ജെൻ സി യുടെ സാമൂഹിക ഇടപെടലുകൾ

വ്യത്യസ്തമായി ചിന്തിക്കാൻ ആഗ്രഹിക്കുന്ന ഒരു തലമുറയാണ് ജെൻ സി പ്രായപരിധിയിൽ പെട്ടവരിൽ നല്ലൊരു ശതമാനവും. തങ്ങളുടെ വ്യത്യസ്തമായ ചിന്തകളെ പരിഹസിക്കുകയും പുച്ഛിക്കുകയുമാണ് മുതിർന്ന തലമുറ ചെയ്യുന്നെതെന്ന് അവരിൽ പലരും കരുതുന്നു. മുതിർന്ന തലമുറയ്ക്ക് ഗണ്യമായ സ്വാധീനമുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതുകൊണ്ടുതന്നെ തങ്ങളുടെ ചിന്തകളെ വിലയ്ക്കെടുക്കുന്നില്ല എന്നവർ പരിതപിക്കുന്നു.

സമീപകാലത്ത് “കോക്രോച് ജനതാ പാർട്ടി” എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിലുള്ള ഒരു പ്രസ്ഥാനം ഉയർന്നുവരുന്നത് കൗതുകകരമായ കാഴ്ചയായി മാറി. രാജ്യത്തെ പ്രമുഖമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിനെ അനുകരിക്കുന്ന തരത്തിലുള്ള വളരെ വിചിത്രവും എന്നാൽ കൗതുകം ഉണർത്തുന്നതുമായ ഒരു പേര് സ്വീകരിച്ചുകൊണ്ട് ഒരു കൂട്ടായ്മ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറി. ഇൻസ്റ്റാഗ്രാം പോലെ ജെൻ സി വ്യാപകമായി ഉപയോഗിച്ച് വരുന്ന സാമൂഹ്യ മാധ്യമങ്ങളിലാണ് ഇത് കൂടുതലും ശ്രദ്ധാകേന്ദ്രമായി മാറിയത്.

എന്താണ് ഇങ്ങനെ ഒരു പ്രതിഭാസത്തിന് അടിസ്ഥാനമായി മാറിയ സാമൂഹിക ഘടകം? മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോടുള്ള എതിർപ്പാണോ അതോ ഭരണകൂടത്തോടുള്ള വിരോധമാണോ? ചില വ്യക്തികൾ ഇത് തലമുറകൾ തമ്മിലുള്ള വിടവിന്റെ പ്രശ്നമാണ് എന്നു വരെ വിലയിരുത്തി. വിദ്യാഭ്യാസം കൊണ്ടും അറിവുകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന ചില വ്യക്തികൾ പോലും ഈ നീക്കത്തിന്റെ ഭാഗമായി മാറിയത് പലരിലും വിസ്മയം ഉളവാക്കി. ഇത്തരത്തിലുള്ള ഒരു നീക്കത്തിന്റെ സാമൂഹിക അടിസ്ഥാനമാണ് ഈ ലേഖനത്തിലൂടെ പരിശോധിക്കാൻ ഉദ്യമിക്കുന്നത്.
സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളുടെ കാഴ്ചപ്പാടുകളോ നിലപാടുകളോ ഗൗരവമായി എടുക്കുന്നില്ല എന്ന് പൊതുവിലുള്ള ജെൻ സി വിഭാഗത്തിൽപ്പെട്ട ആളുകളുടെ ധാരണയാണ് ഇത്തരം ഒരു നീക്കത്തിന് തുടക്കമിട്ടത് എന്ന് പൊതുവിൽ വിലയിരുത്താൻ സാധിക്കും.

വ്യത്യസ്തമായി ചിന്തിക്കാൻ ആഗ്രഹിക്കുന്ന ഒരു തലമുറയാണ് ജെൻ സി പ്രായപരിധിയിൽ പെട്ടവരിൽ നല്ലൊരു ശതമാനവും. പരമ്പരാഗതമായ കുടുംബ സംവിധാനം, വിദ്യാഭ്യാസ സമ്പ്രദായം, തൊഴിൽ രീതികൾ, വ്യവസായ വ്യവസ്ഥിതികൾ എന്നിവയിൽ നിന്നൊക്കെ വ്യത്യസ്തമായി പുതുമയുള്ള രീതികൾ സ്വീകരിക്കാനുള്ള പ്രവണത ജെൻ സി തലമുറയിൽ പ്പെട്ടവരിൽ നല്ലൊരു ശതമാനത്തിലും പ്രകടമാണ്. എന്നാൽ തങ്ങളുടെ വ്യത്യസ്തമായ ചിന്തകളെ പരിഹസിക്കുകയും പുച്ഛിക്കുകയും ആണ് മുതിർന്ന തലമുറ ചെയ്യുന്നത് എന്ന് അവരിൽ പലരും കരുതുന്നു. മുതിർന്ന തലമുറയ്ക്ക് ഗണ്യമായ സ്വാധീനമുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതുകൊണ്ടുതന്നെ തങ്ങളുടെ ചിന്തകളെ വിലയ്ക്കെടുക്കുന്നില്ല എന്നവർ പരിതപിക്കുന്നു.
ഒന്നാം ക്ലാസ് തൊട്ട് പത്താം ക്ലാസ് വരെ സ്കൂളിലെ ക്ലാസിലിരുന്ന് എല്ലാ വിഷയങ്ങളും പഠിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോട് മുഖം തിരിഞ്ഞു നിൽക്കുകയാണ് ജെൻ സി വിഭാഗത്തിൽപ്പെട്ട പലരും. ജീവിതത്തിൽ പിന്നീട് ഒരിക്കൽപോലും ഒരു തരത്തിലും ഉപയോഗിക്കേണ്ടി വരാത്ത അല്ലെങ്കിൽ ഉപജീവനത്തിന് പ്രയോജനപ്പെടാത്ത ഒട്ടേറെ കാര്യങ്ങൾ പഠിച്ച് സമയം കളയുകയാണ് സ്കൂൾ വിദ്യാഭ്യാസകാലത്ത് നാം ചെയ്യുന്നത് എന്ന് അവർ കരുതുന്നു. ഭാവിയിൽ കായിക മേഖലയിലും ചലച്ചിത്ര മേഖലയിലും സംഗീത മേഖലയിലും ഒക്കെ മികവ് തെളിയിക്കേണ്ടവർ പോലും വിദ്യാഭ്യാസകാലത്ത് കണക്ക് പഠിച്ച് നട്ടംതിരിയുന്നത് അവരുടെ സർഗാത്മകതയെയും നൈസർഗികമായ കഴിവുകളെയും നശിപ്പിക്കുന്നു എന്ന ചിന്താധാരയാണ് അവർക്കിടയിൽ സജീവമായി ഉള്ളത്.

