ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണ അട്ടിമറി

ഈ രാജ്യത്തെ ജനസംഖ്യയില്‍ 87. 5 ശതമാനവും പിന്നാക്ക ജനവിഭാഗങ്ങളാണ്. ന്യൂനപക്ഷങ്ങളിലെ പിന്നാക്കകാരുള്‍പ്പെടെയാണ് ഈ വലിയ സംഖ്യ. സര്‍വമതങ്ങളിലെയും സവര്‍ണ്ണ-മുന്നാക്ക വിഭാഗങ്ങളെ എണ്ണിനോക്കിയാല്‍ അത് മൊത്തം ജനസംഖ്യയുടെ പത്തുശതമാനത്തില്‍ താഴെ മാത്രമേ വരികയുള്ളൂ. വിമര്‍ശനാത്മകമായ ജാതിപഠനത്തിന്റെ സ്ഥാപകനായ ഗജേന്ദ്രന്‍ അയ്യദുരൈ പറയുന്നത് സവര്‍ണ്ണ വിഭാഗം നമ്മുടെ രാജ്യത്ത് വെറും 5 ശതമാനം മാത്രമേ വരികയുള്ളൂ എന്നാണ്.
മഹാഭൂരിപക്ഷം വരുന്ന പിന്നാക്കാദി ജനവിഭാഗങ്ങള്‍ക്ക് ഉദ്യോഗങ്ങളിലും രാഷ്ട്രീയ രംഗത്തും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊന്നും മതിയായ പ്രാതിനിധ്യമില്ലെന്ന് മാത്രമല്ല പലമേഖലകളിലും ഇക്കൂട്ടര്‍ പേരിനുപോലും ഇല്ലാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരമുണ്ടാക്കാനാണ് ഐതിഹാസികമായ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിനെ തുടര്‍ന്ന് നമ്മുടെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 14 (4) ആയി പിന്നോക്ക സംവരണവും ഏര്‍പ്പെടുത്തിയത്.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 16 (4) വിഭാവനം ചെയ്യുന്ന പിന്നാക്കാവസ്ഥ സാമൂഹ്യമായ പിന്നാക്കാവസ്ഥയാണ്. ഏതെങ്കിലും ഒരു വര്‍ഗ്ഗത്തിന് സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡം ആ വര്‍ഗ്ഗത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വ്വീസകളില്‍ ലഭിച്ചിട്ടില്ല എന്നതായിരിക്കണം. പിന്നാക്ക വര്‍ഗ്ഗങ്ങളെ ജാതി, തൊഴില്‍, ദാരിദ്ര്യം, സാമൂഹ്യമായ പിന്നോക്കാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടത് എന്നും ഭരണഘടന വ്യക്തമാക്കുന്നുണ്ട്.

