അദ്ധ്യാപകനോ മൃഗമോ ?

വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകാൻ ആളും അർത്ഥവുമായി നിൽക്കേണ്ട ഗുരുനാഥന്മാർ തന്നെ കാലന്റെ കുപ്പായമണിഞ്ഞെത്തുമ്പോൾ അത് അദ്ധ്യാപക സമൂഹത്തിനാകെ മാനക്കേടായി മാറുകയാണ്. മൃഗങ്ങളെക്കാൾ ക്രൂരമായ മനസോടെ പെരുമാറുന്ന അദ്ധ്യാപകരെ ഇങ്ങനെ കയറൂരി വിടുന്ന മാനേജ്മെന്റിനും നിതിന്റെ മരണത്തിൽ ഉത്തരവാദിത്വമുണ്ട്. കൊടിയ ജാതിവെറി ഉള്ളിൽ പേറുന്ന അദ്ധ്യാപകരുടെ ആക്ഷേപിക്കലിനും പീഡനത്തിനും ഇരയായ നിതിൻ രാജിൻ്റെ ദാരുണ മരണം തൊട്ടുകൂടായ്മയെയും ജൻമിത്തത്തെയും ഒക്കെ പമ്പ കടത്തിയെന്ന് വീമ്പു പറയുന്ന പരിഷ്കൃത കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തും ജാതിവെറിയും നിറത്തെച്ചൊല്ലിയുളള ആക്രോശവും നടക്കുന്നു എന്നതിൻ്റെ തെളിവായി മാറുന്നു.

‘ഞാൻ ഇനി ആരെയാണ് കാത്തിരിക്കേണ്ടത്? ആർക്ക് വേണ്ടിയാണ് ജീവിക്കേണ്ടത്?’
ഒരു അമ്മയുടെ ഉള്ളുലയ്ക്കുന്ന വിലാപം കേരളത്തിന്റെയാകെ വിലാപമായി മാറുകയാണ്. കവിളിൽ ഉമ്മനൽകി സന്തോഷത്തോടെ കോളേജിലേക്ക് യാത്രയാക്കിയ പൊന്നുമോന്റെ ചേതനയറ്റ ശരീരം വെള്ളത്തുണിയിൽ പൊതിഞ്ഞ് വീട്ടിലേക്കെത്തിയപ്പോൾ ആ അമ്മയുടെ ഹൃദയം മാത്രമല്ല തകർന്നത്. കണ്ടവർക്കും അറിഞ്ഞവർക്കും അത് സഹിക്കാനായില്ല. തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കൽ കൊറ്റാമല എന്ന ഗ്രാമം മാത്രമല്ല, കേരളമാകെ നിതിൻ രാജ് എന്ന മകനെയോർത്ത് വിതുമ്പുമ്പോൾ ”ഞാനിനി ആർക്ക് വേണ്ടി ജീവിക്കണ’മെന്ന അമ്മ ലതയുടെ ഉള്ളുലയ്ക്കുന്ന ചോദ്യo ആശ്വസിപ്പിക്കാനെത്തുന്നവരുടെ നെഞ്ചിലാണ് തറയ്ക്കുന്നത്.
