്. ബോധപൂര്‍വം അല്ലെങ്കില്‍ അബോധപൂര്‍വം എന്നു ആരാണു തീരുമാനിക്കുക? വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു രക്ഷാകവചമാണ് ഈ പ്രസ്താവന. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള എം. ജി. എസിന്റെ വിവരണങ്ങളില്‍ പ്രതിഫലിക്കുന്ന പരസ്പരവൈരുദ്ധ്യങ്ങളും പക്ഷപാതങ്ങളും അബോധപൂര്‍വമാണെന്നു പറയാനാവില്ല. തന്റെ പൂര്‍വികര്‍ ചെയ്ത അപരാധങ്ങളെ തമസ്‌കരിക്കാനോ വെള്ളപൂശിക്കാണിക്കാനോ ഉള്ള ശ്രമത്തിന്റെ ഭാഗമാണിത്. 

Author

Scroll to top
Close
Browse Categories