സാമൂഹ്യ നീതിക്കായി പോരാടിയ വിപ്ലവകാരി
സി. കേശവന്റെ ആത്മധൈര്യവും കര്‍മ്മശേഷിയും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണത്തിന് വേണ്ടി ഇന്നും പോരാടേണ്ടി വരുന്ന നമ്മൾക്ക് ആവേശവും കരുത്തും പകരുന്നു. പ്രത്യേകിച്ച് സാമൂഹ്യനീതിക്ക് വേണ്ടി ശബ്ദമുയർത്തുമ്പോൾ വർഗീയ വാദിയെന്ന് വക്രീകരിച്ച് കരിവാരിതേക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്ന ഇക്കാലത്ത്.

ഏകാധിപത്യവും സവർണാധിപത്യവും കൊടികുത്തി വാണിരുന്ന കാലത്ത് സമൂഹത്തിൽ അധ: സ്ഥിതരെന്ന് മുദ്രയടിക്കപ്പെട്ടവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി ധീരമായ സമരമുഖം തുറന്ന വിപ്ലവകാരിയായിരുന്നു സി. കേശവൻ. കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ ഏടാണ് സി. കേശവന്റേത്. പിന്നാക്ക സമുദായത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ മാത്രമല്ല കേരളത്തിന്റെ സാമൂഹ്യ ,രാഷ്ട്രീയ ഭരണതല ചരിത്രങ്ങളിലെല്ലാം സി. കേശവന് സവിശേഷമായ സ്ഥാനമുണ്ട്. സി. കേശവന്റെ ആത്മധൈര്യവും കര്‍മ്മശേഷിയും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണത്തിന് വേണ്ടി ഇന്നും പോരാടേണ്ടി വരുന്ന നമ്മൾക്ക് ആവേശവും കരുത്തും പകരുന്നു. പ്രത്യേകിച്ച് സാമൂഹ്യനീതിക്ക് വേണ്ടി ശബ്ദമുയർത്തുമ്പോൾ വർഗീയ വാദിയെന്ന് വക്രീകരിച്ച് കരിവാരി തേക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്ന ഇക്കാലത്ത്.
ഓരോ വ്യക്തിക്കും അന്തസ്സും, മാന്യമായ ജീവിതവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്ന ഒരു സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ക്രമത്തെയാണു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം ലക്ഷ്യമിട്ടത്. തൊഴിലാളികള്‍ക്കു മിനിമം വേതനം ഉറപ്പാക്കുന്ന ബില്ല് പാസ്സാക്കിയതു കൂടാതെ ഭൂപരിഷ്‌കരണ ബില്ലിനു തുടക്കമിടാനും അദ്ദേഹത്തിനു കഴിഞ്ഞു. സി. കേശവന്റെ കാലത്താണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചത്.
ജാതി വിവേചനത്തിന്റെ നേര്‍അനുഭവം
കേശവന്റെ വിദ്യാഭ്യാസ കാലഘട്ടം ജാതി വിവേചനത്തിന്റെ നേര്‍ അനുഭവമായിരുന്നു. ”ഈഴവനായ ഞാന്‍ പഞ്ചമനും മ്ലേച്ഛനുമാണെന്നും എനിക്ക് തലയുയര്‍ത്തി നടക്കാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തു നിഷേധിച്ചിരിക്കുകയാണെന്നും ‘പഞ്ചവിംശതി ദണ്ഡാന്തേ’യാണു എനിക്കു തീണ്ടാമുറ കല്പിച്ചിരിക്കുന്നതെന്നും ഉള്ള കരളുരുകുന്ന കഥ ഞാന്‍ പൂര്‍ണമായി ഗ്രഹിച്ചത് കൊല്ലം ഹൈസ്‌കൂളില്‍ വെച്ചും ജാതിയുടെ നെടുംകോട്ടയായ പെരുമ്പടപ്പില്‍ (കൊച്ചിയില്‍) എറണാകുളം കോളേജില്‍ വച്ചും ആണ്. ‘കൊട്ടി’, ‘ചിലന്തി’ വിളികളില്‍ അടിഞ്ഞു കിടന്ന അഹങ്കാരത്തിന്റെയും ജാതി നിന്ദയുടെയും ചേറ് അന്നൊക്കെയാണു എന്റെ മേലിലും തെറിച്ചു തുടങ്ങിയത്. അത് എന്നെ വെകിളി പിടിപ്പിച്ചിരുന്നു”.