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എസ് നിതിൻ രാജി (22)ന്റെ ദുരൂഹ മരണം മന:സാക്ഷിയുള്ളവർക്കാർക്കും ഉൾക്കൊള്ളാനാവുന്നതല്ല. പട്ടിക വിഭാഗത്തിലെ പാവപ്പെട്ട കുടുംബത്തിലെ മിടുക്കനും സമർത്ഥനുമായ ആ വിദ്യാർത്ഥിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് തളർത്തി മരണത്തിന് വിട്ടു കൊടുത്തതിന്റെ ഉത്തരവാദികളായവർ അവന്റെ അദ്ധ്യാപകരാണെന്നതാണ് സംസ്ക്കാര സമ്പന്നരെന്ന് മേനി നടിക്കുന്നവരെ അസ്വസ്ഥരാക്കുന്നത്. വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകാൻ ആളും അർത്ഥവുമായി നിൽക്കേണ്ട ഗുരുനാഥന്മാർ തന്നെ കാലന്റെ കുപ്പായമണിഞ്ഞെത്തുമ്പോൾ അത് അദ്ധ്യാപക സമൂഹത്തിനാകെ മാനക്കേടായി മാറുകയാണ്. മൃഗങ്ങളെക്കാൾ ക്രൂരമായ മനസോടെ പെരുമാറുന്ന അദ്ധ്യാപകരെ ഇങ്ങനെ കയറൂരി വിടുന്ന മാനേജ്മെന്റിനും നിതിന്റെ മരണത്തിൽ ഉത്തരവാദിത്വമുണ്ട്. കൊടിയ ജാതിവെറി ഉള്ളിൽ പേറുന്ന അദ്ധ്യാപകരുടെ ആക്ഷേപിക്കലിനും പീഡനത്തിനും ഇരയായ നിതിൻ രാജിൻ്റെ ദാരുണ മരണം തൊട്ടുകൂടായ്മയെയും ജൻമിത്തത്തെയും ഒക്കെ പമ്പ കടത്തിയെന്ന് വീമ്പു പറയുന്ന പരിഷ്കൃത കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തും ജാതിവെറിയും നിറത്തെച്ചൊല്ലിയുളള ആക്രോശവും നടക്കുന്നു എന്നതിൻ്റെ തെളിവായി മാറുന്നു.

ഡന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം

കേരളത്തെ പഴയകാലത്തേക്ക് തള്ളിവിടുന്ന ഇടുങ്ങിയ ചിന്തയുള്ളവർ ഇന്ന് പ്രൊഫഷണൽ കലാലയങ്ങളെപ്പോലും കീഴടക്കിയെന്ന തിന്റെ ഉത്തമ ദൃഷ്ടാന്തമായി മാറുന്നു. ജാതിക്കോമരങ്ങളായ അദ്ധ്യാപകരിൽ വനിതകളും ഉണ്ടെന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന വസ്തുത.
അമ്മയുടെയും കുടുംബത്തിന്റെയും കഷ്ടപ്പാടുകൾ മാറ്റാനും സ്വന്തമായൊരു വീട് നിർമ്മിക്കാനും ഡോക്ടറാകണമെന്ന വലിയ സ്വപ്നവുമായാണ് നിതിൻ രാജ് കണ്ണൂർ ഡന്റൽ കോളേജിൽ പഠനത്തിനെത്തിയത്. എന്നാൽ ക്ലാസിലെ പഠനത്തിനിടെ ഓരോ ദിവസവും അവനെ ജാതിയുടെയും നിറത്തിന്റെയും പേര് പറഞ്ഞ് ചില അദ്ധ്യാപകർ ആക്ഷേപിക്കുന്നത് പതിവായപ്പോൾ ആ കുഞ്ഞു മനസിനത് താങ്ങാവുന്നതിലും അപ്പുറമായി. ഡന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത നമ്പ്യാർ എന്നിവരാണ് പ്രധാനമായും നിതിനെ ക്ലാസ് മുറിയിൽ മറ്റുള്ള കുട്ടികൾക്ക് മുന്നിൽ വച്ച് ആക്ഷേപിച്ചിരുന്നത്. ‘ നിന്റെ ശരീര ഭാഗങ്ങൾ പാക്ക് ചെയ്ത് വീട്ടിലേക്കയക്കും’ നിതിൻ രാജ് സഹപാഠികൾക്കയച്ച ഓഡിയോ സന്ദേശത്തിലാണ് റാം എന്ന അദ്ധ്യാപകൻ ഇങ്ങനെ ഭീഷണി മുഴക്കിയതായി പറയുന്നത്. സ്റ്റാഫ് റൂം തന്നെ കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമെന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഇങ്ങനെയുള്ളവർ അദ്ധ്യാപകനാകാൻ എന്തെങ്കിലും യോഗ്യതയുള്ളയാളല്ല. നിതിന്റെ പരീക്ഷ പേപ്പർ എല്ലാവരുടെയും മുന്നിൽ വച്ച് ഓരോ കുട്ടികളെക്കൊണ്ടും വായിപ്പിച്ച് ആക്ഷേപിക്കുമായിരുന്നു. നിതിന്റെ രോഗിയായ അമ്മയെക്കുറിച്ച് പോലും അദ്ധ്യാപകർ ക്ലാസിൽ ആക്ഷേപിക്കുമായിരുന്നുവത്രെ. ഡോ. റാം ‘പുഴുത്ത പട്ടി’ എന്നാണത്രെ നിതിനെ വിളിച്ചിരുന്നത്. സീനിയർ വിദ്യാർത്ഥികളിൽ നിന്ന് റാഗിംഗും നേരിട്ടതായി ബന്ധുക്കൾ പറഞ്ഞു. നിതിനെ കോളേജിലും ഹോസ്റ്റലിലും ഒറ്റപ്പെടുത്തുന്ന സമീപനമായിരുന്നു. പരാതികൾ കേൾക്കാൻ പോലും കോളേജ് അധികൃതർ തയ്യാറായില്ല. ഒരു ഘട്ടത്തിൽ സഹികെട്ട് നിതിൻ പഠനം മതിയാക്കി വീട്ടിലേക്ക് മടങ്ങാൻ വരെ ഒരുങ്ങിയെങ്കിലും മാതാപിതാക്കൾ അവനെ സമാധാനിപ്പിച്ച് പഠനം തുടരാൻ പ്രേരിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികൾ കാലങ്ങളായി ഇത്തരം മാനസിക പീഡനം അനുഭവിക്കേണ്ടി വന്നെങ്കിലും പരീക്ഷയിലും ഇന്റേണൽ അസസ്മെന്റിലും മാർക്ക് കുറയ്ക്കുകയോ തോൽപ്പിക്കുകയോ ചെയ്യുമെന്ന ഭയം മൂലം ആരും ഒന്നും മറുത്തു പറയാറില്ലായിരുന്നു. എന്നാൽ നിതിന്റെ ദാരുണ മരണം സംഭവിച്ചതോടെ കോളേജിലെ ജൂനിയറും സീനിയറുമായ നിരവധി വിദ്യാർത്ഥികളാണ് അദ്ധ്യാപകരിൽ നിന്ന് തങ്ങൾക്കേറ്റ ക്രൂരമായ മാനസിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. നിതിന്റെ സഹപാഠിയായ ഒരു വിദ്യാർത്ഥിനി പറഞ്ഞത് ഡോ. റാമിനെ സാർ എന്ന് വിളിക്കാനാകില്ലെന്നും മൃഗം ആണെന്നുമായിരുന്നു.

നിതിൻ മരിച്ചതെങ്ങനെ?
ഏപ്രിൽ 10 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് നിതിൻ ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ നിതിൻ അത്യാഹിത വിഭാഗത്തിൽ ചി കിത്സയിലിരിക്കെയാണ് മരിച്ചത്. നിതിന്റെ മരണം വൻ വിവാദമായതോടെ ഡോ. എം.കെ റാമിനെയും ഡോ. സംഗീതയെയും സസ്പെന്റ് ചെയ്തു. ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പട്ടികജാതി, വർഗ്ഗ അതിക്രമ നിയമവും ചുമത്തി കേസെടുത്തു. നിതിന്റെ മരണം അന്വേഷിക്കാൻ കണ്ണൂർ എ.സി.പി ആർ.ഹരി പ്രസാദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡോ. റാമും ഡോ. സംഗീത നമ്പ്യാരും ഒളിവിലാണ്. ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാനും തീരുമാനിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തു. ആരോഗ്യ സർവ്വകലാശാലവൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിതിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കോളേജിനെതിരെ മെഡിക്കൽ സർവ്വകലാശാല അന്വേഷണം തുടങ്ങി.

വായ്പാ സംഘത്തിന്റെ
ഭീഷണി ?