നിര്‍ഭാഗ്യവശാല്‍ പ്രഖ്യാപിക്കപ്പെട്ട പിന്നാക്ക സംവരണ സീറ്റില്‍ മൂന്നില്‍ രണ്ട് ഭാഗം എണ്ണം പോലും ഈ പിന്നാക്ക സംവരണത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാരുടെ സ്ഥിതിയും ഇതു തന്നെ. ഫലത്തില്‍ ഭരണഘടനാപരമായി പ്രഖ്യാപിക്കപ്പെട്ട പിന്നാക്ക സംവരണം എല്ലാ അര്‍ത്ഥത്തിലും പ്രഹസനമായി. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നാക്ക, സാമ്പത്തിക സംവരണ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി വേണ്ട മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാലെ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സവര്‍ണ്ണവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷനുവേണ്ട അത്രയും മാര്‍ക്ക് കിട്ടിയിട്ടും പിന്നാക്കക്കാര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സാഹചര്യം വളരെ ഗൗരവമായ ഒന്നാണ്.
ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിനുംവേണ്ടിയുള്ള രാജ്യത്തെ സുപ്രധാന നിയമന – പ്രവേശന പരീക്ഷകളിലെല്ലാം ഒ. ബി. സി,. സംവരണത്തിന് മുന്നാക്ക സംവരണത്തേക്കാള്‍ (ഇ. ഡബ്ല്യൂ. എസ്) ഉയര്‍ന്ന കട്ട് ഓഫ്. ഐ. എഫ്. എസ്. , ഐ. എ. എസ്, ഐ. പി. എസ്, ഐ. ആര്‍. എസ്. , തുടങ്ങിയ യു. പി. എസ്. സി പരീക്ഷകളിലും കേന്ദ്ര സര്‍വ്വീസുകളിലേക്കുള്ള എസ്. എസ്. സി പരീക്ഷകളിലും ഇതാണ് സ്ഥിതി. മെഡിക്കല്‍ -എൻജിനീയറിംഗ് പ്രവേശന പരീക്ഷയിലും രാജ്യത്തെ 27 നാഷണല്‍ ലോ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷകളിലും ഇക്കാര്യത്തില്‍ മാറ്റമില്ല. യു. പി. എസ്. സി. യില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന ഒ. ബി. സി. വിദ്യാര്‍ത്ഥിക്ക് അഭിമുഖത്തില്‍ മാര്‍ക്ക് കുറയുന്നതായും ആക്ഷേപമുണ്ട്. 2025 ലെ യു. പി. എസ്. സി. പ്രിലിമിനറി പരീക്ഷയില്‍ 89 മാര്‍ക്കായിരുന്നു മുന്നോക്ക സംവരണത്തിനുള്ള കട്ട് ഓഫ് മാര്‍ക്ക്. എന്നാല്‍ ഒ. ബി. സി. ക്കും ജനറലിനും ഇത് 92 ആയിരുന്നു. എസ്. സി. , എസ്. ടി. എന്നിവര്‍ക്ക് യഥാക്രമം 84, 82 ഉം. 2024 ല്‍ ജനറലിനും ഒ. ബി. സിക്കും പ്രിലിമിനറിക്ക് 87 മാര്‍ക്ക് ആണ് കട്ട് ഓഫ്. മുന്നാക്ക സംവരണത്തിന് 85ഉം. ഉയര്‍ന്ന മാര്‍ക്ക് നേടിയാലും ഒ. ബി. സി. വിദ്യാര്‍ത്ഥികള്‍ തുടക്കത്തില്‍ തന്നെ പുറംതള്ളപ്പെടുന്നു. ഒ. ബി. സി. വിദ്യാര്‍ത്ഥികള്‍ ഫലത്തില്‍ ജനറല്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നേടിയാണ് സര്‍വ്വീസില്‍ പ്രവേശിക്കുന്നതെങ്കിലും സംവരണത്തിന്റെ പേരില്‍ പിന്നീടുള്ള സ്ഥാനക്കയറ്റം ഉള്‍പ്പെടെ പലപ്പോഴും അട്ടിമറിക്കപ്പെടുന്നതായും ആരോപണം ഉണ്ട്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ (ഐ. എഫ്. എസ്.) പ്രിലിമിനറിക്ക് 2025-ല്‍ ഒ. ബി. സി. ജനറല്‍ കട്ട്ഓഫ് മാര്‍ക്ക് 105 ആണ്. മുന്നാക്ക സാമ്പത്തിക സംവരണ മാര്‍ക്ക് 102-ഉം, എസ്. സി, എസ് ടി. വിഭാഗങ്ങള്‍ക്ക് ഇത് 97-ഉം, 96-ഉം ആണ്. എസ്. സി. എസ്. ടി. വിഭാഗങ്ങള്‍ക്കടുത്ത് മാര്‍ക്ക് കിട്ടിയാല്‍ മുന്നോക്ക വിഭാഗത്തിന് സംവരണം ലഭിക്കും. പക്ഷെ ഒ. ബി. സി. വിഭാഗത്തിന് ജനറല്‍ വിഭാഗത്തിന്റെ മാര്‍ക്ക് തന്നെ ലഭിക്കണം. 2024-ലും ഐ. എഫ്. എസ്. സി. പ്രിലിമിനറിക്ക് ഇതുതന്നെയായിരുന്നു സ്ഥിതി. ഒ. ബി. സി. ക്കും ജനറലിനും കട്ട്ഓഫ് 100 മാര്‍ക്കും ഇ. ഡബ്‌ള്യൂ. എസിന് 98 മാര്‍ക്കും.
കേരളത്തില്‍ കൊച്ചിയിലുള്ള നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ (നൂവാല്‍സ്) അടുത്ത വര്‍ഷത്തേക്കുള്ള ദേശീയ മത്സരപരീക്ഷയില്‍ (ക്‌ളാറ്റ്) അവസാനം പ്രവേശനം കിട്ടിയ എസ്. സി. വിദ്യാര്‍ത്ഥിയുടെ റാങ്ക് 16941 ആണ്. മുന്നോക്ക സംവരണ റാങ്ക് ആവട്ടെ 28372 ഉം. ഈഴവര്‍ക്ക് 3560. മുസ്‌ലീമിന് 5579. ഈഴവരേയും മുസ്‌ലീങ്ങളേയും ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിവരുന്ന ഒ. ബി. സി. വിഭാഗങ്ങൾക്ക് 9251 റാങ്ക് വരെ മാത്രമായിരുന്നു പ്രവേശനം. രാജ്യമെമ്പാടുമുള്ള ലോ യൂണിവേഴ്‌സിറ്റികളിലും സംവരണകാര്യത്തില്‍ സമാന സാഹചര്യമാണുള്ളത്.