ശ്രീനാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും ദർശനം സി. കേശവനെ ആഴത്തിൽ സ്വാധീനിച്ചു. സമഭാവനയോടെയുളള മനുഷ്യജീവിതം സ്വപ്‌നം കണ്ട കേശവന് ജാതീയമായ അന്തരങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യത്വരഹിതമായ സമീപനങ്ങളെ ഉൾക്കൊളളാനായില്ല. അയിത്തവും അസ്പർശ്യതയും ആ മനസ്സിനെ ആഴത്തിൽ വേദനിപ്പിച്ചു. കേരള മണ്ണിൽ നിന്ന് ഇത്തരം ദുരാചാരങ്ങളെ എന്നേക്കുമായി തുടച്ചു നീക്കണമെന്ന നിശ്ചയത്തോടെ കഠിനപ്രയത്നത്തിൽ മുഴുകി. സമുദായപ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം ഒരു ഘട്ടത്തിൽ എസ്. എൻ. ഡി. പി യോഗം സെക്രട്ടറി പദത്തിലുമെത്തി.
പോരാട്ട വീര്യത്തിന്റെ പ്രതീകം
സി. കേശവന്റെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന്റെ മൂർച്ചയും തീക്ഷ്ണതയും കാലാതിവർത്തിയായി ഇന്നും അലയടിക്കുന്നു. നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന അദ്ദേഹം 1935 മേയ് 11 ന് കോഴഞ്ചേരിയിൽ ചെയ്ത സുപ്രധാന പ്രസംഗം തിരുവിതാംകൂർ രാഷ്ട്രീയത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തപ്പെട്ടതാണ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഉദ്ഘാടനമായിരുന്നു അന്നത്തെ പ്രസംഗം. ജീവൻ പണയപ്പെടുത്തിക്കൊണ്ട് മാത്രമേ അന്ന് അങ്ങനെയൊരു പ്രസംഗം നടത്താൻ കഴിയുമായിരുന്നുള്ളു. പ്രതാപശാലിയും ശക്തനുമായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ ദിവാൻ പദത്തിൽ അന്ന് പ്രവേശിച്ചിരുന്നില്ലെങ്കിലും തിരുവിതാംകൂർ മഹാരാജാവിന്റെ ഉപദേഷ്ടാവെന്ന നിലയിൽ ഭരണചക്രം തിരിക്കുന്നത് അദ്ദേഹമായിരുന്നു.
‘സർ സി. പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല, അദ്ദേഹം ഈഴവനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഒരു ഗുണവും ചെയ്യില്ല. ഈ വിദ്വാൻ ഇവിടെ വന്നതിൽ പിന്നെയാണ് തിരുവിതാംകൂർ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേര് പുറത്ത് പരന്നത്. ഈ മനുഷ്യൻ പോയെങ്കിലല്ലാതെ രാജ്യം ഗുണം പിടിക്കില്ല’. ഇങ്ങനെ അസാമാന്യ ധൈര്യം കാട്ടിയ പ്രസംഗമാണ് സി. കേശവൻ നടത്തിയത്. ചേർത്തലയിലെ തൊഴിലാളികളെക്കുറിച്ച് താൻ അഭിമാനംകൊള്ളുന്നുവെന്നു പറഞ്ഞ സി. കേശവൻ, ‘ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് തന്റെ പ്രസംഗം ഉപസംഹരിച്ചത്.
സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമെന്നാരോപിച്ച് 1935 ജൂൺ 7 ന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്തു വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരുവർഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷിച്ചു. രണ്ടു മാസത്തേക്ക് പ്രസംഗിക്കുന്നതിനും വിലക്കേർപ്പെടുത്തി. അറസ്റ്റ് വരിക്കുന്നതിന് മുമ്പ് ‘നിങ്ങളാരും വിഷമിക്കരുത്, സര്‍ സിപിക്ക് ദാഹിക്കുന്നു, ഞാന്‍ എന്റെ രക്തം കൊടുത്തിട്ട് വരട്ടെ’ എന്ന് സി. കേശവന്‍ പറഞ്ഞ വാചകം ഇന്നും പിന്നാക്കക്കാരുടെ പോരാട്ട വീര്യത്തിന്റെ പ്രതീകമായി ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനത്ത് പ്രതിധ്വനിക്കുന്നുണ്ട്”
ജനസംഖ്യാനുപാതിക
പ്രാതിനിധ്യം
പ്രക്ഷോഭണ രംഗത്തു നിന്ന് അധികാര പദവിയിലേക്ക് മാറിയപ്പോഴും പലർക്കും അനുഭവപ്പെടുന്നത് പോലെ ആദർശ ഭ്രംശം അദ്ദേഹത്തെ തീണ്ടിയില്ല. തിരു- കൊച്ചി മുഖ്യമന്ത്രിയെന്ന നിലയിലും നിവർത്തന പ്രക്ഷോഭത്തിന്റെ നെടുനായകനെന്ന നിലയിലും കേരള നവോത്ഥാനത്തിൽ സി. കേശവൻ വഹിച്ച പങ്കിനെക്കുറിച്ച് ആധുനിക സമൂഹം വേണ്ടത്ര ചർച്ച ചെയ്യുന്നില്ലെന്നത് ഖേദകരമാണ്. പിന്നാക്ക വിഭാഗങ്ങൾ സി. കേശവനെ വേണ്ട രീതിയിൽ വിലയിരുത്തപ്പെടാതെ പോകുന്നത് ചരിത്രത്തെ തമസ്ക്കരിക്കുന്നതിന് സമാനമാണ്. നിവർത്തന പ്രക്ഷോഭത്തിൽ അദ്ദേഹം ഉന്നയിച്ച ജനസംഖ്യാനുപാതിക പ്രാതിനിധ്യം എന്ന ആവശ്യത്തിന് കാര്യമാത്ര പ്രസക്തമായ പരിഹാരം കണ്ടെത്താൻ കാലമേറെ കഴിഞ്ഞിട്ടും മാറി മാറി വരുന്ന സർക്കാരുകളോ നേതൃത്വങ്ങളോ തയ്യാറായിട്ടില്ലെന്ന യാഥാർത്ഥ്യം ഇന്നും നിലനിൽക്കുന്നു. സംഘടിത വോട്ടു ബാങ്ക് അല്ലാത്ത പിന്നാക്കക്കാര്‍ എക്കാലവും വെള്ളം കോരികളും വിറകുവെട്ടികളുമായി ഒപ്പം നിന്നുകൊള്ളുമെന്ന ധാരണയില്‍ മുഖ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മതന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനുള്ള ശ്രമങ്ങളിലേക്ക് ചുവടുമാറ്റി.
സാമൂഹ്യനീതി ഇന്നും അകലെ
102 സീറ്റോടെ വൻവിജയം നേടി വി. ഡി സതീശൻ മന്ത്രിസഭ ഉത്സവപ്രതീതിയിൽ അധികാരമേറ്റെങ്കിലും ജനസംഖ്യയിൽ40 ശതമാനത്തിലേറെ വരുന്ന ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയില്ല. ഈഴവ സമുദായത്തെ പ്രതിനിധീകരിച്ച് മൂന്ന് പേർക്ക് മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും അവർക്ക് ലഭിച്ചത് തീർത്തും അപ്രധാന വകുപ്പുകളാണ്. ഭൂരിപക്ഷം മന്ത്രിസ്ഥാനങ്ങളും മുസ്ലിം, ക്രിസ്ത്യൻ, നായർ വിഭാഗങ്ങൾക്കായി വീതിച്ചു നൽകിയപ്പോൾ വിശ്വകർമ്മ അടക്കം പല പിന്നാക്ക വിഭാഗങ്ങൾക്കും പരിഗണന ലഭിച്ചതേയില്ല. സുപ്രധാന വകുപ്പുകളെന്ന് പറയാവുന്ന ധനകാര്യം, ആഭ്യന്തരം, ആരോഗ്യം, പൊതുമരാമത്ത്, റവന്യു, വിദ്യാഭ്യാസം, വൈദ്യുതി, തദ്ദേശസ്വയംഭരണം തുടങ്ങിയവയിൽ ഒന്ന് പോലും ഈ മന്ത്രിമാർക്ക് നൽകിയില്ല.