നിതിൻ രാജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കാൻ പെട്ടെന്നുണ്ടായ പ്രകോപനം ഓൺലൈൻ വായ്പാ സംഘത്തിന്റെ ഭീഷണിയും കാരണമായെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. എന്നാൽ നിതിന്റെ കുടുംബം ഇതംഗീകരിക്കുന്നില്ല. നിതിന് ഡന്റൽ കിറ്റ് വാങ്ങാനായി വീട്ടുകാർ സ്വരൂപിച്ച പണം നിതിന്റെ അമ്മ ലത പെട്ടെന്ന് ആശുപത്രിയിൽ അസുഖ ബാധിതയായി ചികിത്സയിലായതോടെ അതിനായി വിനിയോഗിച്ചു. തുടർന്ന് ഒരു ഓൺലൈൻ ആപ്പിൽ നിന്ന് നിതിൻ 13,500 രൂപ ലോണെടുത്തു. ഡോ. എം.കെ റാമിൽ നിന്ന് അധിക്ഷേപം നേരിട്ടെങ്കിലും കോളേജിലെ അസി. പ്രൊഫസർ ലത ശശിധരൻ നിതിനെ ഏറെ സഹായിച്ചിരുന്നു. നിതിൻ ജീവനൊടുക്കിയതിന്റെ തലേ ദിവസം ഇൻസ്റ്റ പേ എന്ന ലോൺ ആപ്പിൽ നിന്ന് നിതിന്റെ ഫോണിലേക്ക് നിരവധി കോളുകളും വാട്സാപ്പ് സന്ദേശങ്ങളും വന്നിരുന്നു. ലത ശശിധരനെയും വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. നിതിന്റെ അമ്മ ലത,അച്ഛൻ,സഹോദരി എന്നിവരുടെ നമ്പരാണ് റഫറൻസായി നൽകിയതെന്നും അദ്ധ്യാപിക ലതയുടെ നമ്പർ നൽകിയിട്ടില്ലെന്നു മാണ് നിതിൻ പറഞ്ഞത്. എന്നാൽ അദ്ധ്യാപികയുടെ ഫോണിലേക്ക് ലോൺ അടയ്ക്കണമെന്നാവശ്യപ്പെട്ട് വായ്പാ സംഘത്തിന്റെ കോളുകൾ എത്തിയതോടെ ഏപ്രിൽ 10 ന് ലത ശശിധരൻ ഡന്റൽ കോളേജ് പ്രിൻസിപ്പൽ വിനോദ് മോനിക്ക് പരാതി നൽകി. അന്ന് പ്രിൻസിപ്പൽ നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചു. ലത ശശിധരനും മറ്റൊരു അദ്ധ്യാപികയും ചേംബറിൽ ഉണ്ടായിരുന്നു. പ്രിൻസിപ്പലിനു മുന്നിൽ വച്ച് ലോൺ ആപ് നമ്പരിലേക്ക് വിളിച്ചപ്പോൾ അസഭ്യവർഷവും ഭീഷണിയുമായിരുന്നു മറുപടി. സൈബർ സെല്ലിൽ പരാതി നൽകാനായി പ്രിൻസിപ്പൽ നിതിന്റെ ഫോൺ വാങ്ങി വച്ചു. വായ്പ അടയ്ക്കാൻ പണം കണ്ടെത്താമെന്ന് പറഞ്ഞാണ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നിറങ്ങിയത്. കുറച്ചു സമയത്തിനു ശേഷം നിതിനെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോ. റാമിനെപ്പോലുള്ള വർ നിതിനെ മാനസികമായി പീഡിപ്പിച്ചപ്പോൾ അവനോട് സ്നേഹത്തോടെ പെരുമാറിയിരുന്നത് ലത ശശിധരനാണ്. താൻ കാരണം അദ്ധ്യാപിക വായ്പാ സംഘത്തിന്റെ ഭീഷണി നേരിടേണ്ടി വന്നത് നിതിനെ മാനസിക പ്രയാസത്തിലാക്കിയെന്നും തുടർന്നുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു മാണ് പൊലീസിന്റെ നിഗമനം. എന്നാൽ നിതിന്റെ കുടുംബം ഇതംഗീകരിക്കുന്നില്ല. വായ്പാ സംഘത്തിന്റെ പേര് പറഞ്ഞ് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നാണ് അവർ ആരോപിക്കുന്നത്. വായ്പാ സംഘം അദ്ധ്യാപികയെ വിളിച്ച് ഭീഷണിപ്പെടുത്തിയ വിവരം വീട്ടിൽ അറിയിക്കാതിരുന്നതെന്തെന്നാണ് അവർ ചോദിക്കുന്നത്. തങ്ങളെ അറിയിച്ചിരുന്നെങ്കിൽ ലോൺ തിരിച്ചടയ്ക്കുമായിരുന്നുവെന്നും അവർ പറഞ്ഞു. മരിക്കുന്നതിന് തൊട്ടു മുമ്പ് വരെ തങ്ങളുമായി