കേന്ദ്രസര്‍വ്വീസിലേക്ക് ക്‌ളാര്‍ക്ക് ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കുള്ള എസ്. എസ്. സി പരീക്ഷകളിലും ഇതു തന്നെയാണ് സ്ഥിതി. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ തസ്തികയിലേക്ക് ഈയിടെ നടത്തിയ നിയമനത്തില്‍ ഒ. ബി. സി അവസാനമാര്‍ക്ക് 389 ആണ്. ഇ. ഡബ്ല്യൂ. ,എസ്. 369-ഉം, ജനറല്‍ 384-ഉം. നീറ്റില്‍ എം. ബി. ബി. എസിന് കഴിഞ്ഞ വര്‍ഷം ഒ. ബി. സി. കട്ട് ഓഫ് റാങ്ക് 27421 ആയിരുന്നു. അഖിലേന്ത്യാതലത്തില്‍ ജനറലിന്റെ അവസാന റാങ്കാവട്ടെ 27360 ആയിരുന്നു. മുന്നാക്ക സംവരണത്തിന് 30921-. ബി. ഡി. എസിന്റെ കാര്യത്തിലാണെങ്കില്‍ ജനറല്‍ 55845, ഒ. ബി. സി. 57481, ഇ. ഡബ്ളിയു. എസ് 61023 എന്നിങ്ങനെയായിരുന്നു റാങ്കിന്റെ അവസാന കട്ട് ഓഫ്. ദേശീയ സര്‍വ്വേകള്‍ പ്രകാരം രാജ്യത്തെ 87. 5 ശതമാനം പാവങ്ങളും എസ്. സി. , എസ്. ടി, ഒ. ബി. സി. വിഭാഗങ്ങളില്‍ പെടുന്നവരാണ്. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ 12. 5 ശതമാനവും. ഈ വിഭാഗത്തിന് ആനുപാതികമല്ലാത്ത തരത്തില്‍ 10 ശതമാനം സംവരണമാണ് ദേശീയതലത്തില്‍ നല്‍കിയിട്ടുള്ളത്. സ്വാഭാവികമായും അപേക്ഷകര്‍ കുറയും. കുറഞ്ഞ മാര്‍ക്ക് കിട്ടുന്നവര്‍ക്ക് പ്രവേശനം ലഭിക്കുന്ന സാഹചര്യവും ഉണ്ടാകും, സംവരണ തത്വങ്ങളെ പാടെ അട്ടിമറിക്കുന്ന നിലപാടാണിത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഒ. ബി. സി. വിഭാഗങ്ങള്‍ക്ക് തിരിച്ചറിവ് ഉണ്ടായാലേ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.
9847132428
email:advgsugunan@gmail. com)

Author

Scroll to top
Close
Browse Categories