പഠനകാലത്ത് തന്നെ പുതുമയുള്ള ആശയങ്ങൾ വികസിപ്പിക്കുകയും അതിന്റെ വ്യാവസായിക സാധ്യതകൾ തേടുകയും ചെയ്യുന്ന രീതി പാശ്ചാത്യ രാജ്യങ്ങൾ അടക്കമുള്ള വികസിത രാഷ്ട്രങ്ങളിൽ സർവ്വസാധാരണമാണ്. ഈയൊരു ദിശയിൽ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു ജെൻ സി യിലെ നല്ലൊരു ശതമാനവും. കോളേജിൽ പഠിച്ചു തുടങ്ങുന്ന സമയത്ത് തന്നെ സ്വന്തമായി ചില ആശയങ്ങൾ വികസിപ്പിച്ചതിന്റെ ശാസ്ത്രീയ അടിത്തറ തെളിയിച്ച് സ്വന്തമായി പേറ്റന്റ് എടുത്ത് അതിന് നിക്ഷേപകരെ കണ്ടെത്തി വ്യവസായ സാധ്യതകൾ കണ്ടെത്തി സ്വന്തം നിലയ്ക്ക് തന്നെ അതിനെ വികസിപ്പിച്ചെടുക്കുന്ന രീതിയാണ് പല പ്രൊഫഷണൽ കോളേജുകളിലെയും വിദ്യാർത്ഥികളുടെ ഇടയിൽ ഇപ്പോൾ കണ്ടുവരുന്നത്. എന്നാൽ ഇതിന് വിഘാതമായി നിന്നുകൊണ്ട് സാമ്പ്രദായിക വിദ്യാഭ്യാസ രീതിയിൽ തന്നെ അവരെ തളച്ചിടാൻ മുതിർന്ന തലമുറ നടത്തുന്ന പരിശ്രമങ്ങൾ ഇവരിൽ ഒട്ടൊന്നുമല്ല അലോസരം ഉണ്ടാക്കുന്നത്
പരമ്പരാഗത രാഷ്ട്രീയ കക്ഷികൾ അണികളായി സമരത്തിനും മറ്റു പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ വേണ്ടി മാത്രമാണ് ജെൻ സിയെ കരുതുന്നത് എന്നും അവർക്കിടയിൽ വിപുലമായ ധാരണയുണ്ട്. രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായി സമരം നടത്താനും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും റാലി നടത്താനുമുള്ള ജനക്കൂട്ടമായി മാത്രം തങ്ങളെ കരുതുന്ന വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വത്തോട് കടുത്ത പ്രതിഷേധമാണ് ജെൻസിയിൽ നല്ലൊരു ശതമാനം ആളുകൾക്കുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം രീതികളിൽ നിന്നൊക്കെ അകന്ന് തങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും വ്യക്തി എന്നുള്ള നിലയിൽ പരമമായ അംഗീകാരവും കിട്ടുന്ന ഒരു വ്യവസ്ഥിതിയുടെ ഭാഗമാകാൻ ഒട്ടേറെ ജെൻ സി തലമുറയിൽ പെട്ടവർ താൽപര്യപ്പെടുന്നു
ഈയൊരു ചിന്താഗതിയുടെ മൂർത്തിമദ് ഭാവമായി പുതിയതായി ഉയർന്നുവന്ന ഈ രാഷ്ട്രീയ പ്രസ്ഥാനത്തെ വിലയിരുത്താൻ കഴിയും. എല്ലാ വ്യവസ്ഥാപിത മാർഗ്ഗങ്ങളെയും തച്ചു തകർക്കുന്ന ഒരു വിഗ്രഹ ഭഞ്ജക സ്വഭാവം ഈ പ്രസ്ഥാനത്തിൽ ഉണ്ടെന്ന് വിലയിരുത്താം. വ്യക്തികളുടെ കഴിവുകൾ ഉപയോഗപ്പെടുത്താൻ കഴിയുന്ന വിദ്യാഭ്യാസ പ്രവർത്തന പരിതസ്ഥിതിയും വ്യത്യസ്ത ആശയങ്ങളെ സ്വീകരിക്കുന്ന സാമൂഹിക വ്യവസ്ഥിതിയും ജനാധിപത്യ സമ്പ്രദായത്തിൽ പോലും ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യം പൂർണ്ണമായും ഇല്ലാതാകുന്ന ഒരു അവസ്ഥയും ഒക്കെ ഇത്തരം പ്രസ്ഥാനങ്ങളിൽ അണിചേരുന്ന ആളുകൾ സ്വപ്നം കാണുന്നുണ്ട്.സാധാരണ പൗരന് ഉള്ള അവകാശങ്ങളിൽ നിന്ന് കൂടുതലായി ഒന്നും തന്നെ ഭരണകർത്താവിന് ലഭിക്കാത്ത തീർത്തും ജനാധിപത്യവൽക്കരിക്കപ്പെട്ട ഒരു സാമൂഹിക രാഷ്ട്രീയ പരിസരമാണ് അവർ കിനാവ് കാണുന്നത്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന് ഊറ്റം കൊള്ളുന്ന ഭാരതത്തിൽ പോലും സമ്പൂർണ്ണമായ സമത്വം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ള ഒരു ചിന്താധാരയിൽ നിന്നും ഉത്ഭവിക്കുന്ന അസംതൃപ്തിയാകാം യുവതലമുറയെ ഈ ദിശയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം.
9895129376

Author

Scroll to top
Close
Browse Categories