സന്തോഷത്തോടെ വീഡിയോ കോളിൽ സംസാരിച്ച നിതിൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചുവെന്നത് വിശ്വസിക്കാനാകില്ല. ആരെങ്കിലും കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടതാകാനാണ് സാദ്ധ്യതയെന്നു മാണ് നിതിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. നിതിന്റെ ഫോൺ പ്രിൻസിപ്പലിനെ ഏൽപ്പിച്ചുവെന്നതും വിശ്വസിക്കാനാവില്ല. ഫോൺ പ്രിൻസിപ്പൽ ബലമായി പിടിച്ചു വച്ചതാണ്. ഫോൺ നിതിന്റെ കൈവശം ഉണ്ടായിരുന്നെങ്കിൽ അവൻ വീട്ടിലേക്ക് വിളിച്ച് വിവരം പറയുമായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

കലാലയങ്ങളിലെ
കൊല തുടർക്കഥ…
നിതിന്റെ ദുരൂഹ മരണത്തിന് സമാനമായ മരണമാണ് അടുത്ത കാലത്ത് വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി ആയിരുന്ന സിദ്ധാർത്ഥന് സംഭവിച്ചത്. സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗിനും ജാതി അധിക്ഷേപത്തിനും ഇരയായ സിദ്ധാർത്ഥനെ സർവകലാശാല കോളേജ് ഹോസ്റ്റലിലെ ടോയ് ലറ്റിൽ 2024 ഫെബ്രുവരി 18 ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസം ഭക്ഷണം പോലും നൽകാതെ ക്രൂരമായി പീഡിപ്പിച്ചതിന്റെ വിവരങ്ങൾ അറിഞ്ഞ്
സാംസ്കാരിക കേരളം ഞെട്ടിത്തരിച്ചു. ആ സംഭവത്തിലെ പ്രതികളായവർക്ക് കർശനമായ ശിക്ഷ ലഭിച്ചിരുന്നെങ്കിൽ നിതിന് ഇത്തരമൊരു ദുരനുഭവം ഉണ്ടാകുമായിരുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്. കോളേജ് ഡീനും ഹോസ്റ്റൽ അസി. വാർഡനും സസ്പെൻഷനിലായെങ്കിലും അവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ നടന്ന ശ്രമം സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് നടക്കാതെ പോയത്. നിതിന്റെ മരണം അറിഞ്ഞ് സിദ്ധാർത്ഥന്റെ മാതാവ് നിതിന്റെ വീട്ടിലെത്തിയിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിന് ശേഷം ആദ്യമായാണ് അവർ പുറത്തിറങ്ങിയത്.
2017 ൽ മരിച്ച ജിഷ്ണു പ്രണോയ് മുതൽ നിതിൻ രാജ് വരെ കാമ്പസുകൾ മരണക്കെണി ഒരുക്കിയത് 5 പേർക്കാണ്. 2017 ജനുവരി 6 നാണ് തൃശൂർ പാമ്പാടി നെഹ്റു കോളേജിലെ ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതർ ജിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ചതായി ആരോപണം ഉയർന്നിരുന്നു. കോളേജ് ചെയർമാനും വൈസ് പ്രിൻസിപ്പലും പരീക്ഷ ഇൻവിജിലേറ്ററും പ്രതികളായെങ്കിലും ഇവർക്ക് പിന്നീട് കേസിൽ നിന്ന് തലയൂരാൻ ഉന്നത രാഷ്ട്രീയ, ഭരണതലത്തിൽ നിന്ന് സംരക്ഷണം ലഭിച്ചു. കോട്ടയം അമൽജ്യോതി എൻജിനിയറിംഗ് കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ വകുപ്പ് മേധാവിയും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെയുള്ളവരാണ് പ്രതിക്കൂട്ടിലായത്. അച്ചടക്കത്തിന്റെ പേരിലുള്ള മാനസിക പീഡനത്തെ തുടർന്ന് 2023 ജൂൺ രണ്ടിനാണ് ശ്രദ്ധ ഹോസ്റ്റലിൽ തൂങ്ങി മരിച്ചത്.