യു. ഡി. എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന് ലഭിച്ച 5 മന്ത്രിമാരടക്കം ആ സമുദായത്തിൽ നിന്ന് 6 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമുണ്ട്. . ക്രൈസ്തവ വിഭാഗത്തിനും 6 മന്ത്രിമാരെ ലഭിച്ചു. 1962 ൽ ആർ. ശങ്കർ കേരള മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് കോൺഗ്രസിൽ നിന്ന് ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനും വകയില്ല. കഴിഞ്ഞ ഏറെക്കാലമായി നിയമസഭയിൽ യു. ഡി. എഫിലെ ഈഴവ സമുദായ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞിരുന്നുവെങ്കിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 63 സീറ്റുകൾ ലഭിച്ചതിൽ ഈഴവ സമുദായക്കാരായ 9 എം. എൽ. എ മാരുണ്ട്. 2016 ലും 2021 ലും കേരള നിയമസഭയിൽ കോൺഗ്രസ് അംഗങ്ങളിലെ ഈഴവ പ്രാതിനിധ്യം ഒറ്റയാളിൽ മാത്രമായി ഒതുങ്ങുന്നതായിരുന്നു. 2001 ലെ എ. കെ ആന്റണി മന്ത്രിസഭയിൽ ആദ്യം 4 മന്ത്രിമാരും പിന്നീട് 2004 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ 5 മന്ത്രിമാരും ഈഴവ സമുദായക്കാരായുണ്ടായിരുന്നു.
1962 ൽ ആർ. ശങ്കർ കേരള മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് കോൺഗ്രസിൽ നിന്ന് ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനും വകയില്ല. ആർ. ശങ്കർ മുഖ്യമന്ത്രിയായിരിക്കെ ഈഴവ സമുദായത്തിന് അർഹതപ്പെട്ടത് എഴുതിയെടുക്കുന്നതിനൊപ്പം ഇതര സമുദായങ്ങൾക്കും അർഹതപ്പെട്ടത് നൽകാനുള്ള ആർജ്ജവം അദ്ദേഹം കാട്ടിയിരുന്നു. ഇപ്പോൾ ഭരണത്തിലേറിയ യു. ഡി. എഫ് സർക്കാരിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെ. എം ഷാജിക്ക് തന്റെ പ്രതിജ്ഞയോട് എത്രത്തോളം നീതിപുലർത്താനാകുമെന്നതിൽ ആശങ്കയുണ്ട്. അധികാരത്തിലെത്തിയാൽ കഴിഞ്ഞ 10 വർഷം മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കാനായില്ലെങ്കിൽ ഈ പണിക്ക് പോകരുതെന്ന് പരസ്യമായി പ്രസംഗിച്ചയാളാണ് കെ. എം ഷാജി.
സി. കേശവന്റ ധൈര്യവും പോരാട്ട വീര്യവും ആവാഹിച്ച ഒരു സമുദായത്തെ എക്കാലവും ചവിട്ടിത്താഴ്ത്താന്‍ അധികാര ശക്തികള്‍ക്ക് കഴിയില്ല. പിന്നാക്ക വിഭാഗത്തില്‍ നിന്ന് ആദ്യമായി മുഖ്യമന്ത്രി പദത്തില്‍ എത്തുന്ന നേതാവ് എന്നതിനപ്പുറം നിര്‍ണായകമായ ചരിത്രമുഹൂര്‍ത്തങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ അവശവിഭാഗങ്ങള്‍ക്ക് എന്നും മാതൃകയാണ്.
ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗക്കാർ ഭരണ, ഔദ്യോഗിക തലങ്ങളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കാതെ പിന്തള്ളപ്പെടുന്ന ഈ കാലഘട്ടത്തിൽ നിവർത്തന പ്രക്ഷോഭത്തിന്റെ അമരക്കാരനായിരുന്ന സി. കേശവന്റെ ഓർമ്മകൾ കൂടുതൽ ദീപ്തമാകുന്നു.