2025 നവംബർ 15 നാണ് പത്തനംതിട്ട ചുട്ടിപ്പാറ എം.ഇ.എസ് നഴ്സിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥി അമ്മു സജീവ് ഹോസ്റ്റലിൽ നിന്ന് ചാടി മരിച്ചത്. സഹപാഠികളുടെ പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും അദ്ധ്യാപകർ ഒത്താശ ചെയ്തതായി ആരോപണം ഉയർന്നു. പ്രിൻസിപ്പലും അദ്ധ്യാപകനും സസ്പെൻഷനിലായെങ്കിലും പിന്നീട് അവർ തിരിച്ചെത്തി.

ജബ്ബാർ ഹാജിയുടെ
സാമ്രാജ്യം
കണ്ണൂർ ഡന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവം നടുക്കവും ഞെട്ടലും ഉണ്ടാക്കിയതിനു പിന്നാലെ കോളേജ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ദുരൂഹതയേറ്റുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഡോ. റാമിനെപ്പോലുള്ള അദ്ധ്യാപകർക്ക് അഴിഞ്ഞാടാനും ക്രിമിനൽ സ്വഭാവത്തോടെ പ്രവർത്തിക്കാനും മാനേജ്മെന്റിന്റെ മൗനാനുവാദം ഉണ്ടായിരുന്നുവെന്ന് വേണം കരുതാൻ. കണ്ണൂരിൽ ജബ്ബാർ ഹാജി എന്നറിയപ്പെടുന്ന എം.എ അബ്ദുൽ ജബ്ബാർ ചെയർമാനായ പ്രസ്റ്റിജ് എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനമാണ് കണ്ണൂർ ഡന്റൽ കോളേജ്. 200 ഏക്കറോളം വിസ്തൃതിയുള്ള കൂറ്റൻ കാമ്പസിന്റെ സ്ഥലം കയ്യേറ്റ ഭൂമിയാണെന്നാണ് പുറത്തു വരുന്ന വിവരം. ഡന്റൽ കോളേജ് കൂടാതെ മെഡിക്കൽ കോളേജ്, എൻജിനിയറിംഗ് കോളേജ്, ബി.ബി.എ ഇൻസ്റ്റിറ്റ്യൂട്ട്, ഫാർമസി കോളേജ്, നഴ്സിംഗ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുണ്ടായിരുന്നു. 2006 ഒക്ടോബറിൽ ഇവിടെ എം.ബി.ബി. എസ് കോഴ്സിലേക്ക് പ്രവേശനം നടത്തിയെങ്കിലും വൻ ക്രമക്കേട് കണ്ടെത്തി. 2012 ൽ എം.ബി.ബി.എസ് പ്രവേശന നടപടികൾ ആരോഗ്യ സർവകലാശാല മരവിപ്പിച്ചതോടെ അംഗീകാരം നഷ്ടമായി മെഡിക്കൽ കോളേജ് പൂട്ടി. ഇതു പോലെ ക്രമക്കേടുകൾ കണ്ടെത്തിയതോടെ ഡന്റൽ കോളേജ് ഒഴികെയുള്ള സ്ഥാപനങ്ങളെല്ലാം പൂട്ടി. ഇപ്പോഴത്തെ സംഭവങ്ങളോടെ ഡന്റൽ കോളേജിന്റെ അംഗീകാരവും തുലാസിലാണ്. ജബ്ബാർ ഹാജിയും മകൻ കോളേജ് ജനറൽ മാനേജരായ ജാബിർ, ബന്ധുക്കളായ എ.കെ മെഹബൂബ്, എസ്.കെ സമീറ എന്നിവരടങ്ങുന്നതാണ് ഡയറക്ടർ ബോർഡ്. ജബ്ബാർ ഹാജിക്കെതിരെ ഭൂമി കയ്യേറിയതിനും വ്യാജരേഖ ചമച്ചതിനും അനധികൃത പണമിടപാടിനും നിരവധി കേസുകളുണ്ട്.
നിതിന്റെ മരണത്തെ തുടർന്ന് സമര പരമ്പരയുമായി രംഗത്തെത്തിയ ഇടത്, വലത് മുന്നണി ഘടക കക്ഷികളും അവരുടെ യുവജന സംഘടനകളും ഇതൊന്നും അറിയാത്തവരല്ല. 1767 ൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനി അഞ്ചരക്കണ്ടിയിൽ സുഗന്ധ വ്യഞ്ജനങ്ങൾ കൃഷി ചെയ്യാനായി 500 ഏക്കറിൽ എസ്റ്റേറ്റ് തുടങ്ങി. ഉത്തര കേരളത്തിൽ ആദ്യ സ്വാശ്രയ മെഡി. കോളേജ് ആരംഭിച്ചത് ഈ ഭൂമിയിലാണ്. 200 ഏക്കറിലുള്ള കാമ്പസ് എസ്റ്റേറ്റ് ഭൂമി തരം മാറ്റി കരഭൂമിയാക്കിയാണ് മെഡി.കോളേജിന് സ്ഥലം കണ്ടെത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. രജിസ്ട്രാർ ഓഫീസിലെ തീപിടുത്തത്തിൽ എസ്റ്റേറ്റ് ഭൂമിയുടെ രേഖകൾ കത്തി നശിച്ചതിലും ദുരൂഹതയുണ്ടായിരുന്നു. ജബ്ബാർ ഹാജിയുടെ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂമി വിവാദ ഭൂമിയായത് ഇന്നോ ഇന്നലെയോ അല്ല. കേരളം ഭരിച്ച ഇടത്, വലത് മുന്നണി സർക്കാരുകൾ അറിയാതെ ഇത്രയും അളവ് സർക്കാർ ഭൂമിയിൽ സ്വന്തം സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാൻ ഒരു സ്വകാര്യ വ്യക്തിക്ക് കഴിയുമോ എന്ന ചോദ്യമാണുയരുന്നത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സമര പരമ്പരയുടെ ഭാഗമായി ഡോ. റാമിനെതിരായി എന്തെങ്കിലും നടപടി ഉണ്ടാകുന്നതല്ലാതെ മറ്റെന്തെങ്കിലും സംഭവിക്കുമെന്ന് ആരും കരുതുന്നില്ല.

നിതിൻ രാജിന്റെ മാതാപിതാക്കള്‍

‘ആരൊക്കെ തളർത്തിയാലും
ഞാൻ ഡോക്ടറാകും’
ഡന്റൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചുവെന്ന് പറയുന്ന നിതിൻ രാജിന്റെ പുറത്തു വന്ന ശബ്ദരേഖ നിരവധി സംശയങ്ങളുയർത്തുന്നതാണ്. നിതിൻ രാജ് സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിലെ ഭാഗങ്ങൾ ഇങ്ങനെയാണ്.
‘ ഞാൻ പഠനം നിർത്തില്ല, ആരൊക്കെ തളർത്തിയാലും ഞാൻ ഡോക്ടറായി പുറത്തിറങ്ങും. പഠനം നിർത്താൻ എനിക്ക് ഉദ്ദേശ്യമില്ല. ആര് എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. എനിക്ക് പഠിക്കണം, ബിരുദം നേടണം. പഠിച്ചിറങ്ങാനുള്ള മനസുണ്ടെങ്കിൽ അത് നേടിയിരിക്കും.’
ഇങ്ങനെ ധൈര്യപൂർവം നിലപാടെടുത്ത നിതിൻ രാജ്
പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ജീവിതത്തോടും ഉറ്റവരോടും വിട പറയുമോ എന്ന സംശയമാണുയരുന്നത്.

Author

53 Views
Scroll to top
Close
Browse Categories